പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന ജിഎസ്ടി തട്ടിപ്പിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കും പങ്കെന്നു സൂചന.
അക്കാലത്തു സംസ്ഥാന ഭരണം നിയന്ത്രിച്ചിരുന്ന ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് നികുതി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ജിഎസ്ടി തട്ടിപ്പിൽ തുടർ നടപടി വേണ്ടെന്ന് താഴേത്തട്ടിലെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതെന്നാണ് വിവരം. ഇതോടെ തട്ടിപ്പിൽ അന്നത്തെ ഭരണ നേതൃത്വത്തിലെ കൂടുതൽ ഉന്നതർക്കു പങ്കുണ്ടെന്നു വ്യക്തമാകുകയാണ്.
ജിഎസ്ടി തട്ടിപ്പ് ഫയൽ വൈകിച്ചതുമായി ബന്ധപ്പെട്ടു കൂടുതൽ ജിഎസ്ടി ഉദ്യോഗസ്ഥരെ എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തു. കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജൻസ് ഓഫിസറെ കോഴിക്കോട്ട് വിളിച്ചുവരുത്തി ഇന്നലെ ചോദ്യം ചെയ്തു.
ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട ഫയലിൽ എന്തുകൊണ്ടു തുടർനടപടി സ്വീകരിച്ചില്ല, ആരുടെ നിർദേശ പ്രകാരമാണ് ഫയലിൽ തീരുമാനമെടുക്കാതിരുന്നത് തുടങ്ങിയ വിവരങ്ങളാണ് എസ്ഐടി സംഘം ചോദിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇവർ നൽകിയ ഉത്തരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉന്നതരെ വരുംദിവസങ്ങളിൽ എസ് ഐടി ചോദ്യം ചെയ്യും.
25.8 കോടിയുടെ ജിഎസ്ടി തട്ടിപ്പാണ് മെസിയുടെ പേരിൽ നടന്നതെന്നാണ് വിവരം.
മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ മൊഴിയും അടുത്ത ദിവസങ്ങളിൽ തന്നെ എസ്ഐടി രേഖപ്പെടുത്തും. അബ്ദുറഹ്മാന്റെയും അദ്ദേഹത്തിന്റെ ഓഫിസിന്റെയും ഇടപെടൽ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മൊഴിയെടുക്കുക.
കോഴിക്കോട്: ലയണല്‍ മെസിയുടെ പേര് ദുരുപയോഗം ചെയ്തു നടന്ന സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് ജിഎസ്ടി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി എസ്ഐടി മൊഴിയെടുത്തു.
കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി വിക്രമന്റെ നേതൃത്വത്തില്‍ മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴിയാണു രേഖപ്പെടുത്തിയത്. 2025ല്‍ തട്ടിപ്പു നടന്ന സമയത്ത് ബന്ധപ്പെട്ട ഫയല്‍ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരാണിവര്‍. 25.78 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് അഞ്ചുതവണ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കു നോട്ടീസ് നല്‍കിയിരുന്നു.
പക്ഷേ, തുടര്‍നടപടി ഉണ്ടായില്ല. പിന്നീട് ഇതുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു. കാഞ്ഞങ്ങാട് ജിഎസ്ടി ഓഫീസിലെ ഉദ്യോഗസ്ഥരായ സജിനി, രത്നാകരന് എന്നിവര്‍ അടക്കമുള്ള മൂന്നു പേരാണ് എസ്ഐടിക്കു മൊഴി നല്‍കിയത്.
നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട ഫയലുകള്‍ ജിഎസ്ടി ഓഫീസില്‍നിന്ന് എസ്ഐടി നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കോഴിക്കോട്, കാസര്‍ഗോഡ്, കാഞ്ഞങ്ങാട് മേഖലകളിലെ നിലവിലെയും മുന്‍കാലങ്ങളിലെയും ജിഎസ്ടി ഇന്റലിജന്‍സ്, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരില്‍നിന്നു മൊഴി എടുത്തുകൊണ്ടുള്ള അന്വേഷണമാണ് എസ്ഐടി നടത്തുന്നത്.
Tags : Fraud MessiName SeniorIASOfficers GST Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash