പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗം റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് സേവനമേഖലയിൽ നടത്തിയ പരിശോധനയിൽ 7.56 കോടി രൂപയുടെ നികുതിവെട്ടിപ്പു കണ്ടെത്തി.
ദക്ഷിണ റെയിൽവേയുടെ പരിസരങ്ങളിൽ വാഹന പാർക്കിംഗ് സേവനം നൽകിവരുന്ന 22 നികുതിദായകരുടെ വ്യാപാരസ്ഥലങ്ങളിലും വസതികളിലും മറ്റിടങ്ങളിലും ഉൾപ്പടെ 69 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണു വൻ നികുതിവെട്ടിപ്പു കണ്ടെത്തിയത്. നികുതിദായകർ റിട്ടേണിൽ കാണിച്ച ടേണ്‍ ഓവർ യഥാർഥ സേവനങ്ങളിൽ നിന്നുള്ള ടേണ്‍ ഓവറിനേക്കാൾ ഗണ്യമായി കുറവാണെന്നു കണ്ടെത്തി.
ഒന്നിലധികം ക്യു ആർ കോഡുകൾ ഉപയോഗിച്ചുള്ള പണമിടപാടും പരിശോധനയിൽ കണ്ടെത്തി. 42 കോടി രൂപയുടെ ടേണ്‍ ഓവർ വെട്ടിപ്പും 7.56 കോടിയുടെ നികുതിവെട്ടിപ്പും പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്.
13 നികുതിദായകരുടെ വ്യാപാര ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സോഫ്റ്റ്്വേറിൽനിന്നും മറ്റു നികുതിദായകരുടെ വിവരങ്ങൾ ബുക്കുകൾ, രജിസ്റ്ററുകൾ, മൊബൈൽ ചാറ്റുകൾ എന്നിവയിൽ നിന്നും ശേഖരിച്ചു. ഇതുസംബന്ധിച്ച് കൂടുതൽ വിശദമായ അന്വേഷണം പുരോഗമിച്ചുവരികയാണ്.
കെഎസ്ആർടിസി, ആശുപത്രികൾ, മാളുകൾ, തിയറ്ററുകൾ മുതലായ സ്ഥലങ്ങളിലെ ആയിരത്തിലധികം വാഹന പാർക്കിംഗിന്റെ വിവരങ്ങൾ സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഇത്തരം നികുതിവെട്ടിപ്പു നടത്തുന്ന സ്ഥലങ്ങളിൽ പരിശോധന തുടരും.
നികുതി വെട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് [email protected]. in എന്ന ഇ മെയിൽ വിലാസത്തിൽ രഹസ്യ വിവരം അറിയിക്കാം.
Tags : VehicleParking RailwayStations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash