ഇന്ത്യയിൽ സാമൂഹികനീതി ഉറപ്പാക്കാൻ സംവരണസംവിധാനങ്ങൾ രൂപീകരിച്ചിട്ട് ഏഴു പതിറ്റാണ്ടു പിന്നിട്ടിട്ടും 2.68 കോടി (2011 ലെ സെൻസസ് പ്രകാരം) ഭിന്നശേഷിക്കാരുടെ പ്രതിനിധിയായി ഒരാൾപോലും ലോക്സഭയിലോ നിയമസഭകളിലോ ഇല്ലെന്നതാണു വൈചിത്ര്യം.
33 ശതമാനം സ്ത്രീസംവരണം വേണമെന്നു മുറവിളി കൂട്ടുന്പോഴും ദേശീയ-സംസ്ഥാന പദവിയുള്ള ബഹുഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികൾക്കും ഭിന്നശേഷിക്കാരുടെ പോഷകസംഘടന ഉണ്ടായിരുന്നിട്ടുപോലും നിയമനിർമാണസഭകളിൽ ഇത്തരമൊരു പ്രാതിനിധ്യത്തെക്കുറിച്ച് ചർച്ചപോലും നടക്കുന്നില്ല. ഉഗാണ്ട, കെനിയ, സിംബാബ്വേ, ഈജിപ്ത് തുടങ്ങി ലോകത്തിലെ പല രാജ്യങ്ങളിലും പാർലമെന്റുകളിൽ ഭിന്നശേഷിക്കാർക്കു പ്രാതിനിധ്യമുണ്ട്. ജനസംഖ്യാനുപാതത്തിൽ ഇന്ത്യയേക്കാൾ ഏറെ പിറകിലുള്ള ഉഗാണ്ടയിൽ അഞ്ചു സീറ്റാണ് ഇവർക്കായി നീക്കിവച്ചിരിക്കുന്നത്. നമ്മുടെ അയൽരാജ്യങ്ങളായ നേപ്പാൾ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും നാമനിർദേശംവഴി പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
2.68 കോടി ഭിന്നശേഷിക്കാർ
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 2.68 കോടി (2.21 ശതമാനം) ഭിന്നശേഷിക്കാരുണ്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ - 41.57 ലക്ഷം. തൊട്ടുപിറകിലുള്ള മഹാരാഷ്ട്രയിലുമുണ്ട് 29.63 ലക്ഷം. എണ്ണത്തിന്റെ കാര്യത്തിൽ നമ്മുടെ കൊച്ചുകേരളം പതിമൂന്നാം സ്ഥാനത്താണ് - 7. 62 ലക്ഷം. രണ്ടേകാൽ ശതമാനത്തോളമുള്ള വലിയൊരു ന്യൂനപക്ഷ ജനവിഭാഗത്തിന് ഇന്ത്യൻ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും പ്രാതിനിധ്യം നൽകാൻ നമ്മുടെ ജനപ്രതിനിധികൾക്ക് ഉത്തരവാദിത്വമില്ലേ? അതനുസരിച്ച് ഭരണഘടനാ ഭേദഗതികൾ കൊണ്ടുവരേണ്ടതല്ലേ?
2011ലെ സെൻസസ് പ്രകാരംതന്നെ ഇന്ത്യൻ ജനസംഖ്യയിൽ 16.6 ശതമാനമുള്ള പട്ടികജാതിക്കാർക്ക് 84 സീറ്റും (543ന്റെ 15.5 ശതമാനം) ജനസംഖ്യയുടെ 8.6 ശതമാനമുള്ള പട്ടികവിഭാഗക്കാർക്കു 47 സീറ്റും (543ന്റെ 8.6 ശതമാനം) സംവരണം ചെയ്തിട്ടുണ്ട്. ഇതേ അനുപാതത്തിലാണെങ്കിൽ ജനസംഖ്യയുടെ 2.21 ശതമാനമുള്ള ഭിന്നശേഷിക്കാർക്കു ലോക്സഭയിൽ രണ്ടുശതമാനം സീറ്റ് സംവരണം ചെയ്താൽപോലും കുറഞ്ഞത് 10 -11 (10. 86) സീറ്റുകൾ മാറ്റിവയ്ക്കേണ്ടിവരും.
സംസ്ഥാനങ്ങളുടെ സ്ഥിതിയും വിഭിന്നമല്ല. 2011ലെതന്നെ സെൻസസ് പ്രകാരം കേരളത്തിലെ പട്ടികജാതി ജനസംഖ്യ 30,39,573 (9.1 ശതമാനം) ആണ്. 140 അംഗ നിയമസഭയിൽ ഇവർക്കായി സംവരണം ചെയ്തിരിക്കുന്നത് 14 സീറ്റുകളാണ് (10 ശതമാനം). കേരള ജനസംഖ്യയിൽ 4,84,839 പേരുള്ള (1.5 ശതമാനം) പട്ടികവർഗവിഭാഗത്തിനും രണ്ടു സീറ്റുകൾ (1.5 ശതമാനം) നീക്കിവച്ചിട്ടുണ്ട്. സാമൂഹികക്ഷേമവകുപ്പിന്റെ 2015ലെ സെൻസസ് പ്രകാരം ഭിന്നശേഷിവിഭാഗക്കാരായ (22 വിഭാഗങ്ങളുംകൂടി) 7.94 ലക്ഷം പേരാണ് കേരളത്തിൽ ഉള്ളത്. ഇതു കേരള ജനസംഖ്യയുടെ 2.32 ശതമാനമാണ്. ഇത്തരത്തിൽ നോക്കിയാൽ കേരള നിയമസഭയിലെ 140 അംഗങ്ങളിൽ കുറഞ്ഞതു മൂന്നുപേരെങ്കിലും ഭിന്നശേഷിക്കാർ വേണം.
ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം
1952 മുതൽ 2020 വരെ രണ്ട് ആംഗ്ലോ ഇന്ത്യൻ അംഗങ്ങളെ ലോക്സഭയിൽ നാമനിർദേശം ചെയ്തിരുന്നു. 2020 ലെ 104-ാമതു ഭരണഘടനാ ഭേദഗതിയോടെയാണ് ഇത് അവസാനിച്ചത്. നിയമസഭകളിലും ഇതിന് ആനുപാതികമായി അംഗങ്ങളെ നാമനിർദേശം ചെയ്യാറുണ്ടായിരുന്നു. കേരള നിയമസഭയിൽ ഒരംഗമായിരുന്നു നാമനിർദേശം ചെയ്യപ്പെട്ടുകൊണ്ടിരുന്നത്. വളരെ ചെറിയ ന്യൂനപക്ഷമായ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിനു നൽകിയിരുന്ന ഈ ആനുകൂല്യമെങ്കിലും ഇവിടത്തെ രണ്ടരക്കോടിയിലധികംവരുന്ന ഭിന്നശേഷിക്കാർക്കു നൽകേണ്ടതല്ലേ.
തമിഴ്നാട് മാതൃക
തമിഴ്നാട്ടിൽ 2025 സെപ്റ്റംബർ എട്ടിനാണ് ത്രിതല പഞ്ചായത്തുകളിൽ ഭിന്നശേഷിക്കാരെ നാമനിർദേശം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന നിയമം പ്രാബല്യത്തിലായത്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും നഗരസഭ, കോർപറേഷനുകളിലും ഒരു ഭിന്നശേഷിക്കാരനെ നാമനിർദേശം ചെയ്യാം. 100 അംഗങ്ങളിൽ കൂടുതലുള്ള കോർപറേഷനുകളിലോ മുനിസിപ്പാലിറ്റികളിലോ രണ്ട് അംഗങ്ങളെ നാമനിർദേശം ചെയ്യാനാകും എന്നതാണു നിയമം.
ഏറ്റവും കൂടുതൽ വികലാംഗരുള്ള ഉത്തർപ്രദേശിലോ മഹാരാഷ്ട്രയിലോ ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടില്ലെന്നതാണ് തമിഴ്നാടിനെ മാതൃകാസംസ്ഥാനം എന്നു വിശേഷിപ്പിക്കാൻ കാരണം. വികലാംഗരുടെ എണ്ണത്തിൽ രാജ്യത്തു പത്താംസ്ഥാനത്തുള്ള തമിഴ്നാട്ടിൽ 11,79,963 പേർ മാത്രമാണുള്ളത്.
7.62 ലക്ഷം ഭിന്നശേഷിക്കാരുള്ള സാക്ഷരകേരളത്തിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക ഗ്രാമസഭകൾ നടത്തുന്നുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിയമസഭയിലും ഇവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ചർച്ചകൾ ഇതുവരെയും ഉയർന്നുവന്നിട്ടില്ല.
1. ഉത്തർപ്രദേശ് 41,57,514
2. മഹാരാഷ്ട്ര 29,63,392
3. ബിഹാർ 23,31,009
4. ആന്ധ്രപ്രദേശ് 22,66,607
5. പശ്ചിമബംഗാൾ 20,17,406
6. രാജസ്ഥാൻ 15,63,694
7. മധ്യപ്രദേശ് 15,51,93
8. കർണാടക 13,24,205
9. ഒഡീഷ 12,44,402
10. തമിഴ്നാട് 11,79,963
13. കേരളം 7,61,843
ആകെ എണ്ണം 7,61,483
പുരുഷന്മാർ 3,94,706
സ്ത്രീകൾ 3,67,137
ചലനവൈകല്യം 1,71,630
കാഴ്ചവൈകല്യം 1,15,513
കേൾവിവൈകല്യം 1,05,366
Tags : Legislative Assembly representation Parliament different persons