പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: മെസിയുടെ പേരിലുള്ള സാമ്പത്തികതട്ടിപ്പ് കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എസ്ഐടി സംസ്ഥാന പൊലിസ് മേധാവിക്കു സമര്‍പ്പിക്കും. കള്ളപ്പണം ഇടപാട് നടന്നതായി സംശയിക്കുന്നുവെന്നും അതിനാല്‍ ഇഡി, സിബിഐ, കസ്റ്റംസ് ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അനിവാര്യമാണെന്നാണ് എസ്ഐടി കണ്ടെത്തല്‍.
അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന സംസ്ഥാന ക്രമസമാധാന വിഭാഗം അഡീഷണല്‍ ഡിജിപി പി. വിജയനാണ് ഇതു സംബന്ധിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖറിനു സമര്‍പ്പിക്കുക. എസ്ഐടിയുടെ ശിപാര്ശയടങ്ങുന്ന റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തരവകുപ്പിനു കൈമാറും. അന്തിമതീരുമാനം ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പായിരിക്കും കൈക്കൊള്ളുക.
എസ്ഐടിയുടെ അധികാരപരിധിക്കു പുറത്തുള്ള ഇടപാടുകള്‍ നടന്നതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ക്കു മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ സാധിക്കൂ. വിദേശ വിനിമയ ചട്ടം ഫെമ നിയമത്തിന്റെ ലംഘനം ഉള്‍പ്പടെ നടന്നിട്ടുള്ളതായി എസ്ഐടി ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മുന്‍ മന്ത്രി വി. അബ്ദുറഹ്മാനെതിരേയും തെളിവുകൾ എസ്ഐടിയുടെ കണ്ടെത്തലിലുണ്ട്. മന്ത്രി തന്റെ ഇ- മെയില്‍ ഐഡി ഇക്കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചുവെന്നും ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം നടന്നുവെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തല്‍.
റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, കായിക വകുപ്പിലെ ഉദ്യോഗസ്ഥര്‍, മുന്‍ മന്ത്രി എന്നിവർക്കെതിരേ വ്യക്തമായ തെളിവുകളാണു ലഭിച്ചിരിക്കുന്നത്. എസ്ഐടി വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണു കുടുതല്‍ തെളിവുകള്‍ കണ്ടെത്തിയത്.
സ്പോണ്‍സറായി റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയെ തെരഞ്ഞെടുത്തതു സുതാര്യമല്ലെന്നും സര്‍ക്കാരും റിപ്പോര്‍ട്ടര്‍ കമ്പനിയും തമ്മില്‍ കരാര്‍ ഒപ്പിടുന്നതിനു മുന്‍പ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ചാനല്‍ കമ്പനി കരാറില്‍ ഒപ്പിട്ടെന്നും കണ്ടെത്തിയിരുന്നു.
2024 ഡിസംബറിലായിരുന്നു സര്‍ക്കാരും റിപ്പോര്‍ട്ടര്‍ ചാനലും തമ്മില്‍ കരാര്‍ ഒപ്പിട്ടത്. എന്നാല്‍ കരാര്‍ ഒപ്പിടുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് ചാനല്‍ കമ്പനിയും അര്‍ജന്റൈൻ ഫുട്ബോള്‍ അസോസിയേഷനും തമ്മില്‍ കരാറിലേര്‍പ്പെട്ടതില്‍ ദുരൂഹത സംശയിക്കുകയാണ് പ്രത്യേക അന്വേഷണസംഘം.
250 കോടിയില്‍പരം രൂപയുടെ തട്ടിപ്പും ജിഎസ്ടി തട്ടിപ്പും നടന്നുവെന്നാണ് നിഗമനം. ഈ കേസില്‍ വരുംദിവസങ്ങളില്‍ കുടുതല്‍ പേര് പ്രതിയാകും. മുന്‍ കായിക മന്ത്രി വി.അബ്ദുള്‍ റഹ്മാനെതിരേ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലെ ചില ജീവനക്കാര്‍ എസ്ഐടിക്കു മൊഴി നല്‍കിയിരുന്നു. മന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണു കാര്യങ്ങളെല്ലാം ചെയ്തിരുന്നതെന്നായിരുന്നു മൊഴി.
മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്നു പറഞ്ഞ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി കോടിക്കണക്കിനു രൂപ തട്ടിപ്പ് നടത്തിയെന്നു കാട്ടി കളമശേരി പൊലിസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ അഴിമതിനിരോധന നിയമ വകുപ്പുകൂടി ചുമത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനോട് എസ്ഐടി അനുവാദം തേടും.
വഞ്ചന, ഗൂഢാലോചന ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കുറ്റങ്ങളാണു നിലവില്‍ ചേര്‍ത്തിരിക്കുന്നത്. അഴിമതിനിരോധന നിയമംകൂടി ഉള്‍പ്പെടുത്തുന്നതോടെ വിജിലന്‍സ് അന്വേഷണത്തിനും കളമൊരുങ്ങും.
Tags : Fraud MessiName SIT Massive Investigation Report Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash