ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ജേതാക്കളായ കോഴിക്കോട്, എറണാകുളം ടീം അംഗങ്ങള്‍ ട്രോഫിയുമായി.
കളമശ്ശേരി: രാജഗിരി കാന്പസ് കോർട്ടിൽ സമാപിച്ച 51-ാമത് സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ എറണാകുളവും കിരീടം ചൂടി.
ആണ്‍കുട്ടികളുടെ ഫൈനൽ പോരാട്ടത്തിൽ കോഴിക്കോട് (64-41) സ്കോറിന് കോട്ടയത്തെ പരാജയപ്പെടുത്തി. ആലപ്പുഴയെ കീഴ്പ്പെടുത്തിയാണ് (60-46) പെണ്‍കുട്ടികളുടെ ഫൈനലിൽ എറണാകുളം കിരീടം ചൂടിയത്.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരങ്ങളിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂരിനെ പരാജയപ്പെടുത്തി (56-45) എറണാകുളം വെങ്കല മെഡൽ സ്വന്തമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം (35-32) സ്കോറിന് കോഴിക്കോടിനെ മറികടന്ന് വെങ്കലം നേടി.
ചാന്പ്യൻഷിപ്പിന്റെ സമാപന ചടങ്ങിൽ ഫിഷറീസ്-സാമൂഹിക നീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ സമ്മാനദാനം നിർവഹിച്ചു.
എറണാകുളം ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ രക്ഷാധികാരിയും രാജഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ റവ. ഫാ. മാർട്ടിൻ മുണ്ടാടൻ സിഎംഐ, മീരാൻ ഫൗണ്ടേഷൻ ചെയർമാനും ഈസ്റ്റേണ്‍ ഗ്രൂപ്പ് സി.ഇ.ഒയും കെ.എഫ്.എ പ്രസിഡന്റുമായ നവാസ് മീരാൻ എന്നിവർ വിജയികൾക്ക് ട്രോഫികൾ കൈമാറി.
Tags : Basketball Championship Kozhikode Ernakulam Winners Sports