National
മുംബൈ: പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അധോലോക കുറ്റവാളി നേതാവുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് മഹാരാഷ്ട്രയിൽ വിവിധയിടങ്ങളിൽ ഭീകരവിരുദ്ധ സേന (എടിഎസ്) വ്യാപക റെയ്ഡ് നടത്തി.
ബുധനാഴ്ച രാവിലെ മുതൽ മുംബൈ ഉൾപ്പടെ മഹാരാഷ്ട്രയിലെ നാൽപതോളം കേന്ദ്രങ്ങളിലായിരുന്നു ഒരേ സമയം റെയ്ഡ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 53 പേരെ എടിഎസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
വിദേശത്തിരുന്ന് ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്ന ഷെഹ്സാദ് ഭട്ടി എന്നയാളുമായി സമ്പർക്കം പുലർത്തിയവരെ ലക്ഷ്യമിട്ടായിരുന്നു എടിഎസിന്റെ നടപടി. സാമൂഹികമാധ്യമങ്ങൾ വഴി ഇന്ത്യൻ യുവാക്കളെ സ്വാധീനിക്കാനും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും ഭട്ടി ശ്രമിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മുംബൈ, അക്കോള, നാന്ദെഡ്, പൂന, മീര റോഡ്, നളസോപാര, നാസിക്, ജൽഗാവ്, നാഗ്പുർ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണു പരിശോധന നടന്നത്.
ഭട്ടിയുടെ സിൻഡിക്കറ്റുകളുമായി ബന്ധമുള്ള ചില വ്യക്തികളുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് എടിഎസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 53 പേരെ തിരിച്ചറിഞ്ഞതും അവരുടെ ഒളിത്താവളങ്ങളിൽ പരിശോധന നടത്തിയതും. ഇവരുടെ സാമൂഹികമാധ്യമങ്ങളിലെയും സാമ്പത്തിക ഇടപാടുകളും എടിഎസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
കഴിഞ്ഞയാഴ്ച ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
ഷെഹ്സാദ് ഭട്ടി ശൃംഖലയിലെ അംഗങ്ങൾ വഴിയാണ് ഈ പദ്ധതികൾ ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ ഒന്പത് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മഹാരാഷ്ട്രയിലും കർശന പരിശോധന നടക്കുന്നത്.
യുവാക്കളെ ആഡംബരജീവിതവും പണവും വാഗ്ദാനം ചെയ്ത് ക്രിമിനൽ സംഘങ്ങളിലേക്ക് എത്തിക്കാനാണ് ഭട്ടി ശ്രമിക്കുന്നതെന്നും ഇയാളുടെ നിരവധി സ്ലീപ്പർസെല്ലുകൾ മഹാരാഷ്ട്രയിലുണ്ടെന്നും എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
National
സാംഗ്ലി: മഹാരാഷ്ട്രയിൽ കനത്ത മഴയിലും കാറ്റിലും ക്ഷേത്ര മതിൽ തകർന്നും ടിൻ ഷീറ്റുകൾ പതിച്ചും ആറു പേർ മരിച്ചു. 14 പേർക്കു പരിക്കേറ്റു.
സാംഗ്ലി ജില്ലയിലെ മോത്തേവാഡി ഗ്രാമത്തിലെ മർഗുദേവി ക്ഷേത്രത്തിലായിരുന്നു അപകടം. ചൊവ്വാഴ്ചകളിലാണ് ക്ഷേത്രത്തിൽ കൂടുതലായി ഭക്തരെത്തുന്നത്.
ഇന്നലെ അപകടമുണ്ടാകുന്പോൾ ഏകദേശം 350 വിശ്വാസികൾ ക്ഷേത്രത്തിലുണ്ടായിരുന്നു. കനത്ത മഴയും കാറ്റും ഉണ്ടായതോടെ ആളുകൾ ടിൻ ഷീറ്റിന്റെ അടിയിലേക്കു മാറി. മതിലും ടിൻ ഷീറ്റും പെട്ടെന്നു തകർന്നുവീഴുകയായിരുന്നു.
National
താനെ: മഹാരാഷ്ട്രയിലെ അംബർനാഥ് നഗരസഭയിൽ കോൺഗ്രസിന് വൻ തിരിച്ചടി. ബിജെപിയുമായി കൈകോർത്തതിന് പാർട്ടി സസ്പെൻഡ് ചെയ്ത 12 കോൺഗ്രസ് കൗൺസിലർമാരും ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ബുധനാഴ്ച രാത്രി ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദ്ര ചവാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഡിസംബർ 20ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ, ഏറ്റവും വലിയ ഒറ്റകക്ഷിയായ ശിവസേനയെ (ഏക്നാഥ് ഷിൻഡെ വിഭാഗം) ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ ബിജെപിയും കോൺഗ്രസും അജിത് പവാറിന്റെ എൻസിപിയും ചേർന്ന് 'അംബർനാഥ് വികാസ് അഘാഡി' രൂപീകരിച്ചിരുന്നു.
60 അംഗ നഗരസഭയിൽ ശിവസേനയ്ക്ക് 27 സീറ്റുകളാണ് ലഭിച്ചത്. എന്നാൽ ബിജെപി (14), കോൺഗ്രസ് (12), എൻസിപി (4), ഒരു സ്വതന്ത്രൻ എന്നിവർ ചേർന്നതോടെ സഖ്യത്തിന് 31 സീറ്റുകളായി. ഇതോടെ ഭരണത്തിലെത്താൻ ആവശ്യമായ ഭൂരിപക്ഷം (30) ഇവർ മറികടന്നു.
ബിജെപിയുമായി ചേർന്ന് സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വം 12 കൗൺസിലർമാരെയും ബ്ലോക്ക് പ്രസിഡന്റിനെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത്.
National
മുംബൈ: മഹാരാഷ്ട്രയിൽ ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്ക് മറാത്തി ഭാഷ അറിഞ്ഞിരിക്കണമെന്നതു നിർബന്ധമാക്കി.
തീരുമാനം ഫലപ്രദമായി നടപ്പാക്കാൻ അടുത്തമാസം ഒന്നുമുതൽ ഓഗസ്റ്റ് 15 വരെ പ്രത്യേക പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി പ്രതാപ് സർനായിക് അറിയിച്ചു. മറാത്തി അറിയില്ല എന്ന ഒറ്റക്കാരണത്താൽ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കില്ലെന്നു തീരുമാനത്തെക്കുറിച്ച് മന്ത്രി വിശദീകരിച്ചു.
അതേസമയം അനധികൃതമായി ആളുകളെ കൊണ്ടുപോകുന്നവർക്കെതിരേ കർക്കശ നടപടി സ്വീകരിക്കും. നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ നിയമലംഘകർക്കെതിരേ കർക്കശ നടപടി സ്വീകരിക്കും.
National
നാസിക്: മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പുതിയ വെളിപ്പെടുത്തലുകളുമായി നാസിക്കിലെ സ്വയം പ്രഖ്യാപിത ആൾദൈവം അശോക് ഖാരത്തിനെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്നു. സംസ്ഥാനത്തെ മന്ത്രിസഭാ രൂപീകരണത്തിലും മന്ത്രിമാരെ നിശ്ചയിക്കുന്നതിലും ഖാരത്ത് സ്വാധീനം ചെലുത്താൻ ശ്രമിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഇതിനിടെ, ഏഴാമത്തെ ലൈംഗിക പീഡനക്കേസിൽ ഇയാളെ ഏപ്രിൽ 29 വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.
മഹാരാഷ്ട്രയിലെ മന്ത്രിസഭാ അംഗങ്ങളെ നിശ്ചയിക്കുന്നതിൽ ഖാരത്ത് നിർണായക സ്വാധീനം ചെലുത്തിയെന്നും പല പ്രമുഖ നേതാക്കളും ഇയാളുടെ നിർദേശങ്ങൾ സ്വീകരിച്ചിരുന്നതായും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ഇയാൾക്കൊപ്പം പ്രമുഖ രാഷ്ട്രീയ നേതാക്കൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം തേടിയെത്തിയ ഒരു വീട്ടമ്മയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു എന്നതാണ് ഖാരത്തിനെതിരെയുള്ള പുതിയ കേസ്.
യുവതിയുടെ ഭർത്താവിനെ പുറത്തിരുത്തിയ ശേഷമായിരുന്നു ക്രൂരകൃത്യം. ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് നാസിക് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഖാരത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രഹസ്യ ലോക്കറിൽ നിന്ന് രണ്ട് ബ്ലാങ്ക് ചെക്കുകളും മറ്റ് പല രേഖകളും പോലീസ് കണ്ടെടുത്തു. രാഷ്ട്രീയ നേതാക്കളുമായും പ്രമുഖരുമായും ഇയാൾ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ഇതിലൂടെ പുറത്തുവരുമെന്നാണ് സൂചന.
മുൻ മെർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഇയാൾക്കെതിരെ ഇതുവരെ പന്ത്രണ്ടോളം ലൈംഗിക പീഡനക്കേസുകളും നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദിവ്യശക്തിയും മന്ത്രവാദവും അവകാശപ്പെട്ടായിരുന്നു ഇയാളുടെ തട്ടിപ്പുകൾ. മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട മന്ത്രവാദ ആരോപണങ്ങളിലും ഖാരത്തിന്റെ പേര് ഉയർന്നു വന്ന സാഹചര്യത്തിൽ, ഈ കേസ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.
National
മുംബൈ: വർഷങ്ങൾക്ക് മുൻപ് അധോലോക ഗുണ്ട സാദിഖ് കാലിയയെ വധിക്കാൻ പോലീസിന് രഹസ്യ വിവരം നൽകിയയാളെ കൊലപ്പെടുത്തി അനന്തരവൻ. ഇഖ്ബാല് ഇബ്രാഹിം സെലിയ(78) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടർന്ന് കാലിയയുടെ അനനന്തരവന് സാദിഖ് ജവാർ(29), സുഹൃത്ത് നൗഷാദ് മിത്താനി(22) എന്നിവരാണ് പിടിയിലായത്. ഇഖ്ബാല് ഇബ്രാഹിം സെലിയയെ പ്രതികൾ വീട്ടില് കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
27 വര്ഷങ്ങള്ക്ക് മുൻപാണ് ഛോട്ടാ ഷക്കീലിന്റെ അനുയായി ആയിരുന്ന സാദിഖ് കാലിയയെ മുംബൈ പോലീസ് വധിച്ചത്. ഈ സമയം രണ്ട് വയസുകാരനായിരുന്ന സാദിഖ് ജവാർ വർഷങ്ങൾക്കിപ്പുറം പക വീട്ടുകയായിരുന്നു.
National
മുംബൈ: ബിഹാറിൽ നിന്നും മഹാരാഷ്ട്രയിലേക്ക് ബാലവേലയ്ക്ക് കടത്തിയ പ്രായപൂർത്തിയാകാത്ത 163 കുട്ടികളെ രക്ഷപെടുത്തി. എല്ലാവരും ആൺകുട്ടികളാണ്. മധ്യപ്രദേശിലെ കട്നി ജില്ലയിൽ നിന്നുമാണ് ഇവരെ എത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് മുതൽ 13 വയസ് വരെ പ്രായമുള്ള കുട്ടികളെ വിദ്യാഭ്യാസത്തിനായി ലാത്തൂരിലെ മദ്രസയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് അറസ്റ്റിലായവർ പോലീസിന് മൊഴി നൽകി.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ഗവൺമെന്റ് റെയിൽവേ പോലീസും (ജിആർപി) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ടിക്കറ്റും മതിയായ രേഖകളുമില്ലാതെ പാറ്റ്ന-പൂർണ എക്സ്പ്രസിൽ യാത്ര ചെയ്ത കുട്ടികളെ കട്നി റെയിൽവേ സ്റ്റേഷനിൽ വച്ച് രക്ഷപെടുത്തിയത്.
കുട്ടികളെ ബിഹാറിലെ അരാരിയ മേഖലയിൽ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ആർപിഎഫ് കട്നി ഇൻസ്പെക്ടർ വീരേന്ദ്ര സിംഗ് പറഞ്ഞു.
ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നുള്ള എട്ട് പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 143(4) (പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളെ കടത്തൽ) പ്രകാരം ജിആർപി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിംഗ് പറഞ്ഞു.
കുട്ടികളെ ലാത്തൂരിലേക്ക് ജോലിക്കായി കൊണ്ടുപോകുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായതെന്നും ജിആർപി കേസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്രയിൽ ഭർതൃവീട്ടിലെ ഗാർഹിക പീഡനത്തെ തുടർന്ന് കൗമാരക്കാരി ജീവനൊടുക്കി. സോളാപൂർ ജില്ലയിലെ മംഗൽവേധ തഹ്സിലിലാണ് സംഭവം. 14കാരിയാണ് മരിച്ചത്.
നാലു മാസങ്ങൾക്ക് മുൻപാണ് 19കാരനുമായി കുട്ടിയുടെ വിവാഹം നടത്തിയത്. പിന്നീട് തുടർച്ചയായ ഗാർഹിക പീഡനത്തിന് ഇരയായ കുട്ടി, ജീവനൊടുക്കുകയായിരുന്നു.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും ഇവർ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭർത്താവിനും ഭർതൃപിതാവിനും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ മംഗൾവേദ പോലീസ് കേസെടുത്തു. ഭർത്താവിനെയും ഭർതൃപിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
"ഒന്നാമതായി, പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ല, രണ്ടാമതായി, പല വീട്ടുജോലികളും ചെയ്യാൻ ഭർതൃവീട്ടുകാർ കുട്ടിയെ നിർബന്ധിച്ചു. തന്റെ പ്രായത്തിന്റെ ചെറുപ്പം കാരണം ഈ സമ്മർദങ്ങൾ താങ്ങാൻ കുട്ടിക്ക് കഴിഞ്ഞില്ല. മാത്രമല്ല, ശാരീരിക ബന്ധത്തിന് ഏർപ്പെടാൻ ഭർത്താവ് കുട്ടിയെ നിർബന്ധിക്കുകയും ചെയ്തു. ഇതെല്ലാം കുട്ടിയുടെ മരണത്തിന് കാരണമായി'.-മംഗൽവേദ പോലീസ് സ്റ്റേഷനിലെ പോലീസ് ഇൻസ്പെക്ടർ ദത്താത്രേ ബോറിഗിഡെ പറഞ്ഞു.
National
ചന്ദ്രാപുർ: മഹാരാഷ്ട്രയിലെ ചന്ദ്രാപുരിൽ കടുവയുടെ ആക്രമണത്തിൽ 58 കാരനു ദാരുണാന്ത്യം. നാഗ്ബിഹിദ് വനമേഖലയിലെ മിൻതൗർ സ്വദേശിയായ ഹരിദാസ് മഹാദേവ് ആണ് മരിച്ചത്.
മഹുവ പൂവ് ശേഖരിക്കാൻ വനിത്തിൽ ശനിയാഴ്ച പുലർച്ചെയാണ് വീട്ടിൽനിന്ന് തിരിച്ചത്. രാത്രിയായിട്ടും തിരിച്ചെത്താതായതോടെ കുടുംബാംഗങ്ങൾ തിരച്ചിൽ തുടങ്ങി. അകന്ന ബന്ധുവാണ് പ്രദേശത്ത് രണ്ട് കടുവകളെയും രണ്ട് കുട്ടികളെയും കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ പിറ്റേന്നാണ് ഹരിദാസിന്റെ മൃതദേഹം കണ്ടെത്തിയത്.
National
മുംബൈ: മഹാരാഷ്ട്രയിലെ വസായിൽ നാല് വയസുകാരനെ അതിക്രൂരമായി മർദിച്ച പ്രതി പിടിയിൽ. വസായ് സ്വദേശി സന്ദീപ് പന്തുറംഗ് പവാർ ആണ് പിടിയിലായത്. പ്രതിയെ തടയാനെത്തിയ കുട്ടിയുടെ മുത്തശിയെയും ഇയാൾ ഉപദ്രവിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി വസായിലെ അനുപം ഖർ കോംപ്ലക്സിന് സമീപമാണ് സംഭവം. പ്രതിയായ സന്ദീപ് പവാറും കുട്ടിയുടെ പിതാവും തമ്മിൽ മുൻപ് ചെറിയൊരു വാക്കുതർക്കമുണ്ടായിരുന്നു. ഇതേ തുടർന്നുള്ള പകയാണ് നാല് വയസുകാരനെ മർദിക്കുന്നതിലേക്ക് നയിച്ചത്.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ മറ്റ് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു നാല് വയസുകാരൻ വിഗ്നേഷ്. ഓട്ടോയിൽ ഇരിക്കുന്ന കുട്ടിയെ കണ്ടതും പ്രകോപിതനായ സന്ദീപ് ഓടിയെത്തി കുട്ടിയുടെ കാലിൽ പിടിച്ച് പുറത്തേക്ക് വലിച്ചിറക്കി.
കാലിൽ പിടിച്ച് കുട്ടിയെ ഉയർത്തി തല നിലത്തടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ ഇരുമ്പ് കമ്പിയിലേക്കും കുട്ടിയുടെ തല ഇടിപ്പിച്ചു. അതിനുശേഷം റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മുത്തശിയെയും പ്രതി ആക്രമിച്ചു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഗ്നേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
National
മുംബൈ: പാക്കിസ്ഥാൻ നിർമിത സൗന്ദര്യവർധക ഉത്പന്നങ്ങൾ വിറ്റഴിച്ച മഹാരാഷ്ട്ര ഛത്രപതി സംഭാജി നഗറിൽ കടയുടമകൾക്കെതിരേ കേസ്.
മുഹമ്മദ് അബ്രാർ, അൻകുർ അഗർവാൾ, ജുമാൻ ഖാൻഎന്നിവർക്കെതിരേയാണ് വിദേശ വ്യാപര നിയമപ്രകാരം കേസെടുത്തത്.
സോപ്പ് ഉൾപ്പെടെ പാക്കിസ്ഥാനിൽ നിർമിച്ച 28 ഉത്പന്നങ്ങൾ കടകളിൽനിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
National
മുംബൈ: ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി യോഗേഷ് കദം. അന്വേഷണം ഇഴഞ്ഞുനീങ്ങിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അപകടമരണം സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയശേഷമാണ് ഇത്തരം സംഭവങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുക. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന മട്ടിലുള്ള തെറ്റായ സന്ദേശമാണ് പ്രചരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
മഹാരാഷ്ട്ര പോലീസ് കേസ് രജിസ്റ്റർ ചെയ്യാത്തതിനാൽ കർണാടക പോലീസിനെ സമീപിക്കുമെന്ന് ശരദ് പവാർ വിഭാഗം എംഎൽഎ രോഹിത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
National
മുംബൈ: യുവതിയെ പീഡിപ്പിച്ചകേസിൽ മഹാരാഷട്രയിലെ പ്രമുഖ ജ്യോത്സ്യൻ അറസ്റ്റിൽ. നാസിക് സ്വദേശി അശോക് ഖാരാത്തി (67) നെയാണ് 35 കാരിയുടെ പരാതിയിൽ പോലീസ് അറസ്റ്റ്ചെയ്തത്.
യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ കൂടുതൽ സ്ത്രീകളെ ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ തെളിവുകൾ ലഭിച്ചതായി പോലീസ് പറഞ്ഞു. ജ്യോത്സ്യനായ അശോക് ഖാരാത്ത് റിട്ട. മർച്ചന്റ് നേവി ഓഫീസറാണ്.
വിഐപി ജ്യോത്സ്യനായി അറിയപ്പെട്ടിരുന്ന പ്രതി ക്യാപ്റ്റൻ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. സ്ത്രീകളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്നായിരുന്നു പ്രതിയുടെ വാഗ്ദാനം. തുടർന്ന് സ്ത്രീകൾ പ്രശ്നപരിഹാരത്തിനായി വരുമ്പോൾ ലഹരിമരുന്ന് നൽകി ലൈംഗികമായി ഉപദ്രവിക്കുന്നതായിരുന്നു രീതി.
ഭർത്താവ് മരിക്കുമെന്നും മന്ത്രവാദംചെയ്ത്ത് അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയും ഇയാൾ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗംചെയ്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഓഫീസിനുള്ളിൽ ഒട്ടേറെ രഹസ്യ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നതായി കണ്ടെത്തി.
National
മുംബൈ: നിർബന്ധിത മതപരിവർത്തനങ്ങൾ തടയുന്നതിനായുള്ള 'ഫ്രീഡം ഓഫ് റിലീജിയൻ ബിൽ 2026'പാസാക്കി മഹാരാഷ്ട്ര നിയമസഭ. ഭീഷണിപ്പെടുത്തിയോ, പ്രലോഭനങ്ങളിലൂടെയോ, ചതിയിലൂടെയോ അല്ലെങ്കിൽ വിവാഹം വഴിയോ ഉള്ള മതപരിവർത്തനങ്ങൾ നിരോധിക്കുന്ന കർശനമായ വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
വിവാഹ വാഗ്ദാനം നൽകിയോ വിവാഹത്തിന്റെ മറവിലോ നിയമവിരുദ്ധമായി മതപരിവർത്തനം നടത്തുന്നവർക്ക് ഏഴ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. പ്രായപൂർത്തിയാകാത്തവർ, മാനസികാസ്വാസ്ഥ്യമുള്ളവർ, സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവരെ മതപരിവർത്തനം നടത്തിയാൽ ഏഴ് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
കൂട്ടത്തോടെയുള്ള മതപരിവർത്തനങ്ങൾക്കും ഏഴ് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഒരേ കുറ്റം ആവർത്തിക്കുന്നവർക്ക് പത്ത് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കാം. മതപരിവർത്തനം സ്വന്തം ഇഷ്ടപ്രകാരവും സുതാര്യവുമാണെന്ന് ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര സഹമന്ത്രി പങ്കജ് ഭോയർ നിയമസഭയിൽ വ്യക്തമാക്കി.
National
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ സ്ഫോടനത്തിൽ 11 തൊഴിലാളികൾക്കു പൊള്ളലേറ്റു.
മഹാരാഷ്ട്ര വ്യവസായ വികസന കോർപറേഷന്റെ ലോട്ടെ പരശുറാമിലെ ഡോ. ഖാൻ ഇൻഡട്രിയൽ കൺസൾട്ടന്റ്സിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.
ഗുരുതരമായി പൊള്ളലേറ്റ നാലുപേരെ വിദഗ്ധചികിത്സയ്ക്കായി നവിമുംബൈയിലേക്കു കൊണ്ടുവന്നു.
Viral
മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നുണ്ടായ വേദനാജനകമായ ഈ വാർത്ത മനസാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ്. നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷം ഒരു കൊച്ചുബാലന്റെ ജീവിതത്തിൽ തീരാവേദനയായി മാറിയത് മുത്തശ്ശിയുടെ നിമിഷനേരത്തെ പ്രകോപനം മൂലമാണ്.
മാർച്ച് മൂന്നിന് കോരാടിയിലെ ആരാംഷിൻ മേഖലയിൽ നടന്ന ഈ ദാരുണമായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.
വീടിന് പുറത്ത് ആവേശത്തോടെ ഹോളി ആഘോഷിക്കുകയായിരുന്ന നാല് വയസുകാരനായ ഓം, കളിക്കിടയിൽ തന്റെ പക്കലുണ്ടായിരുന്ന സ്പ്രേ കുപ്പി ഉപയോഗിച്ച് മുത്തശ്ശി സിന്ധു താക്കറെയുടെ ദേഹത്തേക്ക് നിറം കലർന്ന വെള്ളം ഒഴിച്ചു.
ഈ സമയം മുത്തശ്ശി ഹോളി ആഘോഷത്തിന്റെ ഭാഗമായി കൂട്ടിയിട്ട തീക്കുണ്ഡത്തിന് മുകളിൽ ചൂടാക്കിയ വെള്ളം ബക്കറ്റിൽ എടുത്തു വരികയായിരുന്നു.
കുട്ടിയുടെ കളിചിരികൾ ആസ്വദിക്കുന്നതിന് പകരം, ദേഹത്ത് നിറം വീണതിൽ പ്രകോപിതയായ അവർ തന്റെ കയ്യിലുണ്ടായിരുന്ന തിളച്ച വെള്ളം കുഞ്ഞിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
തിളച്ച വെള്ളം വീണ നിമിഷം തന്നെ കുട്ടി വേദനയാൽ പുളയുന്നതും ദൂരേക്ക് ഓടി മാറുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു സ്ത്രീ തണുത്ത വെള്ളമൊഴിച്ച് കുട്ടിയെ സഹായിക്കാൻ ശ്രമിച്ചു.
പിന്നീട് മുത്തശ്ശിയും കുട്ടിയെ ആശ്വസിപ്പിക്കാൻ എത്തിയെങ്കിലും അപ്പോഴേക്കും കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അരയ്ക്ക് താഴെയാണ് കുട്ടിയുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ പൊള്ളലേറ്റത്.
ഉടൻ തന്നെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ ശരീരത്തിൽ 45 ശതമാനത്തോളം പൊള്ളലേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തിൽ കേസെടുത്ത കോരാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഘോഷം ദുരന്തമായി മാറിയ ഈ സംഭവം നാടിനെയാകെ നടുക്കിയിരിക്കുകയാണ്.
National
മുംബൈ: അഞ്ചുവർഷത്തിനിടെ മഹാരാഷ്ട്രയിൽ വന്യജീവി ആക്രമണത്തിൽ ജീവൻനഷ്ടമായത് 420 പേർക്ക്. ഇതിൽ 248 പേരുടെ മരണം കടുവയുടെ ആക്രമണത്തിലാണ്.
104 പേർ പുള്ളിപ്പുലിയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടുവെന്ന് വനംമന്ത്രി ഗണേഷ് നായിക് നിയമസഭയിൽ അറിയിച്ചു. കഴിഞ്ഞവർഷം വിദർഭ മേഖലയിൽ മാത്രം വന്യജീവി ആക്രമണത്തിൽ 47 പേർ മരിച്ചു.
കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കു നഷ്ടപരിഹാരമായി 8.27 കോടിരൂപ വിതരണം ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
National
മുംബൈ: ബൈക്കിന്റെ നമ്പർ പ്ലേറ്റിന് കേടുപാട് വരുത്തിയെന്ന കാരണത്താൽ വിദ്യാർഥികളെയും സഹപ്രവർത്തകരെയും ക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലാത്തൂരിലെ അഹമ്മദ്പുരിന് സമീപമുള്ള ക്രൈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലാണ് സംഭവം.
അധ്യാപകന്റെ ആക്രമണത്തിൽ 30ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. അധ്യാപകൻ ഉജ്വൽ സോണി ആണ് അറസ്റ്റിലായത്.
ആക്രമണത്തിന് പിന്നാലെ ഇയാളെ സ്കൂൾ പ്രിൻസിപ്പൽ സെബ നാദർ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും പോലീസിനു കൈമാറുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടി-നിസാംപുർ കോർപറേഷനിൽ കോൺഗ്രസിനു പിന്തുണയുമായി ഒന്പതു ബിജെപി കൗൺസിലർമാർ. 90 അംഗ കൗൺസിലിൽ ഇതോടെ കോൺഗ്രസിനു ഭൂരിപക്ഷമായി.
ഭീവണ്ടി സെക്കുലർ ഫ്രണ്ട് (ബിഎസ്എഫ്) എന്ന പേരിലാണ് ഒന്പതു ബിജെപി കൗൺസിലർമാർ പ്രത്യേക ഗ്രൂപ്പ് രൂപവത്കരിച്ചത്. 22 കൗൺസിലർമാരാണു ബിജെപിക്കുള്ളത്.
90 അംഗ കൗൺസിലിൽ കോൺഗ്രസിന് 30 അംഗങ്ങളുണ്ട്. ബിജെപി-11, ശിവസേന (ഷിൻഡെ)-12, എൻസിപി (എസ്പി)-12, സമാജ്വാദി പാർട്ടി-6, കൊണാർക് വികാസ് അഗാഡി (4), ഭീവണ്ടി വികാസ് അഗാഡി (3) എന്നിങ്ങനെയാണു മറ്റു പാർട്ടികളുടെ നില.
ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. ശിവസേനയും(ഷിൻഡെ) ബിജെപിയും തമ്മിലുള്ള ഭിന്നതയ്ക്കിടെയാണ് ബിജെപിയിലെ ഒരു വിഭാഗം കോൺഗ്രസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. ശിവസേനയെ പിന്തുണയ്ക്കാൻ സമാജ്വാദി പാർട്ടി തീരുമാനിച്ചിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ സ്കൂളിൽ നിന്നും അമിതമായ അളവിൽ അയൺ ഗുളികകൾ കഴിച്ച 19 സ്കൂൾ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച
സാധാരണയായി സ്കൂളിൽ നിന്നും ആഴ്ചയിലൊന്നു വീതം വിദ്യാർഥികൾക്ക് അയൺ ഗുളികകൾ നൽകി വന്നിരുന്നു. എന്നാൽ അധ്യാപകർ ഇല്ലാതിരുന്നപ്പോഴാണ് ചില വിദ്യാർഥികൾ കൂടുതൽ അളവിൽ ഗുളികകൾ കഴിച്ചത്.
ഇതേ തുടർന്ന് സ്കൂളിലെ 19 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
16 വിദ്യാർഥികളുടെ നില തൃപ്തികരമാണെന്നും മൂന്ന് പേർ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്രയിൽ പരീക്ഷയ്ക്കിടെ വിദ്യാർഥികളെ കോപ്പിയടിക്കാൻ സഹായിച്ച് മാതാപിതാക്കളും ബന്ധുക്കളും. ബീഡ് ജില്ലയിലെ ചൗസലയിലുള്ള ഒരു ജൂനിയർ കോളജിലാണ് സംഭവം.
ഡ്രോൺ ഉപയോഗിച്ചാണ് തട്ടിപ്പ് പിടികൂടിയത്. ചൊവ്വാഴ്ച കോളജിൽ 12-ാം ക്ലാസ് വിദ്യാർഥികളുടെ ഇംഗ്ലീഷ് പരീക്ഷ നടന്നിരുന്നു. പരീക്ഷയ്ക്കിടെ മാതാപിതാക്കളും ബന്ധുക്കളും പരീക്ഷ ഹാളിന് സമീപത്തെ ജനലിലൂടെ വിദ്യാർഥികൾക്ക് ശരിയായ ഉത്തരം പേപ്പറിലൂടെ കൈമാറുകയായിരുന്നു.
തുറസായ സ്ഥലത്താണ് കോളജ് പ്രവർത്തിക്കുന്നത്. ഡ്രോൺ അടുക്കലേക്ക് വരുമ്പോൾ ജനാലകൾക്ക് സമീപം നിൽക്കുന്നവർ ഓടിപ്പോകുന്നത് കാണാം.
പരീക്ഷ തട്ടിപ്പ് നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പാണ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മൂന്ന് മക്കളിൽ ഒരാളെ കൊലപ്പെടുത്തി പിതാവ്.
നന്ദേഡ് ജില്ലയിലെ മുഖേദ് താലൂക്കിലെ കെരൂർ ഗ്രാമവാസിയായ പാണ്ഡുരംഗ് കോണ്ട്മംഗലെയാണ്, ആറു വയസുള്ള മകളെ കൊന്നത്.
സംഭവത്തിൽ പാണ്ഡുരംഗ് (28), ഗ്രാമ സർപഞ്ച് ഗണേഷ് രാമചന്ദ്ര ഷിൻഡെ എന്നിവരെ അറസ്റ്റ് ചെയ്തതായി നിസാമാബാദ് പോലീസ് അറിയിച്ചു.
യെദപ്പള്ളിയിലെ നിസാം സാഗർ കനാലിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് നിസാമാബാദ് പോലീസ് കമ്മീഷണർ പി. സായ് ചൈതന്യ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിൽ മരിച്ചത് മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ കെരൂർ ഗ്രാമത്തിൽ താമസിക്കുന്ന പ്രാചി (ആറ്) ആണെന്ന് തിരിച്ചറിഞ്ഞു.
കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോൾ മകൾ ഒരു ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്ന് പറഞ്ഞ് ഇയാൾ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ താൻ മകളെ കൊലപ്പെടുത്തിയെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.
ഗ്രാമത്തിൽ ഒരു ബാർബർ ഷോപ്പ് നടത്തുന്ന പാണ്ഡുരംഗ് വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു.
പാണ്ഡുരംഗിന് മൂന്ന് വയസുള്ള ഒരു ആൺകുട്ടിയും ആറ് വയസുള്ള ഇരട്ട പെൺകുട്ടികളുമാണുള്ളത്. എന്നാൽ മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് രണ്ട് കുട്ടികൾ എന്ന മാനദണ്ഡം കണക്കിലെടുത്ത് അദ്ദേഹം മത്സരിക്കാൻ യോഗ്യനല്ലായിരുന്നു.
പാണ്ഡൂരാംഗ് ഇതേക്കുറിച്ച് തന്റെ സുഹൃത്തും ഗ്രാമത്തിലെ നിലവിലെ സർപഞ്ചുമായ ഗണേഷ് ഷിൻഡെയുമായി ആലോചിച്ചു. കുട്ടിയെ ഉപേക്ഷിക്കാനാണ് ഇവർ ആദ്യം ആലോചിച്ചത്. എന്നാൽ, മകൾ തിരിച്ചുവന്നാൽ ഉണ്ടാകാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് ഭയന്ന ഇവർ, തുടർന്ന് കുട്ടിയെ കൊല്ലാനും അതൊരു അപകടമാണെന്ന് വരുത്തിത്തീർക്കാനും തീരുമാനിക്കുകയായിരുന്നു.
തുടർന്ന് പാണ്ഡുരംഗ്, പ്രാചിയെ നിസാം സാഗറിലെ കനാലിൽ തള്ളിയിട്ടതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തുള്ള വയലിൽ ജോലി ചെയ്തിരുന്ന ഗ്രാമവാസികൾ വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം കാണുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു.
തുടർന്നാണ് അന്വേഷണം നടത്തുകയും പ്രതികളെ പോലീസ് പിടികൂടുകയും ചെയ്തത്.
National
മുംബൈ: അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എൻസിപി, ബിജെപി, ശിവസേന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഉപമുഖ്യമന്ത്രി പദവിയിലെത്തുന്നത്. നേരത്തെ സുനേത്രയെ നിയമസഭാ കക്ഷി നേതാവായി എൻസിപി തെരഞ്ഞെടുത്തിരുന്നു. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സുനേത്രയെ നേതാവായി തെരഞ്ഞെടുത്തത്. എൻസിപിയുടെ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ തട്ക്കറെയും അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കുന്ന കാര്യം ഔദ്യാഗികമായി തീരുമാനിച്ചത്.
കഴിഞ്ഞ ബുധനാഴ്ച നടന്ന വിമാനാപകടത്തിലാണ് ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ മരിച്ചത്. അജിതിന്റെ വിയോഗത്തെത്തുടർന്നു പാർട്ടിയിലും ഭരണസഖ്യത്തിലും ഉണ്ടായ ശൂന്യത പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കാൻ എൻസിപി തീരുമാനിച്ചത്.
അജിത് പവാറിന്റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ബാരാമതി നിയമസഭാ മണ്ഡലത്തിൽനിന്നു സുനേത്ര ജനവിധി തേടുമെന്നാണ് സൂചന. സുനേത്ര രാജ്യസഭാംഗത്വം ഒഴിയുന്ന സാഹചര്യത്തിൽ മകൻ പാർഥ് പവാറിനെ രാജ്യസഭയിലേക്കു പരിഗണിച്ചേക്കും. എൻവയോൺമെന്റൽ ഫോറം ഓഫ് ഇന്ത്യയിലൂടെ സാമൂഹിക-പരിസ്ഥിതി രംഗത്തു സജീവമായിരുന്ന സുനേത്ര 2024ൽ ആണ് സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്.
National
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രയത്തിൽ പുതിയൊരു അധ്യായം കുറിച്ച് സുനേത്ര പവാർ ഇന്നു സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കും. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി എന്ന ബഹുമതിയോടെയാണ് സുനേത്ര പവാർ പദവിയിലേറുന്നത്. ഇന്നു വൈകുന്നേരം അഞ്ചിന് മുംബൈയിലെ ലോക് ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും.
കഴിഞ്ഞ ബുധനാഴ്ച വിമാനാപകടത്തിൽ കൊല്ലപ്പെട്ട മുതിർന്ന എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ വിയോഗത്തെത്തുടർന്നാണ് ഈ നിർണായക രാഷ്ട്രീയ നീക്കം.
ഉന്നതല ചർച്ച
അജിത് പവാറിന്റെ വിയോഗത്തെത്തുടർന്നു പാർട്ടിയിലും ഭരണസഖ്യത്തിലും ഉണ്ടായ നേതൃശൂന്യത പരിഹരിക്കാൻ എൻസിപിയും മഹായുതി സഖ്യവും നടത്തിയ ഉന്നതതല ചർച്ചകൾക്കു ശേഷമാണ് അജിത് പവാറിന്റെ ഭാര്യ സുനേത്രയെതന്നെ ഈ സ്ഥാനത്തേക്കു തീരുമാനിച്ചത്. വെള്ളിയാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി എൻസിപി നേതാക്കളായ ഛഗൻ ഭുജ്ബൽ, പ്രഫുൽ പട്ടേൽ, സുനിൽ തട്കരെ എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
സുനേത്ര പവാർ നേതൃത്വം ഏറ്റെടുക്കണമെന്നതു പാർട്ടിയുടെയും ജനങ്ങളുടെയും പൊതുവികാരമാണെന്ന് ഛഗൻ ഭുജ്ബൽ വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് വിധാൻ ഭവനിൽ ചേരുന്ന 40 എൻസിപി എംഎൽഎമാരുടെ യോഗം സുനേത്രയെ പാർലമെന്ററി പാർട്ടി നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുക്കും.
എൻസിപിക്കൊപ്പമെന്ന് ഫഡ്നാവിസ്
എൻസിപി എടുക്കുന്ന ഏതു തീരുമാനത്തിനൊപ്പവും ബിജെപിയും സർക്കാരും ഉണ്ടാകുമെന്നു മുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞു. അജിത് പവാറിന്റെ കുടുംബത്തോടും എൻസിപിയോടുമൊപ്പം തങ്ങൾ നിൽക്കുന്നുനെന്നും അദ്ദേഹം പറഞ്ഞു.
സുനേത്രയുടെ പുതിയ ദൗത്യം
നിലവിൽ രാജ്യസഭാ എംപി ആണ് സുനേത്ര പവാർ (62). അജിത് പവാറിന്റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ബാരാമതി നിയമസഭാ മണ്ഡലത്തിൽനിന്നു ജനവിധി തേടുമെന്നാണ് സൂചന. അവർ രാജ്യസഭാംഗത്വം ഒഴിയുന്ന സാഹചര്യത്തിൽ മകൻ പാർഥ് പവാറിനെ രാജ്യസഭയിലേക്കു പരിഗണിച്ചേക്കും. എൻവയോൺമെന്റൽ ഫോറം ഓഫ് ഇന്ത്യയിലൂടെ സാമൂഹിക-പരിസ്ഥിതി രംഗത്തു സജീവമായിരുന്ന സുനേത്ര 2024ൽ ആണ് സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്.
National
മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്യും. വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ നിലവിൽ രാജ്യസഭാ എംപിയാണ്.
എൻസിപിയുടെ മുതിർന്ന നേതാക്കൾ ഭാരാമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. സത്യപ്രതിജ്ഞയ്ക്കായി സുനേത്ര മുംബൈയിലെത്തി. മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപ മുഖ്യമന്ത്രിയാകും സുനേത്ര പവർ. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും.
അതേസമയം, ഇന്ന് ഉച്ചയ്ക്ക് എൻസിപി അജിത്ത് പവർ വിഭാഗത്തിന്റെ നിയമസഭാ കക്ഷിയോഗം ചേരും.
National
മുംബൈ: ബാരാമതിയുടെ നായകൻ എന്നാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അറിയപ്പെട്ടിരുന്നത്. എട്ടു തവണയാണ് അദ്ദേഹം ബാരാമതിയിൽനിന്നു ജയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ അന്ത്യവും രാഷ്ട്രീയ തട്ടകത്തിൽ തന്നെയായി എന്നതു യാദൃച്ഛികമായി.
അജിത് പവാർ കൂടുതൽ വേഗത്തിൽ തീരുമാനമെടുക്കുന്ന നേതാവായാണ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം വികസന പദ്ധതികളും സാമ്പത്തിക വിഷയങ്ങളും കൈകാര്യം ചെയ്തതിലൂടെ ശ്രദ്ധ നേടി. ശക്തമായ ഭരണനിലപാടുകളും വ്യക്തമായ അധികാരപ്രയോഗവും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയുടെ പ്രത്യേകതയായിരുന്നു.
ശരദ് പവാറിനെയും അജിത് പവാറിനെയും ചേർത്തേ മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രം വായിക്കാനാകൂ. ബന്ധുക്കൾ ആയിരുന്നിട്ടുകൂടി രാഷ്ട്രീയ ജീവിതത്തിൽ ശരദ് പവാറുമായി ഉടക്കിപ്പിരിഞ്ഞു. സ്വന്തം എൻസിപി രൂപപ്പെടുത്തിയ അദ്ദേഹം ബിജെപി മുന്നണിയുമായി കൈകോർത്ത് മഹാരാഷ്ട്ര ഭരണത്തിൽ ഇടംനേടി.
എട്ട് തവണ നിയമസഭാംഗം, അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിലും അജിത് പവാർ പ്രവർത്തിച്ചിട്ടുണ്ട്.
1982ൽ പൂനയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോർഡ് അംഗമായി പൊതുജീവിതം ആരംഭിച്ച അജിത് പവാർ, 1991ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായി.
2010ലെ അശോക് ചവാൻ മന്ത്രിസഭയിലാണ് ആദ്യമായി ഉപ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവീസ്, ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡേ മന്ത്രിസഭകളിൽ വീണ്ടും ഉപ മുഖ്യമന്ത്രിയായി.
2019ൽ മഹാവികാസ് അഘാഡി സർക്കാരിൽ ഉപ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2022ൽ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സ്ഥാനം രാജിവച്ചതോടെ 2022ൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
2023ൽ എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാർ രാജിവച്ചതോടെ വർക്കിംഗ് പ്രസിഡന്റുമാരായി ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും പ്രഫുൽ പട്ടേലും തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിൽ പദവിയൊന്നും ലഭിക്കാതിരുന്ന അജിത് പവാർ ഇതേക്കറിച്ച് ശരദ് പവാറിനോടു ചർച്ച ചെയ്തെങ്കിലും അവഗണിക്കപ്പെട്ടു.
2023 ജൂലൈ രണ്ടിന് എൻസിപി പിളർത്തിയ അജിത് പവാർ, ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന - ബിജെപി സർക്കാരിൽ ഉപ മുഖ്യമന്ത്രിയായി. എൻസിപിയിലെ 53 എംഎൽഎമാരിൽ 29 പേരെ ഒപ്പം നിർത്തിയാണ് അജിത് പവാർ അട്ടിമറി നടത്തിയത്. ഇവരിൽ എട്ടുപേർ മന്ത്രിമാരുമായി.
2024 ഫെബ്രുവരി ആറിന് അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്ന പേരും പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ഉപയോഗിക്കാമെന്ന് വിധി വന്നു.
2024 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി നയിച്ച മഹായുതി സഖ്യത്തിൽ നിന്ന് 59 ഇടങ്ങളിൽ മത്സരിച്ച അജിത് പവാറിന്റെ എൻസിപി 41 സീറ്റുകളിൽ വിജയിച്ചു. ബിജെപിക്കും എക്നാഥ് ഷിൻഡെ വിഭാഗം ശിവസേനയ്ക്കും പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിലെയും മഹാരാഷ്ട്ര നിയമസഭയിലേയും മൂന്നാമത്തെ വലിയ പാർട്ടിയായി അജിത് പവാർ നയിച്ച എൻസിപി മാറി.
National
ന്യൂഡൽഹി: പൊതുരംഗങ്ങളിൽ തിളങ്ങി നിൽക്കുന്പോൾ വിമാനാപകടത്തിൽ മരിച്ച പ്രമുഖർ ഇന്ത്യയിൽ പലരുണ്ട്.
ഡോ. ഹോമി ജെ ഭാഭ
1966ൽ ഇന്ത്യൻ ആണവ ശാസ്ത്രജ്ഞനായ ഡോ. ഹോമി ജെ ഭാഭ വിമാനാപകടത്തിൽ മരിച്ചു. 1966 ജനുവരി 24-ന് ഫ്രാൻസിലെ മോണ്ട് ബ്ലാങ്കിന് സമീപമുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിലാണ് അന്തരിച്ചത്. ജനീവയിലേക്കു പോവുകയായിരുന്ന വിമാനം പർവതത്തിൽ ഇടിച്ചാണ് ദുരന്തം സംഭവിച്ചത്. 56ാം വയസിലായിരുന്നു മരണം. ഈ മരണത്തിൽ വലിയ ദുരൂഹതകൾ ആരോപിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ ആണവപദ്ധതികൾക്ക് ഊടും പാവും പാകിയ അദ്ദേഹത്തെ മറ്റു ഇന്ത്യയുടെ വളർച്ചയിൽ അസൂയ പൂണ്ട ചിലർ കൊലപ്പെടുത്തിയതാണെന്നു വരെ ആരോപണങ്ങൾ ഉയർന്നിരുന്നു.
സഞ്ജയ് ഗാന്ധി(1979)
1979ൽ സഞ്ജയ് ഗാന്ധിയുടെ മരണമാണ് ഇങ്ങനെ രാജ്യത്തെ ഞെട്ടിച്ചതിൽ പ്രധാനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയ ഭരണരംഗങ്ങളിൽ നിർണായക സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു സഞ്ജയ് ഗാന്ധി. ഭാവിയിൽ ഇന്ത്യയുടെ ഭരണചക്രം സഞ്ജയ് ഗാന്ധിയുടെ കരങ്ങളിലെത്തുമെന്ന് അക്കാലത്തു പലരും കരുതിയിരുന്നു. എന്നാൽ, ഡൽഹിയിൽ സ്വകാര്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ അദ്ദേഹത്തിനു ജീവൻ നഷ്ടമായി.
മാധവ് റാവ് സിന്ധ്യ (2001)
2001ൽ കോൺഗ്രസ് നേതാവ് മാധവ് റാവ് സിന്ധ്യയുടെ മരണം ഇതുപോലെതന്നെ രാജ്യത്തെ ഞെട്ടിച്ചു. ഉത്തർപ്രദേശിൽ ചാർട്ടേഡ് വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ മാധവ് റാവ് സിന്ധ്യ മരിച്ചപ്പോൾ ഇന്ത്യയ്ക്കു മികച്ച നേതാക്കളിൽ ഒരാളെയാണ് നഷ്ടമായത്. കോൺഗ്രസിനും വലിയ നഷ്ടമായിരുന്നു ഇത്. മാധവ് റാവ് സിന്ധ്യയുടെ മകനാണ് ഇപ്പോഴത്തെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
സൗന്ദര്യ(2004)
2004ൽ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു രാഷ്ട്രീയരംഗത്തെയും സിനിമാരംഗത്തെയും ഒരു പോലെ ഞെട്ടിച്ച മരണമായിരുന്നു നടി സൗന്ദര്യയുടെയേത്. സിനിമാരംഗത്തു നിറഞ്ഞു നിൽക്കുന്ന സമയത്താണ് ബിജെപിക്കു വേണ്ടി സൗന്ദര്യ പ്രചാരണരംഗത്ത് ഇറങ്ങിയത്. പ്രചാരണത്തിനായി പോകവേ കർണാടകയിൽ ചെറുവിമാനം തകർന്നായിരുന്നു സൗന്ദര്യയുടെ മരണം.
വൈ.എസ്. രാജശേഖര റെഡ്ഡി (2009)
2009ൽ വൈ.എസ്. രാജശേഖര റെഡ്ഡി വിമാനാപകടത്തിൽ മരിച്ചതാണ് ഇന്ത്യയെ നടുക്കിയ മറ്റൊരു ദുരന്തം. വൈഎസ്ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്രയിൽ കോൺഗ്രസിലെ പകരംവയ്ക്കാനാവാത്ത നേതാവായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം ആന്ധ്രയിലെ കോൺഗ്രസിന് ഒരു കാലത്തും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയത്. അതോടെ പാർട്ടി ക്ഷയിച്ചു എന്നു തന്നെ പറയാം. അദ്ദേഹത്തിന്റെ മകൻ ജഗൻ മോഹൻ റെഡ്ഢി ഒടുവിൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടിയുണ്ടാക്കി ആന്ധ്രയുടെ മുഖ്യമന്ത്രിയായി.
ജനറൽ ബിപിൻ റാവത്ത് (2021)
2021ൽ ഇന്ത്യൻ സൈന്യത്തിനു തന്നെ സംഭവിച്ച വലിയ നഷ്ടമായിരുന്നു ജനറൽ ബിപിൻ റാവത്തിന്റെ മരണം. ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയിരുന്നു അദ്ദേഹം. തമിഴ്നാട്ടിലുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് അദ്ദേഹവും ഒപ്പമുണ്ടായിരുന്ന ലഫ്. ജനറൽ എൽ.എസ്. ലിദ്ദർ അടക്കം മറ്റ് സൈനികരും മരിച്ചത്.
രക്ഷപ്പെട്ട പ്രധാനമന്ത്രി
1977 നവംബർ നാലിന് പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയും സംഘവും സഞ്ചരിച്ചിരുന്ന വിമാനം മൂക്കുകുത്തി വീണിരുന്നു. ആസാമിലെ ജോർഹട്ടിലായിരുന്നു അപകടം. ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമിത വിമാനം അപ്രതീക്ഷിതമായി മൂക്കുകുത്തി നിലത്തേക്കു പതിക്കുകയായിരുന്നു. പൈലറ്റ്മാർ അടക്കം കോക്പിറ്റിലുണ്ടായിരുന്ന അഞ്ചു വൈമാനികരെയാണ് അന്നു രാജ്യത്തിനു നഷ്ടമായത്. പ്രധാനമന്ത്രി കാര്യമായ പരിക്ക് ഏല്ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ പ്രധാനമന്ത്രിയെ അടക്കം രക്ഷിക്കാൻ നോസ് ഡൈവിംഗിലൂടെ വൈമാനികർ സ്വന്തം ജീവൻ ബലികഴിച്ച് വിമാനം ക്രാഷ് ലാൻഡ് ചെയ്യിച്ചതാണോയെന്നു സംശയമുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ ചെറു വിമാനം തകർന്ന് വീണ് അപകടം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനത്തിലുണ്ട് എന്നാണ് റിപ്പോർട്ട്.
ആറു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തര ലാൻഡിംഗിനിടെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. അജിത് പവാർ ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ വിമാനം പൂർണമായും തകർന്നുവെന്നാണ് വിവരം.
National
താനെ: മഹാരാഷ്ട്രയിലെ കല്യാൺ ഡോംബിവ്ലി കോർപറേഷനിൽ ശിവസേന ഷിൻഡെ പക്ഷത്തിന് പിന്തുണ വാഗ്ദാനം ചെയ്ത് എംഎൻഎസ്.
അഞ്ചു കൗൺസിലർമാരാണ് എംഎൻഎസിനുള്ളത്. എംഎൻസ് പിന്തുണ അറിയിച്ചെന്ന് ശിവസേനാ എംപി ശ്രീകാന്ത് ഷിൻഡെ സമ്മതിച്ചു. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനാണ് ശ്രീകാന്ത്.
122 അംഗ കല്യാൺ ഡോംബിവ്ലി കോർപറേഷനിൽ ശിവസേന (ഷിൻഡെ)യ്ക്ക് 53ഉം ബിജെപിക്ക് 50ഉം കൗൺസിൽമാരാണുള്ളത്. ശിവസേന (യുബിടി)-11, കോൺഗ്രസ്-2, എൻസിപി(എസ്പി)-1 എന്നിങ്ങനെയാണു മറ്റു കക്ഷികളുടെ നില.
National
പൂന: പൂന ജില്ലാ പരിഷത് തെരഞ്ഞെടുപ്പിലും സഖ്യത്തിൽ മത്സരിക്കാൻ എൻസിപിയിലെ ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങൾ തീരുമാനിച്ചു.
പൂന, പിംപ്രി-ചിഞ്ച്വാഡ് നഗരസഭകളിലും ഇരു വിഭാഗവും സഖ്യത്തിൽ മത്സരിച്ചിരുന്നു. 24 സീറ്റുകളാണ് ജില്ലാ പരിഷത്തിലുള്ളത്.
National
മുംബൈ: മഹാരാഷ്ട്രയിൽ ഭർത്താവുമായി വഴക്കുണ്ടായതിന് പിന്നാലെ ഒരു വയസുകാരിയായ മകളെ കുത്തിക്കൊന്ന് യുവതി. ലാത്തൂർ ജില്ലയിലാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിൽ വൈകിയെത്തുന്നതിനെ ചൊല്ലിയായിരുന്നു ഭർത്താവുമായി യുവതി വഴക്കുണ്ടായത്. സംഭവത്തിൽ ശ്യാം നഗർ പ്രദേശത്ത് താമസിക്കുന്ന 30കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
34കാരനായ യുവാവ് ദിവസവേതന തൊഴിലാളിയാണ്. തിങ്കളാഴ്ച ജോലിക്ക് ശേഷം വൈകിവന്ന ഭർത്താവുമായി യുവതി വഴക്കുണ്ടായി. തുടർന്ന് വീട്ടിലുണ്ടായിരുന്ന മൂർച്ചയേറിയ കത്തികൊണ്ട് ഇവർ മകളുടെ മുഖത്തും വയറിലും നെഞ്ചിലും തലയിലും നിരവധി തവണ കുത്തുകയായിരുന്നു. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
ഭർത്താവിന്റെ പരാതി പ്രകാരം യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി.
National
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ അടക്കം 29 കോർപറേഷനുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 50 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുംബൈയിലെ തെരഞ്ഞെടുപ്പ് ആണ് ഏറ്റവും നിർണായകം.
227 സീറ്റുകളുള്ള മുംബൈയിൽ ബിജെപി നേതൃത്വം നല്കുന്ന മഹായുതിയും ശിവസേന (ഉദ്ധവ്)- എംഎൻഎസ് സഖ്യവും തമ്മിലാണു പ്രധാന പോരാട്ടം. വോട്ടെണ്ണൽ ഇന്നു നടക്കും.
National
മുംബൈ: മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ ബംഗ്ലാവിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് പരിഭ്രാന്തി പരത്തി. സൗത്ത് മുംബൈയിലെ മറൈൻ ഡ്രൈവിലായിരുന്നു സംഭവം. യുഎസ് പൗരൻ ഉപേക്ഷിച്ച വസ്ത്രങ്ങളും ഷൂസുമായിരുന്നു ബാഗിലുണ്ടായിരുന്നത്.
ഇന്നലെ രാവിലെ ഒന്പതരയ്ക്കാണു മന്ത്രിബംഗ്ലാവിനു സമീപം ബാഗ് കണ്ടെത്തിയത്. മന്ത്രിയുടെ സുരക്ഷാ ജീവനക്കാർ വിവരം പോലീസിനെ അറിയിച്ചു. പോലീസും ബിഡിഡിഎസ് (ബോംബ് ഡിറ്റെക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് സംഘവും ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു ജോടി ഷൂസും വസ്ത്രങ്ങളും ഒരു കുറിപ്പുമാണ് ബാഗിലുണ്ടായിരുന്നത്.
സിസിടിവ ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു ബാഗ് ഉടമയെ കണ്ടെത്തിയത്. ഈ സമയം ബാഗ് ഉടമയായ അമേരിക്കക്കാരൻ ഗോവയിലെത്തിയിരുന്നു. മറൈൻ ഡ്രൈവ് മേഖലയിലെ ഹോട്ടലിൽ താമസിച്ചിരുന്ന യുഎസ് പൗരൻ ഇന്നലെ രാവിലെ ഗോവയ്ക്കു പോകും മുന്പ് മന്ത്രിബംഗ്ലാവിനു സമീപമുള്ള സെർവന്റ് ക്വാർട്ടേഴ്സിൽ ഉപേക്ഷിക്കുകയായിരുന്നു. ‘ഷൂസും വസ്ത്രങ്ങളും ആർക്കു വേണമെങ്കിലും എടുക്കാം’എന്ന കുറിപ്പും ബാഗിലുണ്ടായിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വൻ വിജയം നേടുമെന്ന് ഉപമുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെ. വികസനം ആയിരിക്കും തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമെന്നും അതുകൊണ്ട് സർക്കാരിന് അനുകൂലമായ വികാരമുണ്ടാകുമെന്നും ഷിൻഡെ അവകാശപ്പെട്ടു.
"മഹായുതി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുംബൈയും പുനയും അടക്കമുള്ള നഗരസഭകളിൽ മഹായുതിയുടെ മേയർ തന്നെയായിരിക്കും എത്തുക. ജനങ്ങൾ സർക്കാരിനൊപ്പമാണ്.'-ഷിൻഡെ പറഞ്ഞു.
പ്രതിപക്ഷം വളരെ ദുർഭലമാണ്. അവർക്ക് ജനങ്ങൾക്കിടയിൽ ഒരു സ്വാധീനവും ഇല്ല. മുംബൈയിൽ പോലും അവർക്ക് ജയിക്കാനാവില്ല. മഹായുതിയുടെ വിജയം തുടരാനുള്ള തെരഞ്ഞെടുപ്പ് മാത്രമാണിതെന്നും ഷിൻഡെ പറഞ്ഞു.
National
മുംബൈ: മുംബൈ മേയർ സ്ഥാനത്തേക്കെത്തുക മറാഠി ഹിന്ദു തന്നെ ആയിരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മേയർ സ്ഥാനം മറാഠികൾക്ക് സംവരണം ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഡ്നാവിസ്.
മുംബൈ മേയർ മറാഠി ഹിന്ദു തന്നെ ആയിരിക്കുമെന്ന് പറഞ്ഞ മഹാരാഷ്ട്ര മുഖ്യമന്ത്രി, ചെന്നൈയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടന്നാൽ മേയർ തമിഴനായിരിക്കണമെന്ന് ആളുകൾ സ്വാഭാവികമായും ആവശ്യപ്പെടില്ലേയെന്നും ചോദിച്ചു.
അതുപോലെ മുംബൈയിൽ മേയർ മറാഠി ഹിന്ദുവായിരിക്കുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ബിജെപി "രാജ്യം ആദ്യം" എന്ന പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്നും എല്ലാവരും തങ്ങൾക്ക് വോട്ട് ചെയ്യുമെന്നും അഭിപ്രായപ്പെട്ടു.
ബിജെപി വോട്ടർമാരെ പ്രാദേശികവാദത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന വാദങ്ങൾ തള്ളിക്കളയുന്നുവെന്നും ഫഡ്നാവിസ് പറഞ്ഞു. ബിജെപിയുടെ വോട്ടർമാരിൽ മറാഠി, മറാഠി ഇതര വിഭാഗങ്ങൾ ഉൾപ്പെടുന്നതായും വ്യക്തമാക്കി.
ഉദ്ധവ് താക്കറെയും രാജ് താക്കറെയും വീണ്ടും ഒന്നിച്ചതിനെക്കുറിച്ചും ഫഡ്നാവിസ് പ്രതികരിച്ചു. രണ്ട് സഹോദരൻമാരും ഒരുമിച്ചെത്തിയാലും തങ്ങളുടെ വോട്ട് വിഹിതത്തിൽ കുറവ് സംഭവിക്കില്ലെന്നായിരുന്നു ഫഡ്നാവിസിന്റെ പ്രതികരണം. ജനുവരി 15ന് ആണ് ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് നടക്കുക.
National
മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില് ബിജെപി-മഹായുതി സഖ്യത്തിന് 68 സീറ്റുകളിൽ എതിരില്ല. 44 സ്ഥാനാർഥികൾ ബിജെപിയിൽനിന്നുള്ളവരാണ്.
ഏക്നാഥ് ഷിന്ഡെ നയിക്കുന്ന ശിവസേനയുടെ 22 സ്ഥാനാര്ഥികളും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്സിപിയുടെ രണ്ട് സ്ഥാനാര്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.15നു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇന്നലെയായിരുന്നു നോമിനേഷൻ പിൻവലിക്കാനുള്ള അവസാന ദിനം.
അതേസമയം, സ്ഥാനാര്ഥികളെ മത്സരത്തില്നിന്നു പിന്മാറാന് ഭീഷണിയും പണവും ഉപയോഗിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ പാര്ട്ടികള് രംഗത്തെത്തി.
എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പോലുള്ള കേന്ദ്ര ഏജന്സികളുടെ ഭീഷണി മൂലമാണ് സ്ഥാനാർഥികൾ പിന്മാറിയതെന്ന്് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുര്വേദി ആരോപിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ ആദ്യ വനിത ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പോലീസ്) രശ്മി ശുക്ല സർവീസിൽ നിന്നും വിരമിച്ചു. പോലീസ് സേനയിൽ 37 വർഷവും ആറ് മാസത്തെയും സേവനത്തിനു ശേഷമാണ് രശ്മി ശുക്സ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
ഭോയിഗാഡയിലെ നൈഗാവ് പോലീസ് മൈതാനത്തിൽ വച്ച് ഗാർഡ് ഓഫ് ഓണർ നൽകികൊണ്ടായിരുന്നു വിടവാങ്ങൽ ചടങ്ങ്. മഹാരാഷ്ട്ര പോലീസിന്റെ ഒന്നിച്ചുള്ള പ്രവർത്തനം തന്നെ പുതിയ ഉയരങ്ങളിലെത്തിച്ചുവെന്നും ഒരുപാട് നല്ല ഓർമകൾ ലഭിച്ചുവെന്നും ചടങ്ങിൽ രശ്മി ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.
ശാസ്ത്ര സീമ ബാലിന്റെ ഡയറക്ടറായതിൽ അഭിമാനിക്കുന്നുണ്ടെന്നും അവർ പ്രതികരിച്ചു. മഹാരാഷ്ട്ര കേഡറിലെ 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ രശ്മി ശുക്ല ഉത്തര്പ്രദേശ് സ്വദേശിനിയാണ്.
അതേസമയം, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സദാനന്ദ് ദത്തെയെ മഹാരാഷ്ട്രയുടെ പുതിയ ഡിജിപിയായി നിയമിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി 33,606 പേർ നാമനിർദേശപത്രിക സമർപ്പിച്ചു. 29 മുനിസിപ്പാലിറ്റികളിലായി 2,869 സീറ്റുകളാണുള്ളത്.
ജനുവരി 15നാണു വോട്ടെടുപ്പ്. രാജ്യത്തെ ഏറ്റവും സന്പന്ന തദ്ദേശ സ്ഥാപനമായ ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷനിലെ (ബിഎംസി) 227 സീറ്റുകളിലേക്കായി 2516 പേരാണ് മത്സരിക്കുന്നത്.
165 സീറ്റുകളുള്ള പൂനെ മുനിസിപ്പൽ കോർപ്പറേഷനിലേക്കാകട്ടെ 3,179 പേരും പത്രിക നൽകിയിട്ടുണ്ട്.
National
നാഗ്പുർ: മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം. വറൂട് കോടതിയാണ് ജാമ്യം അനുവദിച്ചത്. നാഗ്പുർ മിഷനിലെ ഫാദര് സുധീറിനാണ് ജാമ്യം ലഭിച്ചത്. വൈദികനൊപ്പമുണ്ടായിരുന്ന ഏഴ് പേർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
നാഗ്പുർ ഷിംഗോഡിയിലായിരുന്നു സംഭവം. നിർബന്ധിത മതപരിവർത്തനം ആരോപിച്ചായിരുന്നു വൈദികനെയും ഒപ്പമുണ്ടായിരുന്നവരെയും മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തത്. നാഗ്പുർ മിഷനിലെ ഫാദര് സുധീര്, ഭാര്യ ജാസ്മിൻ, ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് ആറ് പേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
നാഗ്പുരിൽ നടന്ന ക്രിസ്മസ് പ്രാർഥന യോഗത്തിനിടെ ആയിരുന്നു പോലീസ് നടപടി. ബജ്റംഗദൾ പ്രവർത്തകർ നൽകിയ പരാതിയിലാണ് പോലീസ് വൈദികനെയും ഒപ്പമുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുത്തത്.
Kerala
നാഗ്പുർ: മഹാരാഷ്ട്രയിൽ മലയാളി വൈദികനെയും ഭാര്യയെയും സഹായിയെയും കസ്റ്റഡിയിലെടുത്ത് പോലീസ്. നാഗ്പുരിൽ ക്രിസ്മസ് പ്രാർഥന യോഗത്തിനിടെയാണ് മൂവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
നാഗ്പുർ ഷിംഗോഡിയിലാണ് സംഭവം. നാഗ്പുർ മിഷനിലെ ഫാദര് സുധീര്, ഭാര്യ ജാസ്മിൻ, ഇവരുടെ സഹായി എന്നിവർക്കെതിരെയാണ് പോലീസ് നടപടി. പ്രാർഥന യോഗത്തിനിടെ വൈദികനെ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തതിന്റെ കാരണം വ്യക്തമാക്കാൻ പോലീസ് ഇതുവരെ തയാറായിട്ടില്ല.
നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് പോലീസ് നടപടിയെന്ന് സിഎസ്ഐ ദക്ഷിണ മേഖല മഹായിടവക അറിയിച്ചു.
National
മുംബൈ. മഹാരാഷ്ട്രയിൽ സ്ത്രീധനം തിരികെ ചോദിച്ചതിനു യുവതിയെ ഭർത്താവും ഭർതൃ സഹോദരിയും കൊലപ്പെടുത്തി. പാൽഘാറിലാണ് സംഭവം.
കൽപന സോണി(35)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മഹേഷ് സോണി(38)യെയും സഹോദരി ദീപാലിയെയും പോലീസ് അറസ്റ്റ് ചെയ്തു.
2015ലായിരുന്നു കൽപനയുടെയും മഹേഷിന്റെയും വിവാഹം. വിരാറിലാണ് ഇവർ താമസിച്ചത്. ദമ്പതികൾക്ക് ഏഴ് വയസുള്ള മകളുണ്ട്. വിവാഹത്തിന് ശേഷം ഭർതൃവീട്ടിൽ നിന്നും കൽപന ശാരീരിക, മാനസിക പീഡനം നേരിട്ടിരുന്നു.
ശനിയാഴ്ചയും ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ, താൻ സ്വന്തം വീട്ടിലേക്ക് പോവുകയാണെന്നും വിവാഹസമയം നൽകിയ സ്ത്രീധനം തിരികെ നൽകണമെന്നും കൽപന ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ മഹേഷും സഹോദരിയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൽപനയുടെ തലയ്ക്ക് അടിച്ചു.
ഗുരുതര പരിക്കേറ്റ കൽപനയെ പ്രദേശവാസികൾ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. കൽപന കാൽവഴുതി ശുചിമുറിയിൽ വീണതാണെന്നാണ് മഹേഷിന്റെ ബന്ധുക്കൾ ഡോക്ടറോടു പറഞ്ഞത്. എന്നാൽ ക്രൂരമർദനമാണ് മരണകാരണമെന്ന് ഡോക്ടർ സ്ഥിരീകരിച്ചു.
സംഭവസമയം ദമ്പതികളുടെ മകൾ വീട്ടിലുണ്ടായിരുന്നില്ല. മഹേഷിനും സഹോദരി ദീപാലിക്കും എതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു. ഇരുവരും ജനുവരി രണ്ട് വരെ പോലീസ് കസ്റ്റഡിയിൽ തുടരും.
National
മുംബൈ: ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിക്കുമെന്നു ശിവസേനയും (ഉദ്ധവ്) എംഎൻഎസും പ്രഖ്യാപിച്ചു. ഉദ്ധവ് താക്കറെയും രാജ് താക്കറെയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണു പ്രഖ്യാപനമുണ്ടായത്.
മുംബൈ മേയർ മറാഠി ആയിരിക്കുമെന്നും അതു തങ്ങളുടെ സഖ്യത്തിൽനിന്നായിരിക്കുമെന്നും രാജ് താക്കറെ പറഞ്ഞു. മുംബൈയിൽ സീറ്റ് വിഭജനം പൂർത്തിയായെന്നും മറ്റു തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സഖ്യം സംബന്ധിച്ച് ചർച്ച നടന്നുവരികയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 227 അംഗ മുംബൈ കോർപറേഷനിലേക്ക് ജനുവരി 15നാണു തെരഞ്ഞെടുപ്പ് നടക്കുക.
National
നാഗ്പുർ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി റിക്കാർഡ് വിജയം നേടിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
48 ശതമാനം കൗൺസിലർമാർ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവരാണെും 129 മുനിസിപ്പൽ കൗൺസിലുകളിൽ ബിജെപിക്കാർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന് ഫഡ്നാവിസ് പറഞ്ഞു.
ഭരണസഖ്യമായ മഹയുതിയിലെ മറ്റു കക്ഷികളായ ശിവസേനയും (ഷിൻഡെ) എൻസിപിയും(അജിത് പവാർ) മികച്ച വിജയം നേടി.
75 ശതമാനം തദ്ദേശ സ്ഥാപനങ്ങളിൽ പ്രസിഡന്റ്സ്ഥാനം മഹായുതിക്കാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ മഹായുതിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷമായ മഹാ വികാസ് അഗാഡി കുറ്റപ്പെടുത്തി.
പണവും മസിൽപവറുമാണ് മഹായുതിയുടെ വിജയത്തിനു കാരണമെന്ന് ശിവസേന (ഉദ്ധവ്) നേതാവ് അംബാദാസ് ഡാൻവെ പറഞ്ഞു. ഇവിഎമ്മുകളിൽ ക്രമക്കേട് നടത്തിയാണ് മഹായുതി വിജയം നേടിയതെന്ന് ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റൗത് ആരോപിച്ചു.
ചന്ദ്രാപുർ, സാംഗ്ലി ജില്ലകളിൽ സ്വാധീനം നിലനിർത്തിയെന്ന് കോൺഗ്രസും എൻസിപി (എസ്പി)യും അവകാശപ്പെട്ടു.
National
മുംബൈ: തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മഹാരാഷ്ട്രയിൽ ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്. നിയമസഭാ കൗൺസിൽ അംഗം (എംഎൽസി) പ്രദ്ന്യ സതവ് ആണ് ബിജെപിയിൽ ചേർന്നത്.
കോൺഗ്രസ് വിട്ടതിനു പിന്നാലെ പ്രദ്ന്യ നിയമസഭാ കൗൺസിൽ അഗത്വം രാജിവച്ചു. ബിജെപിയും അവരെ നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യുമെന്നാണ് റിപ്പോർട്ട്.
ബിജെപിയിൽ ചേരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും വികസന അജണ്ടയുടെ ഭാഗമാകണമെന്നും തന്റെ പാർട്ടി പ്രവർത്തകർ നിർബന്ധിച്ചിരുന്നതായി സതവ് പറയുന്നു.
പ്രദ്ന്യ സതവിന്റെ ഭർത്താവ് രാജീവ് സതവും പാർട്ടിയിൽ ഉന്നത തലത്തിൽ അടുപ്പമുള്ളയാളായിരുന്നു. രാഹുൽ ഗാന്ധിയുടെ വളരെ അടുത്ത സുഹൃത്തായിരുന്ന ഇദ്ദേഹം 2021 ൽ കോവിഡിനെ തുടർന്ന് മരണപ്പെട്ടു. 2017ൽ യൂത്ത് കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റായിരുന്ന അദ്ദേഹം ഗുജാറാത്ത് കോൺഗ്രസിന്റെയും ചുമതല വഹിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മാതാവ് രജനി സതവ് കോൺഗ്രസിന്റെ എംഎൽഎ ആയിരുന്നു.
Viral
മുംബൈയിലെ സാകി നാക്കയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
വൈകുന്നേരത്തെ കനത്ത തിരക്കിനിടയിൽ ഒരൊറ്റ മോട്ടോർ സൈക്കിളിൽ ഏഴു യുവാക്കൾ ഒരുമിച്ച് യാത്ര ചെയ്യുന്ന അപകടകരമായ കാഴ്ചയാണ് പുറത്തുവന്നത്.
"മുംബൈ ടിവി' എന്ന പ്രാദേശിക മാധ്യമം പുറത്തുവിട്ട വീഡിയോയിൽ ഒരു ഹോണ്ട യൂണികോൺ ബൈക്കിൽ അഭ്യാസപ്രകടനം എന്നോണം തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന യുവാക്കളെ വ്യക്തമായി കാണാം.
ബൈക്കിന്റെ പിന്നിൽ ഇരുന്ന ഒരാൾക്ക് ഇരിക്കാൻ ഇടമില്ലാത്തതിനാൽ മറ്റുള്ളവരുടെ തോളിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ചു പാഞ്ഞ യുവാക്കൾ സ്വന്തം ജീവൻ മാത്രമല്ല, മറ്റ് യാത്രക്കാരുടെ സുരക്ഷയെക്കൂടി വെല്ലുവിളിക്കുകയാണ് ചെയ്തത്.
വീഡിയോയുടെ തുടക്കത്തിൽ തന്നെ മോട്ടോർ സൈക്കിളിന്റെ രജിസ്ട്രേഷൻ നമ്പർ (MH 03 EY 3649) തെളിഞ്ഞു കാണുന്നുണ്ട്. ഈ ദൃശ്യങ്ങൾ വൈറലായതോടെ മുംബൈ പോലീസിനും ട്രാഫിക് വിഭാഗത്തിനുമെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.
ബൈക്കിലുണ്ടായിരുന്നവരിൽ ചിലർ പ്രായപൂർത്തിയാകാത്തവരാണെന്ന സൂചനകൾ കൂടി പുറത്തുവന്നതോടെ സംഭവത്തിന്റെ ഗൗരവം വർധിച്ചു.
കുറ്റക്കാർക്കെതിരെ എത്രയും വേഗം കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് മുംബൈ പോലീസ് കമ്മീഷണറെ ടാഗ് ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ ഈ സംഭവത്തിൽ ഔദ്യോഗികമായ സ്ഥിരീകരണമോ നടപടികളോ ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
National
മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ കത്തിക്കരിഞ്ഞ കാറിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഔസ തണ്ടയിലെ താമസക്കാരനായ ഗണേഷ് ചവാനാണ് മരിച്ചത്.
ഗണേഷ് ചവാനെ അക്രമികൾ ചാക്കിനുള്ളിലാക്കി കാറിൽ പൂട്ടിയിട്ട് വാഹനത്തിന് തീയിടുകയായിരുന്നു. ഐസിഐസിഐ ബാങ്കിന്റെ റിക്കവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നു ഗണേഷ് ചവാൻ.
സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തി മൃതദേഹം കുടുംബത്തിന് കൈമാറി. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗണേഷ് ചവാനെ കാണാതെപോയിരുന്നുവെന്നും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. തുടരന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
National
മുംബൈ: പ്രധാന ഹൈവേകളിലെല്ലാം ഇലക്ട്രിക് വാഹനങ്ങൾക്ക് പൂർണമായും ടോൾ ഒഴിവാക്കാനുള്ള നടപിടിയുമായി മഹാരാഷ്ട്ര സർക്കാർ. അടുത്ത എട്ട് ദിവസത്തിനകം ഇത് നടപ്പാക്കാനാണ് സ്പീക്കർ സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.
നാഗ്പൂരിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ സ്പീക്കർ രാഹുൽ നർവേക്കറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ടോൾ ഒഴിവാക്കാനുള്ള ഔദ്യോഗിക നയം നിലവിലുണ്ടായിട്ടും തങ്ങൾക്ക് ടോൾ ഈടാക്കുന്നുവെന്ന ഇലക്ട്രിക് വാഹന ഉടമകളുടെ പരാതികൾ വർധിച്ചതിനെതുടർന്നാണ് നടപടി.
ഇവി ഉപയോക്താക്കളിൽനിന്ന് തെറ്റായി പിരിച്ച ടോൾ തുക തിരികെ നൽകണമെന്നും ഉത്തരവിൽ പറയുന്നു. നയം പ്രാബല്യത്തിൽ വന്നതിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന ടോൾ പിരിവിനെ നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച സ്പീക്കർ, നിർവ്വഹണത്തിലെ വീഴ്ചകൾ ഉടൻ തിരുത്തണമെന്ന് ഊന്നിപ്പറഞ്ഞു.
ഫാസ് ടാഗ് സംവിധാനങ്ങളും വാഹൻ വാഹന ഡാറ്റാബേസും തമ്മിലുള്ള ബാക്കെൻഡ് സംയോജനത്തിലെ പ്രശ്നങ്ങൾ കാരണം ടോൾ പ്ലാസകളിൽ ഇവികളെ തെറ്റായി തരംതിരിച്ചതാണ് ടോൾ ഈടാക്കാൻ കാരണമായത്.
അടുത്ത എട്ട് ദിവസത്തേക്ക് ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കാൻ പാടില്ല. ഇതിനകം പിരിച്ച ടോൾ തുക തിരികെ നൽകാൻ ശരിയായ സംവിധാനം സൃഷ്ടിക്കണമെന്നും നർവേക്കർ പറഞ്ഞു. ടോൾ ഓപ്പറേറ്റർമാർ അവരുടെ സംവിധാനങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും രജിസ്റ്റർ ചെയ്ത എല്ലാ ഇവികളും ശരിയായ രീതിയിൽ തിരിച്ചറിയുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സ്പീക്കറുടെ നിർദേശത്തിൽ പറയുന്നു.
National
മുംബൈ: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്ട്ര നിയമസഭയിൽ പുലി വേഷം ധരിച്ചെത്തി എംഎൽഎ.
ജുന്നാർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശിവസേന എംഎൽഎ ശരദ് സോനവാനയാണ് പ്രതിഷേം പ്രകടിപ്പിക്കാൻ നിയമസഭയിൽ വ്യത്യസ്ത വേഷം ധരിച്ചെത്തിയത്.
"സംസ്ഥാനത്ത് പുള്ളിപ്പുലി ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. 2014 മുതൽ ഞാൻ ഈ വിഷയം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ സർക്കാർ അവഗണിക്കുകയാണ്, റെസ്ക്യൂ സെന്ററുകൾ നിർമിക്കണം, പുലികളെ ഇവയിൽ പാർപ്പിക്കണം'.-അദ്ദേഹം പറഞ്ഞു.
"എന്റെ മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 55 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 2014-15 ലെ ശൈത്യകാല സമ്മേളനത്തിൽ ഞാൻ സർക്കാരിന് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു'.- അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നാഗ്പുർ നഗരത്തിലെ ഒരു ജനവാസ മേഖലയിൽ ഇന്ന് പുള്ളിപുലിയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് പുലിയെ പിടികൂടാനായത്.
National
മുംബൈ: മഹാരാഷ്ട്രയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു. നാസിക്കിലെ കൽവാൻ താലൂക്കിലെ സപ്തശ്രിംഗ് ഗർ ഘട്ടിൽ ഞായറാഴ്ചയാണ് സംഭവം.
മരിച്ച ആറ് പേരും നിഫാദ് താലൂക്കിലെ പിമ്പാൽഗാവ് ബസ്വന്തിൽ നിന്നുള്ളവരാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്.
കീർത്തി പട്ടേൽ (50), രസീല പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ (60), വചൻ പട്ടേൽ (60), മണിബെൻ പട്ടേൽ (70) എന്നിവരാണ് മരിച്ചത്. പോലീസ്, ജില്ലാ ദുരന്ത നിവാരണ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയതെന്ന് റസിഡന്റ് ഡെപ്യൂട്ടി കളക്ടറും ജില്ലാ ദുരന്ത അതോറിറ്റി സിഇഒയുമായ രോഹിത്കുമാർ രജ്പുത് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും അപകടത്തിൽ ഖേദം പ്രകടിപ്പിച്ചു.
National
മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ നാലു ജില്ലകളിലൂടെയുള്ള 224 കിലോമീറ്റർ റെയിൽവേ വികസന പദ്ധതിക്കും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന സാന്പത്തികകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി അംഗീകാരം നൽകി. മൊത്തം 2,781 കോടി രൂപയാണു ചെലവ്.
ദേവഭൂമി ദ്വാരക (ഓഖ) - കനാലസ് റെയിൽവേ ലൈൻ ഇരട്ടിപ്പിക്കുന്നതിന് 1,457 കോടിയും ബദ്ലാപുരിനും കർജത്തിനും ഇടയിലുള്ള മൂന്നും നാലും റെയിൽവേ ലൈനുകളുടെ നിർമാണത്തിന് 1,324 കോടി രൂപയുമാണ് മന്ത്രിസഭ അംഗീകരിച്ചത്. ഏകദേശം 585 ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതാണ് റെയിൽവേ ലൈനുകൾ.
കൽക്കരി, ഉപ്പ്, സിമന്റ്, കണ്ടെയ്നറുകൾ തുടങ്ങിയ ചരക്കുഗതാഗതത്തിന് പുതിയ റെയിൽ ഇരട്ടിപ്പിക്കൽ സഹായിക്കുമെന്ന് സർക്കാർ വിശദീകരിച്ചു. പ്രതിവർഷം 180 ടണ് അധിക ചരക്കു ഗതാഗതത്തിന് പാത കാരണമാകും.
പരിസ്ഥിതിസൗഹൃദമായ ചരക്കുഗതാഗതത്തിലൂടെ മാത്രം മൂന്നു കോടി ലിറ്റർ എണ്ണ ഇറക്കുമതിയും 16 കോടി കിലോഗ്രാം കാർബണ് ഡയോക്സൈഡും കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ. 64 ലക്ഷം മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് തുല്യമാണിതെന്നും കേന്ദ്രം അവകാശപ്പെട്ടു.
പൂന മെട്രോ:9,858 കോടിക്ക് അംഗീകാരം
മഹാരാഷ്ട്രയിലെ പൂന മെട്രോ റെയിൽ പദ്ധതിയുടെ 9,857.85 കോടി രൂപയുടെ രണ്ടാംഘട്ടത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പൂനയിലെ ഐടി ഹബ്ബുകൾ, വാണിജ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രധാന റസിഡൻഷൽ പോക്കറ്റുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന 28 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന 31.6 കിലോമീറ്റർ എലവേറ്റഡ് മെട്രോ റെയിൽ നെറ്റ്വർക്കാണു രണ്ടാം ഘട്ടത്തിലുള്ളത്.
National
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ മുൻ മുംബൈ അണ്ടർ 16 ഫുട്ബോൾ താരം ജീവനൊടുക്കിയ നിലയിൽ. സാഗർ സോർട്ടി ആണ് മരിച്ചത്.
പൂനെയിൽ ഫുട്ബോൾ കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് നവംബർ 15നാണ് സാഗർ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് രണ്ട് ദിവസത്തേക്ക് ഇയാളെക്കുറിച്ച് വിവരമില്ലായിരുന്നു.
നവംബർ 18ന് പാൽഘറിലെ മെന്ദവൻ ഖിന്ദ് വനത്തിൽ മരത്തിൽ കയറിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് വർഷമായി സോർട്ടിക്ക് മാനസിക സമ്മർദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. ഈ മാസം അവസാനം നടക്കാനിരുന്ന ഇളയ സഹോദരന്റെ വിവാഹത്തിന് പുതിയ വസ്ത്രങ്ങൾ വാങ്ങാൻ അദ്ദേഹം തയാറായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.
സംഭവത്തിൽ കാസ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന് ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകുമെന്നും പോലീസ് സൂപ്രണ്ട് യതീഷ് ദേശ്മുഖ് പറഞ്ഞു.
National
മലേഗാവ്: മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ. എൻസിപി സ്ഥാനാർഥികൾ വിജയിച്ചില്ലെങ്കിൽ വിവിധ ഫണ്ടുകൾ അനുവദിക്കില്ലെന്നായിരുന്നു അജിത് പവാറിന്റെ വിവാദ പരാമർം.
വെള്ളിയാഴ്ച ബാരാമതി തഹ്സിലിലെ മലേഗാവിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ധനകാര്യമന്ത്രി കൂടിയായ അജിത്പവാർ. 18 സ്ഥാനാർഥികളാണ് ഇവിടെ അജിത്പവാർ പക്ഷം എൻസിപിക്കുള്ളത്.
കേന്ദ്രത്തിനും സംസ്ഥാനത്തിനും വിവിധ പദ്ധതികളുണ്ട്. നാം ഒരുമിച്ച് പ്രവർത്തിച്ചാൽ പദ്ധതികൾ പൂർത്തിയാക്കി മലേഗാവിന്റെ വികസനം ഉറപ്പാക്കാം. അതിനായി 18 സ്ഥാനാർഥികളെയും വിജയിപ്പിച്ചാൽ ഫണ്ടിന് ഒരു കുറവും ഉണ്ടാകില്ലെന്നും അജിത്പവാർ പറഞ്ഞു.
എന്നാൽ എൻസിപി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തില്ലെങ്കിൽ വിവിധ ഫണ്ടുകൾ അനുവദിക്കില്ലെന്നും അജിത്പവാർ വ്യക്തമാക്കി. നിങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അധികാരമുണ്ട്, തനിക്ക് ഫണ്ട് അനുവദിക്കാനുള്ള അധികാരവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്ത് ചെയ്യണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാമെന്നും അജിത്പവാർ വോട്ടർമാരോട് പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
National
മുബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ എംഎൻഎസുമായി സഖ്യമുണ്ടാക്കില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ്.
നിയമം ലംഘിക്കുന്നവരുമായും ആളുകളെ ഭീഷണിപ്പെടുന്നവരുമായും സഖ്യമുണ്ടാക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
ബ്രിഹൻമുംഹൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ശിവസേനയും(ഉദ്ധവ്) എംഎൻഎസും തമ്മിൽ കൂടുതൽ അടുത്തതോടെയായിരുന്നു കോൺഗ്രസിന്റെ തീരുമാനം.
എന്നാൽ, തിടുക്കത്തിൽ തീരുമാനമെടുക്കരുതെന്ന് കോൺഗ്രസിനോട് ശിവസേന ആവശ്യപ്പെട്ടിരുന്നു. ഉത്തരേന്ത്യക്കാരുടെയും മുസ്ലിംകളുടെയും വോട്ട് നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് എംഎൻഎസിനെ അടുപ്പിക്കാൻ കോൺഗ്രസ് വിസമ്മതിക്കുന്നത്.
കോൺഗ്രസ്, ശിവസേന (ഉദ്ധവ്), എംഎൻഎസ് പാർട്ടികളെ സഖ്യത്തിലാക്കാൻ എൻസിപി സ്ഥാപകൻ ശരദ് പവാർ ശ്രമിച്ചിരുന്നു.
National
വസായി: സ്കൂളിലെത്താൻ പത്ത് മിനുട്ട് വൈകിയതിന് 100 സിറ്റ്-അപ് ശിക്ഷയായി ലഭിച്ച ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്ര വസായിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിർ ഹൈസ്കൂളിൽ ശിശുദിനത്തിലായിരുന്നു സംഭവം.
കാജൽ ഗോണ്ട് എന്ന ആറാം ക്ലാസ് വിദ്യാർഥിനിയാണ് കടുത്ത ശിക്ഷയ്ക്ക് പിന്നാലെ ആരോഗ്യനില വഷളായി മരണത്തിന് കീഴടങ്ങിയത്. അധ്യാപിക നൽകിയ ശിക്ഷയ്ക്ക് പിന്നാലെ കുട്ടിയ്ക്ക് പുറം വേദന അനുഭവപ്പെട്ടിരുന്നു.
പിന്നാലെ കാജൽ തളർന്നുവീഴുകയായിരുന്നു. സമീപത്തെ നാലാസോപാരയിലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യ സ്ഥിതി കൂടുതൽ മോശമായതോടെ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
100 സിറ്റ്-അപ് ചെയ്യുന്പോഴും കുട്ടിയുടെ ചുമലിൽ നിന്ന് സ്കൂൾ ബാഗ് മാറ്റാൻ പോലും അധ്യാപിക അനുവദിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കനത്ത പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിൽ പരീക്ഷയിൽ കുറഞ്ഞമാർക്ക് ലഭിച്ചതിന്റെ മനോവിഷമത്തിൽ ആറാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ 19-ാം നിലയിൽ നിന്നും ചാടിയാണ് 14കാരിയായ കുട്ടി മരിച്ചത്.
വ്യാഴാഴ്ച കല്യാൺ വെസ്റ്റ് മേഖലയിലാണ് സംഭവം. അമ്മ, മുത്തശി, സഹോദരി എന്നിവർക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്.
പരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്ന് കുട്ടി കടുത്ത മാനസികസമ്മർദത്തിലായിരുന്നു. ഫ്ലാറ്റിന്റെ ജനാലയിൽ നിന്ന് ചാടിയ കുട്ടി താഴെ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിലേക്ക് വീണു.
ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിക്കുകയായിരുന്നു. സംഭവത്തിൽ ഖടക്പാഡ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. 50 പേർക്ക് പരിക്കേറ്റു.
ദീപാവലി അവധി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആദിവാസി വിദ്യാർഥികളുമായി പോയ ബസ് അംലിബാരിക്കടുത്തുള്ള ദേവ്ഗായ് ഘട്ട് പ്രദേശത്താണ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
30 പേർക്ക് ഇരിക്കാവുന്ന ബസിൽ 56 വിദ്യാർഥികളാണുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ചാലിസ്ഗാവിലെ (ജൽഗാവ്) മെഹുൻബാരെയിലുള്ള ഒരു ആശ്രമ സ്കൂളിന്റേതാണ് ബസ്.
അപകടത്തിൽ ഏഴ് വയസുള്ള ഒരു കുട്ടിയും 13 വയസുള്ള ഒരു പെൺകുട്ടിയുമാണ് മരിച്ചത്. രണ്ട് വിദ്യാർഥികൾ ഐസിയുവിലാണ്. ഗുരുതരമായ പരിക്കുകളോടെ 17 പേരെ നന്ദുർബാർ ജില്ലാ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർ അക്കൽകുവ റൂറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
നിയന്ത്രണം നഷ്ടമായ ബസിൽ നിന്നും ഡ്രൈവർ പുറത്തുചാടിയെന്നും ഇയാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. അവധിക്കാല അവധി കഴിഞ്ഞ് വിദ്യാർഥികളെ തിരികെ കൊണ്ടുവരാൻ സ്കൂൾ രണ്ട് ബസുകളാണ് അയച്ചത്. അതിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്.
National
മുംബൈ: മഹാരാഷ്ട്രയിലെ സമൃദ്ധി ഹൈവേയിൽ 12 യാത്രക്കാരുമായി പോയ സ്വകാര്യ ആഡംബര ബസിന് തീപിടിച്ചു. മുംബൈയിൽ നിന്ന് ജൽനയിലേക്ക് പോയ ബസാണ് കത്തിനശിച്ചത്.
ഹൈവേയിൽ നാഗ്പുർ ലെയിനിന് സമീപം പുലർച്ചെ മൂന്നോടെയാണ് അപകടം നടന്നത്. തീ കണ്ടയുടൻ തന്നെ ഡ്രൈവറും ജീവനക്കാരും ചേർന്ന് എല്ലാവരെയും പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.
തുടർന്ന് ഹൈവേ പൊലീസും ടോൾ പ്ലാസ അധികൃതരും സ്ഥലത്തെത്തി തീയണച്ചു. ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
National
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിക്ക് ഊന്നുവടിയുടെ ആവശ്യമില്ലെന്നും സ്വന്തം കാലിലാണു നിൽക്കുന്നതെന്നും കേന്ദ്രമന്ത്രി അമിത് ഷാ.
ബൈനോക്കുലറിന്റെ സഹായത്തോടെ നോക്കിയാൽ പോലും കാണാൻ സാധിക്കാത്ത പ്രതിപക്ഷത്തെ, വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്നും പാർട്ടി പ്രവർത്തകരോട് അദ്ദഹം പറഞ്ഞു.
ബിജെപിയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവേളയിലാണ് പ്രതിപക്ഷത്തിനെതിരേ അമിത് ഷാ ആഞ്ഞടിച്ചത്.
Editorial
ന്യൂനപക്ഷവേട്ടയ്ക്കുള്ള നിർബന്ധിത മതപരിവർത്തന നിരോധന ബില്ലുകളെക്കുറിച്ച് ഇപ്പോഴല്ലെങ്കിൽ പിന്നെന്നാണ് നാം ആകുലപ്പെടേണ്ടത്! കേന്ദ്രസർക്കാരിൻ്റെ മൗനാനുവാദത്തോടെ ഹിന്ദുത്വ ആശയങ്ങളെ പതിന്മടങ്ങ് ഹിംസാത്മകമാക്കുന്ന മതപരിവർത്തന നിരോധന ബില്ലുമായി ഒടുവിലിറങ്ങിയത് രാജസ്ഥാനാണ്.
ഭരണഘടനയുടെ മതസ്വാതന്ത്ര്യ ഉറപ്പുകളെ ചവിട്ടിമെതിച്ചാണ് ന്യൂനപക്ഷവിരുദ്ധ യുദ്ധപ്രഖ്യാപനം. ഹിന്ദുമതത്തിലേക്ക് പരിവർത്തനം നടത്താം, മറിച്ചാകാൻ പാടില്ല. ഭരണഘടനാനുസൃതമായി പ്രവർത്തിക്കേണ്ട സർക്കാരുകളുടെ കാർമികത്വത്തിലുള്ള വർഗീയതയല്ലെങ്കിൽ മറ്റെന്താണിത്? ക്രൈസ്തവരോ മുസ്ലിംകളോ മാത്രമാണോ വേവലാതിപ്പെടേണ്ടത്? വർഗീയതയും അക്രമോത്സുകതയും ഭീഷണിയും കുത്തിനിറച്ച ഈ നിയമങ്ങൾ പാർലമെന്റിലും കോടതികളിലും യഥോചിതം ചോദ്യം ചെയ്യപ്പെടാത്തത്, ഈ കിരാത നിയമത്തോളം ഭയജനകമായിരിക്കുന്നു.
രാജസ്ഥാനിൽ ചൊവ്വാഴ്ച ബിജെപി സർക്കാർ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിൽ, ജീവപര്യന്തം തടവ്, ഒരു കോടി രൂപ വരെ പിഴ, കൂട്ട മതപരിവർത്തനത്തിന് സ്വത്ത് കണ്ടുകെട്ടൽ എന്നിവയടക്കമുള്ള കടുത്ത ശിക്ഷകളാണുള്ളത്.
അതേസമയം, പൂർവികമതത്തിലേക്ക് മടങ്ങുന്നവരെ ശിക്ഷയിൽനിന്നൊഴിവാക്കുമെന്നും നിയമത്തിലുണ്ട്. പൂർവികമതത്തിലേക്കുള്ള മടക്കമെന്നാൽ ‘ഘർ വാപ്പസി’ ആണെങ്കിൽ, ഹിന്ദുമതത്തിലേക്കല്ലാതുള്ള മതപരിവർത്തനങ്ങളെല്ലാം നിരോധിച്ചിരിക്കുന്നുവെന്നർഥം.
മതപരിവർത്തനത്തിനായി ഉപയോഗിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടാനും നിയമവിരുദ്ധ മതപരിവർത്തനത്തിനായി നടത്തുന്ന വിവാഹങ്ങൾ റദ്ദാക്കാനും വകുപ്പുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നിയമസഭയിൽ അവതരിപ്പിച്ച സമാനമായ ബില്ലിനു പകരം കൂടുതൽ കർക്കശമായ മറ്റൊന്നു കൊണ്ടുവരികയായിരുന്നു.
ഇതോടെ ഒഡീഷ, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, കർണാടക, ഹരിയാന, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നീ 12 സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമം നടപ്പായി.
ബില്ലിലെ അതീവ അപകടകരമായ മറ്റൊരു വകുപ്പ് ശ്രദ്ധിക്കാതെ പോകരുത്. ഈ നിയമത്തിനോ അതു പ്രകാരം സ്ഥാപിച്ച ഏതെങ്കിലും ചട്ടത്തിനോ ഉത്തരവിനോ അനുസൃതമായി, ‘സദുദ്ദേശ്യ’ത്തോടെ സ്വീകരിച്ച നടപടികളുടെ പേരിൽ ഏതെങ്കിലും അധികാരിക്കോ ഉദ്യോഗസ്ഥനോ പരാതിക്കാരനോ എതിരേ കേസോ പ്രോസിക്യൂഷനോ മറ്റ് നിയമനടപടികളോ ഉണ്ടാകില്ല.
അതായത്, നിയമം ദുരുപയോഗിച്ചാലും സദുദ്ദേശ്യത്തോടെയാണെന്ന ഒറ്റ മറുപടിയിൽ നിയമ പരിരക്ഷ ലഭിക്കും. വ്യക്തിവിദ്വേഷം തീർക്കാൻപോലും പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരേ മതനിന്ദ, പ്രവാചകനിന്ദ, ദൈവദൂഷണം തുടങ്ങിയ വ്യാജ ആരോപണങ്ങളെ ഉപയോഗിക്കുന്നതിന്റെ ഇന്ത്യൻ പതിപ്പ്! ട്രെയിനിലോ ബസിലോ പൊതു ഇടങ്ങളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ആശുപത്രികളിലോ ഉൾപ്പെടെ എവിടെയും അക്രമവും ആൾക്കൂട്ട വിചാരണകളും എളുപ്പമായി.
കന്യാസ്ത്രീകൾക്കു ജാമ്യം കിട്ടിയതൊക്കെ പഴങ്കഥയാകും. സംഘപരിവാർ ആൾക്കൂട്ടങ്ങളുടെ ‘സദുദ്ദേശ്യ’ത്തിന് നിയമ പരിരക്ഷയും! മതപരിവർത്തനങ്ങൾ നിർബന്ധിതമാണോയെന്ന് കംഗാരു കോടതികൾ തീരുമാനിക്കും.
ഉത്തർപ്രദേശിനെ മാതൃകയാക്കി അടുത്തയിടെ ഉത്തരാഖണ്ഡിൽ മതപരിവർത്തന നിരോധന നിയമത്തിൽ വരുത്തിയ ഭേദഗതി നടുക്കുന്നതാണ്. ഡിജിറ്റൽ മാർഗങ്ങളിലൂടെ ഉൾപ്പെടെ ഒരു തരത്തിലും മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യരുത്.
സമ്മാനങ്ങള്, പണം, ജോലി, സൗജന്യ വിദ്യാഭ്യാസം, വിവാഹ വാഗ്ദാനം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയവ മാത്രമല്ല; സ്വന്തം മതത്തെ മഹത്വവത്കരിക്കുന്നതുപോലും പ്രലോഭനങ്ങളായി കണക്കാക്കും. ഇ-മെയിലോ സമൂഹമാധ്യമങ്ങളോ വഴിയുള്ള സന്ദേശങ്ങള് പോലും കുടുക്കാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്. എന്താണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്?
ബിജെപി സർക്കാരുകൾ ചുട്ടെടുക്കുന്ന ഇത്തരം നിയമങ്ങൾക്ക് പാർശ്വഗുണങ്ങളുമുണ്ട്. രാഷ്ട്രീയനേട്ടത്തിനുവേണ്ടി വർഗീയ വികാരങ്ങളെ കെടാതെ സൂക്ഷിക്കാം. ന്യൂനപക്ഷ വിരുദ്ധതയുടെ ഇന്ധനമാകേണ്ട വെറുപ്പും വിദ്വേഷവും നിഷ്കളങ്ക മനസുകളിലും കുത്തിവയ്ക്കാം. വർധിച്ചുവരുന്ന സന്പന്ന-ദരിദ്ര അന്തരങ്ങളെ മറന്നുറങ്ങാനുള്ള മയക്കുമരുന്നാക്കാം.
അതൊക്കെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. ക്രിസ്ത്യാനികൾ ഇത്ര കാലമായിട്ടും മൂന്നു ശതമാനം പോലുമില്ലല്ലോ, മതപരിവർത്തനമല്ല വിദ്യാഭ്യാസ-ആതുര ശുശ്രൂഷകളാണ് നടത്തുന്നത്, ഞങ്ങളല്ല അവരാണ് മതപരിവർത്തനം നടത്തുന്നത്... തുടങ്ങിയ മറുപടികളിലേക്ക് പലരും ഒതുങ്ങി.
സ്വന്തം ഇഷ്ടപ്രകാരം മതം മാറിയാൽ എന്താണു കുഴപ്പമെന്നു ചോദിക്കാൻ ഭരണഘടന നൽകിയ അവകാശങ്ങളെ ന്യൂനപക്ഷങ്ങൾതന്നെ കൈയൊഴിയുന്നു. ഭയം വ്യാപിച്ചു. ഭരണഘടനയുടെ 25-ാം വകുപ്പിൽ ഏതൊരു വ്യക്തിക്കും അവരുടെ ഇഷ്ടപ്രകാരം മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ടെന്നിരിക്കെ, പലയിടങ്ങളിലും ന്യൂനപക്ഷങ്ങൾക്കു മതചിഹ്നങ്ങളോ സന്യസ്തവേഷമോ ധരിച്ച് യാത്ര ചെയ്യാനാകുന്നില്ല.
ക്രിസ്മസും ഈസ്റ്ററുമൊക്കെ എങ്ങനെ ആചരിക്കണമെന്ന് ഹിന്ദുത്വ തിട്ടൂരമിറക്കുന്നു. ആരാധനാലയങ്ങളിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിടുന്നു. വർഗീയസംഘങ്ങൾ നിയമം കൈയിലെടുക്കുന്പോൾ പോലീസും സർക്കാരും കാഴ്ചക്കാരായി നിൽക്കുന്നു. ഇതിനൊക്കെയുള്ള നിയമപരിരക്ഷയായിട്ടുണ്ട് മതപരിവർത്തന നിരോധന നിയമങ്ങൾ.
65,000 വർഷങ്ങൾക്കുമുന്പ് ആഫ്രിക്കയിൽനിന്നു ഹോമോസാപ്പിയൻസ് കുടിയേറുന്പോഴും ഇന്ത്യാ പ്രദേശത്ത് ആദിമനിവാസികളുണ്ടായിരുന്നു എന്നാണ് പുതിയ പഠനങ്ങൾ. കുടിയേറ്റക്കാരിൽ ഒരു വിഭാഗം, തങ്ങളാണ് യഥാർഥ ഇന്ത്യക്കാരെന്നും തങ്ങളുടേതാണ് പൂർവികമതം എന്നുമൊക്കെ അവകാശപ്പെടുന്ന മണ്ടത്തരങ്ങൾക്ക് ഒരു നരവംശശാസ്ത്ര ബലവുമില്ല. ആദിവാസികളും ദളിതരുമൊക്കെ ഹിന്ദുമതത്തിൽ പെട്ടവരാണെന്നതിന്റെ അയുക്തികൾ വേറെ. പക്ഷേ, വർഗീയതയ്ക്കെന്തു യുക്തി!
നിർബന്ധിത മതപരിവർത്തന നിരോധന ബില്ലുകൾ പോലെ, ഭരണഘടനയ്ക്കു സമാന്തരമായി മതഭരണം നടത്താനുള്ള നിയമനിർമാണ സഭകളുടെ ബൈപാസ് സർജറികളെ പ്രതിരോധിക്കാൻ സഭ ബഹിഷ്കരിക്കലും പ്രസ്താവനകളും മൗനജാഥകളും സൗഹൃദ സന്ദർശനങ്ങളും മതിയോയെന്ന് പ്രതിപക്ഷവും മതേതര പ്രസ്ഥാനങ്ങളും ന്യൂനപക്ഷ നേതൃത്വങ്ങളും ഇനിയെങ്കിലും ചിന്തിക്കണം.
ഹൈന്ദവരിലെ ന്യൂനപക്ഷമായ ഹിന്ദുത്വർക്കും ബിജെപിയുടെ പുകമറപ്പുരകളിൽ ഉണ്ടുറങ്ങുന്ന ന്യൂനപക്ഷ ഇടനിലക്കാർക്കും അവരുടെ കെണിയിലായ നിഷ്കളങ്കർക്കുമൊഴിച്ചാൽ ആർക്കാണ് മതേതരത്വ ഭരണഘടന വേണ്ടാത്തത്! 12 സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരേ വായ പിളർന്നു നിൽക്കുന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തെ തടയാൻ ഭരണഘടനയെ ഉയർത്തിപ്പിടിച്ചുള്ള നിയമനടപടികളാണ് ആവശ്യം. നിശ്ചയദാർഢ്യത്തോടെയുള്ള രാഷ്ട്രീയവും അനിവാര്യമായിരിക്കുന്നു. ആരെയാണു കാത്തിരിക്കുന്നത്?
National
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജ്യമെങ്ങും ഹിന്ദി നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരേ പ്രതിഷേധം കടുക്കുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ധൈര്യമുണ്ടെങ്കിൽ തമിഴ്നാട്ടിലും ബംഗാളിലും ഹിന്ദി നിർബന്ധമാക്കാനും മഹാരാഷ്ട്രയിൽ നടന്ന വൻ പ്രതിഷേധ റാലിയിൽ ശിവസേനാ (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും ബന്ധുവും മഹാരാഷ്ട്ര നവനിർമാണ സേന (എംഎൻഎസ്) നേതാവുമായ രാജ് താക്കറെയും പറഞ്ഞു. നുണകളുടെ ഫാക്ടറിയാണ് ബിജെപിയെന്നും മറാത്തികളുടെ അഭിമാനം ചോദ്യംചെയ്യാൻ അനുവദിക്കില്ലെന്നും മുൻ മുഖ്യമന്ത്രി ഉദ്ധവ് പറഞ്ഞു.
ക്രൈസ്തവ മിഷനറി സ്കൂളായ സെന്റ് പാട്രിക്സ് ഹൈസ്കൂളിലാണ് എൽ.കെ. അഡ്വാനി പഠിച്ചതെന്നും അദ്ദേഹത്തിന്റെ ഹിന്ദുത്വത്തെ സംശയിക്കണമോയെന്നും രാജ് താക്കറെ ചോദിച്ചു.
ശിവസേന സ്ഥാപകൻ ബാൽ താക്കറെയും ഇംഗ്ലീഷ് സ്കൂളിൽ പഠിച്ചു, ഇംഗ്ലീഷ് പത്രത്തിൽ ജോലി ചെയ്തു. പക്ഷേ ഒരിക്കലും മറാത്തിയുടെ പദവിയിൽ വിട്ടുവീഴ്ച ചെയ്തില്ല. “എന്റെ അച്ഛനും അമ്മാവനും ഇംഗ്ലീഷ് മീഡിയത്തിലാണു പഠിച്ചത്. ഞങ്ങൾ മറാത്തി മീഡിയത്തിലാണു പഠിച്ചത്. ഞങ്ങളുടെ കുട്ടികൾ ഇംഗ്ലീഷിലാണു പഠിച്ചത്. കുട്ടികൾക്ക് ഇംഗ്ലീഷ് ഇഷ്ടമാണെന്ന് അവർ പറയുന്നു.’’ രാജ് താക്കറെ വിശദീകരിച്ചു.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരേ യുബിടി ശിവസേനയും എംഎൻഎസും സംയുക്തമായി ഇന്നലെ മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധറാലിയിലായിരുന്നു പ്രസ്താവന. 20 വർഷത്തിനുശേഷമാണ് ഉദ്ധവും രാജും വേദി പങ്കിട്ടത്. താക്കറെമാരുടെ യോജിപ്പു ബിജെപിക്കെതിരേയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്ന് ഉദ്ധവ് വ്യക്തമാക്കി. മറാത്തിയുടെ പേരിലുള്ള ഐക്യം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്ന് ഇരുനേതാക്കളും അറിയിച്ചു.
ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർക്കു ലജ്ജ തോന്നുന്ന സമൂഹ സൃഷ്ടി വിദൂരത്തിലല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിവാദ പ്രസ്താവനയെത്തുടർന്നാണു രാജ്യമെങ്ങും പ്രതിഷേധം ശക്തമായത്. കോണ്ഗ്രസ്, തൃണമൂൽ, ഡിഎംകെ, ഇടതുപാർട്ടികൾ അടക്കമുള്ള പ്രതിപക്ഷം ഇതിൽ പ്രതിഷേധിച്ചിരുന്നു.
മഹാരാഷ്ട്രയിൽ ഇംഗ്ലീഷ്, മറാത്തി മീഡിയം സ്കൂളുകളിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഹിന്ദി നിർബന്ധിത മൂന്നാംഭാഷയാക്കിയ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിന്റെ ഉത്തരവ് വിവാദമായിരുന്നു. ഇതേത്തുടർന്ന് ഹിന്ദി ഓപ്ഷണൽ ഭാഷയാക്കി പുതിയ ഉത്തരവിറക്കിയെങ്കിലും പ്രതിഷേധം ശമിച്ചിട്ടില്ല.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാഷാ ഗുണ്ടായിസം അനുവദിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ഇന്ത്യയിലെ സുരക്ഷാസേനപോലും ഒരു ഭാഷയാൽ ബന്ധിതരല്ലെന്നു രാജ് താക്കറെ ചൂണ്ടിക്കാട്ടി.
മദ്രാസ്, രജപുത്, ദോഗ്ര, സിഖ്, പാരച്യൂട്ട്, മറാത്ത, ആസാം, ബിഹാർ, മഹാർ, ജമ്മു കാഷ്മീർ, നാഗ, ഗൂർഖ എന്നീ റെജിമെന്റുകളെല്ലാം അവരുടെ ഭാഷകളിലാണു പ്രവർത്തിക്കുന്നത്. ശത്രുവിനെ കാണുന്പോൾ അവരൊരുമിച്ചു കൊല്ലാൻ പോകുന്നു. ഇവിടെ ഭാഷയുടെ പ്രശ്നം എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾക്കെതിരേ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും നേരത്തേ രംഗത്തെത്തിയിരുന്നു.