ആഥൻസ്: പതിനഞ്ചിനു താഴെ പ്രായമുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുമെന്ന് ഗ്രീക്ക് ഭരണകൂടം അറിയിച്ചു. ഇതിനുള്ള ബിൽ വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കും.അടുത്ത ജനുവരി ഒന്നിനു നിയമം പ്രാബല്യത്തിലാകും.
ഫേസ്ബുക്ക്, ടിക്ടോക്, സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കു നിരോധനം ബാധകമായിരിക്കും. യുട്യൂബ്, വാട്ട്സാപ്പ്, വൈബർ, മെസഞ്ചർ തുടങ്ങിയ വീഡിയോ സ്ട്രീമിംഗ്, മെസേജിംഗ് ആപ്പുകളെ ഒഴിവാക്കും.
നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ പതിനഞ്ചിനു താഴെ പ്രായമുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സോഷ്യൽ മീഡിയ കന്പനികൾക്കാണ്.
സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ഉത്കണ്ഠ, ഉറക്കമില്ലായ്മ, അടിമത്തം എന്നിവയ്ക്കു കാരണമാകുന്നതിനാലാണ് നടപടിയെന്നു ഗ്രീക്ക് പ്രധാനമന്ത്രി കിര്യാക്കോസ് മിറ്റ്സോതാക്കീസ് പറഞ്ഞു.
കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്നു പുറത്താക്കിയ ആദ്യരാജ്യം ഓസ്ട്രേലിയയാണ്. ഡിസംബറിലാണ് ഓസ്ട്രേലിയയിൽ നിയമം പ്രാബല്യത്തിലായത്. ബ്രിട്ടൻ, മലേഷ്യ, ഫ്രാൻസ്, ഡെന്മാർക്ക്, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ സമാന നീക്കത്തിലാണ്.
Tags : Social media ban children Greece Parliament