ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ തൃണമൂൽ കോണ്ഗ്രസിലുണ്ടായ പിളർപ്പ് എംപിമാരിലേക്കും വ്യാപിച്ചതോടെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ ഉൾപ്പെടെ നിർണായക ബില്ലുകൾ കേന്ദ്രസർക്കാർ കൊണ്ടുവന്നേക്കും.
തൃണമൂലും തമിഴ്നാട്ടിൽനിന്നുള്ള ഡിഎംകെയും ഉൾപ്പെടെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നതോടെയാണ് കഴിഞ്ഞ ഏപ്രിലിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ ലോക്സഭയിൽ പരാജയപ്പെട്ടത്.
എന്നാൽ പശ്ചിമബംഗാളിലെയും തമിഴ്നാട്ടിലെയും രാഷ്ട്രീയ സാഹചര്യം മാറിയതോടെ കൂടുതൽ എംപിമാരെ ഒപ്പം നിർത്താനുള്ള നീക്കമാണ് എൻഡിഎ അണിയറയിൽ നടത്തുന്നത്.
ലോക്സഭയിൽ ആകെയുള്ള 29 തൃണമൂൽ എംപിമാരിൽ 20 വിമത എംപിമാർ എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്നാണ് കരുതുന്നത്. ലോക്സഭയിൽ 22 എംപിമാരുള്ള ഡിഎംകെയുമായി എൻഡിഎ ചർച്ച നടത്തുന്നുണ്ടെന്നാണ് സൂചന.
എന്നാൽ, സഖ്യത്തിന് തയാറല്ലെങ്കിലും തമിഴ്നാടിന്റെ താത്പര്യങ്ങൾ മുൻനിർത്തിയുള്ള തീരുമാനത്തിൽ എൻഡിഎയ്ക്ക് ഇവർ പിന്തുണ നൽകിയേക്കും. അതനുസരിച്ച് ബില്ലുകളിൽ വ്യത്യാസം വരുത്താൻ കേന്ദ്രസർക്കാർ തയാറാകുമെന്നാണ് കരുതുന്നത്.
540 എംപിമാരാണ് ലോക്സഭയിൽ ഇപ്പോഴുള്ളത്. മൂന്നു സീറ്റുകൾ ഒഴിവാണ്. ഭരണഘടനാ ഭേദഗതി ഉൾപ്പെടുന്ന ബില്ലുകൾ പാസാക്കാൻ 360 എംപിമാരുടെ പിന്തുണ ആവശ്യമാണ്. നിലവിൽ ലോക്സഭയിലെ എൻഡിഎയുടെ അംഗബലം 293 ആണ്.
തൃണമൂലിന്റെ വിമത എംപിമാർ കൂടി ചേരുന്പോൾ 313 ആകും. ഡിഎംകെയുടെ കൂടെ പിന്തുണ ലഭിച്ചാൽ 360 എന്ന മാന്ത്രികസംഖ്യയിലേക്ക് എത്താൻ എൻഡിഎയ്ക്ക് 25 എംപിമാരുടെ പിന്തുണ മാത്രം മതി. ആർക്കും ഒപ്പമല്ലാത്ത എംപിമാരുടെ പിന്തുണ ഉറപ്പിച്ചും വോട്ടെടുപ്പിൽനിന്ന് ആരെങ്കിലും വിട്ടുനിന്നാൽ ഭൂരിപക്ഷത്തിൽ ഉണ്ടാകാവുന്ന വ്യത്യാസം കണക്കാക്കിയും ഭരണഘടനാ ഭേദഗതി അവതരിപ്പിക്കാനാണ് എൻഡിഎ കണക്കുകൂട്ടുന്നത്.
148 എംപിമാരുടെ പിന്തുണയാണ് രാജ്യസഭയിൽ എൻഡിഎയ്ക്കുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 164 പേരുടെ പിന്തുണ ആവശ്യമാണ്. തൃണമൂലിനും ഡിഎംകെയ്ക്കുമായി ഇപ്പോൾ 20 എംപിമാർ രാജ്യസഭയിലുണ്ട്. അവരെ ഒപ്പം നിർത്താനായാൽ ഭരണഘടനാ ഭേദഗതി ബില്ലുകൾ രാജ്യസഭയും കടക്കും.
മാന്ത്രികസംഖ്യക്കായി അണിയറ നീക്കം
ലോക്സഭ
എൻഡിഎ -293
തൃണമൂൽ വിമതർ -20
ഡിഎംകെ -22
മാന്ത്രിക സംഖ്യ -360
രാജ്യസഭ
എൻഡിഎ -148
തൃണമൂൽ -12
ഡിഎംകെ -08
മാന്ത്രിക സംഖ്യ -164
മണ്ഡല പുനർനിർണയത്തിനുള്ള ഭേദഗതി ബില്ലിനു പുറമെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ തുടങ്ങിയ ബില്ലുകളും ലോക്സഭയിൽ കൊണ്ടുവരാൻ ബിജെപി അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ ലോക്സഭയിൽ ഭരണഘടനാ ഭേദഗതി ബിൽ പാസാകാതിരുന്നതോടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. തൃണമൂൽ എംപിമാരുടെ വിമതനീക്കം ബിജെപിക്ക് വീണുകിട്ടിയ അവസരമാണ്.
Tags : NDA aims two thirds majority Parliament