ജോസ് കെ. മാണി എംപി.
പാലാ: പരിസ്ഥിതിലോല മേഖല സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പട്ടികയില്‍ ഒന്‍പത് ജില്ലകളിലെ 25 വില്ലേജുകളിലെ കൃഷിഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ഗുരുതരമായ ആശങ്കയ്ക്ക് ഇടയാക്കുന്നതാണെന്നും ഈ വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാതിരുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ. മാണി എംപി.
2026 സെപ്റ്റംബര്‍ 24ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പട്ടികയില്‍ 98 വില്ലേജുകളിലായി 8,590.69 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇഎസ്എയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കൃഷിഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2014-ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം 123 ഇഎസ്എ വില്ലേജുകളില്‍ പഞ്ചായത്ത്, വനം, റവന്യു, കൃഷി, സര്‍വേ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ അഞ്ചംഗ സര്‍ക്കാര്‍ സമിതി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഇഎസ്എ ഭൂമി 8,484.05 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. ഇതില്‍ 7,596.67 ചതുരശ്ര കിലോമീറ്റര്‍ വനവും 887.38 ചതുരശ്ര കിലോമീറ്റര്‍ വന പ്ലാന്റേഷനുമാണ്.
ഇതിനു വിപരീതമായി നിലവിലെ പട്ടികയില്‍ 8,590.69 ചതുരശ്ര കിലോമീറ്റര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്. കണക്കുകളിലുള്ള വ്യത്യാസം സര്‍ക്കാര്‍ അടിയന്തരമായി വിശദീകരിക്കണം. വിഷയത്തില്‍ വ്യക്തമായ രാഷ്്ടീട്രീയ നിലപാട് സ്വീകരിക്കുന്നതില്‍ യുഡിഎഫ് നേതൃത്വം പരാജയപ്പെട്ടു.
ഗാഡ്ഗില്‍ കമ്മിറ്റി മുതല്‍ നാളിതുവരെയുള്ള ഇഎസ്എ സംബന്ധമായ മുഴുവന്‍ രേഖകളും പരിശോധിച്ച് വസ്തുതകള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇഎസ്എ സംബന്ധിച്ച് സമഗ്രമായ ഒരു ധവളപത്രം സംസ്ഥാന സര്‍ക്കാര്‍ ഇറക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
Tags : ESA JoseKMani Special AssemblySession Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash