ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി നീക്കത്തെ എതിർത്ത് ഉദ്യോഗസ്ഥ വൃന്ദം
ജമ്മു: ജമ്മു കാഷ്മീരിന് സംസ്ഥാന പദവി തിരികെ നൽകണമെന്ന ആവശ്യവുമായി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ എതിർത്തുകൊണ്ട് ഉന്നത ഉദ്യോഗസ്ഥർ സ്പീക്കർക്ക് അയച്ച കത്ത് വൻ രാഷ്ട്രീയ വിവാദത്തിലേക്ക്. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ പ്രമേയം സഭയിൽ പരിഗണിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി അടൽ ദുല്ലൂ, ലോ സെക്രട്ടറി അചൽ സേത്തി എന്നിവർ നിയമസഭാ സെക്രട്ടറിയേറ്റിന് കത്തയച്ചത്.
മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രമേയം സഭയിൽ അവതരിപ്പിക്കുകയും സ്പീക്കർ അത് സ്വീകരിക്കുകയും ചെയ്തതിന് ശേഷമാണ് ഉദ്യോഗസ്ഥരിൽ നിന്നും ഈ അപൂർവ നടപടിയുണ്ടായത്. ബന്ധപ്പെട്ട മന്ത്രിയുടെയോ സർക്കാരിന്റെയോ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ സഭാ സെക്രട്ടറിയേറ്റിലേക്ക് കത്തയക്കുന്നത് നിയമസഭയുടെ സ്വയംഭരണാവകാശത്തിലുള്ള കടന്നുകയറ്റമാണ്. ഇത്തരം ഒരു സംഭവത്തിന് മുൻമാതൃകയില്ലെന്നും സഭയുടെ പ്രവർത്തനങ്ങളിൽ ഇടപെടാനുള്ള നീക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ മുഖ്യമന്ത്രിയും നിയമമന്ത്രിയും ആയിരുന്നിട്ടും സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥർ സ്പീക്കർക്ക് കത്തയച്ച വിവരം അറിഞ്ഞില്ലെന്ന് ഒമർ അബ്ദുള്ള സഭയിൽ പറഞ്ഞു. "മറ്റാരുടെയോ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. പൂർണ സംസ്ഥാന പദവിയില്ലാത്ത ഒരു കേന്ദ്രഭരണ പ്രദേശത്ത് മാത്രമേ മുഖ്യമന്ത്രി അറിയാതെ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് തന്നെ എതിരായി പ്രവർത്തിക്കുന്ന ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകൂ" എന്ന് അദ്ദേഹം തുറന്നടിച്ചു.
ബിജെപി അംഗങ്ങളുടെ ബഹളത്തിനും ഇറങ്ങിപ്പോക്കിനുമിടയിൽ സഭ സംസ്ഥാന പദവിക്കായുള്ള പ്രമേയം ചർച്ച ചെയ്യുകയും പാസാക്കുകയും ചെയ്തു. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുമാറ്റിയതിലൂടെ ജനങ്ങൾ അപമാനിക്കപ്പെട്ടെന്നും അത് വീണ്ടെടുക്കേണ്ടത് തങ്ങളുടെ അവകാശമാണെന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.
Tags : J&K Statehood Resolution Bureaucratic Interference Atal Duloo (Chief Secretary) Achal Sethi (Law Secretary) Omar Abdullah Speaker Abdul Rahim Rather Union Territory Powers