പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: കേരളത്തില്‍ വളര്‍ന്നുവരുന്ന മേഖലകളിലേക്കു കൂടുതല്‍ പ്രവാസി നിക്ഷേപം എത്തിക്കുന്നതിന് കൃത്യവും സുതാര്യവുമായ സംവിധാനം ഒരുക്കണമെന്ന് വിദഗ്ധര്‍.
‘റീ ഇമാജിനിംഗ് കേരളം’ പരിപാടിയുടെ സമാപനദിനത്തില്‍ സംഘടിപ്പിച്ച ‘പ്രവാസി പാര്‍ട്ണര്‍ഷിപ്’ സെഷനിലാണ് വിദഗ്ധര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ നിലവിലുള്ള ആഗോള ബിസിനസ് ശൃംഖലയുമായി കേരളത്തെ ബന്ധിപ്പിക്കുന്നതിനൊപ്പം വിവിധ മാര്‍ഗങ്ങളിലൂടെ നിക്ഷേപകരെ സംസ്ഥാനത്തേക്ക് എത്തിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
നോര്‍ക്ക സ്പെഷല്‍ സെക്രട്ടറി അഞ്ജന എം സെഷനില്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, നോര്‍ക്ക സിഇഒ രാജേഷ് മാധവന്, പ്രവാസി സംരംഭകര്‍ തുടങ്ങിയവര്‍ സെഷനില്‍ പങ്കെടുത്തു. പ്രവാസി നിക്ഷേപങ്ങള്‍ക്ക് കൃത്യമായ ഒരു സംവിധാനം ഒരുക്കുകയാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യമെന്ന് അഞ്ജന എം പറഞ്ഞു. പ്രതിവര്‍ഷം ഏകദേശം 2.17 ലക്ഷം കോടി രൂപ കേരളത്തിലേക്ക് പ്രവാസി നിക്ഷേപമായി എത്തിക്കുന്നുണ്ട്. കൂടാതെ, ഏകദേശം മൂന്ന് ലക്ഷം കോടി രൂപ പ്രവാസികളുടെ ബാങ്ക് നിക്ഷേപമായുണ്ട്.
കേരളത്തില്‍ ലഭ്യമായ മൂലധനത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും ഇവിടെ നിക്ഷേപിക്കുന്നതിനുള്ള സുഗമമായ സംവിധാനം വേണം. 2026-27 ലെ സംസ്ഥന ബജറ്റിലാണ് പ്രവാസി പാര്‍ട്ണര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചതെന്നും അഞ്ജന പറഞ്ഞു. ഓരോ പദ്ധതിക്കുമായി നിക്ഷേപകരെ പ്രത്യേകം സമീപിക്കുന്നതിനു പകരം നിക്ഷേപത്തിന് അനുയോജ്യമായ പദ്ധതികളുടെ ഒരു പട്ടിക തയാറാക്കണമെന്ന് ജിഐഎഫ് പ്രതിനിധി ശ്രീധര്‍ പറഞ്ഞു. പദ്ധതികളുടെ സാധ്യതകള്‍ വിലയിരുത്തി അനുയോജ്യമായ നിക്ഷേപകരുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പ്രവാസികള്‍ക്കായി ഒരുക്കുന്ന നിക്ഷേപ പദ്ധതികളില്‍ പണത്തിന് സുരക്ഷയും ആവശ്യമെങ്കില്‍ പിന്‍വലിക്കാനുള്ള സൗകര്യവും ഒരുക്കണമെന്ന് ഐബിപിസി ദുബായ് പ്രതിനിധി എം അബ്ദുള്‍ കരീം പറഞ്ഞു. നിക്ഷേപത്തേക്കള്‍ മികച്ച വരുമാനവും ബാങ്ക് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ആരോഗ്യം, ഭക്ഷ്യസുരക്ഷ, ലോജിസ്റ്റിക്സ്, ടൂറിസം, സാങ്കേതികവിദ്യ, ഊര്‍ജം, മാനവവിഭവശേഷി തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ കേരളം കൂടുതലായി നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ), ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ്ഐസിസിഐ), നാസ്കോം, അസോചം, ട്രേഡ് പ്രമോഷന് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ടിപിസിഐ), ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്ഐഇഒ) തുടങ്ങിയ സംഘടനകളും വിവിധ രാജ്യങ്ങളിലെ എംബസികളും സംഘടിപ്പിക്കുന്ന പ്രധാന സമ്മേളനങ്ങളില്‍ കേരളം സജീവമായി പങ്കെടുക്കണമെന്നുമുള്ള നിര്‍ദേശം പ്രതിനിധികള്‍ മുന്നോട്ടുവച്ചു.
Tags : Experts TransparentSystem ExpatriateInvestment Business