ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മോശം പെരുമാറ്റം നടത്തിയെന്നാരോപിച്ച് വ്യാപക പ്രതിഷേധം. രാഹുൽ ഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും പൗര പ്രമുഖന്മാരും ഉൾപ്പെടെ 200-ലധികം പേർ ഒപ്പിട്ട കത്ത് പുറത്തിറക്കി.
പാർലമെന്റ് സമുച്ചയത്തിനുള്ളിൽ രാഹുൽ ഗാന്ധി പാലിക്കേണ്ട മര്യാദകൾ ലംഘിച്ചുവെന്നും ഇതു ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിനെ അവഹേളിക്കുന്നതിനു തുല്യമാണെന്നും നിവേദനത്തിൽ പറയുന്നു. പാർലമെന്റ് വളപ്പിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി പ്രതിഷേധം സംഘടിപ്പിച്ചതും അവിടുത്തെ ചട്ടങ്ങൾ പാലിക്കാത്തതുമാണ് പ്രതിഷേധത്തിനു കാരണമായത്.
വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ, മുൻ സൈനിക മേധാവികൾ, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരാണ് നിവേദനത്തിൽ ഒപ്പിട്ടത്. ജനപ്രതിനിധി എന്ന നിലയിൽ ഉന്നതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട രാഹുൽ ഗാന്ധി തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്കു രാജ്യത്തോടു മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം. രാഹുൽ ഗാന്ധിയുടെ പെരുമാറ്റം യുവതലമുറയ്ക്കും മറ്റ് ജനപ്രതിനിധികൾക്കും തെറ്റായ സന്ദേശം നൽകുന്നുവെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.
Tags : Rahul Gandhi Bad behavior in Parliament Parliament Latest News