പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വലിയ രാഷ്ട്രീയ കോലാഹലങ്ങൾ സൃഷ്ടിച്ച ബ്രഹ്മപുരം അഴിമതിക്കേസിലെ ഒന്നാം പ്രതിയും കെഎസ്ഇബി മുൻ ചെയർമാനുമായ ആർ. നാരായണനെ (ഐഎഎസ് റിട്ട.) പ്രോസിക്യൂഷനിൽനിന്ന് ഒഴിവാക്കണമെന്ന സർക്കാരിന്റെയും പബ്ലിക് പ്രോസിക്യൂട്ടറുടെയും അപേക്ഷ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളി.
ഹർജിയിൽ യാതൊരു കഴമ്പുമില്ലെന്നു വ്യക്തമാക്കിയ കോടതി, അഴിമതിക്കേസിലെ പ്രതിയെ സംരക്ഷിക്കാനാണ് സർക്കാരും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നു രൂക്ഷമായി വിമർശിച്ചു.
ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്) സെക്ഷൻ 360 പ്രകാരമാണ് പബ്ലിക് പ്രോസിക്യൂട്ടർ മുഖേന സർക്കാർ അപേക്ഷ നൽകിയിരുന്നത്. ഒന്നാം പ്രതിക്ക് 87 വയസായെന്നും 27 വർഷമായി വിചാരണ നേരിടുകയാണെന്നും. എൽഡിഎഫ് -യുഡിഎഫ് സർക്കാരുകൾ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടില്ലെന്നും കാട്ടിയാണു പ്രോസിക്യൂഷൻ ഹർജി നൽകിയത്. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളി.
എന്ത് അടിസ്ഥാനത്തിലാണ് ഈ അപേക്ഷ ഫയൽ ചെയ്തതെന്നു പ്രോസിക്യൂട്ടർ വിശദീകരിച്ചിട്ടില്ലെന്ന് ഉത്തരവിലെ ഖണ്ഡിക 23, 25 എന്നിവയിൽ ചൂണ്ടിക്കാട്ടുന്നു.
സാക്ഷിമൊഴികളുടെയോ കേസ് രേഖകളുടെയോ അടിസ്ഥാനത്തിലല്ല, മറിച്ച് വെറുമൊരു പൊതുവായ അഭിപ്രായം മാത്രമാണു പ്രോസിക്യൂട്ടർ രേഖപ്പെടുത്തിയത്. മുൻകൂട്ടി വിവേചനബുദ്ധി ഉപയോഗിച്ചതായി ബോധ്യപ്പെടുന്നില്ലെന്നു കോടതി പറഞ്ഞു.
ഹർജി അനുവദിച്ചാൽ അത് അഴിമതിനിരോധന നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കു തന്നെ വിരുദ്ധമാകുമെന്ന് കോടതി വ്യക്തമാക്കി.
Tags : Brahmapuram CorruptionCase VigilanceCourt Rejects Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash