ജോധ്പുർ: പുതിയ തലമുറ നേരിടുന്ന വിവിധ പ്രശ്നങ്ങളിലും ആശങ്കകളിലും സ്വമേധയാ കേസെടുത്ത് രാജസ്ഥാൻ ഹൈക്കോടതി.
സ്കൂൾ കുട്ടികളിലെ ജങ്ക് ഫുഡ് ഉപയോഗം, അമിതമായ സ്ക്രീൻ ടൈം, ചോദ്യപേപ്പർ ചോർച്ച, ഗ്രാമീണ മേഖലയിലെ സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവ്, എഐ കാലഘട്ടത്തിൽ അടിസ്ഥാന പഠനശേഷിയിലുണ്ടാകുന്ന അപചയം എന്നിവയിൽ ആശങ്ക രേഖപ്പെടുത്തിയാണു കോടതി നടപടി.
ജസ്റ്റീസ് അനൂപ് കുമാർ ധണ്ഡ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണു നിർണായക നിർദേശങ്ങൾ പുറപ്പെടുവിച്ചത്. സ്കൂൾ കാന്റീനുകളിൽ കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണപദാർഥങ്ങളുടെയും കാർബണേറ്റഡ് പാനീയങ്ങളുടെയും വില്പന പൂർണമായി നിരോധിച്ചു.
എല്ലാ സ്കൂളുകളിലും സ്കൂൾ ഫുഡ് സേഫ്റ്റി ആൻഡ് ന്യൂട്രീഷൻ കമ്മിറ്റി രൂപവത്കരിക്കണമെന്നും കോടതി നിർദേശിച്ചു. സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.
എഐ സാങ്കേതിക വിദ്യകൾ മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കാൻ ആവശ്യമാണെങ്കിലും അവ കുട്ടികളുടെ അടിസ്ഥാന പഠനശേഷിയെ ഇല്ലാതാക്കരുതെന്നു കോടതി നിർദേശിച്ചു.
പുസ്തകവായന ഉൾപ്പടെയുള്ള പരമ്പരാഗത പഠനരീതികളും തമ്മിൽ സന്തുലിതാവസ്ഥ പാലിക്കാനും നിർദേശമുണ്ട്. വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി എട്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നുകാണിച്ച് ചീഫ് സെക്രട്ടറി, ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം, ഉപഭോക്തൃകാര്യം തുടങ്ങിയ വകുപ്പുകൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
Tags : Concerns GenZ AlphaGenerations RajastanHighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash