Sports
കളമശ്ശേരി: രാജഗിരി കാന്പസ് കോർട്ടിൽ സമാപിച്ച 51-ാമത് സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ എറണാകുളവും കിരീടം ചൂടി.
ആണ്‍കുട്ടികളുടെ ഫൈനൽ പോരാട്ടത്തിൽ കോഴിക്കോട് (64-41) സ്കോറിന് കോട്ടയത്തെ പരാജയപ്പെടുത്തി. ആലപ്പുഴയെ കീഴ്പ്പെടുത്തിയാണ് (60-46) പെണ്‍കുട്ടികളുടെ ഫൈനലിൽ എറണാകുളം കിരീടം ചൂടിയത്.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരങ്ങളിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂരിനെ പരാജയപ്പെടുത്തി (56-45) എറണാകുളം വെങ്കല മെഡൽ സ്വന്തമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം (35-32) സ്കോറിന് കോഴിക്കോടിനെ മറികടന്ന് വെങ്കലം നേടി.
ചാന്പ്യൻഷിപ്പിന്റെ സമാപന ചടങ്ങിൽ ഫിഷറീസ്-സാമൂഹിക നീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ സമ്മാനദാനം നിർവഹിച്ചു.
എറണാകുളം ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ രക്ഷാധികാരിയും രാജഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ റവ. ഫാ. മാർട്ടിൻ മുണ്ടാടൻ സിഎംഐ, മീരാൻ ഫൗണ്ടേഷൻ ചെയർമാനും ഈസ്റ്റേണ്‍ ഗ്രൂപ്പ് സി.ഇ.ഒയും കെ.എഫ്.എ പ്രസിഡന്റുമായ നവാസ് മീരാൻ എന്നിവർ വിജയികൾക്ക് ട്രോഫികൾ കൈമാറി.
Sports
മതിലകം: സംസ്ഥാന ജൂണിയർ വോളിബോൾ ചാമ്പ്യൻഷിപ് 28 മുതൽ 30 വരെ മതിലകത്ത് നടക്കും.
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതിലകം സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി സംഘടനയായ കോസ്മോസിന്റെ സഹകരണത്തോടെയാണ് ചാന്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
28ന് ഉച്ചയ്ക്ക് രണ്ടിന് മതിലകം സെന്റ് ജോസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കായികമന്ത്രി ഒ.ജെ. ജനീഷ് ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യും. കെ.കെ. വത്സരാജ് എംഎൽഎ അധ്യക്ഷത വഹിക്കും.
14 ജില്ലകളെ പ്രതിനിധീകരിച്ച് 28 പുരുഷ-വനിതാ ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
Sports
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം. ഇന്ന് നടന്ന സെമിയിൽ ലോക ഒന്നാം നമ്പര്‍ താരങ്ങളായ ലിയു ഷെംഗ്-ടാൻ നിംഗ് സഖ്യത്തോട് പൊരുതിത്തോറ്റു.
മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു തോൽവി. സ്കോർ: 21-18, 13-21, 8-21. ആദ്യ ഗെയിം 21-18ന് സ്വന്തമാക്കിയ ഇന്ത്യക്കെതിരെ രണ്ടാം ഗെയിമിൽ ലിയു ഷെംഗ്-ടാൻ നിംഗ് സഖ്യം തിരിച്ചുവന്നു. 21-13ന് ഗെയിം നേടി മത്സരത്തിൽ തങ്ങളുടെ സാന്നിധ്യം നിലനിർത്തി.
നിർണായകമായ മൂന്നാം ഗെയിമിൽ ചൈനീസ് സഖ്യം ഇന്ത്യയെ ചിത്രത്തിലേ ഇല്ലാതാക്കി. 21-8ന് ഗെയിമും മത്സരവും സ്വന്തമാക്കി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ലോക റാങ്കിങ്ങിൽ മൂന്നാമതുള്ള ദക്ഷിണ കൊറിയയുടെ ബെയ്ക് ഹാ നാ-ലീ സോ ഹീ സഖ്യമാണ് ചൈനയുടെ എതിരാളികൾ.
15 വർഷത്തിനുശേഷമാണ് ഇന്ത്യൻ വനിതാ ഡബിൾസ് ടീം ലോക ചാമ്പ്യൻഷിപ്പിൽ ഒരു മെഡൽ നേടുന്നത്. നേരത്തെ 2011-ൽ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം വെങ്കലം നേടിയിരുന്നു. ഇതോടൊപ്പം എച്ച്.എസ് പ്രണോയിക്കുശേഷം മെഡൽ നേടുന്ന മലയാളി താരമായി ട്രീസ ജോളി മാറി. 2023 ലോക ചാമ്പ്യൻഷിപ്പ് പുരുഷ സിംഗിൾസിൽ പ്രണോയ് വെങ്കലം നേടിയിരുന്നു.
NRI
ഷിക്കാഗോ: ഷിക്കാഗോയിലെ പരിസരപ്രദേശങ്ങളിലുമുള്ള വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കൽ കൌൺസിൽ ഓഫ് കേരള ചർച്ചസിന്റെ ആഭിമുഖ്യത്തിൽ നൈൽസിലുള്ള ഫെല്‍മണ്‍ സ്റ്റേഡിയത്തിൽ നടത്തിയ വോളീബോൾ ടൂർണമെന്റിൽ ഷിക്കാഗോ മോർട്ടൻ ഗ്രോവ് സെന്റ മേരീസ് ക്നാനായ കത്തോലിക്ക ഇടവക ചാമ്പ്യന്മാരായി.
ഷിക്കാഗോയിലെ വിവിധ പള്ളികളെ പ്രതിനിധീകരിച്ച് നിരവധി ടീമുകൾ പങ്കെടുത്ത ഈ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചിനെ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്കു പരാജയപ്പെടുത്തി ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വിജയികളായി.
District News
തൊടുപുഴ: ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൊടുപുഴ കാര്‍മല്‍ ബാസ്കറ്റ്ബോള്‍ അക്കാദമി ചാമ്പ്യന്മാരാരായി. സൂപ്പര്‍ലീഗ് പോരാട്ടത്തില്‍ തൊടുപുഴ ഹൂപ് ഡ്രീംസ് ബാസ്കറ്റ്ബോള്‍ അക്കാദമിയെ പരാജയപ്പെടുത്തിയാണ് കാര്‍മല്‍ അക്കാദമി വിജയിച്ചത്. മുട്ടം ഷന്താള്‍ ജ്യോതി സ്റ്റാര്‍സ് മൂന്നാം സ്ഥാനം നേടി.
ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മികച്ച 16 കളിക്കാര്‍ 22 മുതല്‍ 25 വരെ കളമശേരി രാജഗിരി സ്കൂളില്‍ നടക്കുന്ന സംസ്ഥാന സബ് ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ പരിശീലന ക്യാമ്പിലേക്കു യോഗ്യത നേടി.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്തു. ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് പി.പി. സൂര്യകുമാര്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ വില്ലേജ് ഇന്റര്‍നാഷനല്‍ സ്കൂള്‍ എംഡി ആര്.കെ. ദാസ് മുഖ്യാതിഥിയായി. കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് ഡോ. പ്രിന്‍സ് കെ. മറ്റം, ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന് സെക്രട്ടറി അശ്വിന് ബിനു, വില്ലേജ് ഇന്റര്‍നാഷനല്‍ സ്കൂള്‍ കായികവിഭാഗം മേധാവി ജിമ്മിച്ചന്‍ ജോണ്‍, കായികാധ്യാപകന് സാജന്, എ.എസ്. മനോജ് എന്നിവര്‍ പ്രസംഗിച്ചു.
District News
കോഴിക്കോട്: സിഐഎസ്സിഇ ഡിസോണ്‍ ഒറ്റ വീല്‍ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം തവണയും ചാമ്പ്യന്മാരായി ചേവരമ്പലം സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.
കാസര്‍കോഡ് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിലെ 26 സ്കൂളുകളിൽ നിന്നും 267 കുട്ടികൾ പങ്കെടുത്തു.
111 പോയിന്റോടെ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ചേവരമ്പലം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ ഇരിങ്ങാലക്കുട രണ്ടാം സ്ഥാനത്തും( 89 പോയിന്റ്) മോഡൽ പബ്ലിക് സ്കൂൾ കുരിയച്ചിറ മൂന്നാം സ്ഥാനത്തും (36 പോയിന്റ് ) എത്തി.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആനീസ് ,സ്കൂൾ മാനേജർ സിസ്റ്റർ വിനയ, 24ാം വാർഡ് കൗൺസിലർ സനൂപ്, പിടിഎ വൈസ് പ്രസിഡന്റ് അൻവർ സാദിഖ് ,വൈസ് പ്രിൻസിപ്പൽ മഹാലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനത്തിൽ ഫാ. ജോസഫ് തുളുമ്പന്മാക്കല്,കേരള റീജിയൻ സിഐഎസ് മുൻ സ്പോർട്സ് കോഡിനേറ്റർ സി .സതീഷ് പിള്ള, വൈസ് പ്രിൻസിപ്പല്‍ മഹാലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
District News
മലപ്പുറം: ഇരുപതാമത് ജില്ലാ ബധിര ചെസ് ചാന്പ്യൻഷിപ്പിൽ മാലാപറന്പ് അസീസി ബധിര വിദ്യാലയം ഓവറോൾ ജേതാക്കളായി.
സബ് ജൂണിയർ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ഇ.വി. മുഹമ്മദ് നാഫിദ് ഒന്നാം സ്ഥാനവും പി. അഭിഷേക് രണ്ടാം സ്ഥാനവും നേടി. ജൂണിയർ ഗേൾസ് വിഭാഗത്തിൽ ഇ.വി. നജാഫാസ്മിൻ ഒന്നാം സ്ഥാനവും പി. ഷംസിയ രണ്ടാം സ്ഥാനവും അൽഫോൻസ സന്തോഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂണിയർ ബോയ്സ് വിഭാഗത്തിൽ പി. മുഹമ്മദ് ഷമീമിനാണ് രണ്ടാം സ്ഥാനം. പി.ബി. അബിൻ മൂന്നാം സ്ഥാനം നേടി. സബ്ജൂണിയർ ഗേൾസ് വിഭാഗത്തിൽ ഷഹാന ഷെറിൻ ഒന്നാം സ്ഥാനവും കെ. ഹാനിയ രണ്ടാം സ്ഥാനവും നേടി. മലപ്പുറം എംഎസ്പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മത്സരതത്തിൽജില്ലാ ഡഫ് അസോസിയേഷൻ പ്രസിഡന്റ് മുജീബ് റഹ്മാനിൽനിന്ന് വിജയികൾ കാഷ് അവാർഡും ട്രോഫിയും ഏറ്റുവാങ്ങി.
Sports
തിരുവനന്തപുരം: 29 മുതൽ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നടക്കുന്ന ദേശീയ ജൂനിയർ ആൺകുട്ടികളുടെ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ സെലക്ഷൻ ട്രയൽസ് അഞ്ചിന് എറണാകുളം മഹാരാജാസ് ഹോക്കി സ്റ്റേഡിയത്തിൽ രാവിലെ ഏഴുമുതൽ നടത്തും.
2007 ജനുവരിക്കുശേഷം ജനിച്ചവർക്ക് വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തി സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ആവേശകരമായ കായിക മാമാങ്കം ഓൾ അമേരിക്ക വടംവലി മത്സരം സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10ന് ഗാർലൻഡ് സീറോമലബാർ ചർച്ച് പാർക്കിംഗ് ലോട്ടിൽ വച്ചാണ് മത്സരം.
അമേരിക്കയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് കേരള അസോസിയേഷൻ എവർറോളിങ് ട്രോഫിയും കാഷ് അവാർഡും മറ്റ് സമ്മാനങ്ങളും ലഭിക്കും. കെഎഡി, ടഗ് ഓഫ് വാർ എല്ലാ വർഷവും സംഘടിപ്പിച്ചു പോരുന്നു.
അസോസിയേഷനുമായി സഹകരിക്കുന്ന ഡാള്ളസിലെ സുമനസുകളായ സ്പോൺസർമാരും ഈ ടൂർണമെന്റ് തരംഗമാകാൻ പ്രവർത്തിക്കുന്നു. ചെണ്ട മേളവും മല്ലൂസ് റൈഡേഴ്സ് നേതൃത്വത്തിൽ ബൈക്ക് റാലിയും ബിസിനസ് എക്സ്പോയും ഈ പരിപാടിയെ ആകർഷണീയമാക്കാൻ കേരള അസോസിയേഷൻ ഒരുക്കിട്ടുണ്ട്.
Sports
കാഞ്ഞിരപ്പള്ളി: അഹമ്മദാബാദിലെ രാഷ്ട്രീയ രക്ഷാ സർവകലാശാലയിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥിനികൾക്കു നേട്ടം.
യൂത്ത് ഗേൾസ് 90 കിലോഗ്രാം വിഭാഗത്തിൽ എം.പി. ഹിബ ഫാത്തിമ ലെഫ്റ്റ് ഹാൻഡിൽ വെള്ളി മെഡലും റൈറ്റ് ഹാൻഡിൽ വെങ്കല മെഡലും നേടിയപ്പോൾ യൂത്ത് ഗേൾസ് 80 കിലോഗ്രാം വിഭാഗത്തിൽ സിയോണ അന്ന സുനിൽ റൈറ്റ് ഹാൻഡിൽ നാലാം സ്ഥാനവും കരസ്ഥമാക്കി.
ഇതോടെ ഇവർ ഏഷ്യൻ മത്സരത്തിൽ യോഗ്യത നേടി. മുൻ പഞ്ചഗുസ്തി താരവുമായ ഗിന്നസ് അഭിഷ് പി. ഡൊമിനിക്കാണ് ഇവരുടെ പരിശീലകൻ. കായിക പരിശീലകരായ ഫാ. ബിബിൻ കണിയാംനടക്കൽ, ജോജോ ജോർജ്, ആഷ്ലി ഫിലിപ്പ് എന്നിവരുടെയും പിന്തുണയും പ്രോത്സാഹനങ്ങളും വിദ്യാർഥിനികളുടെ വിജയത്തിൽ നിർണായകമായി.
District News
നെടുങ്കണ്ടം: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് കട്ടപ്പന സരസ്വതി സ്കൂളില്‍ നടന്നു. ജില്ലയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന അഞ്ചു കളരികളില്നിന്നായി 53 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ചുവടുകള്‍, മെയ് പയറ്റ്, കെട്ടുകാരി, ഫെന്‍സിംഗ്, വാളും പരിചയും, ഉറുമിവീശല്‍, ഉറുമിപ്പയറ്റ്, കത്തിയും വെറും കൈയും, കൈപ്പോര്, ചവിട്ടിപ്പൊങ്ങല്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടന്നു.
ജൂണിയര്‍, സബ് ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ആദി ബ്രഹ്മോദയം കളരി, കാരിക്കോട്ട് കളരി സംഘം, കോക്കാട്ടില്‍ കളരി സംഘം, ഗുരു മംഗലം സിവിഎന്‍ കളരി, സദ്ഗമയ കളരി സംഘം എന്നീ കളരികളില്നിന്നുമാണ് മത്സരാര്‍ഥികള്‍ എത്തിയത്.
ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം അഡ്വ. സേനാപതി വേണു എംഎല്‍എ നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് അംഗം മിനി പ്രിന്‍സ് നിര്‍വഹിച്ചു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.ടി. ബാബു ആശാന്, ജില്ലാ സെക്രട്ടറി ജി.കെ. രാജശേഖരന് ഗുരുക്കള്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി ബാബുരാജ് ഗുരുക്കള്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലര്‍ ജേക്കബ് തോമസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
District News
നെയ്യാറ്റിന്‍കര : ഷിറ്റോ സ്കൂൾ ഓഫ് കരാട്ടെയുടെ തിരുവനന്തപുരം ജില്ലാതല ഇൻവിറ്റേഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് നഗരസഭ കൗൺസിലർ സംഗീത പ്രസാദ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹയർസെക്കന്‍ഡറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങില്‍ ഷിഹാൻ സനൽകുമാർ അധ്യക്ഷനായി.
നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു, അഡ്വ.കെ. അനിത, ബിനു മരുതത്തൂർ, ഷിറ്റോ ഭാരവാഹികളായ ഷിഹാൻ സന്തോഷ് കുമാർ, അരുൺ വൈഷ്ണവം, റെൻഷി സന്തോഷ് കുമാർ എന്നിവർ സംബന്ധിച്ചു.
Sports
റാഞ്ചി: 29-ാമത് ദേശീയ സീനിയര്‍ അത്ലറ്റിക്സ് ഫെഡറേഷന് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ കെ.എ. അനാമികയ്ക്കു സ്വര്‍ണം.
വനിതകളുടെ ഹെപ്റ്റാത്തലണില്‍ 5685 പോയിന്റ് നേടിയാണ് പാലക്കാട് കോട്ടായി സ്വദേശി അനാമിക സ്വര്‍ണം സ്വന്തമാക്കിയത്.
പുരുഷന്മാരുടെ 200 മീറ്ററില്‍ കേരളത്തിന്റെ പി.കെ. ജിഷ്ണു പ്രസാദ് വെള്ളി നേടി. 20.98 സെക്കന്‍ഡിലാണ് ജിഷ്ണു ഫിനിഷ് ചെയ്തത്. ഒഡീഷയുടെ അനിമേഷ് കുജൂറിനാണ് (20.64) സ്വര്‍ണം.
പുരുഷ വിഭാഗം ട്രിപ്പിള്‍ജംപില്‍ എയര്‍ ഫോഴ്സിന്റെ മലയാളിതാരം അബ്ദുള്ള അബൂബക്കര്‍ വെള്ളി നേടി. 16.63 ക്ലിയര്‍ ചെയ്താണ് അബ്ദുള്ള വെള്ളി മെഡല്‍ സ്വന്തമാക്കിയത്. തമിഴ്നാട് സ്വദേശിയായ പ്രവീണ്‍ ചിത്രവേലിനാണ് (17.08) സ്വര്‍ണം. പ്രവീണ്‍ കോമണ്‍വെല്‍ത്ത് യോഗ്യതയും സ്വന്തമാക്കി.
District News
അങ്ങാടിപ്പുറം: കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ച ദേശീയ സാംബോ ചാന്പ്യൻഷിപ്പിൽ 250 പോയിന്റ് നേടി കേരളം ഓവറോൾ ചാന്പ്യൻമാരായി. 175 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 94 പോയിന്റുമായി ഹരിയാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 14 സംസ്ഥാനങ്ങളിൽനിന്നായി നാനൂറോളം കായിക താരങ്ങളാണ് പങ്കെടുത്തത്.
24 സ്വർണവും 16 വെള്ളിയും നാല് വെങ്കലവും നേടി പുലാമന്തോൾ ഐഎസ്കെ മാർഷൽ ആർട്സിലെ കായികതാരങ്ങൾ കേരളത്തിന്റെ കരുത്തായി.
സാംബോ യൂണിയൻ ഓഫ് ഏഷ്യ ആൻഡ് ഓഷ്യാനിയ സെക്രട്ടറി ജനറൽ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. കോണ്‍സൽ ഓഫ് ദി റഷ്യൻ ഫെഡറേഷൻ ഇൻ ചെന്നൈ ഇൽയ വാരിസോവ് മുഖ്യാതിഥിയായിരുന്നു.
ചീഫ് റഫറിമാരായ കാർമൻ ടാംഗ്, അർസൻ കാംചി ബെക്കോവ്, ടെക്നിക്കൽ സെക്രട്ടറി സൈനൽ ആരിഫിൻ, സെക്രട്ടറി ജനറൽ (സാംബോ ഇന്ത്യ) ആൻ മേരി, രാഹുൽ തിരുവനന്തപുരം, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഐഎസ്കെ മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.
സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെയും ഒളിന്പിക് കൗണ്‍സിലിന്റെയും അംഗീകാരമുള്ളതും റഷ്യൻ ആർമിയുടെ പ്രധാന കായികയിനവുമാണ് സാംബോ.
ജൂണ്‍ 26, 27, 28 തിയതികളിൽ ഫിലിപ്പീൻസിലെ മനിലയിൽ നടക്കുന്ന ഏഷ്യ ആൻഡ് ഓഷ്യാനിയ ചാന്പ്യൻഷിപ്പിൽ വിജയികളെ പങ്കെടുപ്പിക്കുമെന്ന് സാംബോ ഇന്ത്യ അസോസിയേഷൻ പ്രസിഡന്റ് എൻ.അബ്ദു ലത്തീഫ് നന്പോല, ദേശീയ സാംബോ കോച്ചും സംസ്ഥാന സാംബോ പ്രോഗ്രാം കമ്മറ്റി ചെയർമാനുമായ ഐഎസ്കെ മുഹമ്മദലി എന്നിവർ അറിയിച്ചു.
Sports
പെഗിയ (സൈപ്രസ്): 2026 ഫിഡെ ഓപ്പണ്‍ (പുരുഷ) ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീട പോരാട്ടത്തില്‍ ഇന്ത്യയുടെ ഡി. ഗുകേഷിന്റെ എതിരാളി ആരെന്നു തീരുമാനമായി. 2026 ഫിഡെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ ജയം കുറിച്ച ഉസ്ബക്കിസ്ഥാന്റെ 20കാരന് ജാവോഖിര്‍ സിന്ഡറോവാണ് ഗുകേഷിന്റെ എതിരാളി.
സൈപ്രസിലെ പെഗിയയില് നടക്കുന്ന കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റില്‍ ഒരു റൗണ്ട് ബാക്കിനില്‍ക്കേയാണ് സിന്‍ഡറോവ് ചാമ്പ്യന്‍പട്ടം ഉറപ്പിച്ചതും ഡി. ഗുകേഷിന്റെ ലോക കിരീടത്തിനു വെല്ലുവിളിയാകാനുള്ള ചലഞ്ചര്‍ പട്ടം സ്വന്തമാക്കിയതും.
14 റൗണ്ടുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍, ഇന്നലെ നടന്ന 13-ാം റൗണ്ടിനിറങ്ങുമ്പോള്‍ സിന്ഡറോവിന് ചാമ്പ്യന്‍ പട്ടത്തിലേക്ക് ഒരു സമനിലയുടെ ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
നെതര്‍ലന്‍ഡ്സിന്റെ അനിഷ് ഗിരിയായിരുന്നു 13-ാം റൗണ്ടില്‍ ഉസ്ബക്ക് താരത്തിന്റെ എതിരാളി. വെള്ളക്കരുക്കളുമായി കളിച്ച അനിഷ് ഗിരിയെ സമനിലയിൽ തളച്ച് ജാവോഖിർ സിൻഡറോവ് ചാന്പ്യൻപട്ടം സ്വന്തമാക്കി. 13 റൗണ്ട് പൂർത്തിയായപ്പോൾ സിൻഡറോവിന് 9.5 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള അനിഷ് ഗിരിക്ക് 7.5 പോയിന്റാണുള്ളത്.
