ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ സ്പീക്കർ ഓം ബിർള മൈക്ക് വരെ ആയുധമാക്കിയെന്നു പ്രതിപക്ഷം. ഇത്രയും നിരുത്തരവാദപരമായ പ്രതിപക്ഷം ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കാൻ ഏതെങ്കിലും പ്രതിപക്ഷനേതാവ് ഓടിച്ചെല്ലുന്നതു കണ്ടിട്ടുണ്ടോയെന്നും ഭരണപക്ഷം.
ലോക്സഭയിൽ സ്പീക്കർ ഓം ബിർളയ്ക്കെതിരായി പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേൽ ഇന്നലെ നടന്ന നീണ്ട ചർച്ച രൂക്ഷമായ ആരോപണ- പ്രത്യാരോപണങ്ങൾക്കു വഴിതെളിച്ചു. ഉച്ചയ്ക്ക് 12.30 മുതൽ രാത്രി 7.30 വരെ നീണ്ട ചർച്ച ഇന്നു പൂർത്തിയാക്കും.
ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പാസാകില്ല. എങ്കിലും പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള സ്പീക്കറുടെ സഹായത്തോടെയുള്ള സർക്കാർ നീക്കം ചർച്ചയാക്കുന്നതിൽ പ്രതിപക്ഷം വിജയിച്ചു. നിഷ്പക്ഷത നിലനിർത്തുന്നതിൽ ബിർള പരാജയപ്പെട്ടെന്ന് പ്രമേയം അവതരിപ്പിച്ച മുഹമ്മദ് ജാവേദ് പറഞ്ഞു.
ബിർളയ്ക്കെതിരായ അവിശ്വാസ പ്രമേയത്തിലേക്കു നയിച്ച പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്താനിടയായ എപ്സ്റ്റീൻ ഫയലുകളിലെ കേന്ദ്രമന്ത്രി ഹർദീപ് പുരിക്കും വ്യവസായി അംബാനിക്കുമെതിരേയുള്ള പരാമർശങ്ങൾ, കരസേന മുൻ മേധാവിയുടെ ആരോപണം, അമേരിക്കയുമായുള്ള വ്യാപാര കരാർ തുടങ്ങിയവയെല്ലാം പ്രതിപക്ഷം ഇന്നലെ ചർച്ചയിൽ ഉയർത്തി.
ജനാധിപത്യവും പാർലമെന്റിന്റെ അന്തസും സംരക്ഷിക്കാനാണു സ്പീക്കർക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ നിർബന്ധിതരായതെന്ന് ചർച്ച തുടങ്ങിയ കോണ്ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു.
ചർച്ചയിൽനിന്നു ചട്ടപ്രകാരം ഓം ബിർള വിട്ടുനിന്നു. സ്പീക്കറുടെ അഭാവത്തിൽ ഡെപ്യൂട്ടി സ്പീക്കർക്കാണു ചുമതല നൽകേണ്ടിയിരുന്നതെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. എന്നാൽ ഏഴു വർഷമായി ഡെപ്യൂട്ടി സ്പീക്കറുടെ പദവി ഒഴിച്ചിട്ട് സർക്കാർ ഭരണഘടനാപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് വേണുഗോപാൽ പറഞ്ഞു. സ്പീക്കർ നിയമിച്ച പാനലിൽനിന്നുള്ള ബിജെപി എംപി ജഗദാംബിക പാൽ അധ്യക്ഷന്റെ കസേരയിലിരുന്നു സ്പീക്കർക്കെതിരായ പ്രമേയ ചർച്ച നിയന്ത്രിക്കുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു.
കഴിഞ്ഞ മാസം രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള ചർച്ചയിൽ പ്രതിപക്ഷനേതാവ് രാഹുലിനെ 20 തവണ സ്പീക്കർ തടസപ്പെടുത്തിയെന്ന് ഗൊഗോയ് കുറ്റപ്പെടുത്തി. സത്യം പറയുന്നതിൽനിന്നാണ് പ്രതിപക്ഷനേതാവിനെ തടസപ്പെടുത്തിയത്.
ഇടയ്ക്ക് ഗൗരവ് ഗൊഗോയിയും മന്ത്രി കിരണ് റിജിജുവും തമ്മിലുണ്ടായ വാഗ്വാദത്തിൽ മന്ത്രി അമിത് ഷാ ഇടപെട്ടതു ശ്രദ്ധേയമായി.
പ്രതിപക്ഷത്തെ ഏറ്റവുമധികം തടസപ്പെടുത്തിയ പാർലമെന്ററികാര്യ മന്ത്രിയെന്ന റിക്കാർഡ് കിരണ് റിജിജുവിനാണെന്ന് ഗൊഗോയ് പരിഹസിച്ചു. സഭാചട്ടങ്ങൾ പാലിക്കാതെ ബഹളം വയ്ക്കുന്പോഴാണ് തനിക്ക് ഇടപെടേണ്ടിവരുന്നതെന്ന് റിജിജു പറഞ്ഞു. ഇത്രയും നിരുത്തവാദപരമായ പ്രതിപക്ഷമായതിനാൽ പാർലമെന്ററികാര്യ മന്ത്രിക്കു തടസപ്പെടുത്തേണ്ടിവരുമെന്ന് അമിത് ഷായും തിരിച്ചടിച്ചു.
ഏകദേശം നാലു പതിറ്റാണ്ടുകൾക്കുശേഷമാണ് ലോക്സഭാ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പാർലമെന്റിൽ ചർച്ച ചെയ്യുന്നത്. ലോക്സഭയുടെ ചരിത്രത്തിലെ നാലാമത്തെ മാത്രം അവിശ്വാസ പ്രമേയമാണിത്.
ഓം ബിർളയ്ക്കെതിരായ പ്രമേയത്തിനുമുന്പ് 1987ൽ അന്നത്തെ സ്പീക്കർ ബൽറാം ജാക്കർക്കെതിരേയായിരുന്നു അവസാനത്തെ അവിശ്വാസ പ്രമേയം ചർച്ച ചെയ്തത്. രാജ്യത്തെ ആദ്യത്തെ സ്പീക്കർ ജി.വി. മാവ്ലങ്കറിനെതിരായി 1954ലും 1966ൽ ഹുകാം സിംഗിനെതിരായും പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു.
പ്രതിപക്ഷത്തെ 118 എംപിമാർ ഒപ്പിട്ട സ്പീക്കർ ഓം ബിർളയെ നീക്കാനുള്ള പ്രമേയം കോണ്ഗ്രസ് എംപി മുഹമ്മദ് ജാവേദാണ് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്. കൊടിക്കുന്നിൽ സുരേഷും ഇതേ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
Tags : Opposition microphone silence MPs weapon Speaker Om Birla Parliament