ആന്റോ അഗസ്റ്റിൻ
തിരുവനന്തപുരം: മെസിയുടെ പേരിലുള്ള തട്ടിപ്പുകേസിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ എസ്ഐടി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം ആന്റോയ്ക്കു നോട്ടീസ് നൽകും.
ഈ കേസിൽ തന്റെ അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആന്റോ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കുകയും പൊലിസിന്റെ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.
ആന്റോ അഗസ്റ്റിനെ നിലവിൽ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നും അതിനുള്ള സാഹചര്യമില്ലെന്നും പൊലിസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ചോദ്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊലിസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്വേഷണത്തോടു സഹകരിക്കാമെന്ന് ആന്റോ കോടതിയിൽ വ്യക്തമാക്കി.
ഇദ്ദേഹത്തിന്റെ ഓഫിസിലും വീട്ടിലും പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണും ഡിജിറ്റൽ രേഖകളും കണ്ടെത്തിയിരുന്നു. ഇതെല്ലാം ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ആന്റോയെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം നോട്ടീസ് നൽകുന്നത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മെസിയെ കേരളത്തിലെത്തിക്കാമെന്നു വിശ്വസിപ്പിച്ച് സ്പോണ്സറായി കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്ന കേസിലാണ് ആന്റോയെ പൊലിസ് പ്രതിയാക്കിയത്.
മുൻ കായികമന്ത്രി അബ്ദുൾ റഹ്മാൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരേ നിരവധി ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് യുഡിഎഫ് സർക്കാർ ഈ വിഷയത്തിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ക്രമസമാധാനപാലന വിഭാഗം എഡിജിപി പി. വിജയന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
Tags : AntoAugustine Fraud MessiName SIT Question Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash