പാർലമെന്റ്
ന്യൂഡൽഹി: മണ്ഡല പുനർനിർണയം സാധ്യമാക്കുന്ന പുതിയ ബിൽ പാസാക്കാൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നിരിക്കേ, ബില്ലിനോടുള്ള നിലപാട് മയപ്പെടുത്തി എൻഡിഎ ഇതര കക്ഷികൾ.
എൻഡിഎയ്ക്കും പ്രതിപക്ഷസഖ്യത്തിനും പുറത്തുനിൽക്കുന്ന ഡിഎംകെ, വൈഎസ്ആർ കോൺഗ്രസ്, ബിജെഡി എന്നീ പാർട്ടികൾ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബില്ലിനെ അനുകൂലിച്ചേക്കുമെന്നാണ് സൂചന. അതേസമയം, ഇന്ത്യ സഖ്യത്തിനുള്ളിലുള്ള ചില കക്ഷികളും മുൻ നിലപാടിൽനിന്ന് അയവ് വരുത്തിയിട്ടുണ്ട്.
സ്പീക്കറെ മാറ്റിനിർത്തിയാൽ നിലവിൽ 321 ലോക്സഭാംഗങ്ങളുള്ള എൻഡിഎയ്ക്ക് ബിൽ പാസാക്കാൻ 39 പേരുടെ കൂടി പിന്തുണ ആവശ്യമാണ്. ഈ സാഹചര്യത്തിൽ മുന്നണിക്കു പുറത്തുള്ള കക്ഷികളുടെ നിലപാട് നിർണായകമാണ്. എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭ അംഗസംഖ്യ 50 ശതമാനം ഏകീകൃതമായി വർധിപ്പിക്കാനും നിലവിലെ സീറ്റ് വിഹിത അനുപാതം 25 വർഷത്തേക്കുകൂടി തുടരാനും തീരുമാനമായതിനാൽ 22 എംപിമാരുള്ള ഡിഎംകെ ബില്ലിനെ അനുകൂലിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
സീറ്റ് വർധനയിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു പ്രാതിനിധ്യം നഷ്ടപ്പെടുമെന്ന് നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്ന ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസും പുതിയ ഫോർമുലയുള്ള ബില്ലിനെ അനുകൂലിക്കുമെന്ന് നേതാക്കളെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പാർലമെന്റിൽ ഒഡീഷയ്ക്കു നിലവിലുള്ള പ്രാതിനിധ്യ അനുപാതം സംരക്ഷിക്കപ്പെട്ടാൽ പുതിയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ബിജു ജനതാദൾ (ബിജെഡി) എംപി സൻതൃപ്ത് മിശ്രയും പ്രതികരിച്ചു.
നിലവിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെങ്കിലും എൻസിപി (ശരദ് പവാർ വിഭാഗം), ജെഎംഎം എന്നീ പാർട്ടികളും ബില്ലിനോട് അനുകൂലമായ സൂചനകളാണ് നൽകുന്നത്. ബിൽ വിശദമായി വിലയിരുത്തിയശേഷം മാത്രമേ ഔദ്യോഗിക പ്രതികരണം അറിയിക്കൂവെന്ന് എൻസിപി (എസ്പി) എംപി സുപ്രിയ സുലെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാർട്ടി ബില്ലിനെ പിന്തുണയ്ക്കുമെന്ന് ദേശീയ അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നേതാവ് ജിതേന്ദ്ര അവ്ഹാദ് അറിയിച്ചു.
നിലവിലുള്ള രീതിയിൽത്തന്നെ വനിതാസംവരണം നടപ്പാക്കാമായിരുന്നെന്നും കേന്ദ്രം സ്വന്തം അജൻഡ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ ജെഎംഎം എംപി വിജയ് ഹാൻസ്ദക്, ബിൽ പാർലമെന്റിൽ അവതരിപ്പിച്ചശേഷം അന്തിമ നിലപാടെടുക്കുമെന്ന് പ്രതികരിച്ചു.
അതേസമയം, നിർദിഷ്ട മണ്ഡല പുനർനിർണയ ബിൽ ബിജെപിയുടെ ഗൂഢാലോചനയാണെന്നും തങ്ങളുടെ പാർട്ടി ഇതിനെതിരേ വോട്ട് ചെയ്യുമെന്നും ഇന്ത്യ സഖ്യത്തിലെ ശിവസേന (ഉദ്ധവ് വിഭാഗം) മുതിർന്ന നേതാവ് സഞ്ജയ് റൗത്ത് വ്യക്തമാക്കിയിട്ടുണ്ട്.
Tags : Constituency Delimitation Non-NDA Parties Soften Stance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash