പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ലോക്സഭയിലെ അംഗബലം വര്‍ധിപ്പിക്കുന്നത് സഭാ നടപടികളില്‍ അംഗങ്ങളുടെ ക്രിയാത്മകമായ പങ്കാളിത്തത്തെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.
അംഗങ്ങളുടെ എണ്ണം കൂടുന്നതോടെ പലര്‍ക്കും സഭയില്‍ വെറും കാഴ്ചക്കാരായി ഇരിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. മണ്ഡല പുനര്‍നിര്‍ണയ ബില്ലിനു പിന്നിലെ കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെയും തരൂര്‍ ചോദ്യം ചെയ്തു. ജാര്‍ഖണ്ഡിലെ ജംഷഡ്പുരില് ഒരു പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തരൂർ.
ലോക്സഭയിലെ അംഗസംഖ്യ 815 ആയി ഉയര്‍ത്തുന്നത് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും നിരവധി എംപിമാര്‍ക്കു ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാതെവരുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
കരട് നിയമനിര്‍മാണത്തെക്കുറിച്ച് സംസാരിക്കവെ, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം ദേശീയതാത്പര്യം മുന്‍നിര്‍ത്തിയുള്ളതാണോ അതോ ഹ്രസ്വകാല രാഷ്ട്രീയലാഭത്തിനുവേണ്ടിയുള്ളതാണോയെന്ന് തരൂര്‍ ചോദിച്ചു. “ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ചിന്താഗതി എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇതൊരു ഹ്രസ്വകാല ചിന്തയാണോ? അവര്‍ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്ക്കുവേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്, അതോ രാജ്യത്തിന്റെ ക്ഷേമത്തെക്കുറിച്ചാണോ ചിന്തിക്കുന്നത്?’’ അദ്ദേഹം ചോദിച്ചു.
നിലവിലുള്ള 540 അംഗങ്ങള്‍ക്കുപോലും സഭാ നടപടികളില്‍ മതിയായ അവസരങ്ങള്‍ നല്കാന് കഴിയാത്ത സാഹചര്യത്തില്‍ 815 അംഗങ്ങളുള്ള ലോക്സഭയ്ക്ക് എങ്ങനെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
“നിലവില്‍ 540 അംഗങ്ങളുള്ളപ്പോള്തന്നെ സഭയുടെ പ്രവര്‍ത്തനം ബുദ്ധിമുട്ടാണ്. ചോദ്യങ്ങള്‍ ചോദിക്കാനും മണ്ഡലങ്ങളിലെ പ്രശ്നങ്ങള്‍ ഉന്നയിക്കാനും ശൂന്യവേളയില്‍ സംസാരിക്കാനും അംഗങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ല. 815 ആയാല്‍ പലരും കൈയടിക്കാന്‍ മാത്രമായി അവിടെയുണ്ടാകും’’ തരൂര്‍ പരിഹസിച്ചു.
Tags : criticism Constituency Delimitation Shashi Tharoor applaud Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash