ലെയോ പതിനാലാമൻ മാർപാപ്പ
മെറ്റ്സ് (ഫ്രാൻസ്): ഭൗമശാസ്ത്രപരമായ അതിരുകൾക്കപ്പുറം ചരിത്രപരവും സാംസ്കാരികവുമായ അടിത്തറയിൽ കെട്ടിപ്പടുത്തതാണു യൂറോപ്പിന്റെ സ്വത്വമെന്നും നിലവിലെ ബഹുസാംസ്കാരിക പശ്ചാത്തലത്തിൽ യൂറോപ്പ് സ്വന്തം വേരുകൾ വീണ്ടെടുത്ത് സംഭാഷണങ്ങൾക്ക് തുറന്ന മനസ് കാട്ടണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ഫ്രാൻസിലെ മെറ്റ്സ് നഗരത്തിലുള്ള റോബർട്ട് ഷൂമാൻ സെന്ററിൽ സംഘടിപ്പിച്ച ‘യൂറോപ്പിന്റെ വേരുകളിലേക്ക്, സമാധാനത്തിനും ഐക്യത്തിനും’ എന്ന സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
യൂറോപ്യൻ ഐക്യത്തിന് അടിത്തറയിട്ട റോബർട്ട് ഷുമാൻ, അൾചിദേ ദെ ഗാസ്പാരി, യൂറോപ്പിന്റെ മധ്യസ്ഥനായ വിശുദ്ധ ബെനഡിക്ട് എന്നിവരുടെ സംഭാവനകളെ മാർപാപ്പ അനുസ്മരിച്ചു. ഭരണകൂടങ്ങളുടെ മതേതരത്വം എന്നാൽ കേവലം നിഷ്പക്ഷത പാലിക്കലല്ല, മറിച്ച് വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണവും സഭകളുടെ സ്വാതന്ത്ര്യത്തെ ആദരിക്കലുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
യുദ്ധങ്ങളിൽനിന്നും പീഡനങ്ങളിൽനിന്നും രക്ഷപ്പെട്ട് യൂറോപ്പിലെത്തുന്ന അഭയാർഥികൾക്ക് നിയമപരമായ സുരക്ഷിത മാർഗങ്ങളും സംരക്ഷണവും ഉറപ്പാക്കണം. മനുഷ്യക്കടത്തുകാർക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതോടൊപ്പം, എത്തുന്നവരെ കുടുംബാംഗങ്ങളെപ്പോലെ ഉൾക്കൊള്ളാനും അവരുടെ കഴിവുകൾ വളർത്താനും സാധിക്കണം. ലോകസമാധാനത്തിനായി ആയുധങ്ങൾ സംഭരിച്ച് വരാനിരിക്കുന്ന യുദ്ധങ്ങൾക്ക് തയാറെടുക്കുകയാണോ അതോ സർഗാത്മകമായി എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്ന് നാം ആത്മപരിശോധന നടത്തണം.
ആയുധപോരാട്ടങ്ങൾക്കു പകരം ക്ഷമയോടെയുള്ള സംഭാഷണങ്ങൾക്കും വിഭവങ്ങൾ പങ്കുവയ്ക്കുന്നതിനും യൂറോപ്പ് മുൻഗണന നൽകണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. ഭാവിയെ ഭയപ്പെടാതെ കുടുംബങ്ങൾ ആരംഭിക്കാനും ഗർഭധാരണം മുതൽ മരണം വരെയുള്ള മനുഷ്യജീവന്റെ അന്തസ് ഉയർത്തിപ്പിടിച്ച് നന്മയുടെ ശില്പികളാകാനും ആഹ്വാനം ചെയ്തുകൊണ്ടാണ് മാർപാപ്പ സന്ദേശം അവസാനിപ്പിച്ചത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, മൊണാക്കോയിലെ ആൽബർട്ട് രണ്ടാമൻ രാജകുമാരൻ, ചാർലീൻ രാജകുമാരി, ലക്സംബർഗ് ഗ്രാൻഡ് ഡ്യൂക്ക് ഗിയ്യോം എന്നിവരുൾപ്പടെ യൂറോപ്പിലെ പ്രമുഖ ഭരണാധികാരികളും സഭാ തലവന്മാരും സമ്മേളനത്തിൽ പങ്കെടുത്തു.
നേരത്തേ ലൂർദിലെ സന്ദർശനം പൂർത്തിയാക്കി വടക്കുകിഴക്കൻ ഫ്രാൻസിലെ മെറ്റ്സിലേക്കു പോകവേ മാർപാപ്പയുടെ വിമാനത്തെ ആദരസൂചകമായി ഫ്രഞ്ച് യുദ്ധവിമാനങ്ങൾ അകന്പടി സേവിച്ചു. മെറ്റ്സ് നഗരത്തിലും മാർപാപ്പയെ കാണാൻ ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. നാലുദിവസത്തെ ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി ഇന്നലെ രാത്രി മാർപാപ്പ വത്തിക്കാനിൽ മടങ്ങിയെത്തി.
Tags : Europe Reclaim Identity Pope LeoXIV Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash