കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ വ്യാജ രേഖകളുമായി ജോലി ചെയ്തുവരികയായിരുന്ന ബംഗ്ലാദേശുകാരന് പിടിയിൽ. ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകളുമായാണ് ഇയാൾ അക്കാദമിയിൽ ജോലി ചെയ്തുവന്നിരുന്നത്. ഇയാളുടെ പക്കലുള്ള വ്യാജ ആധാർ കാർഡിൽ ബിപ്ലബ് സോറൻ (32) എന്ന പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ബംഗാൾ മുർഷിദാബാദ് പൊലിസിന്റെ പേരിലുള്ള വ്യാജ പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാൾ ഹാജരാക്കിയിരുന്നു.
ഒരു വർഷമായി നാവിക അക്കാദമിയിലെ ലോൺട്രി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു പ്രതി. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് അധികൃതർ നിരീക്ഷിക്കാൻ തുടങ്ങിയത്. നാവികസേന ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്യുകയും ഫോണിൽ നിന്ന് ബംഗ്ലാദേശ് പൗരത്വ രേഖകൾ കണ്ടെത്തുകയും ചെയ്തു. പിന്നാലെ പയ്യന്നൂർ പൊലിസിന് പ്രതിയെ കൈമാറുകയായിരുന്നു.
രണ്ടുദിവസം മുൻപ് കണ്ണൂരിലെ സ്പായിൽനിന്ന് അഞ്ച് ബംഗ്ലാദേശി യുവതികളെയും പൊലിസ് പിടികൂടിയിരുന്നു. വ്യാജ ഇന്ത്യൻ രേഖകളുമായാണ് ഇവരെയും പിടികൂടിയത്. കൂടുതൽ ബംഗ്ലദേശികൾ തങ്ങളുടെ പൗരത്വം മറച്ചുവച്ച് ജില്ലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഇവർ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
Tags : Fake documents Indian citizenship Bangladeshi arrested Ezhimala Naval Academy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash