പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മണിപ്പുരിലെ സംഘർഷങ്ങളിൽ മ്യാൻമർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വംശീയ സായുധസംഘടനകൾക്കും മറ്റ് ഇന്ത്യാവിരുദ്ധ ശക്തികൾക്കുമുള്ള പങ്കിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പുതിയ അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെ നിരോധിത തീവ്രവാദ, വിഘടനവാദ സംഘടനകൾക്ക് ഈ സംഘടനകൾ ആയുധങ്ങളും സ്ഫോടകവസ്തുക്കളും നൽകുന്നുണ്ടെന്നാണ് ആരോപണം.
മണിപ്പുരിലെ ഭീകരാക്രമണങ്ങൾക്കു പിന്നിലെ വിപുലമായ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് എൻഐഎ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരമാണ് എഫ്ഐആർ.
മ്യാൻമറിലെ സായുധസംഘങ്ങൾക്ക് പരിശീലനം നൽകിയെന്നാരോപിച്ച് അമേരിക്കൻ പൗരൻ മാത്യു ആരോൺ വാൻഡൈക്കിനും ആറ് യുക്രെയ്ൻ പൗരൻമാർക്കുമെതിരേ നേരത്തേ എൻഐഎ കേസെടുത്തിരുന്നു.
ഇന്ത്യയിൽനിന്ന് അനധികൃതമായി മ്യാൻമറിലേക്കു കടന്ന കുറ്റത്തിന് ഈ ഏഴുപേരെയും എൻഐഎ അറസ്റ്റുചെയ്തിരുന്നു. അമേരിക്കൻ പൗരൻ നിലവിൽ ജാമ്യത്തിലാണ്.
മ്യാൻമറിലെ ചിലവംശീയ സായുധസംഘടനകളും മറ്റ് ഇന്ത്യാവിരുദ്ധ ശക്തികളും പീപ്പിൾസ് ലിബറേഷൻ ആർമി, പീപ്പിൾസ് റവല്യൂഷണറി പാർട്ടി ഓഫ് കാങ്ലൈപാക്, പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാങ്ലൈപാക്-പ്രോഗ്രസീവ് തുടങ്ങിയ നിരോധിത സംഘടനകൾക്കൊപ്പം മണിപ്പുരിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നതായാണു സംശയം.
Tags : Anti India elements Manipur NIA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash