ന്യൂഡൽഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം പരമാവധി 850 ആയി വർധിപ്പിച്ച് 2029ലെ പൊതുതെരഞ്ഞെടുപ്പ് മുതൽ വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ഉൾപ്പെടെ മൂന്നു ബില്ലുകൾ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. ബജറ്റ് സമ്മേളനത്തിന്റെ തുടർച്ചയായി ഇന്നലെ നടന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് ബില്ലുകൾ അവതരിപ്പിച്ചത്.
185നെതിരേ 251 വോട്ടുകൾ ഭരണപക്ഷത്തിനു ലഭിച്ചതോടെ ബില്ലവതരണത്തിനുള്ള അനുമതി ലഭിച്ചു. പ്രതിപക്ഷാംഗങ്ങൾ ബില്ലവതരണത്തിന് ഡിവിഷൻ ആവശ്യപ്പെട്ടതോടെ സ്പീക്കർ ഓം ബിർള വോട്ടെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു. സഭയിലുണ്ടായിരുന്ന പ്രതിപക്ഷാംഗങ്ങൾ ആരുംതന്നെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയോ എതിർത്ത് വോട്ട് ചെയ്യുകയോ ചെയ്തില്ല.
വനിതാ സംവരണത്തെ അനുകൂലിക്കുന്നെങ്കിലും അതു നടപ്പാക്കുന്നതിന്റെ പേരിൽ മണ്ഡല പുനർനിർണയം നടത്തുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നതിന്റെ സൂചനയാണ് വോട്ടെടുപ്പിൽ തെളിഞ്ഞത്. കറുപ്പു വസ്ത്രമണിഞ്ഞ് ലോക്സഭയിൽ എത്തിയാണ് തമിഴ്നാട്ടിൽനിന്നുള്ള പ്രതിപക്ഷ എംപിമാർ ബില്ലിനെതിരായ പ്രതിഷേധം അറിയിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രി അർജുൻ റാം മേഘ്വാളുമാണ് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചത്. 12 മണിക്കൂർ നീണ്ട ചർച്ചയ്ക്കുശേഷം ഇന്ന് വോട്ടെടുപ്പ് നടത്തും. ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നതിന് 131-ാമത് ഭരണഘടനാ ഭേദഗതി ബിൽ ഉൾപ്പെടുന്നതിനാലാണു വോട്ടെടുപ്പ് നടത്തുന്നത്.
ഭരണഘടനാ ഭേദഗതിയായതിനാൽ വോട്ടെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ബിൽ ലോക്സഭ കടക്കുകയുള്ളൂ. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 362 എംപിമാരുടെ പിന്തുണ ആവശ്യമാണ്. 292 എംപിമാരാണ് എൻഡിഎയ്ക്കുള്ളത്.
നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷ പിന്തുണയില്ലാതെ ഈ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ കേന്ദ്രസർക്കാരിനു സാധിക്കില്ല. മണ്ഡല പുനർനിർണയ കമ്മീഷൻ (ഡീലിമിറ്റേഷൻ കമ്മീഷൻ) രൂപീകരണത്തിനും നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങളായ ഡൽഹി, പുതുച്ചേരി, ജമ്മുകാഷ്മീർ എന്നിവയ്ക്കു ബാധകമാകുന്ന വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനുമുള്ള സാധാരണ ബില്ലുകളുമാണ് ഇന്നലെ അവതരിപ്പിച്ച മറ്റു രണ്ട് ബില്ലുകൾ.
വനിതാ സംവരണം നടപ്പാക്കാനാണെന്നു പറഞ്ഞുകൊണ്ട് മണ്ഡല പുനർനിർണയം നടത്താനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
2023ൽ പാസാക്കിയ വനിതാ സംവരണം ഏറെ വൈകിച്ച് നടപ്പാക്കുന്നതിനു പിന്നിൽ മണ്ഡല പുനർനിർണയമല്ലാതെ മറ്റൊരു ലക്ഷ്യവും സർക്കാരിനില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു, ബില്ലിനെ എതിർത്തു സംസാരിച്ച പ്രതിപക്ഷം ഒന്നടങ്കം സമാന വാദമാണ് ഉന്നയിച്ചത്.
ഭരണകക്ഷിക്കു സ്വാധീനമുള്ള പ്രദേശങ്ങളിൽ സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് 2029ലെ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാനുള്ള ശ്രമമാണ് മണ്ഡല പുനർനിർണയ തീരുമാനത്തിലൂടെ ബിജെപി സർക്കാർ നടത്തുന്നതും പ്രതിപക്ഷം ആരോപിക്കുന്നു.