പ്രതീകാത്മക ചിത്രം
കോവിലൂരിലെ ദളിതരായ ചക്ലിയർ അനുഭവിക്കുന്ന തൊട്ടുകൂടായ്മകളുടെ തുടരനുഭവങ്ങൾ ഭരണഘടനാദിനം മുതൽ ദീപിക ചൂണ്ടിക്കാണിക്കുകയായിരുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ആ ദുഃഖ യാഥാർഥ്യത്തോട് ആദ്യം പ്രതികരിച്ചത്. റിപ്പോർട്ട് വായിച്ച ഉടൻതന്നെ അയിത്തം പരിഹരിക്കാനുള്ള അടിയന്തര നടപടികൾക്ക് അദ്ദേഹം ഉത്തരവിട്ടത് ചക്ലിയരുടെ ഉന്നതികളിൽ പ്രതീക്ഷയുടെ സൂര്യോദയമായി.
കോവിലൂരിലെ പൊതു ജലസ്രോതസിലെ പരോക്ഷവിലക്കും അയിത്തവിരുദ്ധ ബാർബർഷോപ് അടച്ചുപൂട്ടൽ ഭീഷണിയും ജലദൗർലഭ്യവും പരിഹരിക്കപ്പെടുമെന്നാണ് ദരിദ്രരിൽ ദരിദ്രരായ ആ മനുഷ്യർ കരുതുന്നത്. ലേഖന പരന്പര അവസാനിച്ചു. ചക്ലിയരുടെ ദുരിതപരന്പര അവസാനിക്കുമോ എന്ന ചോദ്യം ബാക്കിയാണ്. സർക്കാർ നടപടികൾ മുറപോലെയല്ല, ഗുരുതരമായി പരിക്കേറ്റു ഭരണഘടനയ്ക്കു മുന്നിൽ കിടക്കുന്ന ഒരു സമൂഹത്തെ എന്നപോലെ സമീപിക്കണം; ശീഘ്രമാകണം.
പരന്പരയ്ക്കു പിന്നാലെ വന്ന മനുഷ്യത്വത്തിന്റെ പ്രതികരണങ്ങൾക്കൊപ്പം അത്യന്തം നിർവികാരവും പിന്തിരിപ്പനുമായ ചിലതുമുണ്ടായിരുന്നു. ഇതൊക്കെ മറ്റു പലയിടത്തും ഉള്ളതല്ലേ, ആളുകൾക്കു പെട്ടെന്നു മാറാനാകുമോ, ദളിതരെ വിവാഹം കഴിക്കാൻ നിങ്ങൾ തയാറാകുമോ, വട്ടവട പഞ്ചായത്തിലെ പ്രതിപക്ഷത്തിന് ആഘോഷിക്കാൻ അവസരം കൊടുത്ത രാഷ്ട്രീയമല്ലേ ഇത്, പൊതു ജലസ്രോതസിൽ അലക്കരുതെന്ന് ഔദ്യോഗികമായി പറഞ്ഞിട്ടില്ലല്ലോ... തുടങ്ങിയ ചോദ്യങ്ങൾ അത്ര നിഷ്കളങ്കമല്ല; അടിയന്തരമായൊരു ചികിത്സയെ വഴിയിൽ തടയുന്ന ബന്ദുകളാണ്.
നവോത്ഥാനപ്രസ്ഥാനങ്ങൾ ഏറെ വന്നുപോയിട്ടും പൂർണസമത്വം സാധ്യമായിട്ടില്ലെന്നതു വസ്തുതയാണ്. അതേസമയം, നാം പഴയ തറയിലല്ല നിൽക്കുന്നതെന്നും മറക്കരുത്. പൂർണസമത്വം സാധ്യമാകുവോളം കോവിലൂർ എസ്സി ഉന്നതിയിലെ ദളിതർ അവരുടെ മുഷിഞ്ഞ തുണികളും കാലിയായ കുടങ്ങളുമായി വീഴാറായ വീടുകൾക്കുമുന്നിൽ നിൽക്കണോ? പൊതു ജലസ്രോതസുകളിൽനിന്ന് അവർ വിട്ടുനിൽക്കണോ? ഉന്നതിയിൽ പകലും വെള്ളം ലഭിക്കണമെന്ന ആവശ്യം അധികപ്രസംഗമാണോ? അവരുടെ മക്കൾക്ക് സ്വതന്ത്രമായി മുടി വെട്ടാനുള്ള ബാർബർഷോപ് പൂട്ടിക്കണോ? സഹജീവിയെ അഭിസംബോധന ചെയ്യാൻ ഇനിയെത്രകാലം അവർ ഫ്യൂഡൽ പദാവലികൾ നാവിൻതുന്പിൽ സംരക്ഷിക്കണം? സവർണരോഗം ഇനിയെത്രകാലം ഈ മനുഷ്യരെ തങ്ങളുടെ വീട്ടകങ്ങളിൽനിന്നു തീണ്ടാപ്പാടകലെ നിർത്തും? ജാതിവ്യവസ്ഥയിൽനിന്നു സമത്വത്തിലേക്കുള്ള മാറ്റം, ഒരു ആറ്റത്തിലെ ഇലക്ട്രോൺ ഒരു ഊർജനിലയിൽനിന്ന് മറ്റൊരു ഊർജനിലയിലേക്ക് പെട്ടെന്ന് മാറുന്ന ക്വാണ്ടം ജംപെന്ന ഫിസിക്സല്ല. അത്തരം അതിവേഗ കുതിച്ചുചാട്ടത്തിനു നാം ശ്രമിക്കാറുമില്ല. ഇതൊരു നിരന്തര പ്രക്രിയയാണ്. ഇടയ്ക്കുവച്ചു പിരിയരുത്. സർക്കാർ വിചാരിച്ചാൽ ഈ നവോത്ഥാനത്തിനു തുടർച്ചയുണ്ടാകും.
ദളിതരുടെ ചങ്ങലകളുടെ ഭാരം അവരല്ലാത്തവർക്ക് മനസിലാകുന്നില്ല. കാരണം, അതിലും വലിയ ഭാരമാണ് സവർണ മസ്തിഷ്കങ്ങളിലുള്ളത്. ഒരു കഥയുണ്ട്. ഫ്രാൻസിലെ വാക്കുകളുടെ മ്യൂസിയം നടത്തുന്ന ഏകദേശം 20 ലക്ഷം രൂപ സമ്മാനത്തുകയുള്ള ചെറുകഥാമത്സരത്തിൽ വിജയിച്ച ഒന്ന്. വെറും നൂറു വാക്കുകളിൽ തീർക്കേണ്ട കഥകളുടെ മത്സരമാണ്. ഒന്നാമതെത്തിയത് അർജന്റീനിയൻ എഴുത്തുകാരൻ അർമാൻഡോ മാക്കിയ. കഥ ഇങ്ങനെ: അയാൾ എന്നും ബസ് കാത്തുനിൽക്കുന്നതിന്റെ എതിർവശത്ത് മുകൾനിലയിലുള്ള ഫ്ലാറ്റിലെ കുട്ടി തോക്കുകൊണ്ട് കളിക്കും. അവൻ തോക്കു ചൂണ്ടി വെടിവയ്ക്കുന്നതായി ഭാവിക്കുന്പോൾ അയാൽ വെടിയേറ്റു വീഴുന്നതായി അഭിനയിക്കും. അതവൻ ആസ്വദിച്ചു പൊട്ടിച്ചിരിച്ചു. ഇതു പതിവായി.
ഒരിക്കൽ അയാൾ കുട്ടിയെ കളിപ്പിക്കാൻ വെറുതെ കൈവിരൽ കൊണ്ട് തിരിച്ചു വെടിവയ്ക്കുന്നതായി ഭാവിച്ചു. അടുത്തനിമിഷം ആ കുട്ടി മുകളിലത്തെ നിലയിൽനിന്നു താഴെ നിരത്തിലേക്കു വീണു. ചോരയിൽ കുളിച്ചുകിടക്കുന്ന അവനടുത്തേക്ക് പാഞ്ഞെത്തിയ മനുഷ്യൻ ചോദിച്ചു. ‘കുഞ്ഞേ നീയെന്നോട് കാണിച്ചതല്ലേ ഞാൻ തമാശയ്ക്കു നിന്നോടും കാണിച്ചിട്ടുള്ളൂ.’ മരണാസന്നനായ കുഞ്ഞു പറഞ്ഞു. ‘അതേ സർ, പക്ഷേ, ഞാൻ നിങ്ങളെ വെടിവച്ചത് കൊല്ലാനായിരുന്നില്ലല്ലോ.’
കോവിലൂരിലെ മനുഷ്യർ ഈ കുഞ്ഞിന്റെ അവസ്ഥയിലാണെന്നു നാം തിരിച്ചറിഞ്ഞാൽ, ഇനിയുമീ മരണതുല്യമായ തർക്കുത്തരങ്ങളിൽ നാം അഭിരമിക്കില്ല. ഇതൊക്കെയൊരു കളിയല്ലേ എന്നു പറഞ്ഞ് നാം ചൂണ്ടുന്ന തോക്കുകൾ അവർക്കു കളിത്തോക്കല്ല സവർണരേ. അവർ നിലത്തുകിടന്നു പിടയുന്നത് അഭിനയവുമല്ല.
Tags : concluded Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash