Kerala
തിരുവനന്തപുരം: മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന ജിഎസ്ടി തട്ടിപ്പിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കും പങ്കെന്നു സൂചന.
അക്കാലത്തു സംസ്ഥാന ഭരണം നിയന്ത്രിച്ചിരുന്ന ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് നികുതി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ജിഎസ്ടി തട്ടിപ്പിൽ തുടർ നടപടി വേണ്ടെന്ന് താഴേത്തട്ടിലെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതെന്നാണ് വിവരം. ഇതോടെ തട്ടിപ്പിൽ അന്നത്തെ ഭരണ നേതൃത്വത്തിലെ കൂടുതൽ ഉന്നതർക്കു പങ്കുണ്ടെന്നു വ്യക്തമാകുകയാണ്.
ജിഎസ്ടി തട്ടിപ്പ് ഫയൽ വൈകിച്ചതുമായി ബന്ധപ്പെട്ടു കൂടുതൽ ജിഎസ്ടി ഉദ്യോഗസ്ഥരെ എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തു. കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജൻസ് ഓഫിസറെ കോഴിക്കോട്ട് വിളിച്ചുവരുത്തി ഇന്നലെ ചോദ്യം ചെയ്തു.
ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട ഫയലിൽ എന്തുകൊണ്ടു തുടർനടപടി സ്വീകരിച്ചില്ല, ആരുടെ നിർദേശ പ്രകാരമാണ് ഫയലിൽ തീരുമാനമെടുക്കാതിരുന്നത് തുടങ്ങിയ വിവരങ്ങളാണ് എസ്ഐടി സംഘം ചോദിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇവർ നൽകിയ ഉത്തരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉന്നതരെ വരുംദിവസങ്ങളിൽ എസ് ഐടി ചോദ്യം ചെയ്യും.
25.8 കോടിയുടെ ജിഎസ്ടി തട്ടിപ്പാണ് മെസിയുടെ പേരിൽ നടന്നതെന്നാണ് വിവരം.
മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ മൊഴിയും അടുത്ത ദിവസങ്ങളിൽ തന്നെ എസ്ഐടി രേഖപ്പെടുത്തും. അബ്ദുറഹ്മാന്റെയും അദ്ദേഹത്തിന്റെ ഓഫിസിന്റെയും ഇടപെടൽ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മൊഴിയെടുക്കുക.
Kerala
തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്നു പറഞ്ഞു നടത്തിയ കോടികളുടെ തട്ടിപ്പിൽ സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണവും പരിഗണനയിൽ.
മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ വിദേശത്തേക്ക് ഹവാല ഇടപാടും റിവേഴ്സ് ഹവാലയും നടന്നെന്ന ജിഎസ്ടി എസ്ഐടിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപിക്കുന്ന കാര്യവും ആലോചനയിലുണ്ട്.
മെസിയുടെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കാൻ നിയോഗിച്ച ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു ജിഎസ്ടി, എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര- സംസ്ഥാന ഏജൻസികളുടെ അന്വേഷണം വേണമെന്നായിരുന്നു ജിഎസ്ടി എസ്ഐടിയുടെ ശിപാർശ.
കേന്ദ്ര ഏജൻസികളുടെ അന്വേഷണ വേണമോ എന്ന കാര്യത്തിൽ പൊലിസ് എസ്ഐടി നിയമോപദേശം തേടും. നിലവിൽ എറണാകുളത്തെ പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലിസ് എഫ്ഐആർ ഇട്ടാൽ ഇഡിക്കും അന്വേഷണം നടത്താം.
മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന വിദേശത്തേക്കുള്ള പണം കടത്ത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ കേന്ദ്ര ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ്, രജിസ്ട്രാർ ഓഫ് ചിറ്റ്സ്, റിസർവ് ബാങ്ക് എന്നിവയും സംസ്ഥാന ഏജൻസികളായ ജിഎസ്ടി, രജിസ്ട്രേഷൻ ഐജി എന്നിവരുടെ അന്വേഷണവും വേണമെന്നായിരുന്നു ജിഎസ്ടി എസ്ഐടി സർക്കാരിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ശിപാർശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാകും പൊലിസ് എസ്ഐടി ഈ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുക.
മെസിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്കും തിരിച്ചും പണം കടത്തൽ, നികുതി വെട്ടിപ്പ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ നടന്നെന്നു കണ്ടെത്തിയിരുന്നു.
എഫ്സിആർഎ ചട്ടലംഘനം ശ്രദ്ധയിൽ പെട്ടാൽ അന്വേഷണം സിബിഐയ്ക്കു കൈമാറാം. ഇക്കാര്യത്തിലും നിയമോപദേശം തേടും.
വിദേശ സേവനങ്ങളുടെ ഇറക്കുമതിയിലെ ജിഎസ്ടി വെട്ടിപ്പ്, വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകൾ, സംശയാസ്പദമായ പണമിടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കന്പനി പ്രൈവറ്റ് ലിമിറ്റഡിനെതിരെ (ആർബിസി)യാണ് ജിഎസ്ടി എസ്ഐടി അന്വേഷണം നിർദേശിച്ചത്.
Kerala
തിരുവനന്തപുരം: ലോക ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന, വിദേശത്തേക്കുള്ള പണംകടത്ത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷിക്കണമെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ജിഎസ്ടി പ്രത്യേക സംഘം സർക്കാരിനു ശിപാർശ ചെയ്തു.
മെസിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്ക് കടത്തൽ, നികുതിവെട്ടിപ്പ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ നടന്നതായി ജിഎസ്ടി എസ്ഐടിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ്, രജിസ്ട്രാർ ഓഫ് ചിറ്റ്സ്, റിസർവ് ബാങ്ക് എന്നീ കേന്ദ്ര ഏജൻസികളും നികുതിവെട്ടിക്കൽ ജിഎസ്ടിയും ഭൂമിയുടെ വില അധികമായി കാണിച്ചു വായ്പ എടുത്ത സംഭവത്തിൽ രജിസ്ട്രേഷൻ ഐജിയുടെ അന്വേഷണവും ആവശ്യമാണെന്നു ജിഎസ്ടി എസ്ഐടി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
വിദേശ സേവനങ്ങളുടെ ഇറക്കുമതിയിലെ ജിഎസ്ടി വെട്ടിപ്പ്, വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകൾ, സംശയാസ്പദമായ പണമിടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കന്പനി പ്രൈവറ്റ് ലിമിറ്റഡിനെതിരെ (ആർബിസി)യാണ് ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെയും- സംസ്ഥാന ഏജൻസികളുടെയും അന്വേഷണം നിർദേശിച്ചത്.
അർജന്റൈൻ ഫുട്ബോൾ ടീമിനെയും മെസിയെയും കേരളത്തിലെ സ്റ്റേഡിയത്തിൽ കളിപ്പിക്കാമെന്ന പേരിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനായി വിദേശത്തേക്കു കോടികൾ കൈമാറിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വെളുപ്പിക്കൽ, അനാവശ്യ ഫണ്ട് തിരിമറി, ചിട്ടിഫണ്ട് നിയമലംഘനം തുടങ്ങിയ കാര്യങ്ങളിലാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്.
Kerala
തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ പക്കലുള്ള രേഖകള്‍ പരിശോധിച്ചതില്‍ ഈ ഇടപാടുസംബന്ധിച്ചുള്ള സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഒരു വ്യക്തതയുമില്ലെന്നു റിപ്പോര്‍ട്ട്.
കായിക വകുപ്പ് സ്പെഷല്‍ സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന് നല്കിയ, സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് കായിക വകുപ്പ് തുടര്‍നടപടികള്‍ക്കായി ആഭ്യന്തര വിജിലന്‍സ് വകുപ്പിന് കൈമാറി.
മെസിയെ കേരളത്തില്‍ എത്തിക്കുന്നതിനായി സ്വകാര്യ സ്പോണ്‍സറും കഴിഞ്ഞ സര്‍ക്കാരും നടത്തിയ ഇടപാടുകളുടെ രേഖകള്‍ പരിശോധിച്ചതില്‍നിന്നും മെസിയുടെ വരവിലൂടെ സംസ്ഥാനത്ത് വിവിധ മാര്‍ഗങ്ങളിലൂടെ ലഭിക്കുമായിരുന്ന വരുമാനത്തിന്റെ സ്വതന്ത്ര മൂല്യനിര്‍ണയമോ മത്സരാധിഷ്ഠിത നടപടിക്രമമോ സംബന്ധിച്ച് യാതൊരു വിവരങ്ങളും സര്‍ക്കാരിന്റെ കൈകളില്‍ ഇല്ലെന്നതാണ് പ്രധാന പരാമര്‍ശം.
മെസിയെ കേരളത്തിലെത്തിച്ച് സൗഹൃദമത്സരം നടത്താനായി ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പോര്‍ട്സ് കേരളാ ഫൗണ്ടേഷനെ ഒഴിവാക്കി നടപടികള്‍ മുന്നോട്ടു പോയതില്‍ അവ്യക്തതയുണ്ടെന്നും റിപ്പോര്‍ട്ടിൽ ഉണ്ട്. ഇത്തരത്തില്‍ ഒരു സൗഹൃദ മത്സരംകൊണ്ട് സംസ്ഥാനത്തിന് ഉണ്ടാവുന്ന ധനകാര്യ വാണിജ്യ ഗുണങ്ങളും എന്താണെന്നതില്‍ വ്യക്തതയില്ല.
ഏതൊക്കെ വാണിജ്യ അവകാശങ്ങളും അവസരങ്ങളും സ്വകാര്യ സ്പോണ്സര്ക്ക് കൈമാറിയതെന്നും പറയുന്നില്ല. ആര്‍ബിസിയെ ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സ്പോണ്‍സറായി തെരഞ്ഞെടുത്തതെന്നും ഈ ഇടപാടില്‍ സര്‍ക്കാരിനുണ്ടാകുന്ന നേട്ടങ്ങള്‍ എന്താണെന്നും വ്യക്തതയില്ലെന്നു കായിക സ്പെഷല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്.
ഇടപാടു മൂലം സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തികമോ അല്ലാത്തതോ ആയ ബാധ്യതകള്‍ എന്തൊക്കെയാണെന്നും അത് ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നതിലും അവ്യക്തത നിലനില്ക്കുന്നു. ഒപ്പം വിദേശനാണ്യ വിനിമയത്തില്‍ ഉള്‍പ്പെടെ (ഇന്‍കംടാക്സ്, ജിഎസ്ടി) ബാധ്യതകള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
Kerala
തിരുവനന്തപുരം: മെസിയെയും അർജന്റൈൻ ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
അന്വേഷണ സംഘാംഗങ്ങൾ സെക്രട്ടേറിയറ്റിലെത്തി കായികവകുപ്പിൽനിന്ന് ഇതുസംബന്ധിച്ച രേഖകൾ ശേഖരിച്ചുതുടങ്ങി. പ്രാഥമികമായ ചില ഫയലുകളും രേഖകളും മാത്രമാണ് ഇന്നലെ കൈമാറിയത്. ഇവയുടെ പരിശോധനയും എസ്ഐടിയുടെ നേതൃത്വത്തിൽ ശേഖരിച്ചു.
മുൻ മന്ത്രിയുടെ ഓഫിസിൽനിന്ന് ഇതുമായി ബന്ധപ്പെട്ടു വിദേശത്തേക്ക് അയച്ച കൂടുതൽ രേഖകൾക്കായി കായികവകുപ്പ് സെക്രട്ടറിക്ക് എസ്ഐടി കത്തു നൽകി.
സ്വകാര്യ സ്പോണ്‍സറെ തെരഞ്ഞെടുത്ത നടപടികൾ, സർക്കാർ ഉത്തരവുകൾ, അനുമതികൾ, ഇളവുകൾ, ഒഴിവാക്കലുകൾ, പൊതു ആസ്തികളുടെ ഉപയോഗം എന്നിവ അനുവദിച്ച സാഹചര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകൾ നൽകണമെന്നാണ് എസ്ഐടി കത്തു നൽകിയത്.
ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിന് അനാവശ്യ ആനുകൂല്യമോ സാന്പത്തികനേട്ടമോ നൽകിയിട്ടുണ്ടോയെന്നും സർക്കാരിനോ പൊതുസ്ഥാപനങ്ങൾക്കോ നഷ്ടമുണ്ടായോയെന്നും അന്വേഷിക്കും.
കായിക വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ അന്വേഷണ റിപ്പോർട്ടിനൊപ്പം രേഖകളുമുണ്ടായിരുന്നു. ഇവയുടെ യഥാർഥ പതിപ്പുകളാണ് എസ്ഐടി ശേഖരിച്ചത്. മുഴുവൻ ഇടപാടുകളും അന്വേഷിക്കാനാണ് സർക്കാർ ഉത്തരവെന്നതിനാൽ എല്ലാ രേഖകളും കൈമാറണമെന്നാണ് കത്ത് നൽകിയത്.
മറ്റു വകുപ്പുകളെ അറിയിക്കാതെയാണ് കായികവകുപ്പ് ഇതുസംബന്ധിച്ച ഇടപാടുകൾ നടത്തിയതെന്നാണു കരുതുന്നത്. ധനകാര്യം, നിയമം, ആഭ്യന്തരം, റവന്യു, തദ്ദേശ സ്വയംഭരണം, പൊലിസ്, അഗ്നിരക്ഷാസേന, ആരോഗ്യം എന്നീ വകുപ്പുകളുടെ അഭിപ്രായം തേടാതെ ഇടപാടുമായി മുന്നോട്ടു പോയതിനെക്കുറിച്ചും അന്വേഷണമുണ്ടാകും.
വിദേശ പണമിടപാട്, മാച്ച് ഫീസ്, പരസ്യവരുമാനം, സ്പോണ്‍സറുടെ സാന്പത്തിക ഇടപാട്, നികുതി ബാധ്യത, സ്റ്റേഡിയം നവീകരണം എന്നിവയുണ്ടായിരുന്നിട്ടും ധനവകുപ്പിന്റെ അനുമതി തേടാത്തതും അന്വേഷിക്കും.
Kerala
തിരുവനന്തപുരം: ലയണൽ മെസിയടക്കം അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ ഫുട്ബോൾ ഓസ്ട്രേലിയയുമായി കരാറുണ്ടാക്കിയത് അടക്കം ഒൻപതു വിഷയങ്ങളിൽ പ്രത്യേക സംഘം അന്വേഷണം നടത്തും.
അന്വേഷണ സംഘത്തലവൻ എഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ എസ്ഐടി ഇന്നലെ ഓണ്‍ലൈൻ യോഗം ചേർന്ന് സംഘാംഗങ്ങൾക്കുള്ള ചുമതലകൾ വീതിച്ചു നൽകി.
അർജന്റീന ഫുട്ബോൾ അസോസിയേഷനും മറ്റു സ്ഥാപനങ്ങളുമായുള്ള കരാറുകളും അന്വേഷിക്കും. മുൻമന്ത്രി വി.അബ്ദുറഹ്മാൻ അടക്കമുള്ളവർ നടത്തിയ വിദേശ സന്ദർശനങ്ങളും മന്ത്രിയുടെ ഓഫിസ് വിദേശത്തേക്ക് നടത്തിയ ആശയവിനിമയങ്ങളും അടക്കം പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട ഇടപാടുകൾ തുടക്കം മുതൽ സമഗ്രമായ അന്വേഷണം നടത്തും.
എഡിജിപി പി. വിജയനെ കൂടാതെ ഐജി. എസ്. സതീഷ് ബിനോ, കോഴിക്കോട്- വയനാട് ക്രൈംബ്രാഞ്ച് എസ്പി പി. വിക്രമൻ, വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എൽ. ഷൈജു, കോഴിക്കോട് ക്രൈംബ്രാഞ്ച് റേഞ്ച് ഡിവൈഎസ്പി മാത്യു എന്നിവരാണ് യോഗം ചേർന്നത്.
Kerala
തിരുവനന്തപുരം: അർജന്റൈൻ ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്നു പറഞ്ഞു തട്ടിപ്പു നടത്തിയ സംഭവത്തിൽ തുടരന്വേഷണത്തിന് ജിഎസ്ടി പ്രത്യേക അന്വേഷണസംഘം. കഴിഞ്ഞ ദിവസം സർക്കാരിലേക്ക് പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് കൈമാറിയ കോടികളുടെ ഇടപാടുകളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ജിഎസ്ടി എസ്ഐടി തുടങ്ങിയത്.
ഇതിന്റെ ഭാഗമായി സ്പോണ്‍സറായ കേരളത്തിലെ കമ്പനിക്ക് 206.9 കോടി രൂപ കൈമാറിയ ചെന്നൈ ആസ്ഥാനമായുള്ള രണ്ടു ധനകാര്യ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും. ഒരു സ്ഥാപനം 133.64 കോടിയും മറ്റൊരു സ്ഥാപനം 73.26 കോടി രൂപയും സ്പോണ്‍സറായ കമ്പനിക്ക് കൈമാറിയതായാണ് ജിഎസ്ടി എസ്ഐടി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. ഈ പണമാണ് പിന്നീട് വിദേശത്തേക്കു കടത്തിയെന്നു കണ്ടെത്തിയത്.
കൈമാറിയ തുകയുടെ ഉറവിടവും എന്തിനുവേണ്ടി കൈമാറി എന്നതു സംബന്ധിച്ചുമാണ് തുടരന്വേഷണം നടക്കുന്നത്. വായ്പ ഇനത്തിലാണോ അതോ മത്സരം നടക്കുമ്പോൾ പരസ്യ ഇനത്തിലാണോ, മത്സരത്തിന്റെ ഉപകരാറുകളുടെ ഭാഗമായിട്ടാണോ എന്നീ ചോദ്യങ്ങൾക്കാണ് ഇരു കമ്പനികളും സ്പോണ്‍സറും ഉത്തരം നൽകേണ്ടി വരിക. വിദേശത്തേക്കു കടത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിക്കും. ഇതു സംബന്ധിച്ച ധാരണാപത്രങ്ങളും അനുബന്ധ രേഖകളും ഹാജരാക്കാനും നിർദേശിക്കും. വിശദ അന്വേഷണത്തിന് ഇരു കമ്പനികൾക്കും നോട്ടീസ് നൽകുന്ന നടപടികളും പൂർത്തിയായി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നതിനിടെയും സർക്കാർ ആഭ്യന്തര വകുപ്പിന്റെ അന്വേഷണ ഏജൻസികളെയോ സിബിഐയെയോ ഏൽപിക്കാൻ തയാറെടുക്കുന്നതിനുമിടെയാണ് ജിഎസ്ടി എസ്ഐടി തുടരന്വേഷണം നടത്തുന്നത്. അർജന്റൈൻ ഫുട്ബോൾ ടീമിനെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യാന്തര ബന്ധങ്ങൾ ഉള്ള സാഹചര്യത്തിൽ സിബിഐക്ക് കൈമാറുന്നതാണ് ഉചിതമെന്ന നിയമോപദേശവും സർക്കാരിനു മുന്നിലുണ്ട്.
എന്നാൽ, മുൻ സർക്കാരിന്റെ കാലത്തു നടന്ന തട്ടിപ്പുമായി ബന്ധമുള്ള രാഷ്ട്രീയ-ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്താൻ സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ അന്വേഷണം ആവശ്യമാണെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അടുത്ത ദിവസംതന്നെ അന്തിമതീരുമാനം കൈക്കൊള്ളും. ധന അഡീഷണൽ ചീഫ് സെക്രട്ടറിയും ജിഎസ്ടി കമ്മീഷണറും ഓണാവധിയിൽ ആയ സാഹചര്യത്തിലാണ് അന്വേഷണ തീരുമാനം വൈകുന്നതെന്നും സൂചനയുണ്ട്.
ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം നടത്തിയ ജിഎസ്ടി പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ 20ന് ജിഎസ്ടി കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിൽ ഫുട്ബോൾ മത്സരത്തിനായി കൊണ്ടുവരുമെന്നു പ്രഖ്യാപനം നടത്തുകയും ഒടുവിൽ സ്പോണ്സർ പിൻവലിയുകയും ചെയ്തത സംഭവത്തിൽ 100 കോടിയിലധികം മുടക്കിയ കരാറിലെ പണത്തിന്റെ സ്രോതസ് ഉൾപ്പെടെയുള്ളവ അന്വേഷിക്കും.
ഇത് സംബന്ധിച്ചുള്ള കായിക വകുപ്പിന്റെ റിപ്പോർട്ട് ഇപ്പോൾ മുഖ്യമന്ത്രിക്കു മുന്നിലാണ്. 136 കോടി രൂപ അർജന്റൈൻ ഫുട്ബോൾ ടീമിനു കൈമാറാൻ സമാഹരിച്ചത് എവിടെനിന്നാണെന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും.
കൂടാതെ, മുൻ സർക്കാരിന്റെ കാലത്ത് അർജന്റൈൻ ഫുട്ബോൾ അസോസിയേഷനുമായി സൗഹൃദമത്സരം നടത്തുന്നതു സംബന്ധിച്ചുള്ള കാര്യങ്ങൾ ഇ മെയിലിലൂടെ ചർച്ച നടത്തിയ സർക്കാർ സംവിധാനത്തിനു പുറത്തുള്ള പൊന്നാനി എംഇഎസ് കോളജിലെ പ്രഫസറായ അമീറ ഐഷാ ബീഗത്തിനെ നിയോഗിച്ചത് ആരുടെ താത്പര്യത്തിലാണെന്നതും പരിശോധിക്കും.
അബ്ദുറഹ്മാൻ കായികമന്ത്രിയായിരുന്നപ്പോൾ മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ഇമെയിലുകൾ ഇവർക്കും അയച്ചതായും വ്യക്തമായി.
ആദ്യഘട്ടത്തിൽ എഎഫ്എയുമായി ആശയവിനിമയം നടത്തിയിരുന്നതും മെയിലുകൾ തയാറാക്കിയിരുന്നതു താനാണെന്നും ഇവർ സമ്മതിക്കുന്നുണ്ട്. സ്പോണ്‍സറെ തെരഞ്ഞെടുത്തതിലും വലിയ വീഴ്ചകൾ ഉണ്ടായതായി റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
കായികമന്ത്രിയും ചീഫ് സെക്രട്ടറിയും നൽകിയ വാക്കാലുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്പോണ്‍സറെ തെരഞ്ഞെടുത്ത്. ടെൻഡർ ക്ഷണിക്കൽ ഉൾപ്പെടെയുള്ള ഒരു കാര്യവും നടത്താതെയായിരുന്നു സ്പോണ്‍സർഷിപ്പ് നൽകിയത്.