തിരുവനന്തപുരം: വധശ്രമം തുടങ്ങി 17 കേസുകളിലെ പ്രതി അറസ്റ്റിൽ. ലഗാൻ മനു, കെജിഎഫ് മനു എന്നീ പേരുകളിൽ വിളിക്കുന്ന തിരുവല്ലം പാലപ്പൂര് സ്വദേശി മനുകുമാറിനെയാണ് (34) തിരുവല്ലം പൊലിസ് അറസ്റ്റു ചെയ്തത്. ബെംഗളൂരുവിൽനിന്നു സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്ന പ്രധാന കണ്ണിയുമാണ് പ്രതി.
കഞ്ചാവ് കേസിൽ പൊലിസിനു ഒറ്റിക്കൊടുത്തു എന്ന പേരിൽ മലയിൻകീഴ് സ്വദേശിയെ പാലപ്പൂരിലേക്ക് വിളിച്ചുവരുത്തി സംഘം ചേർന്ന് ബിയർ കൂപ്പി ഉപയോഗിച്ചു തലയ്ക്കടിച്ചു ഗുരുതര പരുക്കേൽപ്പിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയാണിയാൾ. കേസിലെ മറ്റ് രണ്ട് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.
സംഭവത്തിന് പിന്നാലെ ബെംഗളൂരുവിലേക്ക് മുങ്ങിയ ഇയാൾ പൊലിസ് പിന്തുടരുന്ന വിവരമറിഞ്ഞ് മഹാരാഷ്ട്രയിലേക്ക് കടന്നു. തിരുവല്ലം എസ്ഐ സന്തോഷ് ഉൾപ്പെട്ട പൊലിസ് സംഘം മഹാരാഷ്ട്ര പൊലിസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. തിരുവല്ലം കൂടാതെ കോവളം, വട്ടിയൂർക്കാവ് സ്റ്റേഷനുകളിൽ മനുവിന് കേസുകളുണ്ട്. ഇയാൾക്കെതിരെ കാപ്പ ചുമത്താനാണ് തീരുമാനം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : case murder attempt accused apprehended Police Maharashtra Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash