ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: തലസ്ഥാനനഗരിയുടെ മധ്യഭാഗത്തുള്ള ജന്തർ മന്തർ സമരവേദിയായി ഉപയോഗിക്കുന്നത് നിർത്തിവയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ എന്തുകൊണ്ട് ആലോചിക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി.
നഗരത്തിനുള്ളിൽ ഇത്തരം പ്രതിഷേധങ്ങൾ നടക്കേണ്ടതുണ്ടോയെന്നു ചോദ്യമുന്നയിച്ച ജസ്റ്റീസ് അമിത് മഹാജൻ, എന്തിന് നഗരവാസികളെ വെറുതെ ബുദ്ധിമുട്ടിക്കണമെന്നും വാദത്തിനിടെ വാക്കാൽ ചോദിച്ചു.
ജന്തർ മന്തറിൽ സമരം നടത്താൻ അനുമതി തേടി സമർപ്പിച്ച അപേക്ഷയിൽ തീരുമാനമെടുക്കാൻ ഡൽഹി പോലീസിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ദളിത് ക്രിസ്ത്യൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിറ്റി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
നഗരമധ്യത്തിൽ തുടർച്ചയായി നടക്കുന്ന പ്രകടനങ്ങളും ധർണകളും സാധാരണക്കാരുടെയും രോഗികളുടെയും സഞ്ചാരസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നുണ്ടെന്നും നഗരവാസികളെ മുഴുവൻ ഇത്തരത്തിൽ ബുദ്ധിമുട്ടിലാക്കരുതെന്നും ജസ്റ്റീസ് അമിത് മഹാജൻ നിരീക്ഷിച്ചു.
നഗരത്തിനുള്ളിൽ പ്രകടനങ്ങൾ നടത്തുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നു വ്യക്തമാക്കിയ കോടതി, അതേസമയം ക്രമസമാധാനം പോലീസിന്റെയും സർക്കാരിന്റെയും പരിധിയിൽ വരുന്ന വിഷയമായതിനാൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതു ഭരണകൂടമാണെന്നും വ്യക്തമാക്കി.
ഡൽഹിയിലെ മറ്റ് അനുയോജ്യമായ സ്ഥലങ്ങളിലേക്കു സമരങ്ങൾ മാറ്റണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുമുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
Tags : DelhiHighCourt Centre JantarMantar Stop WarMemorial Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash