National
ന്യൂഡൽഹി: കേരളത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ കേരളം എന്നാക്കുന്നതിനുള്ള ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ട് വിജ്ഞാപനം ഇറക്കുന്നതോടെ നിയമമാകും.
ചൊവ്വാഴ്ച ലോക്സഭയിൽ ബിൽ പാസായെങ്കിലും പ്രതിപക്ഷബഹളത്തിൽ ചർച്ച ഉണ്ടായില്ല. എന്നാൽ രാജ്യസഭയിൽ ചർച്ചയ്ക്കുശേഷം ശബ്ദവോട്ടോടെയാണ് ബിൽ പാസായത്. മുണ്ടുടുത്താണ് കേരളത്തിൽനിന്നുള്ള രാജ്യസഭാ എംപിമാർ ഇന്നലെ ചർച്ചയിൽ പങ്കെടുത്തത്.
ജെബി മേത്തർ സെറ്റ് സാരി ഉടുത്തും ചർച്ചയിൽ പങ്കെടുത്തു. മലയാളി എംപിമാർ എല്ലാം മലയാളത്തിലാണ് രാജ്യസഭയിൽ പ്രസംഗിച്ചത്. ചർച്ചാവേളയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ എത്താതിരുന്നത് എംപിമാർ ചോദ്യം ചെയ്തു.
National
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്സിആർഎ) ബിൽ 2026 വിശദമായ പരിശോധനയ്ക്കായി സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (ജെപിസി) വിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ലോക്സഭയിൽ പ്രതിപക്ഷ കക്ഷികളുമായി സമവായത്തിലെത്താനും ജനപ്രതിനിധികളുടെ നിർദേശങ്ങൾ തേടുന്നതിനുമാണ് ബിൽ സമിതിക്ക് മുൻപാകെ സമർപ്പിക്കുന്നത്. വർഷകാല സമ്മേളനത്തിന്റെ അവസാന ഘട്ടത്തിലാണ് ഈ സുപ്രധാന നീക്കം.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെയും ഇതര സംഘടനകളുടെയും ശക്തമായ എതിർപ്പും ആശങ്കകളും പരിഗണിച്ചാണ് ബിൽ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്. 2010-ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ മാറ്റം വരുത്തുന്നതിനായി 2026 മാർച്ച് 25-നാണ് ഈ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പുതിയ വ്യവസ്ഥകളിൽ വിശദമായ ചർച്ച ഉറപ്പാക്കാൻ പ്രതിപക്ഷ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന വിലയിരുത്തലിലാണ് കേന്ദ്രം മുന്നോട്ട് പോയത്.
തുടർന്ന് രൂപീകരിച്ച 31 അംഗ സംയുക്ത പാർലമെന്ററി കമ്മിറ്റി ബില്ലിലെ ഓരോ വകുപ്പുകളും വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. വരാനിരിക്കുന്ന പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ചയ്ക്കുള്ളിൽ തന്നെ ജെപിസി റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ബിൽ സംയുക്ത സമിതിക്ക് വിട്ട നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് സഭാ നടപടികൾ പിരിഞ്ഞത്.
National
ന്യൂഡൽഹി: കേരളത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ കേരളം എന്നാക്കുന്നതിനുള്ള ഭേതഗതി ബിൽ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കി. ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ട് വിഞ്ജാപനം ഇറക്കുന്നതോടെ നിയമമാകും.
ചൊവ്വാഴ്ച ലോക്സഭയിൽ ബിൽ പാസായെങ്കിലും പ്രതിപക്ഷ ബഹളത്തിൽ ചർച്ച ഉണ്ടായില്ല. എന്നാൽ രാജ്യസഭയിൽ ചർച്ചയക്ക് ശേഷം ശബ്ദവോട്ടോടെയാണ് ബിൽ ഇന്ന് പാസായത്.
മുണ്ടുടുത്താണ് കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാർ ഇന്ന് ചർച്ചയിൽ പങ്കെടുത്തത്. ജെബി മേത്തർ സെറ്റ് സാരി ഉടുത്തും ചർച്ചയിൽ പങ്കെടുത്തു. മലയാളി എംപിമാർ എല്ലാം മലയാളത്തിലാണ് രാജ്യസഭയിലെ തങ്ങളുടെ പ്രസംഗം നടത്തിയത്. അതേസമയം ബില്ലിലെ ചർച്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ എത്താതിരുന്നത് എംപിമാർ ചോദ്യം ചെയ്തു.
Kerala
ന്യൂഡൽഹി: രാജ്യസഭാംഗം ജോൺ ബ്രിട്ടാസിനെ ലുങ്കിവാല എന്ന് അധിക്ഷേപിച്ചതിൽ രാജ്യസഭയിൽ വൻ പ്രതിഷേധം. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെതിരായ ബിജെപി എംപി ലുങ്കി പരാമർശം നടത്തിയതോടെ പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു.
തൃണമൂൽ കോൺഗ്രസിൽനിന്നു രാജിവച്ചു ബിജെപിയിൽ ചേർന്ന പശ്ചിമ ബംഗാളിൽനിന്നുള്ള രാജ്യസഭാ അംഗം സുസ്മിത ദേവ് ചൊവ്വാഴ്ച പാർലമെന്റ് നടപടിക്കിടെ ബ്രിട്ടാസ് സംസാരിക്കുമ്പോഴാണ് പിന്നിൽ വന്നിരുന്ന് 'ലുങ്കി വാല' എന്ന് വിളിച്ചത്.
ഇത് എംപിമാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതിഷേധം കനത്തത്. ഇത്തരം അധിക്ഷേപങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് എംപിമാർ പറഞ്ഞു. അധിക്ഷേപം നടത്തിയ എംപിക്കെതിരേ നടപടി വേണമെന്നും മാപ്പു പറയണമെന്നും പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു.
National
ന്യൂഡല്ഹി: അമിത് ഷാ സഭയിലെത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷബഹളത്തിനിടെ ചര്ച്ചകൂടാതെ കേരളം എന്ന് പേരുമാറ്റിയ ബില്ലും നാഷണല് കോ- ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്പറേഷന് ഭേദഗതി ബില്ലും, ലോക്സഭയും ട്രൈബ്യൂണലുകളുടെ കാര്യക്ഷമതയും സുതാര്യതയും വര്ധിപ്പിക്കാനുള്ള നാഷണല് ട്രൈബ്യൂണല്സ് കമ്മീഷന് രൂപവത്കരണ ബില്ലും രാജ്യസഭയും ഇന്നലെ ചര്ച്ചകൂടാതെ ശബ്ദവോട്ടോടെ പാസാക്കി പിരിഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വെറും 52 മിനിറ്റിനുള്ളില് ഒമ്പത് ബില്ലുകളാണ് ലോക്സഭ പാസാക്കിയത്.
ശരാശരി ഒരു ബില്ലിന് ആറു മിനിറ്റില് താഴെ സമയം. വെറും ഒരു മിനിറ്റിലാണ് പ്രധാനപ്പെട്ട ജനന-മരണ രജിസ്ട്രേഷന് ഭേദഗതി ബില് പാസാക്കിയത്. ലോക്സഭ ഇതുവരെ പാസാക്കിയ 11 ബില്ലുകളില് രണ്ടെണ്ണത്തില് മാത്രമാണു ചര്ച്ച നടന്നത്.
രാജ്യത്ത് ദൂരവ്യാപകമായ മാറ്റങ്ങള് കൊണ്ടുവരുന്ന സുപ്രധാന ബില്ലുകളില് ചര്ച്ച നടത്താന് കഴിയുന്ന തരത്തില് പൊതുധാരണയിലെത്താന് സര്ക്കാരിനോടും പ്രതിപക്ഷത്തോടും സ്പീക്കര് ഓം ബിര്ള അഭ്യര്ഥിച്ചു.
National
ന്യൂഡല്ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെയും പാര്ലമെന്റ് നടപടികള്ക്ക് എത്തിയില്ല. ഇതോടെ തുടര്ച്ചയായ നാലാമത്തെ ആഴ്ചയിലും ലോക്സഭയും രാജ്യസഭയും പ്രതിപക്ഷ പ്രതിഷേധത്തില് സ്തംഭിച്ചു.
പ്രതിപക്ഷത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും എതിര്പ്പു പരിഗണിച്ച് വിവാദ എഫ്സിആര്എ ഭേദഗതി ബില് സംയുക്ത പാര്ലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്ക് അയയ്ക്കുമെന്നാണു സൂചന. കഴിഞ്ഞ ബജറ്റ് സമ്മേളനത്തില് അവതരിപ്പിച്ച ഈ ഭേദഗതി കേരള, തമിഴ്നാട് തെരഞ്ഞെടുപ്പ് മുന്നില്ക്കണ്ട് മരവിപ്പിച്ചിരുന്നു.
ലോക്സഭ ഇന്നലെ രാവിലെ 11ന് ചേര്ന്നയുടന് പ്രതിപക്ഷ എംപിമാര് “അമിത് ഷാ എവിടെ” എന്ന ചോദ്യവുമായി പ്രതിഷേധം തുടങ്ങി. തുടര്ച്ചയായി സഭാ നടപടികള് തടസപ്പെടുത്തുന്നതില് സ്പീക്കര് അതൃപ്തി അറിയിച്ചു. തുടര്ന്ന് മിനിറ്റുകള്ക്കുള്ളില് സഭ ഉച്ചകഴിഞ്ഞ് രണ്ടുവരെ നിര്ത്തിവച്ചു. രാജ്യസഭയില് പതിവുപോലെ ഏതാനും മിനിറ്റുകള്ക്കുശേഷമാണ് 12 വരെ നിര്ത്തിവച്ചത്.
പാര്ലമെന്റിനുപുറത്ത് എംപിമാരുടെ പ്രവേശനകവാടത്തിനു മുന്നില് ഒരുവശത്ത് പ്രതിപക്ഷ നേതാക്കളും മറുവശത്ത് എന്ഡിഎ എംപിമാരും പ്ലക്കാര്ഡുകളുമായി മുഖാമുഖം നിന്നു മുദ്രാവാക്യങ്ങള് മുഴക്കിയത് കൗതുകമായി. സുരക്ഷാ ഉദ്യോഗസ്ഥര് കൈകോര്ത്തു പിടിച്ചാണ് എംപിമാര്ക്കിടയില് മതില് തീര്ത്തത്.
നീറ്റ് ചോദ്യപേപ്പര് ചോര്ച്ചയ്ക്കെതിരേ പ്രതിഷേധിച്ച വിദ്യാര്ഥികള്ക്കെതിരായ പോലീസ് മര്ദനത്തില് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില് മറുപടി നല്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ എംപിമാര് ഇരുസഭകളിലും പുറത്തും പ്രതിഷേധിച്ചത്.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുടെ പേരിലും സമാജ്വാദി പാര്ട്ടിയുടെ നേതൃത്വത്തില് പ്രതിപക്ഷ പ്രതിഷേധം തുടര്ന്നു. രാഹുല് ഗാന്ധിക്കെതിരായ ബാനറുകളുമായാണ് എന്ഡിഎ എംപിമാര് എത്തിയത്. ജാര്ഖണ്ഡില് വിദ്യാര്ഥികള്ക്കുനേരേ നടന്ന ലാത്തിച്ചാര്ജിന് രാഹുല് ഗാന്ധി മറുപടി പറയുക എന്നായിരുന്നു ഒരു ബാനര്.
അതേസമയം, അമിത് ഷാ വന്നു പാര്ലമെന്റില് പ്രസംഗിക്കുമെന്നതല്ല വിഷയമെന്നും ഡല്ഹിയില് വിദ്യാര്ഥികള്ക്കു നേരേയുണ്ടായ വെടിവയ്പിന് ആര് അനുമതി നല്കിയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നതാണു പ്രധാനമെന്നും പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധി പറഞ്ഞു.
അയോധ്യയിലെ സംഭാവനക്കൊള്ള ചര്ച്ച ചെയ്യണമെന്ന് എസ്പി എംപിമാര് പലതവണ ആവശ്യപ്പെട്ടു. ഓരോ കാര്യത്തിനും അമിത് ഷാ കൃത്യമായ മറുപടി നല്കുമെന്ന് പാര്ലമെന്ററികാര്യ മന്ത്രി കിരണ് റിജിജു ആവര്ത്തിച്ചെങ്കിലും ഷാ സഭയിലേക്കെത്തിയില്ല.
National
ന്യൂഡൽഹി: ഏറെ ചർച്ചയായ എഫ്സിആർഎ ഭേദഗതി ബിൽ നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി. ബുധനാഴ്ചത്തെ പാർലമെന്റ് അജണ്ടയിലും ബിൽ ഉൾപ്പെടുത്തിയിട്ടില്ല. ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടാനുള്ള ശിപാർശയും അജണ്ടയിൽ ഇടംപിടിച്ചിട്ടില്ല.
വിദേശ സംഭാവനകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നതിനും ചട്ടങ്ങൾ കൂടുതൽ കർശനമാക്കുന്നതിനുമാണ് എഫ്സിആർഎ ഭേദഗതി ബിൽ ലക്ഷ്യമിടുന്നത്. എന്നാൽ നാളത്തെയും വരും ദിവസങ്ങളിലെയും പാർലമെന്റ് കാര്യസൂചികയിൽ ബിൽ സംബന്ധിച്ച നിർദേശങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല.
ഇതോടെ നിലവിലെ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനോ ചർച്ചയ്ക്കെടുക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ബിൽ ജെപിസിക്ക് വിടണമെന്ന ആവശ്യം പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ ശക്തമായി ഉന്നയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിലും നിലവിൽ ഔദ്യോഗിക നടപടികളൊന്നും ഉൾപ്പെടുത്തിയിട്ടില്ല.
പാർലമെന്റിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും മറ്റ് നിയമനിർമാണങ്ങളുടെ തിരക്കും കണക്കിലെടുത്താണ് ബിൽ മാറ്റിവെക്കുന്നതെന്നാണ് സൂചന. അടുത്ത സമ്മേളനത്തിലായിരിക്കും ബില്ലുമായി ബന്ധപ്പെട്ട തുടർനടപടികൾ എടുക്കുക.
National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പങ്കെടുക്കാത്തതിനെച്ചൊല്ലി കോൺഗ്രസും കേന്ദ്രസർക്കാരും തമ്മിൽ വാക്പോര്. അമിത് ഷാ സഭയിലെത്താത്തതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തെത്തി. 17 ദിവസമായിട്ട് അമിത് ഷാ ലോക്സഭയിലും രാജ്യസഭയിലും ഹാജരായിട്ടില്ല.
ഇത് ചൂണ്ടിക്കാട്ടിയാണ് ജയ്റാം രമേശിന്റെ വിമർശനം. ഭീഷണിപ്പെടുത്തുന്നവർ യഥാർഥത്തിൽ ഭീരുക്കളാണെന്നും അമിത് ഷാ ഇത് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ആഭ്യന്തരമന്ത്രി ഇരുസഭകളിലും എത്താത്തത് അസാധാരണമായ കാര്യമാണ്.
അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ചും കേന്ദ്ര നേതൃത്വത്തിലെ കാര്യങ്ങൾ സംബന്ധിച്ചും സ്വാഭാവികമായും ചോദ്യങ്ങൾ ഉയരുകയാണെന്നും ജയ്റാം രമേശ് പറഞ്ഞു. ഒന്നാമനും രണ്ടാമനും തമ്മിൽ എല്ലാം ശരിയാണോ എന്ന പരിഹാസ ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ഇക്കാര്യം രാജ്യം അറിയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തി. കോൺഗ്രസ് പാർലമെന്റിലെ ചർച്ചകളിൽനിന്ന് ഒളിച്ചോടുകയാണെന്നും ആഭ്യന്തരമന്ത്രി ചർച്ചയ്ക്ക് മറുപടി നൽകാൻ തയാറാണെന്നും റിജിജു പറഞ്ഞു.
സർക്കാർ ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് വ്യക്തമാക്കിയിട്ടും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നാണ് റിജിജുവിന്റെ ആരോപണം. ഇന്നും ഞങ്ങൾ ചർച്ചയ്ക്ക് തയാറായിരുന്നുവെന്ന് പറഞ്ഞു.
Kerala
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആർഎയിൽ നിർദേശിച്ചിരിക്കുന്ന ഭേദഗതികൾ മിഷനറി സംഘടനകൾ, സന്നദ്ധ സംഘടനകൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ, സാമൂഹിക സേവന സംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകൾ സംബന്ധിച്ച് അടിയന്തര ചർച്ച ആവശ്യപ്പെട്ടു കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നോട്ടീസ് നൽകി.
വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, അനാഥ സംരക്ഷണം, വയോജന പരിചരണം, ഗോത്രവർഗ ക്ഷേമം, ദുരന്തനിവാരണം, പുനരധിവാസം, ദാരിദ്ര്യനിർമാർജനം തുടങ്ങിയ മേഖലകളിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന നിരവധി മിഷനറി സംഘടനകളും വിശ്വാസാധിഷ്ഠിത ജീവകാരുണ്യ സ്ഥാപനങ്ങളും വിദേശ സംഭാവനകളെ ആശ്രയിച്ചാണ് സേവന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പുതിയ നിയന്ത്രണങ്ങൾ അനാവശ്യമായി തടസപ്പെടുത്താൻ പാടില്ലെന്നു കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി.
വിദേശ സംഭാവനകളുടെ സുതാര്യവും ഉത്തരവാദിത്വപരവുമായ വിനിയോഗം ഉറപ്പാക്കുന്നത് അനിവാര്യമാണ്. എന്നാൽ അതിന്റെ പേരിൽ യഥാർഥത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് അമിതമായ അനുസരണച്ചെലവും ഭരണപരമായ ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്ന തരത്തിലുള്ള വ്യവസ്ഥകൾ കൊണ്ടുവരുന്നത് ഒഴിവാക്കണം. രജിസ്ട്രേഷൻ, പുതുക്കൽ, അനുമതി നടപടികൾക്കു വ്യക്തവും സമയബന്ധിതവുമായ മാനദണ്ഡങ്ങൾ, ചെറിയതും ഗ്രാമീണ തലത്തിൽ പ്രവർത്തിക്കുന്നതുമായ എൻജിഒകൾക്ക് അനുപാതരഹിതമായ കംപ്ലയൻസ് ബാധ്യതകൾ ഒഴിവാക്കൽ, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം നിയന്ത്രണ നടപടി സ്വീകരിക്കൽ, പ്രതികൂല തീരുമാനങ്ങൾക്കെതിരെ ഫലപ്രദമായ അപ്പീൽ–റിവ്യൂ സംവിധാനം ഉറപ്പാക്കൽ എന്നിവ ഭേദഗതികളിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിയമപരമായ നടപടികളുടെയോ സാങ്കേതികമായ പിഴവുകളുടെയോ പേരിൽ വർഷങ്ങളായി തുടരുന്ന ക്ഷേമ പദ്ധതികൾ പെട്ടെന്നു തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. വിദേശ സംഭാവന ലഭിക്കുന്ന സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ, ഫണ്ട് കൈമാറ്റം, വിനിയോഗം എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങൾ യഥാർഥ സേവന പ്രവർത്തനങ്ങളെ തടസപ്പെടുത്താത്ത രീതിയിലായിരിക്കണമെന്നും എംപി പറഞ്ഞു.
മിഷനറി, വിശ്വാസാധിഷ്ഠിത ജീവകാരുണ്യ സംഘടനകൾ ഉൾപ്പെടെയുള്ള സിവിൽ സൊസൈറ്റി സംഘടനകളുമായി അർഥവത്തായ കൂടിയാലോചന നടത്തിയ ശേഷമേ എഫ്സിആർഎ ചട്ടക്കൂടിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ നടപ്പാക്കാവൂ എന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
എഫ്സിആർഎയുടെ നിയന്ത്രണ ലക്ഷ്യം സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതായിരിക്കണം. എന്നാൽ, നിയമപരമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ, മാനുഷിക, വിദ്യാഭ്യാസ, ആരോഗ്യ സംഘടനകളുടെ പ്രവർത്തനങ്ങളെ അനാവശ്യ നിയന്ത്രണങ്ങളിലൂടെ ദുർബലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് എംപി വ്യക്തമാക്കി.
ആയിരക്കണക്കിനു സംഘടനകളുടെയും അവയുടെ സേവനങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെയും ജീവിതത്തെ ബാധിക്കാവുന്ന വിഷയമായതിനാൽ, സാധാരണ സഭാ നടപടികൾ നിർത്തിവച്ച് എഫ്സിആർഎ ഭേദഗതിയെക്കുറിച്ച് അടിയന്തര ചർച്ച നടത്തണമെന്ന് അദ്ദേഹം ലോക്സഭാ സ്പീക്കറോട് നോട്ടീസിൽ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലെത്തുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം. സമ്മേളനം 13ന് അവസാനിക്കാനിരിക്കെ അതിന് മുമ്പ് അമിത് ഷാ സഭയിലെത്തുമെന്നാണ് ഭരണപക്ഷം പറയുന്നത്.
എന്നാൽ തിങ്കളാഴ്ച ലോക്സഭ പരിഗണിക്കുന്ന നിർണായക ബില്ലുകൾ അവതരിപ്പിക്കാൻ അദ്ദേഹം എത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ദേശീയ സഹകരണ വികസന കോർപ്പറേഷൻ ഭേദഗതി ബില്ലിനൊപ്പം കേരള സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്നതിനുള്ള ബില്ലും തിങ്കളാഴ്ച ലോക്സഭയിൽ പരിഗണിക്കുന്നുണ്ട്. ഇവയിൽ ചിലത് ആഭ്യന്തര മന്ത്രിയാണ് അവതരിപ്പിക്കേണ്ടത്.
അമിത് ഷാ എത്താത്ത പക്ഷം സഹമന്ത്രിമാരിൽ ആരെങ്കിലും ബില്ലുകൾ അവതരിപ്പിച്ചേക്കും. അമിത് ഷാ സഭയിൽ എത്താത്തതിൽ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. വിദ്യാർഥി പ്രക്ഷോഭകർക്കെതിരായ പോലീസ് നടപടിയിൽ ആഭ്യന്തര മന്ത്രി സഭയിൽ വിശദീകരണം നൽകണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നു.
അതേസമയം വനിതാ സംവരണവുമായി ബന്ധപ്പെട്ട മണ്ഡല പുനഃസംഘടനയ്ക്കുള്ള വിവാദ ഭരണഘടനാ ഭേദഗതി ബില്ലിന് ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള സർക്കാർ നീക്കങ്ങൾക്കും ഇതുവരെ പൂർണ വിജയം നേടാനായിട്ടില്ല. സമ്മേളനം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ബില്ലുകളുടെയും അമിത് ഷായുടെ സഭയിലെ സാന്നിധ്യത്തിന്റെയും കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്.
National
ന്യൂഡല്ഹി: പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനം വ്യാഴാഴ്ച സമാപിക്കാനിരിക്കെ, അവസാന ആഴ്ചയില് സഭയുടെ കാര്യോപദേശക സമിതി പരിഗണിക്കേണ്ട ബില്ലുകളുടെ പട്ടികയില് വിവാദ എഫ്സിആര്എ ഭേദഗതി ബില് ഇല്ല.
മണ്ഡല പുനര്നിര്ണയത്തിനും വനിതാ സംവരണത്തിനുമുള്ള ഭരണഘടനാ ഭേദഗതികളും അജന്ഡയിലില്ല. കേരളത്തിന്റെ പേര് കേരളം എന്നാക്കി മാറ്റുന്നതടക്കം നാലു ബില്ലുകളാണ് നിലവില് അടുത്തയാഴ്ചത്തെ അജന്ഡയിലുള്ളത്.
എന്നാല്, അജന്ഡയില് ഉള്പ്പെടുത്തിയിട്ടില്ലാത്ത ബില്ലുകള് അനുബന്ധമായോ (സപ്ലിമെന്ററി) അല്ലെങ്കില് പരിഷ്കരിച്ച ബിസിനസായോ (റിവൈസ്ഡ് ലിസ്റ്റ് ഓഫ് ബിസിനസ്) അവതരിപ്പിക്കാന് സര്ക്കാരിനു കഴിയും. ബില് അവതരിപ്പിക്കാന് സഭയുടെ അനുമതി തേടാന് മന്ത്രിയെ അനുവദിക്കാനും വൈകിയുള്ള അറിയിപ്പുകള് സ്വീകരിക്കാനും ലോക്സഭാ സ്പീക്കര്ക്കും രാജ്യസഭാ ചെയര്മാനും അധികാരമുണ്ട്. നിയമനിര്മാണങ്ങള്ക്കും ചര്ച്ചകള്ക്കുമായി സഭയുടെ കാര്യോപദേശക സമിതി (ബിഎസി) താത്കാലിക സമയക്രമം തയാറാക്കുമെങ്കിലും അതു മാറ്റങ്ങള്ക്കു വിധേയമാണ്.
പാര്ലമെന്റ് സമ്മേളനം അവസാനിക്കുന്നതിന്റെ തലേന്നായ ബുധനാഴ്ച എഫ്സിആര്എ ഭേദഗതി ബില് ലോക്സഭയില് വീണ്ടും അവതരിപ്പിച്ചേക്കുമെന്ന് ബിജെപി നേതാക്കള് അവകാശപ്പെട്ടു.
വിപുലമായ കൂടിയാലോചനകളും പരിശോധനകളും ആവശ്യമായതിനാല് എഫ്സിആര്എ ഭേദഗതി ബില് പാര്ലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിടുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നതാണു പ്രതിപക്ഷ നിലപാട്. കഴിഞ്ഞ ശൈത്യകാല സമ്മേളനത്തില് അവതരിപ്പിച്ചശേഷം ഇതേ ബില് കേരളം, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി ഭയന്നു മരവിപ്പിച്ചിരുന്നു.
മൂന്നില് രണ്ടു ഭൂരിപക്ഷം ആവശ്യമായ മണ്ഡല പുനര്നിര്ണയത്തിനുള്ള വിവാദ ഭരണഘടനാ ഭേദഗതി ബില് പാസാക്കാനായി പ്രത്യേക സമ്മേളനം ഉടനെ വിളിക്കാനുള്ള സര്ക്കാരിന്റെ ശ്രമം വിജയിച്ചില്ല. ബില്ലിനെ എതിര്ക്കുമെന്ന് പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധി കര്ശന നിലപാട് സ്വീകരിച്ചു.
വര്ഷകാല സമ്മേളനത്തില്നിന്നു പൂര്ണമായി വിട്ടുനിന്ന് വിവാദത്തിലായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ബുധനാഴ്ച പാര്ലമെന്റിലെത്തി എഫ്സിആര്എ ബില് അവതരിപ്പിക്കുമെന്നാണ് ഭരണപക്ഷ എംപിമാരുടെ വിശ്വസം. എഫ്സിആര്എ ഭേദഗതിക്കെതിരേ ഇന്ത്യാ സഖ്യത്തിനു പുറമെ ഡിഎംകെയും ശക്തമായ എതിര്പ്പുമായി രംഗത്തുണ്ട്.
എന്ഡിഎ ഘടകകക്ഷികളായ എന്സിപി, ശിവസേന അടക്കമുള്ള പാര്ട്ടികള്ക്കും വൈഎസ്ആര് കോണ്ഗ്രസിനും എഫ്സിആര്എ ബില് തിരക്കിട്ടു പാസാക്കുന്നതിനോട് യോജിപ്പില്ല. ന്യൂനപക്ഷങ്ങളെ വേട്ടയാടാന് ലക്ഷ്യമിട്ടുള്ള എഫ്സിആര്എ ഭേദഗതി ബില് പാസാക്കാന് അനുവദിക്കില്ലെന്ന് കോണ്ഗ്രസ്, ഇടതുപാര്ട്ടികള്, മുസ്ലിം ലീഗ്, കേരള കോണ്ഗ്രസുകള് അടക്കമുള്ള പാര്ട്ടികള് വ്യക്തമാക്കിയിട്ടുണ്ട്.
വര്ഷകാല സമ്മേളനം ആദ്യ മൂന്നാഴ്ചകളിലും സ്തംഭിച്ചിരുന്നു. വിദ്യാര്ഥികള്ക്കെതിരായ പോലീസ് അതിക്രമം, ആയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള എന്നിവയെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിലെത്തി പ്രസ്താവന നടത്താത്തതില് പ്രതിഷേധിച്ചാണു സഭാസ്തംഭനം തുടരുന്നത്. കഴിഞ്ഞ മാസം 20ന് തുടങ്ങിയ സമ്മേളനം 13ന് അവസാനിക്കും.
National
ന്യൂഡല്ഹി: പാര്ലമെന്റിനു പിന്നാലെ പുറത്തും പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധിയും പാര്ലമെന്ററികാര്യ മന്ത്രി കിരണ് റിജിജുവും തമ്മില് വാക്പോര് തുടരുന്നു.
സ്ത്രീകളുടെ അഭിപ്രായസ്വാതന്ത്ര്യം കുറയുന്നതിന്റെ പേരില് രാഹുല് നടത്തിയ വീഡിയോ പരാമര്ശത്തിനു പിന്നാലെയാണ് വനിതാ സംവരണ ബില്ലും മണ്ഡല പുനര്നിര്ണയവും ബന്ധിപ്പിച്ചതിനെച്ചൊല്ലി ഇരുവരും ഇന്നലെ വീണ്ടും കൊന്പുകോർത്തത്.
സ്ത്രീകള്ക്കു കൂടുതല് അഭിപ്രായസ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ രാഹുല് ഇന്നലെ സമൂഹമാധ്യമത്തിലൂടെ പുറത്തിറക്കിയിരുന്നു. രാഹുലിന്റെ ഈ വീഡിയോ പങ്കുവച്ച് , പ്രതിപക്ഷനേതാവിന്റെ നിലപാടില് പ്രകടമായ മാറ്റമുണ്ടായതായി മന്ത്രി അഭിപ്രായപ്പെട്ടു.
ഇതൊരു നല്ല സന്ദേശമായി തോന്നുന്നു. സ്ത്രീകളുടെ കാര്യത്തില് രാഹുല് ഗാന്ധിക്ക് അനുകൂല മാറ്റം വന്നിരിക്കുന്നു. അതിനാല് വനിതാ സംവരണ ബില്ലിനെ കോണ്ഗ്രസ് നിരുപാധികം പിന്തുണയ്ക്കണമെന്നും റിജിജു ആവശ്യപ്പെട്ടു.
രണ്ടു മണിക്കൂറിനുള്ളില് രാഹുലിന്റെ മറുപടിയെത്തി. 2023ല്ത്തന്നെ കോണ്ഗ്രസ് പിന്തുണയോടെ വനിതാ സംവരണ ബില് പാസാക്കിയതാണെന്ന് റിജിജുവിനെ രാഹുല് ഓര്മിപ്പിച്ചു.
മൂന്നു വര്ഷം കഴിഞ്ഞിട്ടും എന്തുകൊണ്ടതു നടപ്പിലാക്കിയില്ല? എന്തിനാണിപ്പോള് അനാവശ്യമായി അതിനെ മണ്ഡല പുനര്നിര്ണയവുമായി ബന്ധിപ്പിക്കുന്നത്? യാതൊരു നിബന്ധനകളുമില്ലാതെ 2023ല് പാസാക്കിയ വനിതാ സംവരണ നിയമം നടപ്പിലാക്കണമെന്നും രാഹുല് ആവശ്യപ്പെട്ടു.
നേരത്തേ, മണ്ഡല പുനര്നിര്ണയവും വനിതാ സംവരണവുമായി ബന്ധപ്പെട്ട രണ്ടു ഭരണഘടനാ ഭേദഗതി ബില്ലുകള് പാസാക്കുന്നതിന് സഹകരിക്കണമെന്നഭ്യര്ഥിച്ചു രാഹുലുമായി റിജിജു ചര്ച്ച നടത്തിയിരുന്നു.
രാജ്യത്തിന്റെ രാഷ്ട്രീയക്രമംതന്നെ തകര്ക്കുന്ന മണ്ഡല പുനര്നിര്ണയത്തെ എതിര്ക്കുമെന്ന് രാഹുല് വ്യക്തമാക്കി. ഭരണഘടനാഭേദഗതികള് പാസാക്കാനാവശ്യമായ മൂന്നില് രണ്ടു ഭൂരിപക്ഷം എന്ഡിഎയ്ക്കില്ല.
National
ന്യൂഡല്ഹി: വിദ്യാര്ഥികള്ക്കെതിരേ നടന്ന പോലീസ് നടപടിയെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്ലമെന്റില് പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തോടു സര്ക്കാരും ഷായും ഇന്നലെയും മുഖം തിരിച്ചതോടെ തുടര്ച്ചയായ മൂന്നാമത്തെ ആഴ്ചയും പാര്ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു.
വ്യാഴാഴ്ച അവസാനിക്കുന്ന വര്ഷകാല സമ്മേളനത്തില് ബുധനാഴ്ച എഫ്സിആര്എ ഭേദഗതി ബില്ലുമായി ഷാ സഭയിലെത്തുമെന്നു സര്ക്കാര് സൂചന നല്കി.
ആഭ്യന്തരമന്ത്രി സഭയില് വരണമെന്ന പ്രതിപക്ഷ ആവശ്യം ഷായെ അറിയിക്കണമെന്ന രാജ്യസഭാധ്യക്ഷന് സി.പി. രാധാകൃഷ്ണന്റെ അപ്രതീക്ഷിതവും അസാധാരണവുമായ നിര്ദേശത്തെയും മന്ത്രി ഗൗനിച്ചില്ല.
Editorial
ജനാധിപത്യരാജ്യം ഭരിക്കുന്നവർക്ക് ജനങ്ങളുടെ ചോദ്യങ്ങളെ ഭയമാണോ? ജയിച്ചുകയറാനുള്ള മഹാബലീ ശിരസുകൾ മാത്രമാണോ ഇന്ത്യാ മഹാരാജ്യത്തിലെ പൗരന്മാര്? മുറ്റത്തു വന്ന് സാഷ്ടാംഗം പ്രണമിച്ച് നാടകം കളിക്കാനുള്ള വേദി മാത്രമാണോ ഇന്ത്യൻ പാർലമെന്റ്?
എങ്ങും ചോദ്യങ്ങൾ മാത്രം. ഉത്തരമെവിടെ? പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുകയാണ്. നിരവധി വിഷയങ്ങളുണ്ട് ചർച്ച ചെയ്യാൻ. സർക്കാർ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളുണ്ട്. സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും യുക്തിപൂർവം തീരുമാനമെടുക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്. പക്ഷേ, കേന്ദ്രസർക്കാരിന്റെ നെടുംതൂണുകളായ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സഭകളിൽ കാണാനില്ല. പാർലമെന്റ് മന്ദിരത്തിൽ കനത്ത സുരക്ഷയിൽ വന്നിറങ്ങുന്ന ചിത്രങ്ങൾ കാണുന്നുണ്ട്. നിരവധി ക്ഷേത്രങ്ങളുടെ ശ്രീകോവിലിനു മുന്നിൽ തൊഴുതുനിൽക്കുന്ന ചിത്രങ്ങളും കാണുന്നുണ്ട്. പക്ഷേ, ജനാധിപത്യത്തിന്റെ ശ്രീകോവിലിനു മുന്നിൽ വരാൻ മാത്രം ഇവരുടെ മുട്ടിടിക്കുന്നതെന്താണ്?
ജനാധിപത്യത്തോടുള്ള ഈ തികഞ്ഞ അനാദരവാണ് ജനാധിപത്യവിശ്വാസികളെ ആശങ്കയിലാക്കുന്നത്. ‘പ്രതിപക്ഷ വികാരം ആഭ്യന്തരമന്ത്രിയെ അറിയിക്കണം, സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹത്തെ അറിയിക്കണം’ എന്നൊക്കെ രാജ്യസഭാ അധ്യക്ഷന് പാർലമെന്ററികാര്യ മന്ത്രിയോടു പറയേണ്ടിവന്നു. വർഷകാല സമ്മേളനം തുടങ്ങി 14 ദിവസമായിട്ടും ആഭ്യന്തരമന്ത്രി സഭയിലെത്തിയിട്ടില്ല. എവിടെ അമിത് ഷാ എന്ന ചോദ്യത്തിൽ സഭാ നടപടികളാകെ മുങ്ങിയിട്ടും കേളൻ കുലുങ്ങിയിട്ടില്ല.
അതേസമയം, ബിജെപിക്ക് പ്രത്യേക താത്പര്യമുള്ള എഫ്സിആർഎ ബിൽ പാസാക്കാൻ താൻ സഭയിലെത്തുമെന്ന് അമിത് ഷാ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യൻ സംഘടനകളും മറ്റു ന്യൂനപക്ഷ, സന്നദ്ധ സംഘടനകളുമെല്ലാം എതിർക്കുന്ന ബില്ല് എങ്ങനെയും പാസാക്കിയെടുക്കാനുള്ള ‘ശുഷ്കാന്തി’ കാണാതെ പോകരുത്.
അഭൂതപൂർവമായ യുവജന സമരത്തിനാണ് കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനനഗരി സാക്ഷ്യം വഹിച്ചത്. പരിഹസിച്ചും കൈയൂക്കു കാട്ടിയും ഒതുക്കാൻ പരമാവധി ശ്രമിച്ചിട്ടും ജ്വലിച്ചുനിന്ന ജെൻ സിക്കു മുന്നിൽ ഒടുവിൽ സർക്കാർ മുട്ടുകുത്തി. പക്ഷേ, സമരത്തിനിടെ വിദ്യാർഥികളെ അടിച്ചൊതുക്കാനും പെല്ലറ്റ് പ്രയോഗിക്കാനുമൊക്കെ ഉത്തരവിട്ടതാരാണ്? യുവാക്കളെ തല്ലിച്ചതച്ചതിന്റെ ഉത്തരവാദിത്വം ആരേറ്റെടുക്കും? ചോദ്യങ്ങൾ വായുവിൽ കത്തിനിൽക്കുന്നു. മറുപടി പറയേണ്ടവർ നാണംകെട്ട മൗനത്തിനു പിറകിൽ ഒളിച്ചിരിക്കുകയാണ്.
അമിത് ഷാ സഭയിൽ വന്നു പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് മൂന്നാഴ്ചയായി പ്രതിപക്ഷം പ്രതിഷേധത്തിലാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ സമരം ചെയ്ത വിദ്യാർഥികൾക്കെതിരേ നടന്ന പോലീസ് അതിക്രമം, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള എന്നീ വിഷയങ്ങളിൽ അമിത് ഷാ സഭയിലെത്തി വിശദീകരണം നല്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.
പ്രതിപക്ഷ പ്രതിഷേധം മറയാക്കി ഭരണപക്ഷം സുപ്രധാന ബില്ലുകൾ ചർച്ചയില്ലാതെ രണ്ടു മിനിറ്റുകൊണ്ട് പാസാക്കിയെടുക്കുന്ന മറ്റൊരു ജനാധിപത്യ ധ്വംസനമാണ് സഭയിൽ കണ്ടത്. ധനവിനിയോഗ ബിൽ കഴിഞ്ഞ ദിവസം വെറും രണ്ടു മിനിറ്റുകൊണ്ടാണ് ലോക്സഭ കടന്നത്. സമ്മേളനം തുടങ്ങി എട്ടു ദിവസത്തിനുള്ളിൽ ലോക്സഭയിൽ ആറും രാജ്യസഭയിൽ അഞ്ചും ബില്ലുകളാണ് പാസാക്കിയത്. ഇതിൽ രണ്ടു ബില്ലിൽ മാത്രമാണ് ഇരുസഭകളിലും കാര്യമായ ചർച്ചയുണ്ടായത്. ബാക്കിയെല്ലാം പ്രതിപക്ഷ ഭേദഗതികൾ തള്ളി മിനിറ്റുകൾകൊണ്ട് ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. മിക്ക ബില്ലിന്റെയും ചർച്ചാവേളയിൽ ലോക്സഭാ സ്പീക്കറോ രാജ്യസഭാധ്യക്ഷനോ ചെയറിൽ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം.
അമിത് ഷായെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്താക്കണമെന്നാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. പക്ഷേ, സമ്മേളനം ആരംഭിച്ചതു മുതൽ മോദിയെത്തന്നെയും സഭയിൽ കാണുന്നില്ല. മോദിയുടെയും അമിത് ഷായുടെയും അഭാവം ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും പറഞ്ഞു. യുവാക്കളെ ആകർഷിക്കുന്നതിനായി ഇതിനിടെ നരേന്ദ്ര മോദി അഞ്ച് ഇൻസ്റ്റഗ്രാം റീലുകൾ ചെയ്തു. രാജ്യവ്യാപകമായ പ്രതിഷേധങ്ങളെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാൻ നിർബന്ധിതനായതിനെക്കുറിച്ചോ പ്രതിഷേധക്കാർക്കു നേരേ നടന്ന അക്രമങ്ങളെക്കുറിച്ചോ അതിലൊന്നും ഒരു പരാമർശം പോലും അദ്ദേഹം നടത്തിയിട്ടില്ല.
കാര്യങ്ങൾ ഗൗരവത്തോടെ വിചിന്തനം ചെയ്ത് തീരുമാനങ്ങളിലെത്തുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ സുപ്രധാന വേദിയാണ് പാർലമെന്റ്. ഈ സങ്കല്പം പാടേ തകർക്കുന്ന കാര്യങ്ങളാണ് ഭരണാധികാരികളിൽനിന്ന് കുറച്ചു വർഷങ്ങളായി ഉണ്ടാകുന്നത്. 1952 മുതൽ 1957 വരെ നിലനിന്ന ഒന്നാം ലോക്സഭയിൽ ഒരു വർഷം ശരാശരി 135 ദിവസങ്ങളാണ് സഭ സമ്മേളിച്ചത്. എന്നാൽ, രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ഇത് കേവലം 55 ദിവസങ്ങളായി ചുരുങ്ങി. പാർലമെന്റിന്റെ സത്തയെ അപമാനിക്കുന്ന പല കാര്യങ്ങളും കഴിഞ്ഞ പത്തു വർഷത്തിനിടെ അരങ്ങേറി.
ചർച്ചകളാണ് ജനാധിപത്യത്തിന്റ കാതൽ. അതിനു തയാറാകാതെ ജനാധിപത്യസ്ഥാപനങ്ങളെ വരിഞ്ഞുകെട്ടിയിട്ട് രാജ്യത്തിന്റെ പ്രതീക്ഷയായ യുവത്വത്തിന്റെ പെരുവിരലുകൾ ദക്ഷിണയായി ചോദിക്കുന്നവരുടെ ഭാവി എന്തായിരിക്കുമെന്നതിന്റെ സൂചനയാണ് ജന്തർ മന്തറിൽ കണ്ടത്. യുവാക്കളെ തല്ലിയതിന്റെ ഉത്തരവാദിത്വമേറ്റ് ക്ഷമ പറയണമെന്ന് പറയുമ്പോൾ തല്ലുവാങ്ങിയതിന് നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു എന്നാണ് മറുപടി. ഇതിനെ വിശേഷിപ്പിക്കാൻ പരിഹാസ്യം എന്ന വാക്കു പോരാ. ജനാധിപത്യത്തിനും പാർലമെന്റിനും മുകളിലാണ് തന്റെ സ്ഥാനമെന്ന അധികാരഹുങ്കിനെ ചരിത്രം എങ്ങനെയാണ് കൈകാര്യം ചെയ്തിട്ടുള്ളതെന്ന് വല്ലപ്പോഴുമൊന്നു തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. ജനശക്തിക്കു മുന്നിൽ ഒരു കൊട്ടാരവും സിംഹാസനവും കിരീടവും ചെങ്കോലും ശാശ്വതമല്ലെന്ന അറിവ് ജനാധിപത്യബോധത്തിന്റേതാണ്, ഫാസിസത്തിന്റേതല്ല.
National
ന്യൂഡല്ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്ലമെന്റില് വരണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ആഭ്യന്തരമന്ത്രിയെ അറിയിക്കാന് പാര്ലമെന്ററികാര്യമന്ത്രി കിരണ് റിജിജുവിനോട് രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണന് നിര്ദേശിച്ചു.
ചെയര്മാന്റെ നിര്ദേശം അംഗീകരിക്കുന്നുവെന്നു പറഞ്ഞെങ്കിലും ഏതു മന്ത്രിയാണ് സര്ക്കാരിനുവേണ്ടി പ്രതികരിക്കേണ്ടതെന്നതടക്കം പ്രതിപക്ഷനേതാവിന് ആജ്ഞാപിക്കാനാകില്ലെന്ന് മന്ത്രി റിജിജു പറഞ്ഞു.
അമിത് ഷാ സഭയില് വന്നു പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം മൂന്നാഴ്ചയോളമായി തുടരുന്ന പ്രതിഷേധത്തിനും ബഹളത്തിനുമിടയിലുള്ള രാജ്യസഭാധ്യക്ഷന്റെ നിര്ദേശം പ്രതിപക്ഷത്തിനു നേട്ടമായി. പ്രതിപക്ഷത്തിന്റെ വികാരം പാര്ലമെന്ററികാര്യ മന്ത്രിയെന്ന നിലയില് നിങ്ങള്ക്ക് ആഭ്യന്തരമന്ത്രിയെ അറിയിക്കാവുന്നതാണെന്ന രാധാകൃഷ്ണന്റെ നിര്ദേശമാണു സര്ക്കാരിനെ വെട്ടിലാക്കിയത്.
ആഭ്യന്തരമന്ത്രി സഭയില് വരണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കണമെന്ന് അഭ്യര്ഥിക്കുന്നുവെന്നും ചെയര്മാന് പറഞ്ഞു.
നീറ്റ് ചോദ്യപേപ്പർ ചോര്ച്ചയ്ക്കെതിരേ സമരം ചെയ്ത വിദ്യാര്ഥികള്ക്കെതിരേ പോലീസ് നടത്തിയ ലാത്തിച്ചാര്ജ്, കണ്ണീര്വാതകം, പെല്ലറ്റ് വെടി എന്നിവയെക്കുറിച്ചും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്കൊള്ളയെക്കുറിച്ചും അമിത് ഷാ സഭയിലെത്തി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് രാജ്യസഭാധ്യക്ഷന്റെ നിര്ദേശം. ഇതേച്ചൊല്ലി പ്രതിപക്ഷനേതാവ് മല്ലികാര്ജുന് ഖാര്ഗെയും പാര്ലമെന്ററികാര്യ മന്ത്രി റിജിജുവും രൂക്ഷമായ വാഗ്വാദം നടത്തിയതിനു പിന്നാലെയായിരുന്നു രാധാകൃഷ്ണന്റെ നിര്ദേശം.
സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട കാര്യത്തില് മറുപടി പറയുന്നതിനെ ഭയന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പാര്ലമെന്റിൽനിന്നു വിട്ടുനില്ക്കുന്നത് ചരിത്രത്തില് ആദ്യമായാണെന്ന് കെ.സി. വേണുഗോപാല് പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വികാരം അദ്ദേഹത്തെ അറിയിക്കാന് പാര്ലമെന്ററികാര്യ മന്ത്രിയോടു സഭാധ്യക്ഷന് നിര്ദേശിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് സിപിഐയിലെ പി. സന്തോഷ്കുമാര് പറഞ്ഞു.
National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിൽ മുങ്ങി പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ 13-ാം ദിവസവും സ്തംഭിച്ചു. "അമിത് ഷായെ കാണാനില്ല' എന്ന പോസ്റ്റർ ഉയർത്തിക്കൊണ്ടാണു പ്രതിപക്ഷം ഇന്നലെ പാർലമെന്റിലെത്തിയത്.
രാവിലെ നടപടികൾ ആരംഭിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ ഉച്ചവരെ സഭ പിരിഞ്ഞു. പിന്നീട് ചേർന്നപ്പോൾ നികുതി നിയമഭേദഗതി ബിൽ 2026 ചർച്ചയില്ലാതെ ലോക്സഭ പാസാക്കായി. ആറാമത്തെ ബില്ലാണു ചർച്ചയില്ലാതെ ലോക്സഭ ഇന്നലെ പാസാക്കിയത്.
പൊതുപരീക്ഷാ ഭേദഗതി ബില്ലിൽ മാത്രമാണ് ഇരുസഭകളിലും ചർച്ച നടന്നത്. ജൂലൈ 20ന് ആരംഭിച്ച വർഷകാല സമ്മേളനത്തിൽ ആകെ ഏഴു ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു. രണ്ടു ബില്ലുകളാണ് ഈ സമ്മേളനത്തിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഇതുൾപ്പെടെ ആറു ബില്ലുകൾ രാജ്യസഭ പാസാക്കി. രാജ്യസഭയിൽ ഭൂരിഭാഗം ബില്ലുകളിലും പ്രതിപക്ഷം ചർച്ചയിൽ പങ്കെടുത്തില്ല.
പ്രതിപക്ഷം മനഃപൂർവം സഭാ നടപടികൾ തടസപ്പെടുത്തുകയാണെന്ന് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തുമ്പോൾ ഇരുസഭകളിലും ഉന്നയിച്ച വിഷയങ്ങളിലുള്ള ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
സഭാനടപടികൾ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ചർച്ച നടത്തി. ചില പ്രത്യേക വിഷയങ്ങളിലുള്ള അഭ്യർഥനകൾക്കുപുറമെ മറ്റു പല കാര്യങ്ങളും ചർച്ചയായതായി അദ്ദേഹം പാർലമെന്റ് വളപ്പിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“രാഷ്ട്രീയമായി എതിരാളികളാണെങ്കിലും ഞങ്ങൾ ശത്രുക്കളല്ല. അതിനാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുമായി നിരന്തരമായ ആശയവിനിമയവും യോജിച്ചുള്ള പ്രവർത്തനവുമാണ് സർക്കാർ ആഗ്രഹിക്കുന്നത്,”- കിരൺ റിജിജു പറഞ്ഞു.
സഭയിൽ ഏതു മന്ത്രിയുടെ ബില്ലാണോ പരിഗണിക്കുന്നത് ആ മന്ത്രിയാണു സന്നിഹിതനാകുന്നതെന്നും അമിത് ഷാ തന്റേതായ ബില്ലുകൾ അവതരിപ്പിച്ച് സഭയിൽ സജീവമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൺസൂൺ സമ്മേളനത്തിന്റെ വരുംദിവസങ്ങളിലെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷത്തിന്റെ സഹകരണം ഉറപ്പാക്കാനാണു റിജിജു രാഹുൽ ഗാന്ധിയെ കണ്ടത്.
National
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന ബിൽ എക്സിക്യൂട്ടീവ് അധികാരങ്ങൾ കേന്ദ്രീകരിക്കുന്നതിനുള്ള അപകടകരമായ നീക്കമാണെന്നും സിവിൽ സൊസൈറ്റിയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ ഇത് ഇല്ലാതാക്കുമെന്നും അദ്ദേഹം ആരോപിച്ചു. ദി ഇന്ത്യൻ എക്സ്പ്രസിലെഴുതിയ ലേഖനത്തിലാണ് തിരുവനന്തപുരം എംപി നിലപാട് വ്യക്തമാക്കിയത്.
രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ കാലാവധി കഴിയുകയോ ചെയ്യുന്ന സംഘടനകളുടെ വിദേശ സംഭാവനകളും അതുവഴി നിർമിച്ച സ്വത്തുക്കളും ഏറ്റെടുക്കാൻ "ഡെസിഗ്നേറ്റഡ് അതോറിറ്റി" രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭേദഗതി. സ്വതന്ത്ര ശബ്ദങ്ങളോടുള്ള അസഹിഷ്ണുതയാണ് ഇതിന് പിന്നിലെന്നും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കാൻ പോകുന്നത് സാധാരണക്കാരായ ജനങ്ങളാണെന്നും തരൂർ ചൂണ്ടിക്കാട്ടി.
കേരളത്തിലടക്കം നൂറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളുടെയും ജീവകാരുണ്യ ട്രസ്റ്റുകളുടെയും പ്രവർത്തനത്തെ നിയമം തകിടം മറിക്കും. ലൈസൻസ് റദ്ദാക്കുന്നതിലൂടെ ആശുപത്രികളും സ്കൂളുകളും സർക്കാർ ഏറ്റെടുക്കുന്ന അവസ്ഥ വരുന്നത് വൻ പ്രതിസന്ധി സൃഷ്ടിക്കും. ജനാധിപത്യവിരുദ്ധമായ ഈ നീക്കത്തിനെതിരെ പ്രതിപക്ഷം സഭയിൽ ഒന്നിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
National
ന്യൂഡല്ഹി: വിദ്യാര്ഥികള്ക്കെതിരേ നടന്ന പോലീസ് അതിക്രമങ്ങളിലും അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിലും പ്രതിഷേധിച്ച് പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ എംപിമാര് പാര്ലമെന്റ് വളപ്പില് മാര്ച്ച് നടത്തി.
ഗാന്ധിപ്രതിമയ്ക്കു മുന്നില്നിന്ന് ആരംഭിച്ച മാര്ച്ചിന് കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാര്ജുന് ഖാര്ഗെയും ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധിയും നേതൃത്വം നല്കി.
അമിത് ഷാ മറുപടി നല്കുക (അമിത് ഷാ ജവാബ് ദോ) എന്നെഴുതിയ പ്ലാക്കാര്ഡുകളുമായി ആരംഭിച്ച മാര്ച്ച് പാര്ലമെന്റിന്റെ മകര കവാടത്തില് അവസാനിപ്പിച്ചു. പിന്നീട് സഭയ്ക്കുള്ളിലായിരുന്നു പ്രതിഷേധം.
വിദ്യാര്ഥികള്ക്കുണ്ടായ ദുരനുഭവത്തില് കുറ്റക്കാരനായതുകൊണ്ടാണ് ആഭ്യന്തരമന്ത്രി മുഖം മറച്ചു നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ ഗൗരവതരമായ വിഷയങ്ങള് ചര്ച്ച ചെയ്യാനുള്ള ഏകവേദി പാര്ലമെന്റാണെന്ന് ഖാര്ഗെ ചൂണ്ടിക്കാട്ടി.
മോദിയുടെയും ഷായുടെയും അഹങ്കാരമാണു സഭയില് വരുന്നതില്നിന്ന് അവരെ തടയുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷം ചര്ച്ചയ്ക്കു തയാറാണെന്നും ഖാര്ഗെ വ്യക്തമാക്കി.
National
ന്യൂഡൽഹി: ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് നേരെ നടന്ന പോലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കി. സഭാ നടപടികളുമായി സഹകരിക്കണമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചു.
ഇത് രാജഭരണ കാലമല്ലെന്നും പോലീസ് നടപടിയിൽ ജനങ്ങൾക്ക് മറുപടി നൽകാനുള്ള ഉത്തരവാദിത്തം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. വെടിവെയ്പ്പിന് ഉത്തരവാദി അമിത് ഷായാണെന്നും അവർ ആരോപിച്ചു.
പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും തടസപ്പെട്ടു. ദിവസവും ബഹളം വച്ചാൽ ജനകീയ വിഷയങ്ങൾ എങ്ങനെ ചർച്ച ചെയ്യുമെന്ന് ലോക്സഭാ സ്പീക്കർ ചോദിച്ചെങ്കിലും ബഹളം രൂക്ഷമായതോടെ സഭ നിർത്തിവച്ചു.
രാജ്യസഭയിൽ പ്ലക്കാർഡുയർത്തുകയോ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയോ ചെയ്താൽ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് രാജ്യസഭാ ചെയർമാൻ താക്കീത് നൽകി.
National
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. അമിത് ഷാ പ്രസ്താവന നടത്തിയില്ലെങ്കിൽ ഇന്നും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും ഇന്ത്യാ മുന്നണി എംപിമാർ നോട്ടീസ് നൽകും. എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ സർക്കാരും കർശന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. പോലീസ് നടപടിക്ക് പുറമെ അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള ആരോപണവും ഉയർത്തി പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
പാർലമെന്റ് വളപ്പിലെ പ്രേരണാ സ്ഥലത്തുനിന്ന് മകർ ദ്വാറിലേക്ക് രാവിലെ പത്തിന് പ്രതിപക്ഷ എംപിമാർ പ്രതിഷേധ മാർച്ച് നടത്തും. സമരക്കാർക്കെതിരായ അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണം തേടുക, രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള സഭയിൽ ചർച്ച ചെയ്യുക, ജമ്മു കാഷ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രതിപക്ഷം സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
National
ന്യൂഡൽഹി: വെള്ളിയാഴ്ച പാർലമെന്റിൽ പ്രതിപക്ഷ എംപി പപ്പുയാദവ് കാവിവസ്ത്രം ധരിച്ചു പ്രതിഷേധിച്ചത് സനാതന ധർമത്തോടും സന്യാസിസമൂഹത്തോടുമുള്ള അനാദരവെന്ന് ആരോപണം. സംഭവത്തിൽ എംപിക്കെതിരേ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുമെന്ന് ഹരിദ്വാറിലെ ജുനാ അഖാഡയിലെ സന്യാസിസമൂഹം വ്യക്തമാക്കി. രാജ്യത്തെ മറ്റു സന്യാസിസമൂഹങ്ങളുമായി ആലോചിച്ചു തുടർ പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും സന്യാസിമാർ പറഞ്ഞു.
കാവിവസ്ത്രം ത്യാഗത്തിന്റെയും തപസിന്റെയും പ്രതീകമാണെന്നും രാഷ്ട്രീയ അഭ്യാസങ്ങൾക്കായി അതുപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിഷേധത്തെ വിമർശിച്ചുകൊണ്ട് സന്യാസിമാർ പറഞ്ഞു. പപ്പു യാദവിനെ പിന്തുണച്ച രാഹുൽ ഗാന്ധിക്കെതിരേയും സന്യാസിമാർ വിമർശനമുന്നയിച്ചു.
നെഹ്റു-ഗാന്ധി കുടുംബം സനാതന പാരമ്പര്യങ്ങളെ തള്ളിപ്പറയില്ലെന്നു കരുതിയെങ്കിലും രാഹുലിന്റെ പ്രവൃത്തി സന്യാസിസമൂഹത്തെ അപമാനിച്ചതായി അഖാഡ പരിഷത്ത് ജനറൽ സെക്രട്ടറിയും ജുനാ അഖാഡയുടെ അന്താരാഷ്ട്ര രക്ഷാധികാരിയുമായ മഹന്ത് ഹരി ഗിരി മഹാരാജ് ചൂണ്ടിക്കാട്ടി.
അതേസമയം പാർലമെന്റിലെ പ്രതിഷേധം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി രാഹുലിനും പപ്പുയാദവിനുമെതിരേ വാരണാസിയിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ സംഭാവനക്കൊള്ളയെ ചോദ്യം ചെയ്യുന്നത് എങ്ങനെ കുറ്റകരമാകുമെന്ന് കോൺഗ്രസ് പ്രതികരിച്ചു.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയ്ക്കെതിരേയാണ് പപ്പു യാദവ് വ്യത്യസ്ത പ്രതിഷേധവുമായി പാർലമെന്റിലെത്തിയത്. ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രം സംഭാവനത്തട്ടിപ്പിൽ കേന്ദ്രത്തെ പരിഹസിച്ചുകൊണ്ട് പാർലമെന്റിന്റെ പ്രധാന കവാടമായ മകരദ്വാറിൽ സ്കിറ്റ് അവതരിപ്പിച്ച് പ്രതിപക്ഷ എംപിമാർ. ബിഹാറിൽനിന്നുള്ള സ്വതന്ത്ര എംപി പപ്പുയാദവിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പത്തരയോടെയാണു എംപിമാർ വേറിട്ട പ്രതിഷേധം നടത്തിയത്.
കാവി വേഷത്തിൽ ഭസ്മം പൂശി നടുത്തളത്തിലിരുന്ന പപ്പുയാദവ് ചുറ്റും നിന്ന എംപിമാരിൽനിന്നും കാണിക്കപ്പണം പിരിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പപ്പുയാദവിനടുത്തെത്തി കാണിക്കപ്പണം നിക്ഷേപിച്ചു. ഒടുവിൽ എംപിമാരിൽനിന്നു പിരിച്ച സംഭാവനത്തുകയുമായി പപ്പുയാദവ് ഓടുകയും ചെയ്തത് ചുറ്റുമുണ്ടായിരുന്ന എംപിമാർക്കിടയിൽ ചിരി പടർത്തി.
സമാജ്വാദി പാർട്ടി നേതാക്കളും പപ്പുയാദവിനൊപ്പം സ്കിറ്റിൽ പങ്കെടുത്തു. രാമക്ഷേത്രം തട്ടിപ്പ് വിഷയത്തിൽ പാർലമെന്റിനുള്ളിലും പ്രതിപക്ഷം ഇന്നലെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു. വരുംദിവസങ്ങളിൽ വിഷയം സജീവമാക്കി നിർത്താനാണു പ്രതിപക്ഷ തീരുമാനം.
വിദ്യാർഥിപ്രതിഷേധത്തിലെ പോലീസ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയാത്തതും പ്രതിപക്ഷ പ്രതിഷേധത്തിനു കാരണമായി.
ഉത്തരവ് ആരു നൽകി എന്ന ബാനർ കൈയിൽ പിടിച്ചുകൊണ്ടായിരുന്നു പാർലമെന്റിനു പുറത്തെ എംപിമാരുടെ പ്രതിഷേധം.
National
ന്യൂഡൽഹി: പരീക്ഷാ ചോർച്ചകൾ പരിഹരിക്കാൻ വാർത്താമാധ്യമങ്ങളിലെ പ്രസ്താവനകളല്ല, മറിച്ച് ശക്തമായ ഭരണഘടനാപരമായ പരിഹാരങ്ങളാണ് ആവശ്യമെന്ന് ബിജെപി രാജ്യസഭാ എംപി രാഘവ് ചദ്ദ. കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ച പൊതുപരീക്ഷാ ഭേദഗതി ബില്ലിനെ പിന്തുണച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുടെ രോഷം ന്യായമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഭരണത്തലവൻ എന്നതിലുപരി രാജ്യത്തെ യുവത്വത്തിന്റെ രക്ഷകർത്താവായി പ്രവർത്തിച്ചാണ് പ്രശ്നത്തിൽ ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ താൻ ഇതുവരെ പുലർത്തിയ മൗനത്തെക്കുറിച്ച് വ്യക്തത വരുത്തിയ ചദ്ദ, മുൻപ് പ്രതിപക്ഷത്തായിരുന്നപ്പോൾ ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു തന്റെ ചുമതലയെന്നും, ഇപ്പോൾ ഭരണപക്ഷത്തായതിനാൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം തനിക്കുമുണ്ടെന്നും പറഞ്ഞു. "കാൻസറിനെ ക്രോസിൻ ഗുളിക കൊണ്ട് ചികിത്സിക്കാൻ കഴിയില്ല. അതുപോലെ പ്രസ്താവനകൾ കൊണ്ട് ചോദ്യപേപ്പർ ചോർച്ച തടയാനാകില്ല," അദ്ദേഹം ഓർമിപ്പിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലേക്ക് മാറുക ഉൾപ്പെടെയുള്ള വിപ്ലവകരമായ നടപടികൾ ബില്ലിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്നുണ്ട്.
കോട്ട, ചണ്ഡീഗഡ്, ഡൽഹി, പാറ്റ്ന തുടങ്ങിയ കേന്ദ്രങ്ങളിൽ ദിവസവും 18 മണിക്കൂർ വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ത്യാഗങ്ങൾ അദ്ദേഹം സഭയിൽ അനുസ്മരിച്ചു. ഒരു ചോദ്യപേപ്പർ ചോരുന്നതോടെ വർഷങ്ങളുടെ പ്രയത്നവും കുടുംബങ്ങളുടെ പ്രതീക്ഷകളുമാണ് തകരുന്നത്. ചാർട്ടേഡ് അക്കൗണ്ടൻസി വിദ്യാർത്ഥിയായിരുന്ന തന്റെ സ്വന്തം അനുഭവവും അദ്ദേഹം ഇതിനായി പങ്കുവെച്ചു. കർണാടകയിലും ഹിമാചൽ പ്രദേശിലും മുൻ കോൺഗ്രസ് ഭരണകാലത്ത് നടന്ന പരീക്ഷാ ചോർച്ചകളും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ അവരുടെ ഭരണഘടനാപരമായ അവകാശമാണെന്നും എന്നാൽ അത് രാഷ്ട്രീയ പാർട്ടികളുടെ റാലികളായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ചയെ വ്യക്തിഗത കുറ്റകൃത്യമായല്ല, മറിച്ച് സംഘടിത മാഫിയകളുടെ പങ്കാളിത്തമുള്ള കുറ്റകൃത്യമായാണ് പുതിയ ബിൽ കണക്കാക്കുന്നത്. കോച്ചിംഗ് മാഫിയകൾ, പ്രിന്റിംഗ് പ്രസ്സ് ജീവനക്കാർ, ഏജന്റുമാർ എന്നിവരുൾപ്പെടെ ഇതിൽ ഉൾപ്പെടും. കുറ്റക്കാർക്ക് 10 കോടി രൂപ വരെ പിഴയും, ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക ദൗത്യസംഘവും മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികളും സജ്ജമാക്കും. രാജ്യത്തെ പരീക്ഷാ സംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനുള്ള ‘പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026’പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. ലോക്സഭ നേരത്തേ പാസാക്കിയ ബില്ലിന് ഇന്നലെ രാജ്യസഭയും അംഗീകാരം നൽകി.
പ്രതിപക്ഷാംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയശേഷമാണു രാജ്യസഭയിൽ ബിൽ പാസാക്കിയത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ബിൽ നിയമമായി മാറും. പരീക്ഷാ ക്രമക്കേടുകളിൽ പങ്കാളികളാകുന്നവർക്ക് പരമാവധി പത്തു വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബിൽ.
ഉദ്യോഗാർഥികളെ തണുപ്പിക്കാൻ മാത്രമാണ് സർക്കാർ ഈ ഭേദഗതി കൊണ്ടുവന്നതെന്ന് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: ഏറെ വിവാദമായ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ബിൽ അടുത്തയാഴ്ച ആദ്യം പാർലമെന്റ് വീണ്ടും പരിഗണിച്ചേക്കും. ഇതിനോടകം ലോക്സഭയിൽ അവതരിപ്പിച്ച ബിൽ ചർച്ചയ്ക്കും പാസാക്കലിനുമാണ് ഇനി പരിഗണിക്കുക.
സ്വത്തുവകകൾ സ്ഥിരമായി ഏറ്റെടുക്കാൻ കേന്ദ്രസർക്കാരിനെ അനുവദിക്കുന്ന ബില്ലിലെ വിവാദ വ്യവസ്ഥകൾക്കെതിരേ ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിവാദ വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് സിബിസിഐ നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവുമായും നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച ബില്ലിൽ കേന്ദ്രസർക്കാർ ഇനി മാറ്റം വരുത്തിയേക്കില്ലെന്നാണു സൂചന. ബില്ല് വീണ്ടും പരിഗണിക്കുമ്പോൾ ഭേദഗതികൾ വരുത്താൻ സർക്കാരിനു സാധിക്കും. അത്തരമൊരു നീക്കം കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്. അതേസമയം, എഫ്സിആർഎ ഉൾപ്പെടെ കേന്ദ്രസർക്കാർ പരിഗണിക്കുന്ന ബില്ലുകളെ എതിർക്കാനാണു പ്രതിപക്ഷ തീരുമാനം.
എന്നാൽ, പ്രതിപക്ഷ പിന്തുണ ഇല്ലാതെതന്നെ എഫ്സിആർഎ ബിൽ പാസാക്കാൻ സർക്കാരിനു സാധിക്കും. ജൂലൈ 20ന് വർഷകാലസമ്മേളനം ആരംഭിച്ചതു മുതൽ പാർലമെന്റ് പ്രക്ഷുബ്ധമാണ്. വരും ആഴ്ചകളിൽ വിവാദ ബില്ലുകൾ പരിഗണനയ്ക്കെത്തുന്നതോടെ പ്രതിഷേധം കൂടുതൽ ശക്തമാകും. വ്യാപക പ്രതിഷേധം ഉയർന്നതോടെയാണു ബജറ്റ് സമ്മേളനത്തിൽ എഫ്സിആർഎ ബിൽ അവതരിപ്പിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാതിരുന്നത്.
National
ന്യൂഡൽഹി: ഡൽഹിയിലെ പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലെത്തി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം. ലോക്സഭ ബഹളത്തെ തുടർന്ന് താത്കാലികമായി നിർത്തിവെച്ചപ്പോൾ, രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
സഭ ആരംഭിച്ച ഉടൻ തന്നെ "അമിത് ഷാ എവിടെ?" എന്ന മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സഭാ നടപടികളുമായി സഹകരിക്കാൻ സ്പീക്കർ അഭ്യർത്ഥിച്ചെങ്കിലും ആഭ്യന്തര മന്ത്രി സഭയിലെത്തണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു. ബഹളം കനത്തതോടെ സഭ നിർത്തിവെക്കേണ്ടി വന്നു.
രാജ്യസഭയിലും അമിത് ഷാ പ്രസ്താവന നടത്തണമെന്ന ആവശ്യമുയർന്നു. പ്രതിഷേധം കണക്കിലെടുക്കാതെ നടപടികളുമായി മുന്നോട്ടുപോയ ചെയർമാന്റെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷത്തിന് ഉന്നയിക്കാൻ മറ്റ് വിഷയങ്ങളൊന്നുമില്ലെന്നും അവർ ലക്ഷ്യമില്ലാതെ സഭാ സമ്മേളനം തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഭരണപക്ഷ നേതാവ് ജെ.പി. നദ്ദ ആരോപിച്ചു. ഏത് വിഷയത്തിലും ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് അതിക്രമത്തിന് ഉത്തരവിട്ടത് അമിത് ഷായാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, വിദ്യാർഥികൾക്കും യുവാക്കൾക്കും നേരെ നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. യൂണിഫോമിലല്ലാത്ത ആളുകൾ വിദ്യാർഥികളെ മൃഗീയമായി തല്ലിച്ചതക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.
കേവലം കണ്ണീർ വാതകം മാത്രമാണ് പ്രയോഗിച്ചതെന്ന സർക്കാരിന്റെ വാദത്തെ പൂർണമായും തള്ളിക്കളയുന്നതാണ് ഈ ദൃശ്യങ്ങളെന്ന് ചൂണ്ടിക്കാണിച്ച രാഹുൽ ഗാന്ധി, സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രമായ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ദേശീയഗീതമായ 'വന്ദേമാതരത്തിന്' എതിരെയുള്ള അപമാനങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന 'പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ഇൻ നാഷണൽ ഹോണർ (ഭേദഗതി) ബിൽ, 2026' പാർലമെന്റ് പാസാക്കി. രാജ്യസഭ പാസാക്കിയതിന് പിന്നാലെ ലോക്സഭയും ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ദേശീയഗാനം ആലപിക്കുന്നത് മനഃപൂർവം തടസപ്പെടുത്തുകയോ വന്ദേമാതരത്തെ അപമാനിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുന്നതാണ് പുതിയ നിയമം. നിലവിൽ ദേശീയ പതാക, ഭരണഘടന, ദേശീയഗാനം ('ജന ഗണ മന') എന്നിവയ്ക്ക് മാത്രം ബാധകമായിരുന്ന നിയമപരമായ പരിരക്ഷയാണ് വന്ദേമാതരത്തിലേക്കും കൂടി വ്യാപിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും വാക്കൗട്ടിനുമിടയിലാണ് ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം. ലോക്സഭ ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ അമിത് ഷാ എവിടെയെന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ചു.
സഭാ നടപടികളുമായി സഹകരിക്കുമോയെന്ന് സ്പീക്കർ ചോദിച്ചപ്പോൾ അമിത് ഷായോട് സഭയിലെത്താൻ ആവശ്യപ്പെടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ സഭയുടെ അജണ്ട തീരുമാനിക്കുന്നത് ചെയറാണെന്ന് സ്പീക്കർ വ്യക്തമാക്കി. ബഹളം ശക്തമായതോടെ ലോക്സഭ നിർത്തിവച്ചു.
രാജ്യസഭയിലും സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ബഹളങ്ങൾക്കിടയിലും നടപടികളുമായി മുന്നോട്ടുപോയ ചെയർമാനെതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
വിഷയങ്ങളില്ലാത്ത പ്രതിപക്ഷം വെറുതെ ബഹളം വെച്ച് സമ്മേളനം ഉഴപ്പാൻ ശ്രമിക്കുകയാണെന്നും ഏത് വിഷയത്തിലും ചർച്ചയ്ക്ക് സർക്കാർ തയാറാണെന്നും ജെ.പി. നഡ്ഡ വ്യക്തമാക്കി. സമരത്തിന് നേരെ വെടിവയ്ക്കാൻ ഉത്തരവിട്ടത് അമിത് ഷായാണെന്നാരോപിച്ച രാഹുൽ ഗാന്ധി ക്രൂരമർദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ടു.
യൂണിഫോമിലല്ലാത്ത ആളുകൾ വിദ്യാർഥികളെ തല്ലിച്ചതയ്ക്കുന്നതും നിലത്തേക്ക് വലിച്ചിഴയ്ക്കുന്നതുമായ ദൃശങ്ങളാണ് പുറത്തുവന്നത്.വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രവും ഉയർന്ന തലത്തിലുള്ളതുമായ അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
സർക്കാർ നൽകിയ വിശദീകരണത്തിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചുവെന്നാണ് പറയുന്നത്. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങൾ ഈ വിശദീകരണത്തെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
National
ഡൽഹി:പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും വകുപ്പുകളുടെയും ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിംഗിന്റെ മറുപടിപ്രസംഗത്തിനു പിന്നാലെ ശബ്ദവോട്ടോടെയാണു കേന്ദ്രസർക്കാർ പൊതുപരീക്ഷാ ഭേദഗതി ബിൽ പാസാക്കിയത്.
ബില്ലിനു പ്രതിപക്ഷം തത്വത്തിൽ പിന്തുണ നൽകിയെങ്കിലും പരീക്ഷാ ക്രമക്കേടിനെതിരേ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി ശിക്ഷകൾ കൂടുതൽ കർശനമാക്കുന്ന ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും പോലീസ് അതിക്രമത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് അന്നു ചർച്ച നടന്നിരുന്നില്ല. പിന്നീട് സ്പീക്കർ നടത്തിയ സമവായ നീക്കത്തെത്തുടർന്നാണ് ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷം സമ്മതിച്ചത്.
National
ന്യൂഡല്ഹി: ജന്തര് മന്തറിലെ വിദ്യാർഥി പ്രതിഷേധത്തെ ലോക്സഭയിൽ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. യുവജനങ്ങളുടെ നേതൃത്വത്തില് നടക്കുന്ന പ്രതിഷേധങ്ങള് രാജ്യത്തെ യുവാക്കളുടെ വികാരങ്ങളുടെ ആഴത്തിലുള്ള പ്രകടനമാണെന്നും, കേവലം ദേഷ്യമോ അക്രമമോ വിദ്വേഷമോ അല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപി ഉള്പ്പെടെയുള്ള രാഷ്ട്രീയ പാര്ട്ടികള് ഇന്ത്യന് യുവതയുടെ പ്രകടനത്തെ ബഹുമാനിക്കണം. സമരങ്ങളെക്കുറിച്ച് തങ്ങളുടെ മക്കളോട് സംസാരിച്ചാല്, പ്രതിഷേധിക്കുന്ന യുവാക്കളോട് അവര്ക്ക് സഹാനുഭൂതിയുണ്ടെന്ന് ബിജെപി നേതാക്കള്ക്ക് മനസിലാക്കാന് കഴിഞ്ഞേക്കുമെന്നും രാഹുല് ഗാന്ധി പറഞ്ഞു.
തെരുവിൽ കണ്ട യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ടീയ പാർട്ടികളും ബഹുമാനിക്കണം. ഇക്കാര്യം ബിജെപിയോടും അഭ്യർഥിക്കുന്നു. അമിത്ഷാ പാർലമെന്റിലെത്താൻ ഭയക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നുവെന്നും രാഹുൽ ആരോപിച്ചു. എല്ലാ സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണ്. അവർ പരീക്ഷകളെ അട്ടിമറിക്കുന്നു. അവർ എല്ലാം സ്വകാര്യവത്കരിക്കുന്നു. വിദ്യാർഥികളുടെ ലക്ഷകണക്കിന് പണം അവർ കവർന്നുവെന്നും രാഹുൽ പറഞ്ഞു.
അതേസമയം, വിഡ്ഢികള് തങ്ങളെ കേള്ക്കുന്നില്ലെന്ന ജന്തർ മന്തറിലെ ഒരു വിദ്യാർഥിയുടെ അഭിപ്രായത്തെ രാഹുല് സഭയില് പരാമര്ശിച്ചത് ബഹളത്തിന് വഴിവച്ചു. എന്നാല് താന് ആരേയും വീഡ്ഢിയെന്ന് വിളിച്ചിട്ടില്ലെന്നും വിദ്യാർഥികളുടെ വികാരത്തെയാണ് പങ്കുവെച്ചതെന്നും രാഹുല് ഗാന്ധി വിശദീകരിച്ചു.
എന്നാൽ, പാർലമെന്റിലാണ് സംസാരിക്കുന്നതെന്ന് ഓർക്കണമെന്ന് സ്പീക്കർ രാഹുൽ ഗാന്ധിയെ ഓർമിപ്പിച്ചു. ഇതിനു പിന്നാലെ ചില വിഡ്ഢികൾ ദൈവമാണെന്ന് കരുതുന്നുവെന്നും ഇതെല്ലാം അവരുടെ സൃഷ്ടിയാണെന്ന് വരുത്തിത്തീർക്കുന്നുവെന്നും രാഹുൽ പറഞ്ഞു. ബഹളം വച്ച ഭരണപക്ഷത്തോട് നിങ്ങളെയല്ല ഉദ്ദേശിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാഹുലിന്റെ പരാമർശത്തെ വിമർശിച്ച മന്ത്രി കിരൺ റിജിജു പരാമർശം രേഖകളിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. നിലവാരമില്ലാത്ത പ്രയോഗങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കാമെന്ന് സ്പീക്കർ വിശദമാക്കി.
National
ന്യൂഡല്ഹി: ചോദ്യപേപ്പര് ചോര്ച്ചയിലെ ചര്ച്ചയില് ലോക്സഭയിലും രാജ്യസഭയിലും ഇന്നും ഭരണ-പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളത്തിന് പിന്നാലെ വീണ്ടും ചേര്ന്ന ലോക്സഭ നിര്ത്തിവച്ചു.
അമിത്ഷാ സഭയിലെത്തി മറുപടി പറയണമെന്ന് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. എന്നാല് പ്രതിപക്ഷത്തോട് കയർത്ത സ്പീക്കര് ആര് വരണം ആര് പോകണമെന്ന് നിങ്ങളല്ല തീരുമാനിക്കുന്നതെന്ന് പറഞ്ഞു.
അതേസമയം, രാജ്യസഭയും ഇന്ന് പ്രക്ഷുബ്ധമായി. സിപിഎം ഓഫീസിൽ പോലീസ് കയറിയത് ചോദ്യം ചെയ്ത് രംഗത്തെത്തിയ ജോൺ ബ്രിട്ടാസ് എംപി ഐഷി ഘോഷിനെതിരായ വിഷയം രാജ്യസഭയിൽ ഉന്നയിച്ചു.
National
ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിലെ പോലീസ് നടപടിയിൽ ലോക്സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ ചർച്ചയ്ക്കിടയിലാണ് കേന്ദ്രസർക്കാരിനെതിരേ പ്രതിപക്ഷം ആഞ്ഞടിച്ചത്. വിദ്യാർഥികൾക്കെതിരേ പോലീസ് നടത്തിയ ക്രൂരനടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ മറുപടി പറയണമെന്ന് ലോക്സഭയിലെ കോൺഗ്രസിന്റെ ഉപനേതാവ് ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു.
പെല്ലറ്റ് ഗണ്ണും കണ്ണീർവാതകവും ഉൾപ്പെടെ വിദ്യാർഥികൾക്കെതിരേ ഉപയോഗിക്കാൻ പോലീസിന് ആരാണ് അധികാരം നൽകിയതെന്നു വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി സ്തംഭിച്ച സഭ ഇന്നലെ ഉച്ചവരെ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചിരുന്നു. ഉച്ചകഴിഞ്ഞു രണ്ടിന് വീണ്ടും സഭ ചേർന്നാണ് ബില്ലിന്മേലുള്ള ചർച്ച ആരംഭിച്ചത്.
പ്രതിപക്ഷം ഒന്നടങ്കം സർക്കാർ നടപടിയെ വിമർശിച്ചപ്പോൾ ദ്രുതഗതിയിൽ സ്വീകരിച്ച നടപടികൾ ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷം പ്രതിരോധിച്ചത്. ആവർത്തിച്ചുള്ള ചോദ്യപേപ്പർ ചോർച്ച മൂലം സഹികെട്ടാണു വിദ്യാർഥികൾ തെരുവിലിറങ്ങിയതെന്നും നിലവിലെ നിയമങ്ങളുടെ പോരായ്മകളെ തുറന്നുകാട്ടുന്നതാണ് പുതിയ ഭേദഗതി ബില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, പരീക്ഷാ ക്രമക്കേടുകൾക്കെതിരേ കാലങ്ങളായി പൂർത്തിയാക്കാതിരുന്ന നടപടികളാണ് 2024ലെ പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമത്തിലൂടെ മോദിസർക്കാർ നടപ്പിലാക്കിയതെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ചർച്ചയ്ക്ക് തുടക്കം കുറിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഈ ബില്ലിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ ഭേദഗതി വരുത്തുന്നത്.
അതേസമയം, വ്യത്യസ്ത പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ആരോപിച്ച സർക്കാർ, വിദ്യാർഥികളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണു ശിക്ഷ കടുപ്പിച്ചുകൊണ്ടുള്ള ഭേദഗതി ബിൽ അവതരിപ്പിച്ചതെന്നും വ്യക്തമാക്കി. എന്നാൽ പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം വീഡിയോയ്ക്കെതിരേ അടക്കം പ്രതിപക്ഷം വിമർശനം ഉന്നയിച്ചു.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള തടയാൻ കഴിയാതിരുന്ന സർക്കാരിന് ചോദ്യപേപ്പർ ചോർച്ച എങ്ങനെ തടയാൻ കഴിയുമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ചോദിച്ചു. ബിജെപി സർക്കാർ ഉറപ്പുകൾ നൽകുന്നില്ല. പകരം കണ്ണിൽ പൊടിയിടുന്ന നടപടികൾ സ്വീകരിക്കുക മാത്രമാണു ചെയ്യുന്നതെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
രാജിവച്ചശേഷം പാർലമെന്റിലെത്തിയ മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധാന് ഭരണപക്ഷ എംപിമാർ നൽകിയ സ്വീകരണത്തെയും പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. അതിർത്തിയിൽ യുദ്ധം ജയിച്ചു വന്ന ആളെപ്പോലെയാണ് അദ്ദേഹത്തെ വരവേറ്റതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
National
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കാമറയുടെ ആംഗിള് അല്ല, ഹൃദയത്തിന്റെ കാഴ്ചപ്പാട് (ദില് കാ ആംഗിള്) ആണു മാറ്റേണ്ടതെന്ന് കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോര്ച്ചയ്ക്കെതിരേ സമരം ചെയ്ത വിദ്യാര്ഥികള്ക്കെതിരേ എകെ 47 തോക്കും പെല്ലറ്റ് തോക്കുകളും പ്രയോഗിക്കാന് ആരാണ് ഉത്തരവിട്ടതെന്നും വിദ്യാര്ഥികള് ഭീകരരാണോയെന്നു പറയണമെന്നും പ്രിയങ്ക ലോക്സഭയില് ആവശ്യപ്പെട്ടു.
വ്യത്യസ്ത ആംഗിളുകളില്നിന്നു വീഡിയോ റീലുകള് നിര്മിച്ചുകൊണ്ട് ജെന്സിയുടെ വിശ്വാസം നേടാന് കഴിയില്ലെന്നു മോദിയോട് പ്രിയങ്ക പറഞ്ഞു. കാമറ ആംഗിളല്ല, ഹൃദയത്തിന്റെ ആംഗിളാണു മാറ്റേണ്ടത്. ഈ തലമുറ ജാഗരൂകരാണ്.
കുട്ടികള്ക്കെന്താണു വേണ്ടതെന്ന് പ്രധാനമന്ത്രിക്ക് ഇപ്പോഴുമറിയില്ല. പുതുതലമുറ വിദ്യാര്ഥികളെ സ്വാധീനിക്കാനായി അര്ധരാത്രിയോടെ പ്രധാനമന്ത്രി നടത്തിയ ഇന്സ്റ്റഗ്രാം റീലുകളെ പരിഹസിച്ചായിരുന്നു മോദിക്കെതിരേയുള്ള പ്രിയങ്കയുടെ രൂക്ഷവിമര്ശനം.
ഈ രാജ്യത്തെ യുവാക്കള് ആവശ്യപ്പെടുന്നതു നീതിയാണ്, ഔദാര്യമല്ല. സര്ക്കാരിനെ താഴെയിറക്കാനല്ല അവര് വന്നത്. മറിച്ച്, പരീക്ഷയിലുള്ള വിശ്വാസം സംരക്ഷിക്കാനാണ്. സര്ക്കാരിന്റെ വിശ്വാസ്യത ആദ്യം കാത്തുസൂക്ഷിക്കുക, ഉദ്ദേശ്യശുദ്ധി ഉറപ്പാക്കുക, അഹങ്കാരം ഉപേക്ഷിക്കുക, നല്കിയ വാഗ്ദാനങ്ങള് നിറവേറ്റുക- പ്രിയങ്ക ഓര്മപ്പെടുത്തി. ജയ് ഹിന്ദ്. "സര് ഇനിയെങ്കിലും ഒന്നു പുഞ്ചിരിക്കൂ'' എന്ന് സ്പീക്കര് ഓം ബിര്ളയോട് പ്രിയങ്ക പറഞ്ഞതു സഭയിലാകെ ചിരി പടര്ത്തി.
ലജ്ജാകരമായ സാഹചര്യത്തിലാണു വിദ്യാഭ്യാസമന്ത്രി ധര്മേന്ദ്ര പ്രധാന് രാജിവച്ചത്. എന്നാല്, അന്നുതന്നെ പാര്ലമെന്റിലെ മകര് ദ്വാര് കവാടത്തില് ഭരണപക്ഷ എംപിമാര് അദ്ദേഹത്തെ ഒരു സൂപ്പര് സ്റ്റാറിനെപ്പോലെ സിന്ദാബാദ് മുദ്രാവാക്യങ്ങള് മുഴക്കി വരവേറ്റു. ഇതിലെ വൈരുധ്യം നോക്കൂ: മുന് വിദ്യാഭ്യാസ മന്ത്രിയെ ആദരിക്കുകയും കിരീടം അണിയിച്ചു വരവേല്ക്കുകയും ചെയ്യുമ്പോള്, മഹാരാഷ്ട്രയിലെ ഒരു കുടുംബം പരീക്ഷാ ചോദ്യപേപ്പര് ചോര്ച്ചയുടെ ഇരയായിത്തീര്ന്ന തങ്ങളുടെ മകളുടെ ആത്മഹത്യയില് വിലപിക്കുകയായിരുന്നു- പ്രിയങ്ക ചൂണ്ടിക്കാട്ടി.
നിരവധി വിദ്യാര്ഥികളുടെ ജീവനെടുത്ത പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിയായി രാജിവച്ചയാള്ക്കു സ്വീകരണം നല്കിയതിലൂടെ രാജ്യത്തെ കോടിക്കണക്കിനു വിദ്യാര്ഥികള്ക്ക് എന്തു സന്ദേശമാണു സര്ക്കാര് നല്കിയത്? എന്തിലാണ് അഭിമാനം തോന്നുന്നത്? എന്താണിത്, ഇത്രയേറെ അഹങ്കാരമോ? ലജ്ജിക്കേണ്ടിടത്ത് ആഘോഷവും കൈയടികളുമാണു കാണുന്നത്. ഒരു വശത്ത് ദുഃഖവും വിലാപവും, മറുവശത്ത് ഒരാളെ മാലയിട്ട് ആദരിക്കുന്നു. ആര്ക്കാണ് നിങ്ങളെ വിശ്വസിക്കാന് കഴിയുക?- പ്രിയങ്ക തുറന്നടിച്ചു.
തുടര്ച്ചയായ ചോദ്യപേപ്പര് ചോര്ച്ചയുടെ വീഴ്ചകളും പ്രതിഷേധിച്ച വിദ്യാര്ഥികള്ക്കു നേരേയുണ്ടായ പോലീസ് നടപടികളും ഉയര്ത്തിയായിരുന്നു കേന്ദ്രസര്ക്കാരിനെതിരായ രൂക്ഷ ആക്രമണം. ബിജെപി അംഗങ്ങള് തടസവാദങ്ങളും ബഹളങ്ങളുമായി എഴുന്നേറ്റു പ്രസംഗം തടസപ്പെടുത്താന് പലതവണ ശ്രമിച്ചെങ്കിലും മോദിക്കും അമിത് ഷായ്ക്കും സര്ക്കാരിനുമെതിരേ തമാശയും പരിഹാസവും ഗൗരവ ആരോപണങ്ങളും ചേര്ത്തു പ്രിയങ്കയുടെ കടന്നാക്രമണം തുടര്ന്നു.
നന്ദൻ നിലേക്കനിയുടെ നേതൃത്വത്തില് രൂപീകരിച്ച വിദഗ്ധ സമിതിയില് ഗോമൂത്ര വിദഗ്ധനെ കൂടി ഉള്പ്പെടുത്തിയെന്നു പ്രിയങ്ക പരിഹസിച്ചു.
ആര്എസ്എസ് പ്രചാരകരെക്കൊണ്ടു നിറച്ച് വിദ്യാഭ്യാസ സംവിധാനത്തെ പൊള്ളയാക്കി മാറ്റിയിരിക്കുന്നു. നിര്ബന്ധപൂര്വം സ്ഥാപിച്ച നാഷണല് ടെസ്റ്റിംഗ് ഏജന്സിയില് (എന്ടിഎ) എല്ലാം കേന്ദ്രീകരിച്ച് കാര്യങ്ങള് കൂടുതല് സങ്കീര്ണമാക്കുകയും ചെയ്തുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
National
ന്യൂഡല്ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പര് ചോര്ച്ച തടയാനുള്ള പുതിയ ബില്ലിന്മേലുള്ള ചര്ച്ചയില് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നു ലോക്സഭയിൽ സംസാരിച്ചേക്കും. പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധിയും ഇന്നാണു സംസാരിക്കുക.
സമരം ചെയ്ത വിദ്യാര്ഥികള്ക്കു നേരേയുണ്ടായ വെടിവയ്പ്, പെല്ലറ്റ് ആക്രമണം, ലാത്തിച്ചാര്ജ്, കണ്ണീര്വാതക പ്രയോഗം തുടങ്ങിയ അതിക്രമങ്ങള്ക്കു പോലീസിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി മറുപടി പറയണമെന്നതാണു പ്രതിപക്ഷ ആവശ്യം.
വെടിവയ്പ് അടക്കമുള്ള പോലീസിന്റെ പരിധിവിട്ട നടപടികള്ക്ക് അനുമതി നല്കിയത് ആരാണ്, ക്രൂരമായ ആക്രണങ്ങള്ക്കു വിദ്യാര്ഥികളോടു പ്രധാനമന്ത്രി മോദി മാപ്പു പറയുക എന്നീ ആവശ്യങ്ങൾ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഉന്നയിച്ചിട്ടുണ്ട്.
രാജ്യത്തെ കോടിക്കണക്കിനു വിദ്യാര്ഥികളെയും യുവാക്കളെയും സംബന്ധിക്കുന്ന സുപ്രധാന ബില് ചര്ച്ച ചെയ്യുമ്പോള് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എന്തുകൊണ്ട് സഭയിലില്ലെന്ന് എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല് ഇന്നലെ ലോക്സഭയില് ചോദിച്ചു.
നരേന്ദ്ര മോദിയും അമിത് ഷായും ഇന്നലെ സഭയിലെത്താതിരുന്നതിനെ മറ്റു പ്രതിപക്ഷ നേതാക്കളും ചോദ്യം ചെയ്തു.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി. പരീക്ഷാ ക്രമക്കേട് തടയൽ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിലാണ് കേന്ദ്രത്തിനെതിരെ വിമർശനവുമായി പ്രിയങ്ക രംഗത്തെത്തിയത്.
സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചത് എന്തിനാണ്. ലാത്തിച്ചാർജ് നടത്തേണ്ട ആവശ്യം എന്തായിരുന്നു. പെൺകുട്ടികളെ അപമാനിക്കുകയും അവരുടെ വസ്ത്രങ്ങൾ കീറുകയും ക്രൂരമായി മർദിക്കുകയും ചെയ്തത് എന്തിനാണ്. രാജ്യത്തെ യുവാക്കൾക്കെതിരെ പെല്ലറ്റ് ഗണ്ണും എകെ 47ഉം ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നോ.
അവർ ഭീകരവാദികൾ അല്ലെന്നും പ്രിയങ്ക പറഞ്ഞു. പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ ഉത്തരവിട്ടത് ആരാണെന്ന് ആഭ്യന്തരവകുപ്പ് മറുപടി പറയണമെന്നും പ്രധാനമന്ത്രിയാണോ ആഭ്യന്തരമന്ത്രിയാണോ നിർദേശം നൽകിയതെന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോൺഗ്രസ് മാത്രമല്ല രാജ്യം മുഴുവൻ ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ്.
യുവാക്കളുടെ ശബ്ദത്തെ എന്തിനാണ് സർക്കാർ ഭയപ്പെടുന്നത്. ഗാന്ധിജിയുടെ അഹിംസാ മാർഗം പിന്തുടർന്ന് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾ അവരുടെ അവകാശം ഉയർത്തിപ്പിടിച്ചെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. അതേസമയം ധർമേന്ദ്ര പ്രധാൻ മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ പാർലമെന്റിലെത്തിയപ്പോൾ ബിജെപി എംപിമാർ നൽകിയ സ്വീകരണത്തെയും പ്രിയങ്ക വിമർശിച്ചു.
രാജിവച്ചതിന് പിന്നാലെ മുൻ വിദ്യാഭ്യാസ മന്ത്രിയെ വിജയാഘോഷം പോലെയാണ് ഭരണപക്ഷ എംപിമാർ സ്വീകരിച്ചത്. പ്രധാനമന്ത്രി കാമറയുടെ ആംഗിൾ മാറ്റിമാറ്റി പരീക്ഷിച്ചതുകൊണ്ട് കാര്യമില്ല. കാമറ ആംഗിൾ അല്ല അദ്ദേഹം മനസിന്റെ ആംഗിളാണ് മാറ്റേണ്ടതെന്നും പ്രിയങ്ക വ്യക്തമാക്കി.
Kerala
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്ലിൻമേൽ ലോക്സഭയിൽ ചർച്ചതുടങ്ങി. ബില്ലിന്മേൽ വിശദമായ ചർച്ചയ്ക്കായി സ്പീക്കർ പത്ത് മണിക്കൂർ സമയം അനുവദിച്ചു. അതേസമയം ചർച്ച ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സഭയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശനം ഉന്നയിച്ചു.
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനും ചർച്ചാ സമയം വർധിപ്പിക്കണമെന്ന ആവശ്യത്തിനും പിന്നാലെയാണ് ബിൽ ചർച്ചയ്ക്കുള്ള സമയം ഉയർത്തിയത്. ആദ്യം ആറ് മണിക്കൂറായി നിശ്ചയിച്ചിരുന്ന സമയം പിന്നീട് എട്ട് മണിക്കൂറായും തുടർന്ന് പത്ത് മണിക്കൂറായും വർധിപ്പിച്ചതായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു.
സ്വതന്ത്ര ഇന്ത്യയിൽ പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ ലക്ഷ്യമിട്ട് ഇത്തരമൊരു നിയമനിർമാണം ആദ്യമായാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. രാജ്യത്തെ യുവജനങ്ങളുടെയും വിദ്യാർഥികളുടെയും താൽപര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ നിയമഭേദഗതിയിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡല്ഹി: നീറ്റ് ചോദ്യപേപ്പര് ചോര്ച്ചയിലും വിദ്യാര്ഥികള്ക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തിലും ഒരാഴ്ചയിലേറെയായി തുടരുന്ന പാര്ലമെന്റ് സ്തംഭനത്തിനു പരിഹാരമായി. ലോക്സഭാ സ്പീക്കര് ഓം ബിര്ല ഭരണ- പ്രതിപക്ഷ നേതാക്കളുമായി ഇന്നലെ നടത്തിയ ചര്ച്ചയിലാണ് സമവായം.
പ്രതിപക്ഷ ബഹളത്തിനിടെ സര്ക്കാര് ഇന്നലെ അവതരിപ്പിച്ച ചോദ്യപേപ്പര് ചോര്ച്ചകളുടെ ശിക്ഷ കര്ശനമാക്കാനുള്ള ബില്ലിന്മേലുള്ള ചര്ച്ചയില് ഇടപെട്ട് ആഭ്യന്തരമന്ത്രി ഷായ്ക്കും പ്രതിപക്ഷ നേതാവ് രാഹുലിനും സംസാരിക്കാന് അവസരം ഉണ്ടാകുമെന്നതിനാലാണു പ്രതിസന്ധിക്കു പരിഹാരസാധ്യത തെളിഞ്ഞത്.
സമാധാനപരമായി, നിരായുധരായ സമരം ചെയ്ത വിദ്യാര്ഥികള്ക്കെതിരേ പോലീസ് കാട്ടിയ ക്രൂരതയിൽ സര്ക്കാര് പാര്ലമെന്റില് മാപ്പു പറയണമെന്നും ആഭ്യന്തരമന്ത്രി ഷാ വിശദീകരണം നല്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ചോദ്യപേപ്പര് ചോര്ച്ചയില് തുടര്ച്ചയായ ആറാം ദിവസവും പാര്ലമെന്റിന്റെ ഇരുസഭകളും പൂര്ണമായി സ്തംഭിച്ചതിനു പിന്നാലെയാണ് ഇന്നു ചര്ച്ചയ്ക്കായി സമവായം.
പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനം തുടങ്ങിയ 20-ാം തീയതി മുതല് ഇരുസഭകളിലും നടപടികളൊന്നും നടത്താനാകാതെ പിരിയുകയായിരുന്നു.
National
ന്യൂഡൽഹി: പാർലമെന്റിലെ വർഷകാല സമ്മേളനത്തെ സ്തംഭിപ്പിച്ച തർക്കങ്ങൾക്കൊടുവിൽ, ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ഭേദഗതി ബില്ലിൽ വിപുലമായ ചർച്ച നടത്താൻ ഭരണ-പ്രതിപക്ഷ കക്ഷികൾ ധാരണയിലെത്തി. 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) അമെൻഡ്മെന്റ് ബിൽ, 2026' ജൂലൈ 29ന് ലോക്സഭ ചർച്ചയ്ക്കെടുക്കും.
സഭാ നടപടികൾ തുടർച്ചയായി തടസപ്പെട്ട പശ്ചാത്തലത്തിൽ സ്പീക്കർ ഓം ബിർള വിളിച്ചുചേർത്ത സർവ്വകക്ഷി കക്ഷിനേതാക്കളുടെ യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായത്. ബില്ലിന്മേൽ എട്ട് മണിക്കൂർ നീളുന്ന വിശദമായ ചർച്ച നടത്താനാണ് ധാരണയായിരിക്കുന്നത്. മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച എന്നിവയ്ക്കെതിരെ ശക്തമായ നിയമനടപടികളും ശിക്ഷാ വ്യവസ്ഥകളും ഉറപ്പാക്കുന്നതാണ് നിർദിഷ്ട ഭേദഗതി ബിൽ.
ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കക്ഷി നേതാക്കളുമായി സ്പീക്കർ നടത്തിയ ചർച്ചയിലാണ് സഭാ സ്തംഭനം അവസാനിപ്പിക്കാനും സഭ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും തീരുമാനമായത്. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സഭാനടപടികൾ പൂർണമായി തടസപ്പെട്ടിരിക്കുകയായിരുന്നു.
National
ന്യൂഡൽഹി: മന്ത്രി സ്ഥാനം രാജിവെച്ച് പാർലമെന്റിലെത്തിയ ധർമ്മേന്ദ്ര പ്രധാനിന് എൻഡിഎ എംപിമാരുടെ ഊഷ്മള സ്വീകരണം. തിങ്കളാഴ്ച പാർലമെന്റിലെത്തിയ അദ്ദേഹത്തെ ആഹ്ലാദാരവങ്ങളോടെയാണ് ഭരണപക്ഷ എംപിമാർ വരവേറ്റത്. കാറിൽ നിന്നിറങ്ങി ചിരിച്ചുകൊണ്ട് കൈകൂപ്പി നീങ്ങിയ അദ്ദേഹത്തിന് ചുറ്റം മുദ്രാവാക്യ വിളികളുമായി എംപിമാർ തടിച്ചുകൂടി.
ചിലർ അദ്ദേഹത്തിന്റെ തലയിൽ പരമ്പരാഗത തൊപ്പിയും തോളിൽ ഷാളും അണിയിച്ചു. രാജ്യതാൽപര്യം മുൻനിർത്തിയാണ് താൻ പദവി ഒഴിഞ്ഞതെന്നും യുവാക്കളെ ആശയക്കുഴപ്പത്തിന്റെ വലയിൽ പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലകളോ പാർട്ടി സംഘടനാ തലത്തിലോ പുതിയ ദൗത്യങ്ങൾ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഒഡീഷ ബിജെപിയിലെ കരുത്തുറ്റ നേതാവായ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല, പശ്ചിമ ബംഗാളിലെ ഭവാനിപ്പൂരിൽ സുവേന്ദു അധികാരി നേടിയ ചരിത്ര വിജയത്തിലും പ്രധാന് നിർണായക പങ്കുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ നിതിൻ നവീൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.
National
ന്യൂഡൽഹി: പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലായിരുന്നു സഭയിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയത്.
സഭയിൽ മര്യാദ പാലിക്കണമെന്നും ഓരോ എംപിമാർക്കും ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കർ ഓം ബിർള ഓർമ്മിപ്പിച്ചിട്ടും പ്രതിഷേധം തുടർന്നു. സമാനമായ രീതിയിൽ രാജ്യസഭയിലും പ്രതിപക്ഷ ബഹളമുണ്ടായതിനെ തുടർന്ന് ഇരുസഭകളും ഉച്ചയ്ക്ക് രണ്ടു വരെ നിർത്തിവെച്ചു.
ഇതിനിടെ വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നതും അപമാനിക്കുന്നതും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന ബില്ല് കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്യാണ് ബിൽ അവതരിപ്പിച്ചത്.
നിലവിലുള്ള 1971ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ആക്ട് ഭേദഗതി ചെയ്യാനാണ് ഈ നിയമനിർമാണം. ദേശീയ പതാക, ഭരണഘടന, ദേശീയ ഗാനം എന്നിവയെ അപമാനിക്കുന്നതിന് നിലവിലുള്ള മൂന്നു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷാ വ്യവസ്ഥകൾ ഇനി മുതൽ വന്ദേമാതരം ആലപിക്കുന്നതിനും ബാധകമാക്കാനാണ് പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നത്.
National
ന്യൂഡൽഹി: വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നതും ഗാനത്തെ അപമാനിക്കുന്നതും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്നതിനുള്ള ബിൽ കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് സഭയിൽ ബിൽ സമർപ്പിച്ചത്.
1971-ലെ "പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ആക്ട്' ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമനിർമാണം നടത്തുന്നത്. നിലവിൽ ദേശീയപതാക, ഭരണഘടന, ദേശീയഗാനം എന്നിവയെ അപമാനിക്കുന്നവർക്ക് ലഭിക്കുന്ന മൂന്നു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷാ വ്യവസ്ഥകൾ ഇനി വന്ദേമാതരത്തിനും ബാധകമാകും.
സഭയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കും മുദ്രാവാക്യം വിളികൾക്കും ഇടയിലാണ് കേന്ദ്രം ബിൽ അവതരിപ്പിച്ചത്. കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരായ ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ എന്നിവർ ബിൽ അവതരിപ്പിക്കുന്നതിനെ ശക്തമായി എതിർത്തു.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ ബഹളം. ശക്തമായ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ടു വരെ നിർത്തിവെച്ചു. ലോക്സഭയിലും നടപടിക്രമങ്ങൾ തടസപ്പെട്ട് പ്രതിഷേധം തുടരുകയാണ്. നേരത്തെ ബഹളം കാരണം ഇരുസഭകളും 12 വരെ നിർത്തിവെച്ചിരുന്നു.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ രംഗത്തെത്തിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചോ രാജ്യവ്യാപകമായി നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെക്കുറിച്ചോ പ്രധാനമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പാർലമെന്റിൽ പ്രസ്താവന നടത്തണം.
അല്ലാതെ അർദ്ധരാത്രി സോഷ്യൽ മീഡിയായിൽ വീഡിയോ പോസ്റ്റ് ചെയ്യുകയല്ലവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ പ്രസ്താവന നടത്തിയാൽ മാത്രമേ അദ്ദേഹത്തിന്റെ വാക്കുകളെ ആധികാരികമായി കണക്കാക്കാനാകൂ. രാത്രി 12ന് എവിടെയെങ്കിലും ഇരുന്ന് സംസാരിക്കുന്നതിനേക്കാൾ അദ്ദേഹം രാജ്യത്തിന്റെ പരമോന്നത സഭയിൽ വന്ന് പ്രസ്താവന നടത്തട്ടെ ഞങ്ങൾ കേൾക്കാമെന്നും ഖാർഗെ പറഞ്ഞു.
അതേസമയം പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാൻ ഭരണപക്ഷവും രംഗത്തെത്തി. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി പ്രധാനമന്ത്രി ശക്തമായ നിയമനിർമാണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു സഭയിൽ വ്യക്തമാക്കി. എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലും പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മറുപടിയിലും കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
Kerala
തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേട് ഉൾപ്പെടെ എല്ലാ വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടും കോണ്ഗ്രസ് അതിനു തയാറാകാത്തതു ഭയംകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
“വിദ്യാർഥികളുടെയും യുവാക്കളുടെയും സമരത്തെ ബിജെപിയും സർക്കാരും നല്ല ഉദ്ദേശ്യത്തോടെയാണു കാണുന്നത് പരീക്ഷാ തട്ടിപ്പു നടത്തിയവർ ശിക്ഷിക്കപ്പെടണം. എന്നാൽ, സമരത്തിന്റെ പേരിൽ അക്രമം ഉണ്ടാക്കരുത്. കോണ്ഗ്രസ് ഇതു രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്” - രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും രൂക്ഷമായ ബഹളവും നാടകീയ രംഗങ്ങളും. പ്രതിഷേധം അതിരൂക്ഷമായതിനെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചു. നീറ്റ് വിഷയത്തിലെ പ്രതിഷേധത്തെ തുടർന്ന് തുടർച്ചയായ നാലാം ദിവസമാണ് ലോക്സഭാ നടപടികൾ തടസപ്പെടുന്നത്.
അതേസമയം പാർലമെന്റ് കവാടത്തിന് മുന്നിൽ ഭരണ-പ്രതിപക്ഷ എംപിമാർ നേർക്കുനേർ ഏറ്റുമുട്ടിയത് കടുത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം പ്രതിഷേധ സമരം ആരംഭിച്ചത്.
എന്നാൽ വിഷയത്തിൽ ചർച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ എംപിമാരും കവാടത്തിലെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ പോർവിളിയും മുദ്രാവാക്യം വിളിയും ആരംഭിച്ചു. തുടർന്ന് എംപിമാർ പരസ്പരം പാഞ്ഞടുക്കുകയും കൈയാങ്കളിയുടെ വക്കോളമെത്തുകയും ചെയ്തു.
ഒടുവിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. ധർമേന്ദ്ര പ്രധാന്റെ രാജിവയ്ക്കാതെ തങ്ങൾ ചർച്ചയ്ക്കില്ലെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ അതിരൂക്ഷമാകുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ ധർണയ്ക്കെതിരെ എൻഡിഎ എംപിമാർ പാർലമെന്റിൽ പ്രതിഷേധിച്ചു.
വ്യാഴാഴ്ച രാവിലെ 10. 30 ഓടെയാണ് ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ ഭരണപക്ഷ എംപിമാർ പ്രതിഷേധവുമായി എത്തിയത്. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി സഭയിലെ തന്റെ പ്രാഥമിക ചുമതലകളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. സഭാ നടപടികളിൽ പങ്കാളിയാകുന്നതിന് പകരം ബഹളമുണ്ടാക്കി സഭ തടസപ്പെടുത്താൻ മാത്രമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഭരണപക്ഷം ആരോപിച്ചു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ ലത്തിച്ചാർജിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാഹുൽ ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയിരുന്നു. തുടർന്ന് ഡൽഹി പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു.
National
ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധത്തിനെതിരെയുണ്ടായ പോലീസ് അതിക്രമത്തിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
ബുധനാഴ്ച പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകികൊണ്ടാണ് അഖിലേഷ് പോലീസ് നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. വിദ്യാർഥികളെ കേൾക്കാൻ നിങ്ങൾ തയാറായില്ലെങ്കിൽ അവർ തെരുവുകളിലേക്ക് ഇറങ്ങും. വിദ്യാർഥികൾക്കെതിരെയുള്ള പോലീസ് അതിക്രമങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
വിദ്യാർഥിനികളുടെ വസ്ത്രങ്ങൾ കീറി. വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചു. അടിയേറ്റ് അവരുടെ ദേഹത്ത് നിന്ന് ചോരചീന്തി. അവരുടെ കാലുകൾ തകർന്നു. നമ്മുടെ പെൺമക്കളുടെ വസ്ത്രങ്ങളും നിങ്ങൾ കീറുമോയെന്നും അഖിലേഷ് ചോദിച്ചു.
പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ തയാറാകാതിരുന്നതിനാലാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ ധർണ നടത്തിയതെന്നും അഖിലേഷ് യാദവ് വിശദീകരിച്ചു. വിദ്യാർഥികളുടെ ശബ്ദം ഉറക്കെ കേൾപ്പിക്കാനായാണ് താനും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ളവർ അവിടെ പോയതെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാർ ഇന്ന് പാർലമെന്റിൽ എത്തിയത് കറുപ്പു വസ്ത്രമണിഞ്ഞ്.
പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ ഡൽഹി പോലീസ് നടത്തിയ അതിക്രമവും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്ത എംപിമാരെ അറസ്റ്റ് ചെയ്ത നടപടിക്കും എതിരേയായിരുന്നു പ്രതിഷേധം. രാവിലെ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷ എംപിമാർ കേന്ദ്ര സർക്കാരിന് എതിരെ മുദ്രാവാക്യം മുഴക്കി.
ശേഷം രാവിലെ 11ന് പാർലമെന്റ് നടപടി ആരംഭിച്ചപ്പോൾ കറുപ്പു വസ്ത്രമണിഞ്ഞ എംപിമാർ ലോക്സഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കി. എസ്പി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളും കോൺഗ്രസ് എംപിമാർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. ഡിഎംകെ കോൺഗ്രസിനൊപ്പം പ്രതിക്ഷേധത്തിൽ നിന്നു വിട്ടുനിന്നെങ്കിലും തമിഴ്നാടിന്റെ പ്രാദേശിക വിഷയത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തി.
പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ചർച്ചയ്ക്ക് തയാറാണെന്ന് ലോക്സഭാ സ്പീക്കർ ഓംബിർള അറിയിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല.
National
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം പ്രതിഷേധത്തിൽ മുങ്ങിയതോടെ നടപടികൾ പൂർത്തിയാക്കാതെ പാർലമെന്റിന്റെ ഇരുസഭകളും ആദ്യദിനം പിരിഞ്ഞു. രാവിലെ 11ന് ഇരുസഭകളിലും അന്തരിച്ച മുൻ പാർലമെന്റ് സാമാജികരെ അനുസ്മരിച്ചു.
പിന്നീട് ചോദ്യോത്തരവേളയിലേക്കു ലോക്സഭാ സ്പീക്കർ ഓം ബിർള കടന്നെങ്കിലും കോൺഗ്രസും ഡിഎംകെയും ഉൾപ്പെടെയുള്ള പ്രതിപക്ഷം ബഹളവുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങുകയായിരുന്നു. പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും അയോധ്യ രാമക്ഷേത്ര കൊള്ളയും കോൺഗ്രസ് ഉന്നയിച്ചപ്പോൾ, തമിഴ്നാട്-കർണാടക അതിർത്തിയിലെ മേക്കാദാട്ടു അണക്കെട്ട് വിഷയത്തിൽ ഡിഎംകെയും സഭയിൽ പ്രതിഷേധമുയർത്തി.
പ്രതിപക്ഷ ഇന്ത്യാ മുന്നണിയിൽനിന്നു ഡിഎംകെ അകലം പാലിക്കുന്നതിനാൽ പരസ്പരം സഹകരിക്കാതെയായിരുന്നു പാർട്ടിയുടെ പ്രതിഷേധം. ബഹളത്തെത്തുടർന്ന് ഉച്ചവരെ ഒന്നിലധികം തവണ ഇരുസഭകളും പിരിച്ചുവിട്ടു. ഉച്ചകഴിഞ്ഞും പ്രതിഷേധത്തിനു മാറ്റമില്ലാതെവന്നതോടെ മൂന്നിന് സഭ പിരിയുകയായിരുന്നു. തൃണമൂൽ കോൺഗ്രസ് വിട്ട വിമത എംപിമാർ പ്രത്യേക ബ്ലോക്കായാണു സഭാനടപടികളിൽ പങ്കെടുത്തത്.
സമാനമായി ശിവസേന ഷിൻഡെ വിഭാഗത്തിലെത്തിയ ഉദ്ധവ് താക്കറെ വിഭാഗത്തിലെ എംപിമാർ പ്രതിപക്ഷ ഇരിപ്പിടത്തിൽനിന്നും മാറി ഭരണപക്ഷത്തിനൊപ്പം സഭാ നടപടികളിൽ പങ്കെടുത്തു.
രാജ്യസഭയിലും സമാനമായി പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനാൽ നടപടികൾ പൂർണമായി സ്തംഭിച്ചു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയം രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ സഭയിൽ ഉന്നയിച്ചു. പതിനായിരത്തോളം
വിദ്യാർഥികൾ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജന്തർ മന്തറിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ പോലീസ് ലാത്തിച്ചാർജുകൊണ്ട് നേരിട്ടെന്നും പ്രതിഷേധത്തെ സർക്കാർ കായികമായി അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, പ്രതിപക്ഷനേതാവിന്റെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതെ രാജ്യസഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ സഭാനടപടികൾ നിർത്തിവച്ചു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ സുഗമമായ പ്രവർത്തനം, അർഥവത്തായ ചർച്ചകൾ, രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള കൂട്ടായ നിശ്ചയദാർഢ്യം എന്നിവയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
വർഷകാല സമ്മേളനം ആരംഭിച്ച ഇന്നലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി പൊതുവായ പ്രതിബദ്ധതയോടെ അറിവോടും ആദരവോടും കൂടിയ സംവാദത്തിൽ ഏർപ്പെടാൻ പാർലമെന്റ് അംഗങ്ങളോട് പ്രധാനമന്ത്രി അഭ്യർഥിച്ചു.
വിക്രം-1 റോക്കറ്റിലൂടെ ദേശീയപതാക ബഹിരാകാശത്തേക്ക് എത്തിച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയായ സ്കൈറൂട്ട് എയ്റോസ്പേസിനെ പ്രകീർത്തിച്ചു സംസാരിക്കവേ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി പരോക്ഷമായി വിമർശിച്ചു.
സ്കൈറൂട്ട് കമ്പനി ടീമിന്റെ ശരാശരി പ്രായം 28 വയസാണെന്നും താൻ സംസാരിക്കുന്നത് 56 വയസുള്ള ഏതെങ്കിലും ചെറുപ്പക്കാരനെക്കുറിച്ചല്ലെന്നുമായിരുന്നു മോദിയുടെ പരിഹാസം.
National
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന്റെ ആദ്യ മണിക്കൂർ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. പരീക്ഷാ ക്രമക്കേടിൽ പാർലമെന്റിന്റെ പുറത്ത് കൊക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധം നടക്കുമ്പോൾ സമാന വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു.
രാവിലെ 11ന് ഇരുസഭകളിലും നടപടി ആരംഭിച്ചു. അന്തരിച്ച മുൻ പാർലമെന്റ് അംഗങ്ങൾക്ക് സ്പീക്കർ ആദരം അർപ്പിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുന്നതിനിടയിലാണ് പ്രതിപക്ഷ അംഗങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും റാംമന്ദിർ കൊള്ളയും ഉൾപ്പെടെയുള്ള വിഷയം ഉന്നയിച്ച് രംഗത്ത് എത്തിയത്.
തമിഴ്നാട്ടിലെ പ്രാദേശിക വിഷയം ഉന്നയിച്ച് ഡിഎംകെയും സഭയുടെ നടുത്തളത്തിൽ ഇറങ്ങിയതോടെ സ്പീക്കർ ഓം ബിർള പാർലമെന്റ് നടപടി 12 മണി വരെ നിർത്തിവച്ചു.
തൃണമൂൽ കോൺഗ്രസ് വിട്ട വിമത എംപിമാർ പ്രത്യേക ബ്ലോക്കായി തന്നെ സഭാ നടപടികളിൽ പങ്കെടുത്തു. സമാനമായി ശിവസേന ഷിൻഡെ വിഭാഗത്തിൽ എത്തിയ ഉദ്ദവ് താക്കറെ വിഭാഗത്തിലെ എംപിമാരും പ്രത്യേകമായി ഇരുന്ന് സഭാ നടപടികളും പങ്കെടുത്തു. അതേസമയം പാർലമെന്റിന്റെ പുറത്ത് സിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.
National
ന്യഡൽഹി: പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. എഫ്സിആര്എ നിയമഭേദഗതിയടക്കം ആറ് ബില്ലുകള് ഈ സമ്മേളന കാലത്ത് അവതരിപ്പിക്കും. വന്ദേമാതരത്തെ അധിക്ഷേപിച്ചാല് തടവ് ശിക്ഷ ഉറപ്പ് വരുത്തുന്ന ബില്ല് ഇന്ന് രാജ്യസഭയില് അമിത് ഷാ അവതരിപ്പിക്കും. പ്രതിപക്ഷത്തെ ഭിന്നതക്കിടെ കോണ്ഗ്രസ് വിളിച്ച ഇന്ത്യ സഖ്യം യോഗം ഇന്ന് രാവിലെ ചേരും.
അയോധ്യ, നീറ്റ് ക്രമക്കേടടക്കം വിഷയങ്ങളില് പ്രതിപക്ഷ പ്രതിഷേധം ശക്തമാകും. മൂന്നില് രണ്ട് ഭൂരിപക്ഷത്തിനായി 360 പേരുടെ പിന്തുണ സമ്മേളനത്തിൽ ഉറപ്പാക്കാനുള്ള നീക്കം ബിജെപി ഇനിയും ഉപേക്ഷിച്ചിട്ടില്ല.
അതേസമയം, കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽനിന്നു പാർലമെന്റിലേക്കുള്ള മാർച്ച് ഇന്ന് നടക്കും. രാവിലെ ഒൻപതോടെ ജന്തർ മന്തറിൽ എത്താനാണ് സിജെപി ആഹ്വാനം. കേരളത്തിൽനിന്നും പ്രമുഖരടക്കം സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജന്തർ മന്തറിൽ കണ്ട ജനപിന്തുണ മാർച്ചിലും ഉണ്ടാകുമോ എന്നതാണ് ആകാംഷ. എന്നാൽ മാർച്ചിന് പോലീസ് അനുമതിയില്ല.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്നു പാർലമെന്റിലേക്ക് മാർച്ച് നടത്തും. ‘ചലോ സൻസദ്’എന്നു പേരിട്ടിരിക്കുന്ന പ്രതിഷേധറാലി രാവിലെ ഒന്പതിന് സമരവേദിയായ ജന്തർ മന്തറിൽനിന്നാണ് ആരംഭിക്കുക.
സാമൂഹികപ്രവർത്തകൻ സോനം വാംഗ്ചുക്കിനെ പ്രതിഷേധസ്ഥലത്തുനിന്ന് മാറ്റിയതിനെത്തുടർന്ന് വിദ്യാർഥികളും യുവാക്കളും രക്ഷിതാക്കളുമടങ്ങുന്ന വൻ ജനസാഗരമാണ് കഴിഞ്ഞ രണ്ടു ദിവസമായി ജന്തർ മന്തറിലേക്ക് ഒഴുകിയെത്തുന്നത്.
വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് ഡൽഹി പോലീസ് തലസ്ഥാനത്ത് അതീവ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെത്തന്നെ തലസ്ഥാനനഗരത്തിന്റെ വിവിധ മേഖലകളിൽ അധിക സേനയെ വിന്യസിച്ച അധികൃതർ ജന്തർ മന്തറിന്റെ പ്രവേശന കവാടങ്ങളിൽ കൂടുതൽ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
മാർച്ചിലെ ജനബാഹുല്യം മുന്നിൽക്കണ്ട് വിവിധ പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. മാർച്ചിന് അനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ റാലിയുമായി മുന്നോട്ടുപോയാൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയേക്കുമെന്നാണ് സൂചന.
പ്രതിഷേധക്കാർ പാർലമെന്റിലേക്കു കടക്കാതിരിക്കാൻ അവിടെയും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കണ്ണീർ വാതക സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വാഹനപരിശോധനയും കർശനമാക്കി.
National
ന്യൂഡല്ഹി: ഉദ്ധവ് താക്കറെയുടെ ശിവേസനയില് (യുബിടി) നിന്ന് കൂറുമാറി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡെയുടെ ശിവസേനയില് ചേര്ന്ന ആറ് എംപിമാരുടെ ലയനം ലോക്സഭാ സ്പീക്കര് ഓം ബിര്ള അംഗീകരിച്ചു.
തൃണമൂല് കോണ്ഗ്രസ് വിട്ട 20 വിമത എംപിമാര്ക്ക് ലോക്സഭയില് പ്രത്യേക ബ്ലോക്കായി ഇരിക്കാനും നാളെ തുടങ്ങുന്ന പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനത്തിനു മുന്നോടിയായി സ്പീക്കര് അനുമതി നല്കി.
താക്കറെയുടെ ശിവസേനയിലുണ്ടായിരുന്ന ഒമ്പതില് ആറു പേരുടെ ലയനം സ്പീക്കര് അംഗീകരിച്ചതോടെ ലോക്സഭയില് എഴ് എംപിമാരുണ്ടായിരുന്ന ഷിന്ഡെ പക്ഷത്തിന്റെ അംഗബലം 13 ആയി ഉയര്ന്നു. താക്കറെ പക്ഷത്ത് ഇനി മൂന്ന് എംപിമാര് മാത്രം. സ്പീക്കറുടെ നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ അന്തഃസത്തയ്ക്കെതിരാണെന്ന പരാതിയുമായി താക്കറെ പക്ഷം കോടതിയെ സമീപിക്കും.
2022ല് ശിവസേന പിളര്ന്നതുമുതല് നേതൃത്വം, സംഘടനാപരമായ നിയന്ത്രണം, തെരഞ്ഞെടുപ്പു ചിഹ്നം എന്നിവയെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില് രാഷ്ട്രീയവും നിയമപരവുമായ തര്ക്കങ്ങളില് ബിജെപിയോടൊപ്പമുള്ള ഷിന്ഡെ പക്ഷത്തിന് അനുകൂലമാണു തീരുമാനങ്ങള്. വിമത എംപിമാരുടെ ലയനം ലോക്സഭാ സ്പീക്കര് അംഗീകരിച്ചതോടെ താക്കറെയുടെ ശിവസേന യുബിടി കൂടുതല് പ്രതിസന്ധിയിലാകും.
മമത ബാനര്ജിയുടെ തൃണമൂല് കോണ്ഗ്രസ് വിട്ട് നാഷണലിസ്റ്റ് സിറ്റിസണ്സ് പാര്ട്ടി ഓഫ് ഇന്ത്യയില് (എന്സിപിഐ) ചേര്ന്ന 20 എംപിമാര്ക്ക് നാളെ മുതല് ലോക്സഭയില് പ്രത്യേക ഇരിപ്പിടം അനുവദിച്ചു. ത്രിപുരയില് രജിസ്റ്റര് ചെയ്ത എന്സിപിഐ പാര്ട്ടിയുടെ പേരിലാണു ബിജെപിയുടെ സഹായത്തോടെ ഭൂരിപക്ഷം എംപിമാര് തൃണമൂല് കോണ്ഗ്രസ് വിട്ടത്.
ലോക്സഭയില് എന്ഡിഎ പക്ഷത്ത് ഇപ്പോള് 318 എംപിമാരുണ്ട്. ഭരണഘടനാ ഭേദഗതികള് പാസാക്കുന്നതിന് ആവശ്യമായ മൂന്നില് രണ്ടു ഭൂരിപക്ഷത്തിന് 363 എംപിമാരുടെ പിന്തുണ വേണം. 45 എംപിമാരുടെ കുറവ്.
ലോക്സഭയില് ഭരണകക്ഷിയായ ബിജെപിക്ക് 240 എംപിമാരാണുള്ളത്. പ്രതിപക്ഷത്ത് കോണ്ഗ്രസിന് നൂറും സമാജ്വാദി പാര്ട്ടിക്ക് 37 എംപിമാരുമുണ്ട്.
National
ന്യൂഡൽഹി: പാർലമന്റിന്റെ വർഷകാല സമ്മേളനത്തിനു നാളെ തുടക്കം. രാഷ്ട്രീയസംഖ്യങ്ങളിലെ മാറ്റങ്ങൾ, വിവാദ ബില്ലുകൾ, രാജ്യതലസ്ഥാനത്തെ വിദ്യാർഥി പ്രതിഷേധം ഉൾപ്പടെ വിഷയങ്ങൾ സഭയിൽ പ്രതിഫലിച്ചേക്കും.
അടുത്തമാസം 21 വരെ നീളുന്ന സമ്മേളനത്തിൽ വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകളും ഉൾപ്പടെ സുപ്രധാന നിയമനിർമാണങ്ങൾ ഉണ്ടാകും.
ദേശീയഗീതമായ വന്ദേമാതരത്തെ അവഹേളിക്കുന്നതും തടസപെടുത്തുന്നതും ക്രമിനൽ കുറ്റമാക്കുന്ന ബില്ലും ഈ സമ്മേളനത്തിൽ ഒട്ടേറെ ചർച്ചകൾക്കു വഴിതെളിക്കും.
സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ഉയർത്തൽ, സർക്കാർ ബോണ്ടുകളിലെ വിദേശനിക്ഷേപകർക്കുള്ള നികുതി ഇളവ് തുടങ്ങിയ വിഷയങ്ങളും സഭയുടെ പരിഗണനയ്ക്കു വരും.
ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗം, രാഷ്ട്രീയകക്ഷികളെ പിളർത്താനുള്ള നീക്കങ്ങൾ, നീറ്റ് പരീക്ഷക്രമക്കേട്, വിലക്കയറ്റം, വിദേശനയങ്ങളിലെ പരാജയം, എഥനോൾ വിഷയം തുടങ്ങിയവ പ്രതിപക്ഷം ശക്തമായി ഉയർത്താനാണ് സാധ്യത. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
പ്രതിപക്ഷ നിരയിലെ അസ്വാരസ്യങ്ങളും സമ്മേളനത്തിൽ പ്രതിഫലിക്കും. തമിഴ്നാട്ടിൽ നിയമസഭാതെരഞ്ഞെടുപ്പിനു പിന്നാലെ കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ച ഡിഎംകെ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് സാധ്യത. തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാരും ഇതേ നിലപാടു സ്വീകരിച്ചേക്കും.
National
ന്യൂഡൽഹി: ദേശീയഗീതം ‘വന്ദേ മാതര’ത്തെ അപമാനിക്കുന്നവർക്കും തടസപ്പെടുത്തുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കാൻ പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.
ദേശീയഗാനത്തിന് അർഹമായ ആദരവ് ഉറപ്പാക്കുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. വന്ദേ മാതരത്തെ അപമാനിക്കുന്നതും പാടുന്നതിന് തടസം നിൽക്കുന്നതും ക്രിമിനൽ കുറ്റമാക്കാനാണ് നീക്കം. ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവ് തടയുന്നതിനുള്ള നിലവിലെ നിയമങ്ങൾക്ക് പുറമേ, വന്ദേ മാതരത്തിനായി പ്രത്യേക നിയമനിർമാണം കൊണ്ടുവരുന്നത് ഗൗരവമായ വിഷയമായാണ് സർക്കാർ കാണുന്നത്.
ദേശീയോദ്ഗ്രഥനത്തിന്റെയും ദേശസ്നേഹത്തിന്റെയും പ്രതീകമായ വന്ദേ മാതരത്തെ ജനങ്ങൾ ആദരവോടെ കാണേണ്ടതുണ്ടെന്ന സന്ദേശമാണ് ഈ നീക്കത്തിലൂടെ സർക്കാർ നൽകുന്നത്.
National
ന്യൂഡൽഹി: ഈമാസം 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായായി 19ന് സർവകക്ഷി യോഗം ചേരും. പാർലമെന്റ് നടപടികൾ സുഗമമായി നടത്താനും പരിഗണനയ്ക്കുവരുന്ന ബില്ലുകളിൽ പിന്തുണയും തേടിയാണ് സർവകക്ഷിയോഗം.
നീറ്റ് ചോദ്യപേപ്പർ ചോർച്ച, ഓപ്പറേഷൻ സിന്ദൂറിലെ സൈനികരുടെ മരണം സംബന്ധിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പരാമർശം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരേ ആയുധമാക്കും. തെറ്റായ വിവരം നൽകി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി രാജ്നാഥ് സിംഗിനെതിരേ കോൺഗ്രസ് ഇതിനോടകം അവകാശലംഘന നോട്ടീസ് നൽകിയിട്ടുണ്ട്.
ഭരണഘടനാഭേദഗതി ആവശ്യപ്പെടുന്ന ചില ബില്ലുകൾ കേന്ദ്രസർക്കാർ സമ്മേളനത്തിൽ പരിഗണനയ്ക്കെടുത്തേക്കും. 30 ദിവസം ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്ന 130-ാം ഭരണഘടനാഭേദഗതി ഉൾപ്പെടുന്ന ബില്ലുകളടക്കമാണ് അവതരിപ്പിക്കുക. നിലവിൽ ജെപിസിയുടെ പരിഗണനയിലുള്ള ബില്ലിന്റെ അന്തിമ റിപ്പോർട്ട് വൈകാതെ പാർലമെന്റിൽ സമർപ്പിക്കും.
കുറ്റകൃത്യത്തിൽ ജയിലിലാകുന്ന മന്ത്രിമാരുടെ സ്ഥാനം നഷ്ടമാകുമെന്ന ബില്ലിലെ വ്യവസ്ഥ ഭേദഗതി ചെയ്തു സസ്പെൻഷൻ മാത്രമാക്കി മാറ്റാൻ പാർലമെന്ററി സമിതി ശിപാർശ ചെയ്തിട്ടുണ്ട്. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകളും ഈ സമ്മേളനത്തിൽ കേന്ദ്രസർക്കാർ വീണ്ടും പരിഗണനയ്ക്കു കൊണ്ടുവന്നേക്കും.
തൃണമൂൽ കോൺഗ്രസിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലും നേരിട്ട പ്രതിസന്ധിയാണു ഭരണഘടനാഭേദഗതികൾ ഉൾപ്പെടുന്ന ബില്ലുകൾ പരിഗണനയ്ക്കെടുക്കാൻ കേന്ദ്രസർക്കാരിന് നൽകുന്ന ആത്മവിശ്വാസം.
കഴിഞ്ഞ സമ്മേനത്തെ അപേക്ഷിച്ചു ലോക്സഭയിൽ തൃണമൂലിന്റെ 21 എംപിമാരുടെയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൽനിന്നുള്ള ആറ് എംപിമാരുടെയും പിന്തുണയില്ലാതെയാണു പ്രതിപക്ഷം മൺസൂൺ സമ്മേളനത്തെ നേരിടാനൊരുങ്ങുന്നത്. ഭരണഘടനാഭേദഗതിയിൽ ഉൾപ്പെടുന്ന ഒരു ബില്ലും ഇരുസഭകളിലും പാസാക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണു പ്രതിപക്ഷം.
National
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റങ്ങൾ നിർദേശിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠൻ ബില്ല് സംബന്ധിച്ച സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ സമർപ്പിച്ചേക്കും.
നിലവിലുള്ള യുജിസി, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ എന്നിവയ്ക്കുപകരം ഉന്നതവിദ്യാഭ്യാസ മേഖലയിലാകെ ഒരൊറ്റ നിയന്ത്രണ സംവിധാനം (സിംഗിൾ റഗുലേറ്റർ) കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബില്ല് കഴിഞ്ഞ വർഷം ഡിസംബറിലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.
എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ജെപിസിക്കു കൈമാറാൻ തീരുമാനിക്കുകയായിരുന്നു. ബിജെപി എംപി ദഗ്ഗുബതി പുരന്ദേശ്വരി അധ്യക്ഷയായ 31 അംഗ പാർലമെന്ററി സമിതി ഈമാസം 17ന് ചേരുന്ന യോഗത്തിൽ ഈ കരട് റിപ്പോർട്ട് അംഗീകരിക്കുമെന്നാണ് സൂചന.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുമെന്ന് പ്രതിപക്ഷം
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുന്നതും കേന്ദ്രീകരണത്തിന് വഴിതുറക്കുന്നതുമാണ് പുതിയ ബില്ലിലെ പല വ്യവസ്ഥകളുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കഴിഞ്ഞദിവസം ചേർന്ന ജെപിസി യോഗത്തിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലുള്ള കടന്നുകയറ്റം, സർവകലാശാലകൾക്കു ഫണ്ട് അനുവദിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങളുടെ അഭാവം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.
നിലവിലെ സംവിധാനത്തിൽനിന്നു വിഭിന്നമായി പുതിയ കമ്മീഷന് സർവകലാശാലകൾക്കു നേരിട്ട് ഫണ്ട് അനുവദിക്കാനുള്ള അധികാരമുണ്ടായിരിക്കില്ല. ഫണ്ടിംഗ് സംബന്ധിച്ച തീരുമാനങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതടക്കമുള്ള വിഷയം ജെപിസിയിലെ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.
കൂടാതെ രാജ്യത്തു പ്രവർത്തിക്കുന്ന വിദേശ സർവകലാശാലകളുടെ ഫീസ് ഘടനയിലെ സുതാര്യത ഉറപ്പാക്കാനും ഗുണനിലവാരം നിലനിർത്താനും പ്രത്യേക സംവിധാനം വേണമെന്നും സമിതിയിൽ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ നിലവിലുള്ള നിരവധി സമിതികളുടെ പ്രവർത്തനങ്ങളിലെ ആവർത്തനങ്ങളും തടസങ്ങളും ഒഴിവാക്കാനാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം.
National
ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നീക്കം. അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയിൽ വില കുറച്ചതുമാണ് എണ്ണക്കമ്പനികളുടെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
ജൂലൈ 20ന് മുൻപായി വിലകുറയ്ക്കാനാണ് സാധ്യത. പാർലമെന്റ് സമ്മേളനം തുടങ്ങും മുമ്പ് വില കുറച്ചേക്കും. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതിനെ തുടർന്നാണ് ഇന്ധന വില വർധിപ്പിച്ചത്.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ അട്ടിമറികളോടെ കേന്ദ്രത്തിലെ ഭരണകക്ഷിയായ എൻഡിഎ ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു. പ്രതിപക്ഷ നിരയിലെ വൻ പിളർപ്പുകൾ അനുകൂലമായതോടെ, വനിതാ സംവരണ പാക്കേജിന്റെ ഭാഗമായുള്ള മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ആവശ്യമായ മാന്ത്രിക സംഖ്യയിലേക്ക് എൻഡിഎ സഖ്യം കുതിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ പ്രതിപക്ഷത്തിന്റെ കൂട്ടായ എതിർപ്പിനെത്തുടർന്ന് ലോക്സഭയിൽ 54 വോട്ടുകൾക്ക് പരാജയപ്പെട്ട ബില്ലാണ്, നിലവിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ മോദി സർക്കാർ ഒരുങ്ങുന്നത്.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ദേശീയതലത്തിൽ തകരുകയാണ്. പാർട്ടിയുടെ 28 ലോക്സഭാ എംപിമാരിൽ 20 പേരും വിമതരായി മാറി 'നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ' എന്ന പ്രാദേശിക പാർട്ടിയിൽ ലയിക്കുകയും എൻഡിഎ സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ 9 എംപിമാരിൽ 6 പേരും ഏക്നാഥ് ഷിൻഡെ പക്ഷത്തേക്ക് മാറാൻ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ രണ്ട് നീക്കങ്ങളും വഴി കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാൻ വിമതർക്ക് സാധിക്കും.
നിലവിൽ 543 അംഗ ലോക്സഭയിൽ 3 സീറ്റുകൾ ഒഴിവുകിടക്കുന്നതിനാൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ 360 പേരുടെ (മൂന്നിൽ രണ്ട് ഭൂരിപക്ഷം) പിന്തുണയാണ് വേണ്ടത്. തൃണമൂൽ വിമതർ ഉൾപ്പെടെ നിലവിൽ എൻഡിഎയ്ക്ക് 318 എംപിമാരുടെ പിന്തുണയുണ്ട്. ഇന്ത്യ സഖ്യവുമായി പിരിഞ്ഞ എം.കെ. സ്റ്റാലിന്റെ ഡിഎംകെ തങ്ങളുടെ 22 എംപിമാരുമായി സർക്കാരിനെ പിന്തുണയ്ക്കാൻ ചർച്ചകൾ നടത്തുന്നതായാണ് സൂചന. ഡിഎംകെയുടെ പിന്തുണ ഉറപ്പായാൽ ഭരണകക്ഷിയുടെ അംഗബലം 348 ആയി ഉയരും. ഭൂരിപക്ഷത്തിന് ആവശ്യമായ ബാക്കി 6 വോട്ടുകൾക്കായി സമാജ്വാദി പാർട്ടിയിലെയും പ്രതിപക്ഷ സഖ്യത്തിലെയും ചെറുകക്ഷികളിലെയും അതൃപ്തരായ എംപിമാരെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ കരുനീക്കങ്ങൾ.
രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് (164 സീറ്റുകൾ) വെറും 6 വോട്ടുകൾ മാത്രമാണ് എൻഡിഎയ്ക്ക് കുറവുള്ളത്. തൃണമൂൽ എംപിമാരുടെ രാജിയെത്തുടർന്ന് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലൂടെ ഈ സംഖ്യയും എൻഡിഎ മറികടക്കുമെന്നാണ് കണക്കുകൂട്ടലുകൾ. ഭൂരിപക്ഷം കൈവരുന്നതോടെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ തന്നെ മണ്ഡല പുനർനിർണയ ബില്ലും, രാജ്യവ്യാപകമായി ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്ന 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്ലും പാർലമെന്റിൽ പാസാക്കിയെടുക്കാൻ കേന്ദ്ര സർക്കാരിന് വഴിതുറക്കും.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ തൃണമൂൽ കോണ്ഗ്രസിലുണ്ടായ പിളർപ്പ് എംപിമാരിലേക്കും വ്യാപിച്ചതോടെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ ഉൾപ്പെടെ നിർണായക ബില്ലുകൾ കേന്ദ്രസർക്കാർ കൊണ്ടുവന്നേക്കും.
തൃണമൂലും തമിഴ്നാട്ടിൽനിന്നുള്ള ഡിഎംകെയും ഉൾപ്പെടെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നതോടെയാണ് കഴിഞ്ഞ ഏപ്രിലിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ ലോക്സഭയിൽ പരാജയപ്പെട്ടത്.
എന്നാൽ പശ്ചിമബംഗാളിലെയും തമിഴ്നാട്ടിലെയും രാഷ്ട്രീയ സാഹചര്യം മാറിയതോടെ കൂടുതൽ എംപിമാരെ ഒപ്പം നിർത്താനുള്ള നീക്കമാണ് എൻഡിഎ അണിയറയിൽ നടത്തുന്നത്.
ലോക്സഭയിൽ ആകെയുള്ള 29 തൃണമൂൽ എംപിമാരിൽ 20 വിമത എംപിമാർ എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്നാണ് കരുതുന്നത്. ലോക്സഭയിൽ 22 എംപിമാരുള്ള ഡിഎംകെയുമായി എൻഡിഎ ചർച്ച നടത്തുന്നുണ്ടെന്നാണ് സൂചന.
എന്നാൽ, സഖ്യത്തിന് തയാറല്ലെങ്കിലും തമിഴ്നാടിന്റെ താത്പര്യങ്ങൾ മുൻനിർത്തിയുള്ള തീരുമാനത്തിൽ എൻഡിഎയ്ക്ക് ഇവർ പിന്തുണ നൽകിയേക്കും. അതനുസരിച്ച് ബില്ലുകളിൽ വ്യത്യാസം വരുത്താൻ കേന്ദ്രസർക്കാർ തയാറാകുമെന്നാണ് കരുതുന്നത്.
540 എംപിമാരാണ് ലോക്സഭയിൽ ഇപ്പോഴുള്ളത്. മൂന്നു സീറ്റുകൾ ഒഴിവാണ്. ഭരണഘടനാ ഭേദഗതി ഉൾപ്പെടുന്ന ബില്ലുകൾ പാസാക്കാൻ 360 എംപിമാരുടെ പിന്തുണ ആവശ്യമാണ്. നിലവിൽ ലോക്സഭയിലെ എൻഡിഎയുടെ അംഗബലം 293 ആണ്.
തൃണമൂലിന്റെ വിമത എംപിമാർ കൂടി ചേരുന്പോൾ 313 ആകും. ഡിഎംകെയുടെ കൂടെ പിന്തുണ ലഭിച്ചാൽ 360 എന്ന മാന്ത്രികസംഖ്യയിലേക്ക് എത്താൻ എൻഡിഎയ്ക്ക് 25 എംപിമാരുടെ പിന്തുണ മാത്രം മതി. ആർക്കും ഒപ്പമല്ലാത്ത എംപിമാരുടെ പിന്തുണ ഉറപ്പിച്ചും വോട്ടെടുപ്പിൽനിന്ന് ആരെങ്കിലും വിട്ടുനിന്നാൽ ഭൂരിപക്ഷത്തിൽ ഉണ്ടാകാവുന്ന വ്യത്യാസം കണക്കാക്കിയും ഭരണഘടനാ ഭേദഗതി അവതരിപ്പിക്കാനാണ് എൻഡിഎ കണക്കുകൂട്ടുന്നത്.
148 എംപിമാരുടെ പിന്തുണയാണ് രാജ്യസഭയിൽ എൻഡിഎയ്ക്കുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 164 പേരുടെ പിന്തുണ ആവശ്യമാണ്. തൃണമൂലിനും ഡിഎംകെയ്ക്കുമായി ഇപ്പോൾ 20 എംപിമാർ രാജ്യസഭയിലുണ്ട്. അവരെ ഒപ്പം നിർത്താനായാൽ ഭരണഘടനാ ഭേദഗതി ബില്ലുകൾ രാജ്യസഭയും കടക്കും.
മാന്ത്രികസംഖ്യക്കായി അണിയറ നീക്കം
ലോക്സഭ
എൻഡിഎ -293
തൃണമൂൽ വിമതർ -20
ഡിഎംകെ -22
മാന്ത്രിക സംഖ്യ -360
രാജ്യസഭ
എൻഡിഎ -148
തൃണമൂൽ -12
ഡിഎംകെ -08
മാന്ത്രിക സംഖ്യ -164