കെ.എസ്. മണി
തിരുവനന്തപുരം: കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന് (കെസിഎംഎംഎഫ്) എന്ന മില്‍മയുടെ വിശ്വാസ്യത സംരക്ഷിക്കണമെന്ന് മില്‍മ ചെയര്മാന് കെ.എസ്. മണി പത്രസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.
ഉപജീവനത്തിനായി മില്‍മയെ ആശ്രയിക്കുന്ന ആയിരക്കണക്കിനു ക്ഷീരകര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മില്‍മ പൂര്‍ണമായും ജനാധിപത്യപരവും സുതാര്യവുമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കെസിഎംഎംഎഫും അതിന്റെ മേഖലാ യൂണിയനുകളും ജീവനക്കാരുടെ നിയമനത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിനു വീടുകളില്‍ എത്തുന്ന മില്‍മ പാലിന്റെയും മറ്റ് ഉത്പന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാന്‍ ഉയര്‍ന്ന മാനദണ്ഡങ്ങളാണ് പിന്തുടരുന്നത്. മില്‍മ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളും സംശയങ്ങളും ഉന്നയിക്കുന്നത് ക്ഷീരമേഖലയിലെ സ്വകാര്യ താത്പര്യക്കാര്‍ക്കു ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
മില്മയ്ക്കെതിരേയുള്ളത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ചെയര്മാന് കെ.എസ്. മണി പറഞ്ഞു. മലബാര്‍ മില്‍മ യൂണിയനെ പിരിച്ചുവിട്ടതിനു പിന്നില്‍ സ്വകാര്യ ഡയറി പ്രോജക്ടിനു വേണ്ടിയുള്ള നീക്കമാണ്. ഭരണസമിതി അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങള്‍ക്കെതിരേയുള്ള ഏത് ആരോപണത്തെയും നിയമപരമായി നേരിടാന്‍ തയാറാണ്.
ആയിരക്കണക്കിനു ക്ഷീരകര്‍ഷകരെയും അവരുടെ കുടുംബങ്ങളെയും താങ്ങിനിര്‍ത്തുന്ന മില്‍മ എന്ന ബ്രാന്‍ഡിനെ സംരക്ഷിക്കുക എന്നതാണു പ്രധാനമെന്നു വിശ്വസിക്കുന്നു. നാല് പതിറ്റാണ്ട് മുന്‍പ് തുടക്കം കുറിച്ചതു മുതല്‍ മില്‍മയില്‍ ഉപഭോക്താക്കള്‍ അര്‍പ്പിച്ച വിശ്വാസവും ബ്രാന്‍ഡിന്റെ പ്രശസ്തിയും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഖലാ യൂണിയനുകളിലെയും ഭരണസമിതി അംഗങ്ങളിലെയും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് മില്‍മ എന്ന ബ്രാന്‍ഡിനെ സംരക്ഷിക്കുന്നതിനായിരിക്കണം സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം മേഖല യൂണിയന് (ടിആര്‍സിഎംപിയു), മലബാര്‍ മേഖലാ യൂണിയന് (എംആര്‍സിഎംപിയു) എന്നിവിടങ്ങളിലെ നിയമന പ്രക്രിയയെക്കുറിച്ച് ചില ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
ഈ യൂണിയനുകളിലെ എല്ലാ നിയമനങ്ങളും നിയമപരമായി രൂപവത്കരിച്ച സമിതിയുടെ മേല്‍നോട്ടത്തിലും കേരള സ്റ്റേറ്റ് പ്രൊഡക്റ്റിവിറ്റി കൗണ്‍സില്‍ എന്ന സ്വതന്ത്ര ഏജന്‍സി വഴിയും സുതാര്യമായാണ് നടത്തുന്നതെന്നും കെ.എസ്. മണി പറഞ്ഞു. പത്രസമ്മേളനത്തില്‍ കെസിഎംഎംഎഫ് ഭരണസമിതി അംഗങ്ങളായ പി. ശ്രീനിവാസന്, പി.പി. നാരായണന് എന്നിവരും പങ്കെടുത്തു.
Tags : Milma Credibility Safeguarded KSMani Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash