സ്വകാര്യ ബസിൽനിന്നു പുറത്തേക്കു തെറിച്ചുവീണ സി.എസ്. ഷംനയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ.
ഇരിട്ടി: അമിതവേഗത്തിൽ വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസിൽനിന്നു പുറത്തേക്കു തെറിച്ചുവീണ വിദ്യാർഥിനിക്കു ഗുരുതര പരിക്ക്. പടിയൂർ മാങ്കുഴിയിലെ ചപ്പിലി ഹൗസിൽ സി.എസ്. ഷംന (22) യ്ക്കാണ് പരിക്കേറ്റത്.
വീഴ്ചയിൽ വാരിയെല്ലു തകരുകയും തലയ്ക്ക് പരിക്കേറ്റ് ബോധം നഷ്ടപ്പെടുകയും ചെയ്ത വിദ്യാർഥിനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.
ഇരിട്ടി പ്രഗതി കരിയർ ഗൈഡൻസ് സെന്ററിലെ വിദ്യാർഥിനിയായ ഷംന വെള്ളിയാഴ്ച രാവിലെ പിഎസ്സി പരിശീലനത്തിനായി പോകുന്നതിനിടെയാണ് അപകടം. ഇരിട്ടി-തളിപ്പറമ്പ് റൂട്ടിലോടുന്ന തേലക്കാടൻ ബസിൽ പടിയൂരിൽ നിന്നാണ് ഷംന കയറിയത്.
പെരുവംപറമ്പ് ഇറക്കം കഴിഞ്ഞുള്ള വളവിൽ ബസ് അമിതവേഗത്തിൽ തിരിയുന്നതിനിടെയാണ് അപകടം. ബസിന്റെ അമിതവേഗത്തിനെതിരേ യാത്രക്കാർ ഡ്രൈവറോടും കണ്ടക്ടറോടും പരാതി ഉന്നയിച്ചിരുന്നതായും പറയുന്നു.
വേഗം കുറയ്ക്കുകയോ സ്റ്റോപ്പിൽ നിർത്തുകയോ ചെയ്തിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ പ്രതികരണം. സംഭവത്തിൽ ഇരിട്ടി പൊലിസ് ബസ് കസ്റ്റഡിയിലെടുത്തു.
Tags : Student Serious injuries Falling private bus Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash