മരിച്ച സാബുവും സജിയും
മാലോം (കാസർഗോഡ്): ദന്പതിമാരെ വീട്ടുപറമ്പിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ബളാൽ മാലോം കാര്യോട്ടുചാലിലെ കർഷകനായ തടത്തിൽ സാബു (56), ഭാര്യ സജി (52) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കുളത്തിൽ ബ്ലീച്ചിംഗ് പൗഡർ കലക്കി ഒഴിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ ഭാര്യ കുളത്തിൽ വീണതിനെ തുടർന്ന് രക്ഷിക്കാനിറങ്ങിയ ഭർത്താവ് സജിയും മുങ്ങിമരിച്ചതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
സമീപത്തുനിന്ന് ഇരുവരുടെയും മൊബൈൽ ഫോണും ക്ലോറിൻ കലക്കിയ ബക്കറ്റും കണ്ടെത്തി. ഇന്നലെ 11ഓടെ കിടന്നുറങ്ങുകയായിരുന്ന ഏകമകൻ മെൽബിൻ ഉച്ചയോടെ ഉറങ്ങിയെഴുന്നേറ്റപ്പോൾ മാതാപിതാക്കളെ കാണാത്തതിനാൽ ഇരുവരുടെയും ഫോണിൽ വിളിച്ചു.
ഫോൺ റിംഗ് ചെയ്തിരുന്നുവെങ്കിലും കോൾ എടുത്തില്ല. തുടർന്ന് പറമ്പിൽ അന്വേഷിക്കുന്നതിനിടയിലാണ് കുളത്തിൽ രണ്ടുപേരും മരിച്ചു കിടക്കുന്നതായി കണ്ടത്.
മെൽബിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ വെള്ളരിക്കുണ്ട് പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. ചീമേനിയിൽനിന്ന് അഗ്നിശമനസേനയെത്തിയാണ് മൃതദേഹം കരയിലെത്തിച്ചത്. സംസ്കാരം ഇന്നു നാലിന് ഭീമനടി ക്രിസ്തുരാജ പള്ളിയിൽ. പുന്നക്കുന്ന് താന്നിക്കൽ കുടുംബാംഗമാണ് സജി.
Tags : Couple Pond Found Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Death