രാഷ്ട്രദീപിക ലിമിറ്റഡ് വൈസ് ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേലിന്റെ ‘യുഎസ്എസ്ആർ എന്തുകൊ
കൊച്ചി: ഭരിക്കുന്നവർ സ്വേച്ഛാധിപതികളാകുന്നത് അവർക്കും രാജ്യത്തിനും ആപത്കരമെന്ന് എഴുത്തുകാരൻ സക്കറിയ. അത്തരം അപകടത്തിന്റെ കൃത്യമായ സൂചനയാണ് റഷ്യയുടെ ചരിത്രത്തിലെ ഭരണാധികാരികൾ പലരും നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രദീപിക ലിമിറ്റഡ് വൈസ് ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേലിന്റെ ‘യുഎസ്എസ്ആർ എന്തുകൊണ്ടു തകർന്നു’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു സക്കറിയ.
ലോകചരിത്രത്തിൽ ഹിറ്റ്ലറാണ് ഏറ്റവുമധികം ആളുകളെ കൊന്നൊടുക്കിയ ഭരണാധികാരിയെന്നതാണു ചരിത്രം നൽകുന്ന പൊതുസൂചന. എന്നാൽ റഷ്യയിലെ സ്റ്റാലിൻ കൊല ചെയ്തവരുടെ എണ്ണം അതിനേക്കാളേറെയാണെന്നു നിരീക്ഷിക്കുന്ന ചരിത്രകാരന്മാരുണ്ട്.
ഹിറ്റ്ലർ യഹൂദരെയാണു കൊന്നൊടുക്കിയതെങ്കിൽ സ്റ്റാലിൻ സ്വന്തം കൂട്ടത്തിലുള്ളവരെയും ഇല്ലാതാക്കി. 20-ാം നൂറ്റാണ്ടിലെ റഷ്യയുടെ ചരിത്രം സമഗ്രമായും സത്യസന്ധമായും വിവരിക്കുന്ന ഗ്രന്ഥമാണ് ‘യുഎസ്എസ്ആർ എന്തുകൊണ്ടു തകർന്നു’ എന്നത്. ലെനിന്റെയും സ്റ്റാലിന്റെയും അറിയാക്കഥകളിലേക്ക് പുസ്തകം വെളിച്ചം വീശുന്നുണ്ട്. വിദ്യാർഥികളുടെയും അതിലൂടെ നാടിന്റെയും ഭാവിയ്ക്കായി ഡെന്നി തോമസ് വട്ടക്കുന്നേൽ നൽകുന്ന സംഭാവനകൾ മാതൃകാപരമാണെന്നും സക്കറിയ പറഞ്ഞു.
എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ അഡ്വ. എ. ജയശങ്കർ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.കെ. സജു, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, തോമസ് ഡൊമിനിക്, റാംമോഹൻ പാലിയത്ത്, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സിഎംഐ, ഷെറിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥകാരൻ ഡെന്നി തോമസ് വട്ടക്കുന്നേൽ നന്ദി പറഞ്ഞു.
Tags : Autocrats Dangerous Zacharia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash