പ്രതീകാത്മക ചിത്രം
കോട്ടയം: “ഹലോ സാര്‍... ഇവിടെ വാറ്റു നടക്കുന്നു, സാര്‍ ഇവിടെ ഡ്രൈഡേയില്‍ മദ്യവില്പനയുണ്ട്, ഇവിടെ കഞ്ചാവു വില്പനക്കാരനെത്തുന്നുണ്ട്...” ഫോണിലൂടെ എക്സൈസിനു വിവരങ്ങള്‍ കൈമാറിയിരുന്നതു ഇനി പഴങ്കഥ. പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും രഹസ്യവിവരങ്ങള്‍ സ്വീകരിക്കുന്നതിന് എക്സൈസ് വകുപ്പ് ‘പീപ്പിള്‍സ് ഐ’ എന്ന പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി.
ലഹരിവസ്തുക്കളുടെയും അനധികൃത മദ്യത്തിന്റെയും നിര്‍മാണം, സംഭരണം, വില്പന, ഉപയോഗം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായും രഹസ്യമായും എക്സൈസിനെ അറിയിക്കുന്നതിനുള്ള സൗകര്യമാണ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്.
ലഹരിവിരുദ്ധ പോരാട്ടത്തില്‍ പൊതുജനങ്ങളെയും സജീവ പങ്കാളികളാക്കുന്നതിനൊപ്പം എക്സൈസ് ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള ഏകോപനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമാണ് പീപ്പിള്‍സ് ഐ ആപ്പ്. വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താതെതന്നെ അനധികൃത ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ആപ്പിലൂടെ കൈമാറാനാകും.
ലഭിക്കുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട പ്രദേശത്തിന്റെ ചുമതലയുള്ള എക്സൈസ് ഓഫിസിലേക്ക് തത്സമയം കൈമാറുന്നതിനാല്‍ പരാതികളില്‍ വേഗത്തില്‍ തുടര്‍നടപടിയുണ്ടാകും. നിലവില്‍ ഇത്തരം കാര്യങ്ങള്‍ പൊതുജനങ്ങള്‍ എക്സൈസിനെ അറിയിക്കുന്നതു ഫോണിലൂടെയാണ് ഇത്തരം രഹസ്യവിവരങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നു പറയുമ്പോഴും പലരും വിവരങ്ങള്‍ ഉദ്യോഗസ്ഥരെ അറിയിക്കാന്‍ മടിക്കുകയാണ്. പീപ്പിള്‍ ഐ ആപ്പ് വരുന്നതോടെ കൂടുതല്‍ ആളുകള്‍ രഹസ്യവിവരങ്ങള്‍ ഉദ്യോഗസ്ഥരെ അറിയിക്കുമെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്.
ആപ്പിന്റെ പ്രവര്‍ത്തനം ഇങ്ങനെ
പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ തത്സമയം സ്വീകരിക്കുകയും ബന്ധപ്പെട്ട എക്സൈസ് ഓഫീസിലേക്ക് സ്വമേധയാ കൈമാറുകയും ചെയ്യുന്ന സംവിധാനമാണ് ആപ്പില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഫീല്‍ഡ് ഓഫീസുകള്‍ പരാതികളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തത്സമയം നിരീക്ഷിക്കാനും ഇതിലൂടെ കഴിയും. ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും സംബന്ധിച്ച വിവരങ്ങളില്‍ സമയബന്ധിതമായ ഇടപെടല്‍ ഉറപ്പാക്കുന്നതിനും നടപടി വേഗത്തിലാക്കുന്നതിനും സംവിധാനം സഹായകമാകും.
പരാതികളില്‍ കൃത്യമായ നടപടിയും തുടര്‍നടപടികളുടെ സുാര്യതയും ഉറപ്പാക്കുന്നതിനായി എക്സൈസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കണ്ട്രോള് റൂം സജ്ജീകരിച്ചിട്ടുണ്ട്.
Tags : SmartExcise PeoplesEyeApp Information Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash