സൗരവ് ദാസ്
ന്യൂഡൽഹി: ബിജെപിക്ക് സ്ഥിരമായ തെരഞ്ഞെടുപ്പ് ആധിപത്യം ഉറപ്പാക്കുന്നതിനായി മണ്ഡല അതിർത്തികൾ പുനർനിർണയിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോക്കറോച്ച് ജനതാ പാർട്ടി (സിജെപി).
ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്ന മണ്ഡല പുനർനിർണയ ബിൽ പാസായാൽ പിന്നീട് ബിജെപിയെ വോട്ട് ചെയ്ത് തോൽപ്പിക്കാൻ ആർക്കും സാധിക്കില്ലെന്ന് സിജെപി സഹ കൺവീനർ സൗരവ് ദാസ് ഡൽഹി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യം വലിയ അപകടത്തിലാണെന്നും ഈ ബില്ലിനെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാർട്ടികൾ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ നിയന്ത്രണത്തിലുള്ള മണ്ഡല പുനർനിർണയ കമ്മിഷൻ ആസാമിലും ജമ്മു കാഷ്മീരിലും കണ്ടതുപോലെ ‘ജെറിമാൻഡറിംഗ്’ (അതിർത്തികളിൽ കൃത്രിമം കാണിക്കൽ) ഉപയോഗിക്കുമെന്നും കമ്മിഷന്റെ തീരുമാനങ്ങൾക്ക് കോടതികളിൽനിന്ന് പൂർണ നിയമപരിരക്ഷ നൽകുമെന്നും സൗരവ് ദാസ് മുന്നറിയിപ്പ് നൽകി.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ), ഡീലിമിറ്റേഷൻ ബിൽ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിവ നടപ്പിലാകുന്നതോടെ ഇന്ത്യൻ ജനാധിപത്യം അവസാനിക്കും.
പൗരന്മാർ ബിജെപിക്കെതിരേ വോട്ട് ചെയ്താലും അവരെ അധികാരത്തിൽനിന്നു നീക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും.
2029ന് മുമ്പ് മണ്ഡല പുനർനിർണയം നടപ്പിലാക്കുന്നതിനെ ന്യായീകരിക്കാൻ സർക്കാർ വനിതാ സംവരണ ബില്ലിനെ ഉപയോഗിക്കുകയാണെന്നും സൗരവ് ദാസ് കുറ്റപ്പെടുത്തി.
Tags : Constituency Delimitation CJP VoterPattika SIR Parliament Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash