ലോഗോ
തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകളുടെ മൊത്തം ബിസിനസിൽ കേരളാ ബാങ്ക് നാലാം സ്ഥാനത്ത് എത്തിയെന്ന് പ്രസിഡന്റ് പി. മോഹനൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ മാർച്ച് 31 വരെ കേരള ബാങ്കിന്റെ മൊത്തം ബിസിനസ് 1,28,697 കോടിയായാണ് വർധിച്ചത്.
2025-26 വർഷത്തിൽ മാത്രം 7700 കോടിയുടെ ബിസിനസ് വളർച്ചയാണ് ബാങ്കിനുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മുൻ വർഷം അഞ്ചാം സ്ഥാനത്തായിരുന്നു ബാങ്ക് സ്ഥിതി മെച്ചപ്പെടുത്തി.
കേരള ബാങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി. ഇന്റർനെറ്റ് ബാങ്കിംഗ്, മർച്ചന്റ് അക്വിസിഷൻ (ക്യുആർ കോഡ്) എന്നിവയുടെ ഉദ്ഘാടനം ഈ മാസം 22ന് എറണാകുളം അങ്കമാലി അഡ് ലക്സ് കണ്വെൻഷൻ സെന്ററിൽ മന്ത്രി എം.ലിജു നിർവഹിക്കും.
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുൾപ്പടെ ബാങ്കിന്റെ എല്ലാ ഇടപാടുകാർക്കും ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം നൽകും. ബാങ്കിന്റെ ശാഖയിൽ പോകാതെ തന്നെ ഇടപാടുപൂർത്തിയാക്കാൻ ഇത് സഹായകമാകും. ക്യുആർ കോഡ് സംവിധാനം വ്യാപാരികൾക്കും ഗുണകരമാകും. ഇംഗ്ലീഷ്, മലയാളം, തമിഴ്, ബംഗാളി, കന്നഡ ഭാഷകളിൽ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ടാകും.
കേരളാ ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി.രാജേഷ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, എക്സിക്യൂട്ടീവ് ഡയറക്ടർ റോയ് ഏബ്രഹാം, ചീഫ് ജനറൽ മാനേജർമാരായ എ.ആർ. രാജേഷ്, എ. അനിൽ കുമാർ, ടി.കെ. റോയ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : KeralaBank TotalBusiness 4thRank Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash