അശ്വന്ത് കോക്ക്
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ കേസെടുത്തു. നടക്കാവ് പൊലിസാണ് കേസെടുത്തത്.
തിങ്കളാഴ്ച രാത്രി രാത്രി ഏറെ വൈകിയാണ് എഫ്ഐആർ ഇട്ടത്. മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്ത് കോക്കിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
അശ്വന്ത് ഓടിച്ച വാഹനത്തിൽ നിന്നും രണ്ടു കുപ്പി മദ്യം കണ്ടെത്തിയിട്ടുണ്ട്. വാഹനം പൊലിസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്ച വൈകുന്നേരം ഏഴോടെ എരഞ്ഞിപ്പാലത്തുവെച്ചായിരുന്നു അപകടമുണ്ടായത്.
കോക്കിന്റെ മഹീന്ദ്ര ഥാർ വാഹനം കൊട്ടാരം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. അശ്വന്ത് കോക്ക് മദ്യലഹരിയിലായിരുന്നുവെന്നും ഭിന്നശേഷിക്കാരന് സഞ്ചരിച്ച ഇരുചക്രവാഹനത്തിലും ഥാർ ഇടിച്ചിരുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നു.
കാർ, ഇരുപചക്രവാഹന യാത്രക്കാർ എന്നിവരാണ് പരാതിയുമായി എത്തിയത്. അശ്വന്ത് കോക്ക് അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. അപകടം നടന്നതോടെ ഓടിക്കൂടിയ നാട്ടുകാരോട് തട്ടിക്കയറുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസുകാരോടും അശ്വന്ത് തട്ടിക്കയറിയിരുന്നു
അശ്വന്തിനെ പിന്നീട് കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് കൂടുതൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
Tags : Drunk driving accident Case registered against Ashwanth Kok