സിൻഡറോവ് , ഗുകേഷ്
ഇരുപതുകാരായ ഡി. ഗുകേഷും ജോവാഖിര് സിന്‍ഡറോവും തമ്മില്‍ അരങ്ങേറുന്ന ഫിഡെ 2026 ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യഘട്ടം ക്ലാസി ക്ലാഷിലൂടെ ശ്രദ്ധേയമായി. നിലവിലെ ചാമ്പ്യനായ ഗുകേഷിന്റെ മിന്നും പ്രകടനമാണ് ശ്രദ്ധിക്കപ്പെട്ടത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ മോശം ഫോമും റാങ്കിംഗില്‍ പിന്നോക്കമായതുമൊന്നും ഗുകേഷിന്റെ കരുനീക്കത്തിന്റെ കരുത്തു ചോര്‍ത്തിയില്ല. മൂന്നാം ഗെയിമില്‍ ഗുകേഷ് അദ്ഭുതകരമായ വേഗത്തില്‍ തുടങ്ങുകയും സമയസമ്മര്‍ദം സിന്ഡറോവിനുമേല് ഉയർത്തുകയും ചെയ്തു. ഇന്നലത്തെ വിശ്രമദിനത്തിനുശേഷം, നാലാം ഗെയിമിനായി ഇന്നു വീണ്ടും ഇരുവരും മുഖാമുഖം ഇറങ്ങും.
മൂന്നു റൗണ്ട് പിന്നിട്ടപ്പോള്‍ 1.5 പോയിന്റ് വീതവുമായി തുല്യതപാലിക്കുകയാണ് ഗുകേഷും സിന്‍ഡറോവും. ആദ്യ ഗെയിം 38 നീക്കത്തിലും രണ്ടാം ഗെയിം 20 നീക്കത്തിലും കലാശിച്ചപ്പോള്‍ മൂന്നാം ഗെയിം 60 നീക്കംവരെ നീണ്ടു.
ഗുകേഷ് ഞെട്ടിച്ചു
ഗുകേഷിന്റെ മികച്ച ഓപ്പണിംഗ് തയാറെടുപ്പായിരുന്നു മൂന്നാം ഗെയിമിന്റെ സവിശേഷത. റൂയ് ലോപ്പസ് ഓപ്പണിംഗിലെ ബെര്‍ലിന്‍ ഡിഫന്‍സ് സ്വീകരിച്ച ഗുകേഷ്, പതിവ് 5...Nd6-ന് പകരം 5...Be7 എന്ന അപൂര്‍വ നീക്കം നടത്തി. റിയോ ഡി ജനീറോ വകഭേദം എന്നറിയപ്പെടുന്ന ഈ നീക്കം സിന്‍ഡറോവിനെ അപ്രതീക്ഷിതമായി കുഴക്കി. തുടര്‍ന്ന് 8...Nf5 എന്ന നീക്കത്തിലൂടെ ഗുകേഷ് മറ്റൊരു അപൂര്‍വ വഴിയും തെരഞ്ഞെടുത്തു. ആദ്യ 13 നീക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് മിനിറ്റോളം മാത്രമാണ് ഗുകേഷിന് വേണ്ടിവന്നത്. എന്നാല്‍, മറുപടി കണ്ടെത്താന്‍ സിന്ഡറോവിന് ഏറെ സമയം ചെലവഴിക്കേണ്ടിവന്നു.
ക്വീനുകള്‍ കൈമാറിയതോടെ കളി എന്‍ഡ്ഗെയിമിലേക്ക് നീങ്ങി. 20...g5, 19...h5 തുടങ്ങിയ കാലാള്‍ നീക്കങ്ങളിലൂടെ ഗുകേഷ് രാജാവിന്റെ വശത്ത് സമ്മര്‍ദം സൃഷ്ടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, 29.f4 എന്ന സിന്‍ഡറോവിന്റെ നീക്കം കളിയില്‍ പുതിയ സാധ്യതകള്‍ തുറന്നു. ഈ നീക്കം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗുകേഷ് സമ്മതിച്ചു.
40-ാം നീക്കത്തിന് മുമ്പ് സിന്‍ഡറോവ് കടുത്ത സമയസമ്മര്ദത്തിലായി. അവസാന നീക്കം നടത്താന്‍ വെറും എട്ടു സെക്കന്‍ഡ് മാത്രം ശേഷിക്കെയാണ് അദ്ദേഹം സമയനിയന്ത്രണം മറികടന്നത്. ഗുകേഷ് ഒരു കാലാളിന്റെ മുന്‍തൂക്കം നേടിയെങ്കിലും വ്യത്യസ്ത നിറങ്ങളിലുള്ള ബിഷപ്പുകള്‍ ശേഷിച്ച എന്‍ഡ്ഗെയിമില്‍ വിജയത്തിലേക്കുള്ള വഴി കണ്ടെത്താനായില്ല. സിന്‍ഡറോവിന്റെ പ്രതിരോധം ഒടുവില്‍ സമനില ഉറപ്പാക്കി. നാലുമണിക്കൂര്‍ 49 മിനിറ്റ് മത്സരം നീണ്ടുനിന്നു.
Tags : D. Gukesh Sindarov Game 4 Chess championship Sports