പ്രാർഥനയ്ക്കെത്തുന്ന വിശ്വാസികൾ സമ്മതപത്രം തയാറാക്കുന്നു.
മുംബൈ: മഹാരാഷ്ട്രയിൽ മതപരിവർത്തന നിരോധന നിയമം വെള്ളിയാഴ്ച പ്രാബല്യത്തിലാകുന്നതോടെ പ്രാർഥനയ്ക്കെത്തുന്ന വിശ്വാസികളിൽനിന്നു സമ്മതപത്രം വാങ്ങി വിവിധ പള്ളികൾ.
മുംബൈ മെട്രോപോളിറ്റൻ മേഖലയിലെ (എംഎംആർ) ക്രിസ്ത്യൻ പള്ളികളാണ് വിശ്വാസികളിൽനിന്ന് സമ്മതപത്രം വാങ്ങിത്തുടങ്ങിയത്. സമ്മർദത്തിനു വഴങ്ങിയല്ല, സ്വന്തം ഇഷ്ടപ്രകാരമാണു പള്ളികളിലെത്തുന്നതെന്ന് വ്യക്തമാക്കുന്ന സമ്മതപത്രം പൂരിപ്പിക്കണമെന്നാണ് വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പൂരിപ്പിച്ച സമ്മതപത്രം പള്ളികളിൽ സൂക്ഷിക്കും. ഗവൺമെന്റ് അധികൃതരോ പോലീസോ ആവശ്യപ്പെട്ടാൽ നൽകാനാണിതെന്ന് വസായിയിലെ പാസ്റ്റർ സാം മത്തായി വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ‘കഴിഞ്ഞ രണ്ടു മൂന്നു മാസമായി വിശ്വാസികളിൽനിന്നു സമ്മതപത്രം വാങ്ങുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ മുംബൈ മെട്രോപോളിറ്റൻ മേഖലയിൽ മാത്രം പള്ളികളുടെ നേർക്ക് 11 ആക്രമണമുണ്ടായി. വസായി-വിരാർ, പാൽഘർ, നളാസോപാറ, ഭൈന്ദർ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.
തീവ്ര ഹിന്ദുത്വവാദികൾ യാതൊരു പ്രകോപനവുമില്ലാതെ പള്ളികളിലെത്തി വിശ്വാസികളെ ആക്രമിക്കുന്നത് പതിവാണ്. ഇതിനൊരു പരിഹാരം കാണാൻ ഞങ്ങൾ ശ്രമിച്ചു. പ്രാർഥനയ്ക്കെത്താൻ ഒരാളെയും ഞങ്ങൾ നിർബന്ധിക്കുന്നില്ല. സ്വന്തം മതവിശ്വാസമനുസരിച്ച് പ്രാർഥിക്കാൻ ഓരോരുത്തർക്കും ഇന്ത്യൻ ഭരണഘടന അനുമതി നൽകുന്നുണ്ട്’- സാം മത്തായി പറഞ്ഞു.
മതപരിവർത്തന നിരോധന നിയമം പാസാക്കിയതോടെ വിശ്വാസികൾ ആശങ്കയിലാണെന്ന് ബോംബെ കത്തോലിക്കാസഭ വക്താവ് ഡോൾഫി ഡിസൂസ പറഞ്ഞു. മുംബൈ മെട്രോപോളിറ്റൻ മേഖലയിൽ 4000ലേറെ പള്ളികളുണ്ട്. മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലീജിയൻ ആക്ട്, 2026 എന്നപേരിൽ പാസാക്കിയ മതപരിവർത്തന നിരോധന നിയമം ജൂലൈ 30ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഈമാസം 30ന് പ്രാബല്യത്തിലാകും.
Tags : Maharashtra Churches Pray Consent Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash