Sports
പ്രഗിയ (സൈപ്രസ്): ഫിഡെ 2026 കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റിന്റെ നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഉസ്ബക്കിസ്ഥാന്റെ 20കാരന് ജാവോഖിര്‍ സിന്‍ഡറോവ് തരംഗം. മൂന്നാം റൗണ്ടില്‍ ജാവോഖിര്‍ ലോക മൂന്നാം നമ്പറായ അമേരിക്കയുടെ ഫാബിയാനൊ കരുവാനയെ കീഴടക്കി.
നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ മൂന്നു ജയവും ഒരു സമനിലയുമായി 3.5 പോയിന്റുമായി ഉസ്ബക്ക് താരം ഒന്നാം സ്ഥാനത്താണ്. 2.5 പോയിന്റുമായി കരുവാനയാണ് രണ്ടാമത്. ജര്‍മനിയുടെ മത്തിയാസ് ബ്ലൂബോം, ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദ എന്നിവര്‍ രണ്ട് പോയിന്റുമായി പിന്നാലെയുണ്ട്. 14 റൗണ്ടുള്ള പോരാട്ടത്തില്‍ ഇന്നലെ വിശ്രമദിനമായിരുന്നു. ഇന്ന് അഞ്ചാം റൗണ്ട് അരങ്ങേറും.
19-ാം വയസില്‍ ഫിഡെ ലോകകപ്പ് നേടി, ലോകകപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയ താരമാണ് സിന്‍ഡറോവ്. 2026 ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ കിരീട ജേതാവായ ഇന്ത്യയുടെ ഡി. ഗുകേഷിന്റെ എതിരാളിയെ നിശ്ചയിക്കാനുള്ളതാണ് കാന്‍ഡിഡേറ്റ്സ് ഓപ്പൺ പോരാട്ടം.
►തോല്‍ക്കാതെ വൈശാലി
വനിതാ വിഭാഗം കാന്‍ഡിഡേറ്റ്സ് ചെസില്‍ ആദ്യ നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ആര്. വൈശാലി തോല്‍വി അറിയാതെ രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്ത്. ഓരോ ജയം നേടിയ കസാക്കിസ്ഥാന്റെ ബിബിസാര അസൗബയേവയും യുക്രെയ്നിന്റെ അന്ന മുസിചുക്കും 2.5 പോയിന്റുമായി ആദ്യ രണ്ടു സ്ഥാനങ്ങളില്‍ തുടരുന്നു.
ഇന്ത്യയുടെ മറ്റൊരു താരം ദിവ്യ ദേശ്മുഖ് 1.5 പോയിന്റുമായി ഏറ്റവും പിന്നിലാണ്. ഇന്ത്യയുടെ കൊനേരു ഹംപി ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റില്‍നിന്നു പിന്മാറിയതോടെയാണ് അന്ന മുസിചുക്ക് കാന്‍ഡിഡേറ്റ്സ് പോരാട്ടത്തിന് എത്തിയത്.
Sports
പെഗിയ (സൈപ്രസ്): കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന് ഇന്ന് തുടക്കം. ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയടക്കം എട്ട് താരങ്ങളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്.
2025 വനിതാ ചെസ് ലോകകപ്പ് ജേതാവ് ദിവ്യ ദേശ്മുഖും 2025 ഗ്രാൻഡ് സ്വിസ് ടൂർണമെന്റ് വിജയി ആർ. വൈശാലിയും വനിതാ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
ഇന്ത്യയുടെ കൊനേരു ഹംപി യോഗ്യത നേടിയിരുന്നെങ്കിലും ടൂർണമെന്റിൽനിന്ന് പിന്മാറിയിരുന്നു.
NRI
ന്യൂജഴ്സി: കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ (കാൻജ്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെസ് ടൂർണമെന്റ് ന്യൂജഴ്സിയിലെ മലയാളി സമൂഹത്തിൽ ബുദ്ധിയും തന്ത്രപരമായ കരുനീക്കങ്ങളും കൊണ്ട് ആവേശകരമായ മത്സരമായി മാറി.
പിസ്കാറ്റവേയിലെ ഫെയർവേ ക്ലബ്ഹൗസിൽ അരങ്ങേറിയ മത്സരം ചതുരംഗ പലകയിൽ നടന്ന ആവേശകരമായ ഏറ്റുമുട്ടലുകൾക്ക് സാക്ഷ്യം വഹിച്ചു. ഓരോ നീക്കവും കൃത്യമായ കണക്കുകൂട്ടലുകളും ദീർഘവീക്ഷണത്തോടെയും ചേർന്നതായിരുന്നു.
ആക്രമണവും പ്രതിരോധവും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ, ചെറു പ്രായക്കാരും പരിചയസമ്പന്നരായ കളിക്കാരും തങ്ങളുടെ മികവ് തെളിയിച്ചു. ഒത്തുകൂടിയ പ്രേക്ഷകർ എല്ലാ വിഭാഗങ്ങളിലെയും മത്സരങ്ങൾ ആവേശത്തോടെ വീക്ഷിച്ചു. ആർബിറ്റർ ജറാൾഡ് മത്സരങ്ങൾ കൃത്യമായി നിയന്ത്രിച്ചു.
വിജയികൾ: ഓപ്പൺ വിഭാഗം - 1. Asher Georgy 2. Navaneeth Krishna. അണ്ടർ 10 വിഭാഗം - 1. Gabriel Zacharia 2. Shivang Sathish. അണ്ടർ 14 വിഭാഗം - 1. Jovin Jithin 2. Mevin Nibu.
Sports
പ്രാഗ് (ചെക്ക് റിപ്പബ്ലിക്): ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സിലെ മോശം പ്രകടനത്തിനു പിന്നാലെ ലോക ചാന്പ്യൻ ഡി. ഗുകേഷ് പ്രാഗ് ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിൽ ഇന്ത്യക്കായി മാറ്റുരയ്ക്കാൻ ഇന്നിറങ്ങും.
ഡി. ഗുകേഷ് നിലവിൽ ഇന്ത്യയിലെ ഒന്നാം റാങ്കിലുള്ള താരമാണ്. 2026ൽ അദ്ദേഹത്തിന് മോശം തുടക്കമാണ് ലഭിച്ചത്.
Sports
നെതര്‍ലന്‍ഡ്: ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസിൽ നിലവിലെ ചാന്പ്യനായ ആർ. പ്രഗ്നാനന്ദയ്ക്ക് വീണ്ടും തോൽവി.
ഉസ്ബെക്കിസ്ഥാന്റെ നോഡിർബെക്ക് അബ്ദുസത്തോറോവിനോടാണ് രണ്ടാം ഗെയിം തോൽവി. അതേസമയം ഡി. ഗുകേഷിനെ നെതർലൻഡ്സിന്റെ ജോർഡൻ വാൻ ഫോറസ്റ്റ് സമനിലയിൽ തളച്ചു.
രണ്ട് ഗെയിം കഴിഞ്ഞപ്പോഴും പ്രഗ്നാനന്ദയ്ക്ക് സ്കോർ ബോർഡ് തുറക്കാനായില്ല. പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് താരം.
Sports
കോല്‍ക്കത്ത: 2026 ടാറ്റ സ്റ്റീല്‍ ചെസ് ഇന്ത്യ റാപ്പിഡ് കിരീടം മലയാളി താരം നിഹാല്‍ സരിന്. അവസാന റൗണ്ടില്‍ മുന്‍ ലോക ചാമ്പ്യനും ഇന്ത്യന്‍ ചെസ് ഇതിഹാസവുമായ വിശ്വനാഥന് ആനന്ദിനെ സമനിലയില്‍ തളച്ചാണ് നിഹാല്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്.
ഒമ്പത് മത്സരങ്ങളില്‍നിന്ന് 6.5 പോയിന്റ് നേടി നിഹാല്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നീണ്ട ഇടവേളയ്ക്കുശേഷം ചെസ് പോരാട്ടവേദിയിലെത്തിയ വിശ്വനാഥന് ആനന്ദിനാണ് (ആറ് പോയിന്റ്) രണ്ടാം സ്ഥാനം.
എട്ടാം മത്സരത്തില്‍ അമേരിക്കയുടെ വെസ്ലി സൊയെ കറുത്ത കരുക്കള്‍ക്കൊണ്ട് കീഴടക്കി നിഹാല്‍ കിരീടത്തിലേക്ക് അടുത്തു. നിഹാലിനെതിരേ ജയിച്ചാല്‍ ചാമ്പ്യനാകാം എന്ന അവസ്ഥയിലാണ് ആനന്ദ് അവസാന റൗണ്ടില്‍ കരുനീക്കം ആരംഭിച്ചത്. ആനന്ദിന് 5.5ഉം നിഹാലിന് 6.0ഉം പോയിന്റായിരുന്നു. എന്നാല്‍, സമനില സ്വന്തമാക്കിയ നിഹാല്‍ കിരീടത്തില്‍ മുത്തമിട്ടു.
പകരക്കാരന്
2026 ടാറ്റ സ്റ്റീല്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഘട്ടത്തില്‍ തൃശൂര്‍ സ്വദേശിയായ നിഹാല്‍ സരിന് പങ്കാളിയല്ലായിരുന്നു. എന്നാല്‍, ലോക ചാമ്പ്യനായ ഡി. ഗുകേഷ് വ്യക്തിപരമായ കാരണങ്ങളാല്‍ ടൂര്‍ണമെന്റില്‍നിന്നു പിന്മാറി. അതോടെ, ഗുകേഷിന്റെ ഒഴിവിലേക്ക് പകരക്കാരനായാണ് നിഹാല്‍ എത്തിയത്.
ടാറ്റ സ്റ്റീല്‍ ചെസ് ഇന്ത്യയില്‍ ഓപ്പണ്‍ റാപ്പിഡ് വിഭാഗത്തില്‍ നിഹാല്‍ സരിന്റെ രണ്ടാം ചാമ്പ്യന്‍ഷിപ്പാണ്. 2022ലും നിഹാല്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായിരുന്നു. 10,000 ഡോളറാണ് (ഏകദേശം ഒമ്പത് ലക്ഷം രൂപ) സമ്മാനത്തുക.
Sports
കോല്‍ക്കത്ത: ഈ മാസം ഏഴ് മുതല്‍ 11 വരെ കോല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന ടാറ്റ സ്റ്റീല്‍ ചെസ് ഇന്ത്യ ടൂര്‍ണമെന്റില്‍നിന്ന് ലോക ചാമ്പ്യന്‍ ഡി. ഗുകേഷ് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് ഗുകേഷ് പിന്മാറുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ഗുകേഷിനു പകരം മലയാളിതാരം നിഹാല്‍ സരിന് ടൂര്‍ണമെന്റില്‍ മത്സരിക്കും. അഞ്ച് തവണ ലോക ചാമ്പ്യനായ ഇന്ത്യന്‍ വെറ്ററന്‍ താരം വിശ്വനാഥന് ആനന്ദ് കളിക്കാരനായി തിരിച്ചെത്തുന്ന ടൂര്‍ണമെന്റാണിത്.
ആര്. പ്രഗ്നാനന്ദ, അര്ജുന് എറിഗയ്സി, വിദിത് ഗുജറാത്തി, അരവിന്ദ് ചിദംബരം എന്നിവരാണ് പുരുഷ വിഭാഗത്തില്‍ മത്സരരംഗത്തുള്ള മറ്റ് ഇന്ത്യക്കാര്‍. വനിതാ വിഭാഗത്തില്‍ ലോകകപ്പ് ജേതാവായ ദിവ്യ ദേശ്മുഖ്, ആര്. വൈശാലി, ഡി. ഹരിക, വന്തിക അഗര്‍വാള്‍, രക്ഷിത രവി എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.
Sports
പ്രതീക്ഷയുടെ ആരവവും സ്വപ്നങ്ങളുടെ പൂമരവുമായി കായികലോകം പുതുവർഷത്തിലേക്ക്... താരസന്പന്ന പോരാട്ടങ്ങളിലൂടെ ചരിത്രം സാക്ഷിയാക്കുന്ന നേട്ടങ്ങളെന്തൊക്കെ പിറക്കുമെന്നാണ് 2026 വർഷം കായികലോകത്ത് കാത്തിരിക്കുന്നത്. പുരുഷ- വനിതാ ക്രിക്കറ്റ് ലോകകപ്പ്, ബിഡബ്ല്യുഎഫ് ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ്, ഫിഫ ഫുട്ബോൾ ലോകകപ്പ്, ഏഷ്യൻ ഗെയിംസ്, കോമണ്‍വെൽത്ത് ഗെയിംസ് തുടങ്ങി 2026 കായിക ലോകം ശ്രദ്ധേയ പോരാട്ടങ്ങളിൽ സന്പന്നം... നാല് ക്വാർട്ടറുകളിലായി പ്രധാന പോരാട്ടങ്ങൾ...
ജനുവരി- ഫെബ്രുവരി- മാർച്ച്
കായിക കലണ്ടറിലെ ആദ്യ ക്വാർട്ടർ പ്രധാനമായും ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയാണ്. രണ്ട് മാസത്തിനുള്ളിൽ ലോകകപ്പുകൾ. ഐസിസി അണ്ടർ19 ഏകദിന ലോകകപ്പ് ജനുവരി 15 മുതൽ ഫെബ്രുവരി ആറ് വരെ സിംബാബ്വെയിൽ. ഫൈനൽ ആവേശം അവസാനിക്കും മുന്‍പ് ഫെബ്രുവരി ഏഴിന് പുരുഷ ട്വന്റി20 ലോകകപ്പിന് തുടക്കം. ക്രിക്കറ്റ് ആരാധകർക്കായി വനിതാ പ്രീമിയർ ലീഗ് (ജനുവരി 9), ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരന്പര (ജനുവരി (11), ഇന്ത്യ ന്യൂസിലൻഡ് ട്വന്റി20 പരന്പര (ജനുവരി 21), ഐപിഎൽ ക്രിക്കറ്റ് കൊടിയേറ്റം (മാർച്ച് 26).
ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് സീസണ് ജനുവരി 12 മുതൽ ഫെബ്രുവരി ഒന്നു വരെ. ഇന്ത്യൻ സാന്നിധ്യം പ്രധാനമല്ലാത്ത ടൂർണമെന്റാണെങ്കിലും ടെന്നീസ് ആരാധകർക്ക് വീര്യം നിറഞ്ഞ പോരാട്ടം കാണാം.
പി.വി. സിന്ധു അടക്കമുള്ള താരങ്ങൾക്ക് ബാഡ്മിന്റണിൽ പുതിയ തുടക്കം കുറിക്കാൻ മാർച്ച് മൂന്നിന് ഓൾ ഇംഗ്ലണ്ട് ചാന്പ്യൻഷിപ്പ് ആരംഭിക്കും. നിരാശാജനകമായ 2025 സീസണിനു ശേഷം സിന്ധു അടങ്ങുന്ന ഇന്ത്യൻ സംഘം തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ (ജനുവരി 13- 18) വരെ നടക്കും.
ഫുട്ബോൾ ആരാധകർക്ക് സന്തോഷം പകർന്ന് മാർച്ച് ഒന്ന് മുതൽ ഓസ്ട്രേലിയിൽ എഎഫ്സി വനിതാ ഏഷ്യൻ കപ്പിന് തുടക്കം കുറിക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ ടൂർണമെന്റിലേക്ക് തിരിച്ചുവരവ് നടത്തുന്നത് ഏറെ ആവേശം പകരും.
ഓസ്ട്രേലിയൻ ഗ്രാൻപ്രി (ഫോർമുല വണ്‍ തുടക്കം) മാർച്ച് ഒന്നിന് കുറിക്കും.
മാർച്ച് 28ന് കാൻഡിഡേറ്റ് ടൂർണമെന്റ് ഓഫ് ചെസിന് തുടക്കം. ഇതേ ദിവസം മംഗോളിയയിൽ ഏഷ്യൻ ബോക്സിംഗ് ചാന്പ്യൻഷിപ്പിന് തുടക്കമാകും.
ഏപ്രിൽ- മേയ്- ജൂണ്‍
രണ്ടാം ക്വാർട്ടറിൽ ഫുട്ബോൾ, ക്രിക്കറ്റ് ലോകകപ്പുകളാണ് ആരാധകരെ കാത്തിരിക്കുന്നത്. ജൂണ്‍ 11 ഫിഫ ഫുട്ബോൾ ലോകകപ്പിന് തുടക്കം. ജൂണ്‍ 12ന് ഐസിസി വനിതാ ട്വന്റി20 ലോകകപ്പിന് തുടക്കം.
യൂറോപ്പ ലീഗ് നോക്കൗട്ട് റൗണ്ട് (ഏപ്രിൽ 9-16), ചാന്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ട് (ഏപ്രിൽ 7-15), എഫ്വണ് ബഹ്റിൻ ഗ്രാൻപ്രി (ഏപ്രിൽ 10-12), എഫ്വണ് സൗദി അറേബ്യൻ ഗ്രാൻപ്രി (ഏപ്രിൽ 17-19).
മേയ് ഫൈനൽ മത്സരങ്ങളുടെ മാസമാണ്. ബുണ്ടസ്ലിഗ, ലീഗ് വണ്‍, എഫ്എഎ കപ്പ് ഫൈനലുകൾ മേയ് 16ന് നടക്കും. 20ന് യുറോപ്പ ലീഗ് ഫുട്ബോൾ ഫൈനൽ. 21ന് യുവേഫ വനിതാ ചാന്പ്യൻസ് ലീഗ് ഫൈനൽ, 24ന് പ്രീമിയർ ലീഗ്, ലാ ലിഗ, സീരി എ ഫൈനൽ, 27ന് യുവേഫ കോണ്‍ഫറൻസ് ലീഗ് ഫുട്ബോൾ ഫൈനൽ. 30ന് യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനൽ, 30ന് കോണ്‍കകാഫ് ചാന്പയൻസ് കപ്പ് ഫൈനൽ, 31ന് ഐപിഎൽ ഫൈനൽ.
ഏപ്രിൽ 28 മുതൽ മേയ് 10 വരെ ലണ്ടനിൽ ഐടിടിഎഫ് വേൾഡ് ടീം ചാന്പ്യൻഷിപ്പ് ഫൈനലിലൂടെ ടേബിൾ ടെന്നീസ് ആരംഭിക്കും.പുരുഷ- വനിതാ ഇന്ത്യൻ ടീമുകൾ മത്സരിക്കും.
മേയ് എട്ടിന് ഡയമണ്ട് ലീനിന് തുടക്കം. മേയ് 24 ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന് തുടക്കം. ജൂണ്‍ ഏഴിന് ഫൈനൽ. ജൂണ്‍ 11 ഫിഫ ലോകകപ്പിന് തുടക്കം. ജൂണ്‍ 29ന് വിംബിൾഡണ്‍ ടെന്നീസിന് തുടക്കം.
ജൂലൈ- ഓഗസ്റ്റ്- സെപ്റ്റംബർ
വർഷം പാതിയിൽ നിൽക്കേ ജൂലൈ 23 മുതൽ ഓഗസ്റ്റ് രണ്ട് വരെ നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസ് പ്രധാന ആകർഷണമായിരിക്കും. ജൂലൈ അഞ്ചിന് വനിതാ ട്വന്റി20 ലോകകപ്പ് പൂരം ഫൈനലോടെ വിടപറയും.
ജൂലൈ 12ന് വിംബിൾഡണ്‍ ടെന്നീസ് ഫൈനൽ, 19ന് ഫിഫ ലോകകപ്പ് ഫൈനൽ. 23ന് കോമണ്‍വെൽത്ത് ഗെയിംസിന് തുടക്കം.
ഓഗസ്റ്റ് രണ്ടിന് കോമണ്‍വെത്ത് ഗയിംസ് സമാപനം. ഓഗസ്റ്റ് 14ന് ലാ ലിഗ ഫുട്ബോൾ സീസണിന് തുടക്കം. ഓഗസ്റ്റ് 15-30 പുരുഷ- വനിതാ ഹോക്കി ലോകകപ്പി നടക്കും. ഓഗസ്റ്റ് 17 മുതൽ ഡൽഹിയിൽ ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഓഗസ്റ്റ് 22ന് പ്രീമിയർ ലീഗിന് തുടക്കം. ഇതേ ദിവസം വേൾഡ് അത്ലറ്റിക്സ് കോണ്ടിനെന്റൽ ടൂർ, 31ന് ആവേശം പകരുന്ന യുഎസ് ഓപ്പണ്‍ ടെന്നീസിന് തുടക്കം.
സെപ്റ്റംബർ ഒന്നിന് എഫ്വണ് ഇറ്റാലിയൻ ഗ്രാൻപ്രി, 11ന് എഫ്വണ് മാഡ്രിഡ് ഗ്രാൻപ്രി, 13ന് യുഎസ് ഓപ്പണ്‍ ഫൈനൽ. 19ന് ഏഷ്യൻ ഗയിംസിന് ആരവമുയരും. 24ന് യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ആരംഭം.
ഒക്ടോബർ- നവംബർ- ഡിസംബർ
വർഷത്തിലെ അവസാന പാദത്തിൽ നിരവധി ലോക ചാന്പ്യൻഷിപ്പുകൾ നടക്കും. ഒക്ടോബർ നാലിന് ഏഷ്യൻ ഗെയിംസ് സമാപിക്കും. 23ന് എഫ്വണ് യുഎസ് ഗ്രാൻപ്രി, 30ന് എഫ്വണ് മെക്സിക്കോ ഗ്രാൻപ്രി.
ഒക്ടോബർ 24 മുതൽ ബഹ്റനിൽ ലോക ഗുസ്തി ചാന്പ്യൻഷിപ്പ് നടക്കും. ഒക്ടോബർ 27 മുതൽ നവംബർ എട്ട് വരെ ചൈനയിൽ ലോക ഭാരോദ്വഹന ചാന്പ്യൻഷിപ്പ്.
നവംബർ 6-8 ബ്രസീലിയൻ ഗ്രാൻപ്രി, ഒക്ടോബർ 15-22 എടിപി ടെന്നീസ് ഫൈനൽ.19-21 എഫ്വണ് ലാസ് വേഗസ്
ഗ്രാൻപ്രി, 27-29 എഫ്വണ് ഖത്തർ ഗ്രാൻപ്രി, ഡിസംബർ 4-6 എഫ്വണ് അബുദാാബി ഗ്രാൻപ്രി (ഫോർമുല വണ്‍ സീസണ് അവസാനിക്കും). ഡിസംബറിൽ ലോക ചെസ് ചാന്പ്യൻഷിപ്പോടെ വർഷം അവസാനിക്കും. എന്നിരുന്നാലും മത്സരത്തിന്റെ തീയതിയും വേദിയും ഇതുവരെ അന്തിമമായിട്ടില്ല.
Sports
ദോഹ: 2025 ഫിഡെ ലോക റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ റഷ്യയുടെ വ്ളാഡിസ്ലാവ് ആര്ട്ടെമീവ് 5.5 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. ലോക ഒന്നാം നമ്പറായ നോര്‍വെയുടെ മാഗ്നസ് കാള്സന്, ക്ലാസിക്കല്‍ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ ഡി. ഗുകേഷ്, ഫ്രാന്‍സിന്റെ മാക്സിം വാച്ചിയര്‍ ലാഗ്രേവ് തുടങ്ങിയവര്‍ അഞ്ച് പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.
ഇന്ത്യയുടെ അര്ജുന് എറിഗയ്സി, മലയാളി താരം നിഹാല്‍ സരിന് എന്നിവര്‍ 4.5 പോയിന്റുമായി പട്ടികയില്‍ യഥാക്രമം 10, 13 സ്ഥാനങ്ങളിലാണ്. മറ്റൊരു ഇന്ത്യന്‍ താരമായ ആര്. പ്രഗ്നാനന്ദ നാല് പോയിന്റുമായി 56-ാം സ്ഥാനത്താണുള്ളത്.
റാപ്പിഡ് വനിതാ വിഭാഗത്തില്‍ 2025 ലോകകപ്പ് ജേതാവായ ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്, ഫൈനലിസ്റ്റായ കൊനേരു ഹംപി എന്നിവര്‍ അഞ്ച് പോയിന്റുമായി മുന്നിരക്കാര്ക്കൊപ്പമുണ്ട്.
ഇന്ത്യയുടെ ഹരിക ദ്രോണവല്ലി 4.5 പോയിന്റുമായി 10-ാം സ്ഥാനത്തും ആര്. വൈശാലി നാല് പോയിന്റുമായി 18-ാമതുമാണ്. റാപ്പിഡ് വനിതാ വിഭാഗത്തില്‍ 11 റൗണ്ടുകളും ഓപ്പണ്‍ വിഭാഗത്തില്‍ 13 റൗണ്ടുകളുമാണുള്ളത്. വനിതാ വിഭാഗത്തില്‍ കൊനേരു ഹംപിയാണ് നിലവിലെ ചാമ്പ്യന്‍.
Sports
കോൽക്കത്ത: ടാറ്റ സ്റ്റീൽ ചെസ് 2026ൽ ആറ് വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് തിരിച്ചെത്തുന്നു.
2019ൽ അവസാനമായി ടൂർണമെന്റില്‍ പങ്കെടുത്ത ആനന്ദ് പുതുതലമുറയിലെ ലോക ചാന്പ്യൻ ഡി. ഗുകേഷടങ്ങുന്ന താരങ്ങൾക്കെതിരേ മത്സരിക്കും.
അടുത്ത മാസം കോൽക്കത്തയിൽ നടക്കുന്ന ടൂർണമെന്റിലെ ശ്രദ്ധാകേന്ദ്രം പത്തൊന്‍പതുകാരനായ ഡി. ഗുകേഷാണ്.
Sports
ജൊഹന്നാസ്ബര്‍ഗ്: ഫ്രീ സ്റ്റൈല്‍ ചെസ് ഗ്രാന്‍ഡ്സ്ലാം ഫൈനല്‍സില്‍ നോര്‍വെയുടെ സൂപ്പര്‍ താരം മാഗ്നസ് കാള്‍സനെ വീഴ്ത്തി ഇന്ത്യയുടെ അര്ജുന് എറിഗയ്സി. കാൾസനെ അട്ടിമറിച്ചതോടെ ലീഗ് റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും അര്‍ജുനു സാധിച്ചു.
ഉസ്ബക്കിസ്ഥാന്റെ 20കാരന് ജാവോഖിര്‍ സിന്ഡറോവാണ് 5.5 പോയിന്റുമായി ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഗോവയില്‍ സമാപിച്ച 2025 ഫിഡെ ലോകകപ്പില്‍ ജേതാവായി ചരിത്രം കുറിച്ച താരമാണ് ജാവോഖിര്‍.
ഫിഡെ ലോകകപ്പ് കിരീടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് 19 വയസും 11 മാസവും 18 ദിനവും പ്രായമുള്ള ജാവോഖിര്‍ കുറിച്ചിരുന്നു. അമേരിക്കയുടെ ലെവോണ്‍ അരോണിയനാണ് (5 പോയിന്റ്) രണ്ടാം സ്ഥാനം. 4.5 പോയിന്റുമായാണ് അര്ജുന് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
Sports
പനാജി: ഫിഡെ 2025 ചെസ് ലോകകപ്പ് ക്വാര്‍ട്ടറിലെ രണ്ട് ക്ലാസിക്കല്‍ ഗെയിമിലും സമനില പാലിച്ച് ഇന്ത്യയുടെ അര്ജുന് എറിഗയ്സി.
രണ്ടാം സീഡായ അര്‍ജുന്റെ എതിരാളി, ഏഴാം സീഡായ ചൈനീസ് താരം യീ വീയാണ്. രണ്ട് ക്ലാസിക്കല്‍ ഗെയിമും സമനിലയിലായതോടെ ജേതാവിനെ നിശ്ചയിക്കാനുള്ള ടൈബ്രേക്കര്‍ റാപ്പിഡ് ഗെയിം ഇന്നു മുതല്‍ നടക്കും.
Sports
മഡ്ഗാവ്: ഫിഡെ 2025 ചെസ് ലോകകപ്പിൽ ഇന്ത്യയുടെ അർജുൻ എറിഗയ്സി ക്വാർട്ടറിൽ. അമേരിക്കയുടെ ആരോണിയൻ ലെവോണിന് എതിരായ പ്രീക്വാർട്ടറിലെ രണ്ടാം ഗെയിമിൽ ജയം സ്വന്തമാക്കിയാണ് അർജുൻ ക്വാർട്ടറിലേക്കു മുന്നേറിയത്.
അതേസമയം, മറ്റൊരു ഇന്ത്യൻ താരമായ പി. ഹരികൃഷ്ണ രണ്ടാം ഗെയിംമിലും സമനിലയോടെ പ്രീക്വാർട്ടർ ടൈബ്രേക്കറിലേക്കു നീട്ടി.
Sports
മഡ്ഗാവ്: ഫിഡെ 2025 ചെസ് ലോകകപ്പിന്റെ അഞ്ചാം റൗണ്ടിലെ ആദ്യ ക്ലാസിക്കല്‍ മത്സരത്തില്‍ ഇന്ത്യയുടെ അര്ജുന് എറിഗയ്സിക്കും പി. ഹരികൃഷ്ണയ്ക്കും സമനില.
അമേരിക്കയുടെ ആരോണിയന് ലെവോണുമായി 41 നീക്കത്തിനുശേഷം അര്ജുന് പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു.
മെക്സിക്കോയുടെ മാര്‍ട്ടിനെസ് അല്‍കാന്‍ട്ര ഹൊസെ എഡ്വാര്‍ഡോയാണ് പി. ഹരികൃഷ്ണയുടെ എതിരാളി. ആദ്യഗെയിമില്‍ സമനില സമ്മതിച്ച് ഇരുവരും കൈകൊടുത്തു പിരിഞ്ഞു.
Sports
മഡ്ഗാവ്: ഫിഡെ 2025 ലോകകപ്പ് ചെസില്‍ ഇന്ത്യയുടെ അര്ജുന് എറിഗയ്സി, പി. ഹരികൃഷ്ണ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ (അഞ്ചാം റൗണ്ടില്‍).
അതേസമയം, കഴിഞ്ഞ തവണയത്തെ റണ്ണറപ്പായ ആര്. പ്രഗ്നാനന്ദ നാലാം റൗണ്ടില്‍ ടൈബ്രേക്കറിലൂടെ പരാജയപ്പെട്ട് പുറത്തായി. ഇതോടെ ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ എണ്ണം രണ്ടിലേക്കു ചുരുങ്ങി.
മൂന്നാം സീഡായ അര്ജുന് ഹംഗേറിയന്‍ ഗ്രാന്‍ഡ്മാസ്റ്ററായ പീറ്റര്‍ ലെക്കോയെ ടൈബ്രേക്കറിലൂടെ കീഴടക്കിയാണ് അവസാന 16ല്‍ ഇടംപിടിച്ചത്. ഇരുവരും തമ്മിലുള്ള നാലാം റൗണ്ടിലെ ആദ്യ രണ്ടു ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചിരുന്നു. ഇതോടെ ജേതാവിനെ നിശ്ചയിക്കാന്‍ ടൈബ്രേക്കര്‍ അരങ്ങേറി. ടൈബ്രേക്കറിലെ രണ്ടു മത്സരത്തിലും അര്ജുന് ജയം സ്വന്തമാക്കി.
നാലാം റൗണ്ടിന്റെ ടൈബ്രേക്കറില്‍ സ്വീഡന്റെ ഗ്രാന്‍ഡെലിയസ് നില്സിനെ മറികടന്നാണ് പി. ഹരികൃഷ്ണ അഞ്ചാം റൗണ്ടിലെത്തിയത്. രണ്ടു ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചശേഷം, ഇന്നലെ നടന്ന ആദ്യ റാപ്പിഡ് ഗെയിമിലും സമനിലയായിരുന്നു ഫലം. എന്നാല്‍, രണ്ടാം റാപ്പിഡ് ഗെയിമില്‍ ജയം സ്വന്തമാക്കി ഹരികൃഷ്ണന് മുന്നേറി.
ആര്. പ്രഗ്നാനന്ദയ്ക്ക് ക്ലാസിക്കല്‍ ഗെയിമിലെ ഭാഗ്യം റാപ്പിഡില്‍ ലഭിച്ചില്ല. ഡുബോവ് ഡാനിലിനെതിരായ ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് പോരാട്ടത്തില്‍ പ്രഗ്നാനന്ദ സമനില നേടി. എന്നാല്‍, രണ്ടാം മത്സരത്തില്‍ ഡുബോവ് ജയിച്ചു.
Sports
മഡ്ഗാവ്: ഫിഡെ ചെസ് ലോകകപ്പില്‍ മലയാളികളായ നിഹാല്‍ സരിനും എസ്.എല്‍. നായണനും രണ്ടാം റൗണ്ടില്‍ സമ്മിശ്ര ഫലം.
ഗ്രീക്ക് ഗ്രാന്‍ഡ്മാസ്റ്റര്‍ സ്റ്റാമാറ്റിസ് ആര്ഡിറ്റിസിനോട് 2.5-1.5നു പരാജയപ്പെട്ട് നിഹാല്‍ പുറത്തായി. അതേസമയം, മുന്‍ലോക 15-ാം നമ്പറായ റഷ്യയുടെ നികിത വിറ്റുഗോവിനെ 3-5നു കീഴടക്കി നാരായണന് മൂന്നാം റൗണ്ടിലേക്കു മുന്നേറി. ചൈനീസ് ഗ്രാന്‍ഡ്മാസ്റ്റര്‍ യു യാങ് യിയാണ് നാരായണന്റെ എതിരാളി.
Todays Story
ഇരുപതാം നൂറ്റാണ്ടോടെ ചെസ് ലോകത്തെല്ലായിടത്തും വ്യാപിച്ചു. അതോടെ ചെസ്കളി നിയന്ത്രിക്കാന്‍ ഒരു രാജ്യാന്തര സംഘടനയില്ലാതെ പറ്റില്ലെന്നായി. അങ്ങനെ രൂപംകൊണ്ടതാണു രാജ്യാന്തര ചെസ് ഫെഡറേഷന് (ഫിഡെ).
1924 ജൂലൈയില്‍ പാരീസിലാണു ഫിഡെയുടെ ജനനം. ഫിഡെ രൂപീകൃതമായിട്ട് ഒരു നൂറ്റാണ്ടു തികയുന്നു. ഫിഡെ രൂപംകൊള്ളുന്നതിനുമുമ്പുതന്നെ ലോക ചാമ്പ്യന്‍ഷിപ്പ് ചെസ് മത്സരങ്ങള്‍ നടക്കാറുണ്ടായിരുന്നു.
എന്നാല്‍, 1946ല്‍ ഫിഡെ ഏറ്റെടുത്തതോടെയാണു ലോക ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കു കൂടുതല്‍ ആധികാരികത കൈവന്നത്. ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പില്‍ ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ ഫിഡെ വരുത്തുകയുണ്ടായി.
നിയമങ്ങൾ പുതുക്കുന്നു
1950 മുതല്‍ ചെസില്‍ രാജ്യാന്തര പദവികള്‍ നല്കുന്ന ചുമതലയും ഫിഡെ ഏറ്റെടുത്തു. അങ്ങനെ ചെസ് മത്സരങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധയും അംഗീകാരവും ലഭിച്ചു. അതു ദേശീയ മത്സരങ്ങളെയും പ്രാദേശിക മത്സരങ്ങളെയും കൂടുതല്‍ ഊര്‍ജസ്വലമാക്കി.
ഫിഡെയാണ് ചെസ് മത്സരങ്ങളുടെ നിയമങ്ങളും മറ്റും പുതുക്കി നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും ഫിഡെ തന്നെ. വര്‍ഷംതോറുമോ കാലാകാലങ്ങളിലോ ഫിഡെ അംഗങ്ങള്‍ ഇതിനായി സമ്മേളിക്കും.
ഫിഡെയില്‍ ഇപ്പോള്‍ ഇരുനൂറോളം അംഗങ്ങളുണ്ട്. അറുപതു ലക്ഷത്തിലധികം കളിക്കാരും ഈ ലോകസംഘടനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടക്കുന്ന അയ്യായിരത്തിലധികം ടൂര്‍ണമെന്റുകളില്‍ ഇതേ കളിക്കാര്‍ പങ്കെടുക്കുന്നു.
ചെസ് ഒളിമ്പ്യാഡ്
ചെസ് ഒളിമ്പ്യാഡ് ആരംഭിച്ചത് 1927ലാണ്. ലണ്ടനില്‍ നടന്ന ആദ്യ ടൂര്‍ണമെന്റില്‍ ഹംഗറിയായിരുന്നു ജേതാക്കള്‍. രണ്ടാം സ്ഥാനം ഡെന്മാര്ക്കും മൂന്നാം സ്ഥാനം ബ്രിട്ടനും നേടി. ചെസില്‍ കളി തുടങ്ങുന്നതിന് ഓപ്പണിംഗ് എന്നാണു പറയുക. ഓപ്പണിംഗുകളില്‍ വളരെ പ്രാധാന്യമുണ്ട്.
ചെസില്‍ ആറുതരം കരുക്കളാണുള്ളത്. തേര് (റൂക്), ആന (ബിഷപ്), കുതിര (നൈറ്റ്), രാജ്ഞി (ക്യൂന്‍), രാജാവ് (കിംഗ്), കാലാള്‍ എന്നിവ. ഒരു കളിക്കാരന് ഒരു കരുവില്‍ തൊട്ടാല്‍ ആ കരുതന്നെ നീക്കണമെന്നാണു ചെസിലെ നിയമം. ടച്ച് മൂവ് റൂള്‍ എന്നാണ് ഇതറിയപ്പെടുക.
കളിക്കാരുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പോയിന്റ് ലഭിക്കുന്നതിനെക്കുറിക്കുന്ന പ്രതിപാദ്യമാണ് എലോ റേറ്റിംഗ്. ഈ സംവിധാനത്തിനു രൂപംകൊടുത്തതു ഹംഗറിക്കാരനായ അര്‍പ്പാദ് എലോ ആണ്. എലോറേറ്റിംഗ് എന്നു പേരുണ്ടായതിന്റെ കാരണവും അതുതന്നെ.
ഗ്രാന്‍ഡ് മാസ്റ്റര്‍
ലോക ചെസ് ചാമ്പ്യന്‍ പട്ടമാണ് ചെസ് മത്സരരംഗത്തെ പരമോന്നത ബഹുമതി. ഒരു സമയം ഒരാള്‍ക്കു മാത്രം അവകാശപ്പെടാന്‍കഴിയുന്ന സിംഹാസനം. എന്നാല്‍, ലോക ചാമ്പ്യനോടു കിടപിടിക്കുന്ന രാജ്യാന്തര നിലവാരമുള്ള കളിക്കാര്‍ക്കൊരു പദവി ലഭിക്കും- ഗ്രാന്‍ഡ് മാസ്റ്റര്‍.
ഗ്രാന്‍ഡ് മാസ്റ്റര്‍മാരുടെ തൊട്ടുതാഴെയുള്ള നിരയിലെ കളിക്കാര്‍ അറിയപ്പെടുക ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ എന്നാണ്. വനിതാ ചെസിലും ഇതേപോലുള്ള വനിതാ സ്ഥാനമാനങ്ങളുണ്ട്. രാജ്യാന്തരതലത്തില്‍ മുന്‍നിരക്കാരായ ചെസ് കളിക്കാര്‍ക്കു ലഭിക്കുന്ന ബഹുമതിയാണു ഗ്രാന്‍ഡ് മാസ്റ്റര്‍.
റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയായിരുന്ന നിക്കോളാസ് രണ്ടാമനാണ് ഈ പദവി ഏര്‍പ്പെടുത്തിയത്.
ചെസിന്റെ തുടക്കം
നൂറു കണക്കിനു വര്‍ഷം പഴക്കമുള്ള വിനോദമാണു ചെസ്. ഭാരതമാണ് ചെസിന്റെ ജന്മദേശം. ഇവിടെ പണ്ടുകാലംമുതലേ നിലവിലുണ്ടായിരുന്ന ചതുരംഗമാണ് ചെസിന്റെ ആദിമരൂപം. ഈജിപ്റ്റ്, ഗ്രീസ്, റോം എന്നിവിടങ്ങളിലും ചെസ് വളരെ പണ്ടുമുതല്ക്കേ നിലനിന്നിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
ചൈനക്കാരും പേര്‍ഷ്യക്കാരും അയര്‍ലൻഡുകാരും തങ്ങളുടെ രാജ്യത്താണ് ചെസ് ജന്മമെടുത്തതെന്നു സമര്‍ഥിക്കുന്ന ഐതിഹ്യങ്ങള്‍ നിരത്തുന്നുമുണ്ട്. ഷാ എന്ന പേര്‍ഷ്യന്‍ വാക്കില്‍നിന്നാണു ചെസ് എന്ന വാക്കുണ്ടായത്.
രാജാവ് എന്നാണ് ഷാ എന്ന വാക്കിനര്‍ഥം. ചെസില്‍ എതിരാളിയുടെ രാജാവിനെ അനങ്ങാന്‍ വയ്യാതാക്കുന്നതിനു ചെക്മേറ്റ് എന്നാണു പറയുക. ഷാ മാറ്റ് എന്ന പേര്‍ഷ്യന്‍ വാക്കില്‍നിന്നാണ് ഈ പദമുണ്ടായത്. രാജാവ് മരിച്ചു എന്നാണ് ഷാമാറ്റിന്റെ അര്‍ഥം.
കരുനീക്കം
ചെസ് കളിയില്‍ ഓരോ കളിക്കാരനും നിശ്ചിത സമയത്തിനുള്ളില്‍ കരു നീക്കിയിരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഓരോ കളിക്കാരനും കരു നീക്കാനെടുക്കുന്ന സമയം കണക്കാക്കാന്‍ സഹായിക്കുന്ന പ്രത്യേക ക്രമീകരണമുള്ള ക്ലോക്കാണ് ചെസ് ക്ലോക്ക്.
ഓരോ കളിക്കാരനും തന്റെ നീക്കത്തിനുശേഷം ക്ലോക്കിലെ സ്വിച്ചമര്ത്തുന്നു. അതോടെ അടുത്തയാളുടെ ഊഴമായി. ഇന്ത്യന്‍ ചെസിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഓള് ഇന്ത്യ ചെസ് ഫെഡറേഷന് എന്ന സംഘടനയാണ്. മുംബൈ ആസ്ഥാനമായാണ് ഇതു പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ചെസ് താരമാണ് തമിഴ്നാട്ടില്‍നിന്നുള്ള വിശ്വനാഥന് ആനന്ദ്.
തയാറാക്കിയത് - മാത്യൂസ് ആർപ്പൂക്കര