ഷിജിൻ
തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ ഷിജിനുവേണ്ടി ഒന്പതാംദിവസമായ ഇന്നലത്തെ തെരച്ചിലും വിഫലം. രാത്രി വരെ തെരച്ചിൽ നടത്തിയിട്ടും ഷിജിനെ കണ്ടെത്താനായില്ല.
ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് തെരച്ചിൽ ആരംഭിച്ചത്.കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്സമെന്റും കോസ്റ്റൽ പോലീസും സ്കൂബാ ടീമും പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളും തെരച്ചിലിനിറങ്ങി.
മോശം കാലാവസ്ഥ ഇന്നലെ തെരച്ചിലിനെ ബാധിച്ചു. കടലിലിറങ്ങിയ സ്കൂബാ ടീം കടൽ പ്രക്ഷുബ്ധമായതിനാൽ ഉച്ചകഴിഞ്ഞു കരയിൽ കയറി.
സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികളിൽ കാലതാമസം ഉണ്ടായതിൽ പ്രതിഷേധിച്ച് ഷിജിന്റെ ഭാര്യയും മത്സ്യത്തൊഴിലാളികളും കഴിഞ്ഞ ദിവസം കോസ്റ്റൽ പോലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചിരുന്നു.
മന്ത്രി സി.പി. ജോണ് അഞ്ചുതെങ്ങിലെത്തി മത്സ്യത്തൊഴിലാളി നേതാക്കളുമായും ഇടവക വികാരിയുമായും ചർച്ച നടത്തി തെരച്ചിൽ ഊർജിതമാക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. കഴിഞ്ഞ 31നാണ് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഷിജിനെ കാണാതായത്.