ഗുരുവായൂർ: ക്ഷേത്രവരുമാനം ക്ഷേത്രത്തിന്റെ വികസനത്തിനൊപ്പം നാടിന്റെ നന്മയ്ക്കും വിനിയോഗിക്കണമെന്നു മന്ത്രി കെ. മുരളീധരൻ. ഗുരുവായൂർ തെക്കേനടയിൽ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നിർമിച്ച സ്റ്റേജിന്റെ സമർപ്പണം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. തിരുപ്പതി ക്ഷേത്രത്തിൽ ലഭിക്കുന്ന വരുമാനം ആ ക്ഷേത്രത്തിന്റെ വികസനങ്ങൾക്ക് ഉപയോഗിക്കുന്നതിനൊപ്പം ആ നഗരത്തിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ വികസനങ്ങൾക്കു വിനിയോഗിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
ഗുരുവായൂരിൽ മാസ്റ്റർ പ്ലാൻ അനുസരിച്ച് ഭൂമി ഏറ്റെടുത്ത് വികസനങ്ങൾ നടപ്പാക്കുമെന്നും അഡ്മിനിസ്ട്രേറ്ററുടെ ഒഴിവ് ഉടൻ നികത്തുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലെ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിനുവിടുമെന്നും അദ്ദേഹം അറിയിച്ചു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അധ്യക്ഷനായി.
ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരെ ജീവനക്കാർ ചീത്തവിളിക്കുന്ന രീതി ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ചു നിരവധി പരാതികളാണ് ലഭിക്കുന്നത്. ചീത്തവിളിക്കുന്ന കാര്യത്തിൽ ജീവനക്കാർക്കിടയിൽ പാർട്ടിവ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു.
Tags : Temple Revenue Public Welfare Minister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash