ന്യൂഡൽഹി: ലോക്സഭയിൽ സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന്മേലുള്ള ചർച്ച ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള കടുത്ത രാഷ്ട്രീയ യുദ്ധമായി മാറി. പ്രതിപക്ഷ ബഹളത്തെ മറികടന്നാണ് അവിശ്വാസ പ്രമേയത്തിന്മേലുള്ള ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗം.
പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി സഭയിൽ ബഹളം വെക്കുന്നതിനിടെയായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം. "സ്പീക്കറുടെ സത്യസന്ധതയെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്യുന്നത് നമ്മുടെ ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും" അമിത് ഷാ പറഞ്ഞു.
എംപിമാരെ സസ്പെൻഡ് ചെയ്യുന്നത് സ്പീക്കറുടെ വ്യക്തിപരമായ തീരുമാനമല്ല, മറിച്ച് സഭയുടെ മര്യാദകൾ ലംഘിക്കുമ്പോൾ സ്വീകരിക്കേണ്ടി വരുന്ന അച്ചടക്ക നടപടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചർച്ചകളിൽ തോൽക്കുമെന്ന് ഭയന്നാണ് പ്രതിപക്ഷം ബഹളം വെച്ച് സഭ തടസപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് അമിത് ഷാ പരിഹസിച്ചു. പ്രതിപക്ഷ നേതാക്കളുടെ മൈക്ക് ഓഫാക്കുന്നുവെന്ന പരാതി സഭയിൽ വീണ്ടും ഉയർന്നു.
Tags : Amit Shah Parliament