പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തുലാവര്‍ഷം രണ്ടു മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 23 ശതമാനം മഴക്കുറവ്. ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 29 വരെ 457.5 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടിയിരുന്നത്. എന്നാല്‍ പെയ്തത് 353.4 മില്ലിമീറ്റര്‍ മഴയാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ മഴക്കുറവ് രൂക്ഷമായി തുടരുകയാണ്. ഇതില്‍ ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴക്കുറവ്. ഇരു ജില്ലകളിലും 35 ശതമാനം വീതം മഴ കുറഞ്ഞപ്പോള്‍ കൊല്ലത്ത് 34 ശതമാനവും തൃശൂരില്‍ 33 ശതമാനവും കോട്ടയത്ത് 26 ശതമാനവും മഴ കുറഞ്ഞു. കാസര്‍കോട് 22 ശതമാനവും എറണാകുളത്ത് 21 ശതമാനവുമാണ് കുറവ്.
ഇക്കാലയളവില്‍ വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ അധികമഴ ലഭിച്ചത്. ഇവിടെ 335.5 മില്ലിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ സാധാരണ ലഭിക്കേണ്ടിയിരുന്നത് 299 മില്ലിമീറ്ററാണ്. 12 ശതമാനം അധികമഴയാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്.
മാഹിയിലും സാധാരണ മഴയേക്കാള്‍ 10 ശതമാനം അധികം ലഭിച്ചു.തിരുവനന്തപുരം ജില്ലയില്‍ 435.5 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ട 483.2 മില്ലിമീറ്ററിനേക്കാള്‍ 10 ശതമാനം കുറവാണിത്.
കോഴിക്കോട്ട് 12 ശതമാനവും ആലപ്പുഴയില്‍ 14 ശതമാനവും പത്തനംതിട്ടയില്‍ 15 ശതമാനവും മഴ കുറഞ്ഞു. കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ 17 ശതമാനം വീതമാണ് കുറവ്.തുലാവര്‍ഷം അവസാനിക്കാന്‍ ഇനി ഒരു മാസം കൂടിയാണുള്ളത്. ഇക്കാലയളവില്‍ ലഭിക്കുന്ന മഴയാണ് ഇനി സീസണിലെ മൊത്തം മഴക്കണക്കില് നിര്‍ണായകമാകുക.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ പ്രതീക്ഷിച്ച തോതില്‍ മഴ ലഭിക്കാതിരുന്നതും തുലാവര്‍ഷത്തിലെ മഴക്കുറവും കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് ആശങ്കയാകുന്നുണ്ട്. വരും ദിവസങ്ങളിലും ആവശ്യത്തിനു മഴ ലഭിച്ചില്ലെങ്കില്‍ നെല്‍കൃഷി ഉള്‍പ്പടെയുള്ള കൃഷികളെയും ജലസേചനത്തെയും ഇതു പ്രതികൂലമായി ബാധിച്ചേക്കും. ജലസംഭരണികളിലെ നീരൊഴുക്ക് കുറയുന്നത് വേനല്‍ക്കാലത്തെ ജലലഭ്യതയെയും ബാധിക്കാനിടയുണ്ട്.
കാര്‍ഷിക ഉത്പാദനം കുറയുന്നത് പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിപണി വിലക്കയറ്റത്തിന് ഇടയാക്കാം. കൃഷിയെ ആശ്രയിച്ചുള്ള ഉപജീവനമേഖലകള്ക്കും വ്യാപാരമേഖലയ്ക്കും തിരിച്ചടിയാകുമെന്ന ആശങ്കയുമുണ്ട്. കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും ഒരുപോലെ മഴയുടെ കുറവുണ്ടാകുന്നത് സംസ്ഥാനത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയ്ക്കും വിപണിക്കും കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്.
Tags : Thulavarsham northeast monsoon Rainfall deficit Keralam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash