ചങ്ങനാശേരി പാറേല്‍ മര്‍ത്ത്മറിയം ബസിലിക്കയുടെ സമീപം പ്രവര്‍ത്തിക്കുന്ന സഞ്ജീവനി ഫുഡ്കോര്ട്ടില് പൊറോട്ട തയാറാക്കുന്ന ഫാ. മോബന്‍ ചൂരവടി.
ചങ്ങനാശേരി: പാറേല്‍ മര്‍ത്ത്മറിയം ബസിലിക്കയ്ക്കു സമീപമുള്ള സഞ്ജീവനി ഫുഡ്കോര്ട്ടില്നിന്നു പൊറോട്ടയും നാടന്‍ താറാവുകറിയും ചിക്കന്‍ ബിരിയാണിയും പാല്ക്കപ്പയുമൊക്കെ കഴിച്ചാല്‍ വയറും നിറയും ജീവകാരുണ്യ പ്രവര്‍ത്തനവുമാകും.
ബ്ലഡ് കാന്‍സര്‍ ബാധിച്ച ഏബല്‍ ജയ്സണ്‍ എന്ന ഒമ്പതുവയസുകാരന്റെ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുവേണ്ടിയുള്ള പണം കണ്ടെത്തുന്നതിനായാണ് പാറേല്പ്പള്ളിക്ക് എതിര്‍വശത്ത് എസ്വിഡി സെമിനാരിയിലേക്കുള്ള റോഡിന്റെ തുടക്കത്തിൽ വേറിട്ട ഈ ഭക്ഷണവിതരണശാല പ്രവര്‍ത്തിപ്പിക്കുന്നത്.
ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള നെടുംകുന്നം സഞ്ജീവനി റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ ഫാ. മോബന്‍ ചൂരവടി, ബര്‍സാര്‍ ഫാ. ആന്റണി കാച്ചാംകോട് എന്നിവരുടെ നേതൃത്വത്തില്‍ വൈദികരും സന്യസ്തരും ജാതിമതഭേദമെന്യേയുള്ള ഒരുപറ്റം ആളുകളുമാണ് കാരുണ്യത്തിന്റെ ഈ ഭക്ഷണശാലയിലയില് ഭക്ഷണം തയാറാക്കുന്നതും വിളമ്പുന്നതും.
മുക്കൂട്ടുതറ സ്വദേശികളായ ജയ്സന്റെയും മായയുടെയും ഏകമകനായ ഏബലിന് നാലര വയസില്‍ രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ ഇവര്‍ താമസിച്ചത് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലൂര്‍ദ്മാതാ കെയറിലായിരുന്നു. ഫാ. മോബന്‍ ചൂരവടിയായുന്നു സ്ഥാപനത്തിന്റെ ഡയറക്ടര്‍. മാസങ്ങള്‍നീണ്ട ചികിത്സയെത്തുടര്‍ന്ന് ഏബലിന്റെ രോഗത്തിനു ശമനമുണ്ടായി. തുടര്‍ന്ന് ജയ്സണും മായയും ഏബലും ലൂര്‍ദ്മാതാ കെയറില്‍ കാന്‍സര്‍ രോഗികളുടെ ശുശ്രൂഷകരായി മാറി. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഏബലിന് വീണ്ടും രക്താര്‍ബുദം ശക്തിപ്പെട്ടു.
ആര്‍സിസിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയമാക്കുക എന്നതുമാത്രമേ ഏബലിന്റെ ജീവന് രക്ഷിക്കാന്‍ മാര്‍ഗമുള്ളൂ. ഇതിനു നാല്പതു ലക്ഷത്തോളം രൂപ വേണ്ടിവരും. ഈ പണം കണ്ടെത്തി ചികിത്സയിലൂടെ ഏബലിനെ രക്ഷിക്കണം എന്ന ഏക ലക്ഷ്യത്തോടെയാണ് സഞ്ജീവനിയിലെ പ്രവര്‍ത്തകര്‍ അണിനിരന്നിരിക്കുന്നത്.
പാറേല്‍ മര്‍ത്ത്മറിയം ബസിലിക്ക കൂദാശയോടനുബന്ധിച്ച് ആരംഭിച്ച ഭക്ഷണശാല ഡിസംബര്‍ 21വരെ പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. ബസിലിക്ക കൂദാശ ചെയ്തശേഷം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ യുവജനങ്ങള്‍ക്കായി അര്‍പ്പിച്ച ദിവ്യബലിമധ്യേ സമാഹരിച്ച സ്തോത്രക്കാഴ്ച ഏബലിന്റെ ചികിത്സാ ചെലവിലേക്കു കൈമാറിയിരുന്നു.
Tags : Sanjeevani Food Court Abel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash