ലോഗോ
കൊച്ചി : യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ചെറുകിട ഇടത്തരം ഹോട്ടലുകളെയും റസ്റ്ററന്റുകളെയും ഗുരുതരമായി ബാധിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്.
ആവശ്യവസ്തുക്കളുടെ വിലക്കയറ്റം, വൈദ്യുതി-ഗ്യാസ് നിരക്കുകളിലെ വര്‍ധന, തൊഴിലാളിക്ഷാമം തുടങ്ങി നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഹോട്ടല്‍ മേഖലയ്ക്ക് യുപിഐ ഇടപാടുകള്‍ക്ക് അധിക സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയത് കൂടുതല്‍ സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കും.
ഹോട്ടല്‍ മേഖലയ്ക്ക് ജിഎസ്ടി ഇന്‍പുട്ട് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ജിഎസ്ടി റെഗുലര്‍ സ്കീം തെരഞ്ഞെടുത്തിട്ടുള്ള വാടകകെട്ടിടത്തില് പ്രവര്‍ത്തിക്കുന്ന ഹോട്ടലുടമകള്‍ കെട്ടിട ഉടമകള്‍ ജിഎസ്ടി രജിസ്ട്രേഷന് എടുക്കാത്തതിനാല്‍ വാടകയുടെ ജിഎസ്ടി അടയ്ക്കുകയാണ്. അതിനുപുറമെയാണ് ഇപ്പോള്‍ യുപിഐ പേമെന്റുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്.
ചെറുകിട-ഇടത്തരം ഹോട്ടലുകളിലെ ദൈനംദിന ഇടപാടുകളില്‍ ഡിജിറ്റല്‍ പേമെന്റുകള്‍ക്ക് വലിയ പങ്കാണുള്ളത്. യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട സര്‍വീസ് ചാര്‍ജ് ബാധകമാകുന്ന പരിധി 10,000 രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് കേന്ദ്രസര്‍ക്കാരിനു നിവേദനം നല്‍കിയതായി സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറല്‍സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖും അറിയിച്ചു.
Tags : KHRA ServiceCharge UPITransactions Business