ലേഖ
കൊച്ചി: പ്രധാനമന്ത്രിക്കും രാഷ്ട്രപതിമാർക്കും ഉപരാഷ്ട്രപതിമാർക്കും രാജ്യാന്തര തലവന്മാർക്കും സുരക്ഷയൊരുക്കി 11 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം കൊച്ചി സിറ്റി പൊലിസിന്‍റെ വിശ്വസ്ത സ്നിഫർ ഡോഗായ ലേഖ (ബോബി) ഇനി വിശ്രമത്തിലേക്ക്. പ്രായാധിക്യത്തെ തുടർന്ന് 20ന് ലേഖ സർവീസിൽ നിന്ന് വിരമിക്കും.
വിവിഐപി സന്ദർശനങ്ങളിലെ അതീവ സുരക്ഷാ പരിശോധനകളിൽ നിർണായക ചുമതല വഹിച്ചിരുന്ന ലേഖയുടെ സേവനകാലം നിറയെ ഓർമകളാണ്. എക്സ്പ്ലോസീവ് ഡോഗായി കൊച്ചിയിലും സമീപ ജില്ലകളിലും നിരവധി വിവിഐപി ഡ്യൂട്ടികളിൽ പങ്കെടുത്ത ലേഖ, സുരക്ഷാ സംവിധാനത്തിലെ വിശ്വസ്ത കണ്ണും മൂക്കും ആയിരുന്നു.
ജനിച്ച് മൂന്ന് മാസം തികയും മുമ്പ് വൈറ്റില സ്വദേശിയിൽനിന്നാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട ലേഖയെ കൊച്ചി സിറ്റി പൊലിസ് സ്വന്തമാക്കിയത്. അഞ്ചുമാസം പ്രായമായപ്പോൾ തൃശൂർ കേരള പൊലിസ് അക്കാദമിയിൽ പരിശീലനത്തിന് അയച്ചു.
ഒമ്പതുമാസത്തെ കഠിന പരിശീലനം പൂർത്തിയാക്കി 2016 മാർച്ചിൽ കൊച്ചി സിറ്റി പൊലിസ് കെ9 ഡോഗ് സ്ക്വാഡിൽ അംഗമായി.
പ്രധാനമന്ത്രി, രാഷ്ട്രപതിമാർ, ഉപരാഷ്ട്രപതിമാർ, മറ്റ് രാജ്യാന്തര തലവന്മാർ തുടങ്ങിയവരുടെ സന്ദർശന വേളകളിൽ നിരവധി തവണ ലേഖ എക്സ്പ്ലോസീവ് പരിശോധനാ ഡ്യൂട്ടി നിർവഹിച്ചു. എസ്‌സിപിഒമാരായ റിജുവും നിഖിൽ സേവ്യറും ലേഖയുടെ ഹാൻഡ്ലർമാരായിരുന്നു.
സല്യൂട്ട് നൽകി യാത്രയയപ്പ്
20ന് രാവിലെ 10.30ന് തൃപ്പൂണിത്തുറ എആർ ക്യാമ്പിൽ നടക്കുന്ന ചടങ്ങിലാണ് ലേഖയ്ക്ക് ഔദ്യോഗിക യാത്രയയപ്പ്. കൊച്ചി സിറ്റി ഡിഎച്ച്ക്യു കമാൻഡന്‍റ് സുരേഷ്, ലേഖയെ പൊന്നാട അണിയിച്ച് ആദരിക്കും. കെ9 ഡോഗ് സ്ക്വാഡിലെ മറ്റ് നായകൾ ലേഖയ്ക്ക് സല്യൂട്ട് നൽകും.
കെഎപി1 അസിസ്റ്റന്‍റ് കമാൻഡന്‍റ് റോയി, ഡിഎച്ച്ക്യു ഇൻസ്പെക്ടർ ശ്രീകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
കേരള പൊലിസ് അക്കാദമിയിലെ ഡോഗ് റിട്ടയർമെന്‍റ് സെന്‍ററായ വിശ്രാന്തിയിലാകും ഇനി ലേഖയുടെ വിശ്രമജീവിതം.
Tags : Lekha Retirement Guardian Police Deepika DeepikaNewspaper BreakingNews NewsUpdate Headlines