ന്യൂഡൽഹി: പാലക്കാടുൾപ്പെടെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്.
രാജ്യത്തെ നാല് റെയിൽവേ സോണുകളിലെ എട്ട് റെയിൽവേ സ്റ്റേഷനുകളിലുള്ള വാട്ടർ കൂളറുകളിലാണ് ഭക്ഷ്യവിഷബാധ, വയറിളക്കം, വൃക്ക തകരാറുകൾ എന്നിവയ്ക്കു കാരണമായേക്കാവുന്ന ഇ കോളി ബാക്ടീരിയയെ കണ്ടെത്തിയത്.
ദക്ഷിണ റെയിൽവേയിലെ പാലക്കാട്, കോയമ്പത്തൂർ, സൗത്ത് സെൻട്രലിലെ ഹൈദരാബാദ്, സെൻട്രൽ റെയിൽവേയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ഭിവണ്ടി റോഡ്, കല്യാൺ, ലോനവാല, ഈസ്റ്റേൺ റെയിൽവേയിലെ മധുപുർ എന്നീ റെയിൽവേ സ്റ്റേഷനുകളിലും ബാക്ടീയ സാന്നിധ്യമുണ്ട്.
രാജ്യത്തുടനീളമുള്ള 512 സബ് അർബൻ ഇതര ഗ്രേഡ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധനകളിൽ വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യങ്ങളില്ലെന്നും സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പരിശോധന നടത്തിയ 512 സ്റ്റേഷനുകളിലെ 458 സ്റ്റേഷനുകളിലും മിനിമം അവശ്യ സൗകര്യങ്ങളില്ല. മുംബൈ സെൻട്രൽ, ന്യൂഡൽഹി, മുംബൈ ഛത്രപതി ശിവജി ടെർമിനസ് തുടങ്ങിയ പ്രമുഖ സ്റ്റേഷനുകളും സീറ്റുകൾ, സാനിറ്ററി സൗകര്യങ്ങൾ, ഡസ്റ്റ് ബിന്നുകൾ തുടങ്ങിയവ മോശമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.