x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂറോപ്പിനുമേൽ റഷ്യയുടെ ഹൈബ്രിഡ് ആക്രമണ ഭീഷണി; ഭയപ്പെടില്ലെന്ന് മക്രോൺ

വെബ് ഡെസ്ക്
Published: September 18, 2026 07:47 PM IST | Updated: September 18, 2026 07:47 PM IST

പാരീസ്: യൂറോപ്പിനും ഫ്രാൻസിനും എതിരേ റഷ്യയുടെ ഹൈബ്രിഡ് ആക്രമണ ഭീഷണി വർധിച്ചതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ. ഫ്രാൻസിലെ പ്രതിരോധ വ്യവസായത്തെയും പശ്ചാത്തല മേഖലയെയും ഇത്തരം ആക്രമണങ്ങളിൽനിന്നു സംരക്ഷിക്കാനുള്ള പദ്ധതി തയാറാക്കാൻ സർക്കാരിനു നിർദേശം നല്കിയെന്നും അദ്ദേഹം അറിയിച്ചു.

ശത്രുരാജ്യത്തെ ദുർബലമാക്കാൻ വിവിധതരം യുദ്ധമുറകൾ സമന്വയിപ്പിക്കുന്ന തന്ത്രമാണ് ഹൈബ്രിഡ് ആക്രമണം. പരന്പരാഗത ആക്രമണങ്ങൾക്കൊപ്പം സൈബർ, ഡ്രോൺ ആക്രമണങ്ങളും ഉൾപ്പെടുത്തും.

യുക്രെയ്ൻ, പശ്ചിമേഷ്യ യുദ്ധങ്ങളുടെ അനന്തരഫലങ്ങൾ വിലയിരുത്താൻ ചേർന്ന രാഷ്‌ട്രീയ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മക്രാൺ. കഴിഞ്ഞ ആഴ്ചകളിൽ ഫ്രാൻസിനു നേരേ റഷ്യയുടെ ഹൈബ്രിഡ് ആക്രമണങ്ങൾ ഉണ്ടായതായി അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ മാസം ജർമനിയിലെ ലിപിസിഗ് വിമാനത്താവളത്തിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണം മക്രോൺ പരാമർശിച്ചു. യുക്രെയ്നു പിന്തുണ നല്കുന്നതിന്‍റെ പേരിൽ ചില നാറ്റോ രാജ്യങ്ങളിൽ മിസൈൽ-ഡ്രോൺ ആക്രമണത്തിന് റഷ്യ പദ്ധതിയിടുന്നുവെന്നു പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് പറഞ്ഞതും ചൂണ്ടിക്കാട്ടി.

“ഞങ്ങളെ ഭീഷണിപ്പെടുത്തി യുക്രെയ്നുള്ള പിന്തുണ അവസാനിപ്പിക്കാം എന്നാണ് റഷ്യ കരുതുന്നത്. പക്ഷേ, ഫലം വിപരീതമായിരിക്കും. ഞങ്ങൾക്കൊട്ടും പേടിയില്ല. യൂറോപ്പിന്‍റെ സുരക്ഷാ ഭാവിക്ക് യുക്രെയ്നുള്ള പ്രധാന്യം ഞങ്ങൾക്കു വ്യക്തമായി അറിയാം.”-മക്രോൺ വ്യക്തമാക്കി.

Tags : Macron Ukraine war Russia Hybrid War

Recent News

Corehub Up