ചാണക്യതന്ത്രങ്ങൾ എന്നു കേൾക്കാത്തവരുണ്ടാകില്ല. രാഷ്ട്രീയത്തിലും ബിസിനസിലും ചാണക്യതന്ത്രങ്ങൾ പയറ്റുന്നവർ നിരവധിയാണ്. അടിസ്ഥാന രാഷ്ട്രീയഗ്രന്ഥമായ അർഥശാസ്ത്രം രചിച്ചയാളാണ് ചാണക്യൻ.
മൗര്യ സാമ്രാജ്യത്തിന്റെ ഉദയത്തിനും നന്ദ രാജവംശത്തിന്റെ നാശത്തിനും നേതൃത്വം നൽകിയ പുരാതന ഇന്ത്യൻ തത്വചിന്തകൻ, സാന്പത്തിക ശാസ്ത്രജ്ഞൻ, നിയമജ്ഞൻ, രാജകീയ ഉപദേഷ്ടാവ് എന്നിങ്ങനെ പല വിശേഷണങ്ങളും ചാണക്യനു സ്വന്തം. ചന്ദ്രഗുപ്ത മൗര്യ ചക്രവർത്തിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്ന ചാണക്യൻ പരന്പരാഗതമായി കൗടില്യൻ (ഗോത്രം) അല്ലെങ്കിൽ വിഷ്ണുഗുപ്തൻ (ജന്മനാമം) എന്നും അറിയപ്പെടുന്നു.
ക്രൂരമായ പ്രായോഗികതയ്ക്കും പേരുകേട്ടയാളാണ് ചാണക്യൻ. നൂറ്റാണ്ടുകളായി ചാണക്യന്റെ ആശയങ്ങൾ ഇന്ത്യയെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ വിഖ്യാതമാണ്. ശത്രുവിന്റെ ബലഹീനത മനസിലാക്കി പ്രവർത്തിക്കുകയെന്നതാണ് ഇതിൽ മുഖ്യം. അത്യാവശ്യ ഘട്ടത്തിൽ ശത്രുവിനോടു സൗഹൃദം നടിക്കുന്നതിൽ തെറ്റില്ലെന്നും മറ്റുമുള്ള ചാണക്യസൂത്രങ്ങളോടു മൂല്യബോധമുള്ളവർ വിയോജിക്കും. സ്വന്തം ലക്ഷ്യങ്ങളും ബലഹീനതകളും മറ്റാരോടും പറയരുത്. ശത്രുക്കൾക്കിത് അവസരമുണ്ടാക്കും.
ചാണക്യൻ ഞെട്ടുന്ന തന്ത്രം
വിശാലമായ ചാരശൃംഖലയും സൈനികശക്തിയും ജനങ്ങളുടെ ക്ഷേമവും എല്ലാം ചേർന്നതാണു ചാണക്യന്റെ രാജ്യവികസനം. ചാണക്യനെപ്പോലെ മാസ്റ്റർ തന്ത്രജ്ഞരെ ഇന്ത്യൻ രാഷ്ട്രീയത്തിലും കണ്ടു.
“ചാണക്യൻ ജീവിച്ചിരുന്നെങ്കിൽ, നിങ്ങളുടെ തന്ത്രം കണ്ട് അദ്ദേഹം ഞെട്ടിയേനെ” എന്നാണ്, വനിതാ സംവരണത്തിന്റെ പേരിലുള്ള ലോക്സഭാ എംപിമാരുടെ എണ്ണം കൂട്ടാനുള്ള ഭരണഘടനാ ഭേദഗതി നിയമ ചർച്ചയ്ക്കിടെ കോണ്ഗ്രസ് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞത്. അമിത് ഷായെ വിമർശിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ ഈ പരിഹാസം.
വീണിതല്ലോ കിടക്കുന്നു...
പ്രത്യേക സമ്മേളനത്തിൽ ബില്ലുകൾ പരാജയപ്പെട്ടതോടെ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാകുമോയെന്നതു വീണ്ടും ത്രിശങ്കുവിലായി! വെറും 298 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. 230 എംപിമാർ എതിർത്തു. മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാത്തതിനാൽ ഭരണഘടനാ ഭേദഗതികൾ പരാജയപ്പെട്ടു. ചർച്ചയും വോട്ടെടുപ്പും രണ്ടാംദിവസം രാത്രി ഏഴരയും കടന്നിട്ടും സർക്കാരിനു രക്ഷയുണ്ടായില്ല. മൂന്നു ബില്ലുകളെയും എതിർത്തു തോൽപ്പിക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചപ്പോൾത്തന്നെ സർക്കാർ വെട്ടിലായിരുന്നു. പിന്നാക്ക വിഭാഗങ്ങൾക്ക് അർഹതപ്പെട്ടതു നിഷേധിക്കുന്നതും വനിതാ സംവരണത്തിന്റെ അന്തഃസത്ത തകർക്കുന്നതുമാണു ബില്ലുകളെന്നാണു പ്രതിപക്ഷ നേതാവ് പറഞ്ഞത്.
ഒരുപക്ഷേ കഴിഞ്ഞ 12 വർഷത്തിനിടെ ആദ്യമായി മോദി-ഷാ ദ്വയത്തിന്റെ ആസൂത്രണവും തന്ത്രവും ഫലിച്ചില്ല. പ്രതിപക്ഷത്തെ വനിതാ സംവരണം എന്ന കുരുക്കിലാക്കി നേട്ടം കൊയ്യാനുള്ള കേന്ദ്രത്തിന്റെ തന്ത്രമാണ് ഇന്നലെ ലോക്സഭയിൽ പാളിയത്. മോദിയെ വെല്ലുന്ന ചാണക്യതന്ത്രങ്ങളാണു പ്രതിപക്ഷം പയറ്റിയത്. മോദിയും ഷായും ഒരുക്കിയ വനിതാ സംവരണ കെണി ഒഴിവാക്കാൻ പ്രതിപക്ഷം ഉയർത്തിയ ജാതി സെൻസസിന്റെയും മണ്ഡല പുനർനിർണയ വിവാദത്തിന്റെയും കെണിയിൽനിന്ന് അപ്പാടെ തലയൂരാൻ ബിജെപിക്കായതുമില്ല. രാഷ്ട്രീയ കൗശലത്തിൽ പ്രതിപക്ഷം ഇക്കുറി ഭരണപക്ഷത്തിനു പിന്നിലായില്ല.
രാഷ്ട്രീയലാക്കിന്റെ തിടുക്കം
വനിതാ സംവരണ നിയമം ഭേദഗതി ചെയ്യാനും എംപിമാരുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനുമുള്ള 131-ാം ഭരണഘടനാ ഭേദഗതി ബിൽ, ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനുള്ള ഡീലിമിറ്റേഷൻ ബിൽ, ജമ്മു കാഷ്മീരിനും മറ്റുമുള്ള കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബില്ലുകളിൻമേൽ ലോക്സഭയിൽ നടന്ന ചർച്ച ഭരണ-പ്രതിപക്ഷങ്ങളുടെ ചാണക്യതന്ത്രങ്ങളുടെ നേർക്കാഴ്ചയായി. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യുന്നതിനായി 2023ൽ പാർലമെന്റ് ഏതാണ്ട് ഏകകണ്ഠമായി പാസാക്കിയ വനിതാ സംവരണ നിയമം പക്ഷേ മോദി സർക്കാരിനു കീറാമുട്ടിയായി.
2023ൽ പാർലമെന്റ് പാസാക്കിയ ‘നാരീശക്തി വന്ദൻ അധിനിയം’ എന്ന വനിതാ സംവരണ നിയമം പ്രാബല്യത്തിലാക്കിയതു കഴിഞ്ഞ ദിവസമാണ്. പാർലമെന്റിന്റെ പ്രത്യേക ത്രിദിന സമ്മേളനം വിളിച്ചു ചർച്ച തുടങ്ങിയ ശേഷമാണു പഴയ നിയമം പ്രാബല്യത്തിലാക്കിയ വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയിട്ടും വിജ്ഞാപനം ഇറക്കാതെ കേന്ദ്രം ഒളിച്ചുകളിച്ചു. പശ്ചിമബംഗാൾ, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി ഇപ്പോൾ കാണിച്ച തിടുക്കത്തിനു രാഷ്ട്രീയദുഷ്ടലാക്ക് ആരോപിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.
കണക്കില്ലാതെ കള്ളക്കളി
പുതിയ ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) പൂർത്തിയാക്കിയശേഷം ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയം നടത്തുമെന്നായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചത്. ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു മൂന്നിലൊന്നു സീറ്റുകൾ സംവരണം ചെയ്യുന്ന നിയമം, ഇവ രണ്ടും പൂർത്തിയാക്കിയ ശേഷമേ നടപ്പാക്കുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രി ഷാ പാർലമെന്റിൽ ഉറപ്പു നൽകിയതുമാണ്. പാർലമെന്റ് പാസാക്കിയ നിയമത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2029ലെ പൊതുതെരഞ്ഞെടുപ്പിനായി രാഷ്ട്രീയ ഭൂപടം അനുകൂലമായി പുനർരൂപകൽപന ചെയ്യാനുള്ള ബിജെപിയുടെ ശ്രമമാണു പെട്ടെന്നുള്ള മനംമാറ്റത്തിനു പിന്നിലെന്നു പ്രതിപക്ഷം സംശയിക്കുന്നു. അതിൽ തെറ്റുമില്ല.
പുതിയ സെൻസസ് കണക്കുകളില്ലാതെ പാർലമെന്ററി നിയോജകമണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിനുള്ള ഡീലിമിറ്റേഷൻ ബിൽ ഉൾപ്പെടെ മൂന്നു ബില്ലുകളാണു ലോക്സഭയിൽ ഇന്നലെ പരാജയപ്പെട്ടത്. മോദിക്കും ഷായ്ക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണിത്. സംഘപരിവാർ ന്യായീകരണ തൊഴിലാളികളെ ഇറക്കിയാലും രക്ഷയില്ല. വേണ്ടത്ര കൂടിയാലോചനകളോ സമവായമോ ഇല്ലാതെ തെരക്കിട്ടു നടപ്പാക്കാനൊരുങ്ങിയതാണു പ്രതിപക്ഷം ചുരുട്ടിക്കൂട്ടിയത്. പ്രതിപക്ഷത്തെ ഭിന്നതകൾ മുതലെടുക്കാമെന്നും വനിതാ സംവരണത്തെ ആർക്കും എതിർക്കാനാകില്ലെന്ന അമിത ആത്മവിശ്വാസവുമാണു തകർന്നത്.
ചിതറിയവരെ ഒന്നിപ്പിച്ചു
കോണ്ഗ്രസും തൃണമൂലും ഡിഎംകെയും എസ്പിയും ഇടതുപാർട്ടികളും മുതൽ ആം ആദ്മി പാർട്ടി വരെയുള്ളവരെ ഒന്നിപ്പിക്കാൻ മാത്രമാണു പ്രത്യേക പാർലമെന്റ് സമ്മേളനം വഴിതെളിച്ചത്. ചിതറിയോടിയ പ്രതിപക്ഷത്തെ ഒന്നിപ്പിച്ചതിനുള്ള ക്രെഡിറ്റ് കേന്ദ്രസർക്കാരിലെ ഏതെങ്കിലുമൊരു മന്ത്രിയുടെ തലയിൽ ചാരി തടിതപ്പുകയേ രക്ഷയുള്ളൂ. പക്ഷേ, മോദിയും ഷായും മുന്നിൽനിന്നു നയിച്ച തന്ത്രം പാളിയതിനു വേറെയാരെയും പഴിചാരിയിട്ടു കാര്യമില്ല. രാഷ്ട്രീയ കുടിലതയുടെ തിരിച്ചടിയാണെന്നു പ്രതിപക്ഷം പരിഹസിക്കുന്നു.
കേന്ദ്രസർക്കാർ ഇന്നലെ നിർദേശിച്ച ഡീലിമിറ്റേഷനുള്ള 2011ലെ സെൻസസിൽ ജാതികണക്കെടുപ്പ് ഉണ്ടായിരുന്നില്ല. രാഹുൽ ഗാന്ധിയുടെയും നിതീഷ് കുമാറിന്റെയും നിലപാടുകളെ തുടർന്നാണ് ഈ വർഷത്തെ കാനേഷുമാരി പ്രക്രിയയിൽ ജാതികൂടി ഉൾപ്പെടുത്തിയത്. ഏഴു പതിറ്റാണ്ടിൽ ആദ്യമായാണിത്. ജാതി കണക്കെടുപ്പു നടക്കാത്തിടത്തോളം, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ശരിയായ പ്രാതിനിധ്യം ലഭിക്കില്ലെന്ന് രാഹുലും പ്രിയങ്കയും പറഞ്ഞതു സർക്കാരിനെ വെട്ടിലാക്കാൻകൂടിയായിരുന്നു. ജാതി സെൻസസിനെ ബിജെപി ഭയപ്പെടുന്നുവെന്നും ഇരുവരും ആരോപിച്ചു. കെ.സി. വേണുഗോപാൽ, ശശി തരൂർ, അഖിലേഷ് യാദവ്, കനിമൊഴി തുടങ്ങിയവരെല്ലാം പ്രതിപക്ഷ ആക്രമണത്തിനു മൂർച്ച കൂട്ടി.
മറഞ്ഞിരിക്കുന്ന ഗൂഢതന്ത്രം
വനിതാ സംവരണത്തിനു ശ്രമിക്കുകയും അനുകൂലിക്കുകയും ചെയ്തവരാണ് കോണ്ഗ്രസ്. സെൻസസിനു മുന്പുള്ള മണ്ഡല പുനർനിർണയത്തെയും പാർലമെന്റിലെ എംപിമാരുടെ സീറ്റുകൂട്ടലിനെയും എതിർത്തു. പ്രതിപക്ഷത്തെ പ്രധാന പാർട്ടികളെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിന്നു. പശ്ചിമബംഗാൾ, തമിഴ്നാട് തെരഞ്ഞെടുപ്പുകൾക്കു പിന്നാലെ സർവകക്ഷി യോഗം വിളിച്ചു ചർച്ച ചെയ്തശേഷമേ പുതിയ ബില്ലുകൾ അവതരിപ്പിക്കാവൂ എന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർലമെന്റിലും രണ്ടു തവണ കത്ത് മുഖേനയും ആവശ്യപ്പെട്ടത് അവഗണിച്ചായിരുന്നു കേന്ദ്രനീക്കം.
ലോക്സഭയുടെ നിലവിലെ 543 സീറ്റുകളിൽനിന്ന് 850 സീറ്റുകളിലേക്കു വർധിപ്പിക്കാനുള്ള മോദി സർക്കാരിന്റെ പദ്ധതികൾക്കു പിന്നിൽ മറഞ്ഞിരിക്കുന്നതു ദുഷ്ട രാഷ്ട്രീയ ലക്ഷ്യമാണെന്നു പ്രതിപക്ഷം പറയുന്നു. പതിനഞ്ചു വർഷം മുന്പുള്ള ജനസംഖ്യ മാത്രം അടിസ്ഥാനമാക്കി സീറ്റുകൾ കൂട്ടിയാൽ ബിജെപിക്കു ഭൂരിപക്ഷം നേടുക എളുപ്പമാകും.
ഉറപ്പാക്കണം തുല്യനീതി
നൂറ്റാണ്ടുകളായുള്ള ലിംഗ വിവേചനത്തിലൂടെ പാർലമെന്റിലും നിയമസഭകളിലും പുരുഷന്മാർ കൈവശപ്പെടുത്തിയിരിക്കുന്ന രാഷ്ട്രീയ ഇടങ്ങൾ സ്ത്രീകൾക്കായി ഒഴിയേണ്ടതുണ്ട്. അതിനു പകരം സീറ്റുകൾ കൂട്ടുന്നതിലൂടെ പുരുഷാധിപത്യം വീണ്ടും ഉറപ്പിക്കുന്നു. ഇതിലും കേന്ദ്രത്തിന്റെ ദുഷ്ടലാക്കുണ്ട്. നിലവിൽ 543 എംപിമാരിൽ 86 ശതമാനം പുരുഷന്മാരാണ്. നിർദേശിക്കപ്പെട്ട 816 അല്ലെങ്കിൽ 850 അംഗ പാർലമെന്റിൽ 300ൽ താഴെ സ്ത്രീകളുടെ ശബ്ദം വീണ്ടും തഴയപ്പെടും. വിവേചനങ്ങളില്ലാത്ത തുല്യനീതിയുടെ രാജ്യമാകണം ഇന്ത്യ.
മേധാവിത്തമല്ല ജനാധിപത്യം
യുപിയുടെയും ബിഹാറിന്റെയും ലോക്സഭയിലെ പ്രാതിനിധ്യം 22.1ൽനിന്ന് 25.1 ശതമാനമായി കൂടും. എന്നാൽ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം നിലവിലെ 20.1ൽനിന്ന് വെറും 18 ശതമാനമായി കുറയും. ഇതിൽ അപകടമുണ്ട്. ജനസംഖ്യ നിയന്ത്രിക്കുന്നതിൽ അടക്കം കേരളം കൈവരിച്ച നേട്ടങ്ങൾ കോട്ടമാകാൻ അനുവദിക്കരുത്. കേരളം കൂടുതൽ തഴയപ്പെടുമെന്നതു വെറും ആശങ്ക മാത്രമല്ല.
യുപി, ബിഹാർ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയുടെ അനുപാതിക എംപിമാരുടെ എണ്ണം വർധിക്കും. കേരളം, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, പശ്ചിമബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളുടേതാകട്ടെ കുറയും. നിലവിൽതന്നെ സീറ്റുകൾ കുറവുള്ള ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിലുള്ള അസന്തുലിതാവസ്ഥ വളരെ കൂടും. ഫെഡറൽ, ജനാധിപത്യ ആശയങ്ങൾതന്നെ ഇല്ലാതാകും. ഭൂരിപക്ഷത്തിന്റെ മേധാവിത്വമല്ല ജനാധിപത്യം. ന്യൂനപക്ഷങ്ങളെയും ദുർബലരെയുംകൂടി പരിഗണിക്കുന്നതാകണം ജനാധിപത്യം.