ദേശീയ ഫ്ലോർബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിന് മന്ത്രി മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു. സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് കേരള സ്റ്റേറ്റ് ഡയറ
കൊച്ചി: പഞ്ചാബിൽ നടന്ന പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികളുടെ ദേശീയ ഫ്ലോർബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീം ജേതാക്കൾ. ചണ്ഡിഗഢ് ടീമിനെ പരാജയപ്പെടുത്തിയാണ് കേരളം സ്വർണമെഡൽ നേടിയത്.
അഭിഷേക് മനോജ്, ക്രിസ്റ്റീൻ ദേവസ്യ, അജിൽ സേവ്യർ (മൂവരും സേവാഗ്രാം സ്പെഷ്യൽ സ്കൂൾ, വെട്ടിമുകൾ), ടി.എസ്. ബോവാസ്, (കരുണ സ്പെഷ്യൽ സ്കൂൾ, നയരമ്പലം), രാജേന്ദ്രൻ ജോസി, അശ്വിൻ ധനേഷ് (ഇരുവരും ശാന്തിനിലയം സ്പെഷ്യൽ സ്കൂൾ, അന്തിനാട്), പി.ബി. ഗൗതം കൃഷ്ണ (യൂണിഫൈഡ് വിഭാഗം–എച്ച്.എസ്.എസ്. ആൻഡ് വിഎച്ച്എസ്എസ്, ബ്രഹ്മമംഗലം), അതുൽ എസ്. കൃഷ്ണ (യൂണിഫൈഡ് വിഭാഗം- എസ്എംവിഎച്ച്എസ്എസ്, പൂഞ്ഞാർ) എന്നിവരായിരുന്നു കേരള ടീമംഗങ്ങൾ. ടീമിന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. മന്ത്രി മോൻസ് ജോസഫ് ടീമിനെ സ്വീകരിച്ചു.
സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് കേരള സ്റ്റേറ്റ് ഡയറക്ടർ ഫാ. റോയി കണ്ണഞ്ചിറ, സ്റ്റേറ്റ് ഡിസെബിലിറ്റി എക്സ്പേർട്ട് ഫാ. ക്ലീറ്റസ് ഇടശേരിൽ, എസ്ഒബി എറണാകുളം ജില്ലാ കോഓർഡിനേറ്റർ സിസ്റ്റർ വിമൽ ഗ്രെയ്സ് എന്നിവർ നേതൃത്വം നൽകി.
കേരള ടീമിന്റെ പരിശീലകരായ സേവാഗ്രാം സ്പെഷ്യൽ സ്കൂളിലെ ആർ. എ.അദ്വൈത്, ശാന്തിനിലയം സ്പെഷ്യൽ സ്കൂളിലെ നിധീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടർച്ചയായി ആറാം തവണയാണ് ദേശീയ ഫ്ലോർബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീം ജേതാക്കളാവുന്നത്.
Tags : Keralam champion Sports