ഇന്നു നടക്കുന്ന അവസാന റൗണ്ടില്‍ ചൈനീസ് താരം വെയ് യിയെ സിന്‍ഡറോവ് നേരിടും.
റിക്കാര്‍ഡ് ജയം
ഫിഡെ ഓപ്പണ്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് ആധുനിക ചരിത്രത്തില്‍ (ഡബിള്‍ റൗണ്ട് റോബിന് ഫോര്‍മാറ്റ്) ഏറ്റവും കൂടുതല്‍ ജയം നേടുന്ന താരമെന്ന റിക്കാര്‍ഡ് 10-ാം റൗണ്ടില്‍ സിന്‍ഡറോവ് സ്വന്തമാക്കിയിരുന്നു. ലോകകപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ (19) താരമെന്ന റിക്കാര്‍ഡ് കുറിച്ചായിരുന്നു ജാവോഖിര്‍ സിന്‍ഡറോവിന്റെ കിരീടധാരണം.
വൈശാലി..?
വനിതാ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഇന്നലെ 13-ാം റൗണ്ട് പൂർത്തിയായപ്പോൾ കസാക്കിസ്ഥാന്റെ ബിബിസാര അസുബൈവയും ഇന്ത്യയുടെ ആർ. വൈശാലിയും 7.5 പോയിന്റുമായി ആദ്യ രണ്ടു സ്ഥാനങ്ങളിൽ തുടരുന്നു. സോൺബോൾ ബെർഗർ (എസ്ബി) സ്കോറിൽ ബിബിസാരയേക്കാൾ (49.75) പിന്നിലാണ് വൈശാലി (46).
ഇന്നു നടക്കുന്ന അവസാന റൗണ്ടിൽ ബിബിസാര സമനില വഴങ്ങുകയും വൈശാലി ജയിക്കുകയും ചെയ്താൽ, വൈശാലിക്ക് കാൻഡിഡേറ്റ്സ് ചാന്പ്യൻപട്ടം സ്വന്തമാക്കാം. ബിബിസാരയുടെ എതിരാളി ഇന്ത്യക്കാരിയായ ദിവ്യ ദേശ്മുഖാണ്. റഷ്യയുടെ കാതെറിന ലാഗ്നോയാണ് വൈശാലിയുടെ എതിരാളി.
Sports
നിംഗ്ബോ(ചൈന): ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ആയുഷ് ഷെട്ടി സെമിഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ തകർത്താണ് ആയുഷ് ക്വാർട്ടറിലെത്തിയത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ആയുഷിന്റെ ജയം. സ്കോർ: 23-21, 21-17.
ആദ്യ റൗണ്ടില്‍ ലോക ഏഴാം നമ്പര്‍ താരമായ ചൈനയുടെ ലി ഷി ഫെങിനെ (21-13, 21-16) അട്ടിമറിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച ആയുഷ്, അവസാന എട്ടിലേക്ക് കുതിച്ചു. പ്രീക്വാര്‍ട്ടറില്‍ തായ്വാന്റെ ചി യു ജീനിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍: 21-16, 21-12.
Sports
നിങ്ബൊ (ചൈന): 2026 ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് സഖ്യമായ ധ്രുവ് കപില - തനിഷ ക്രാസ്റ്റോ മുന്നോട്ട്.
തായ്ലന്‍ഡിന്റെ ഫുവാനാത് ഫോര്ബാന്ലു-ബെന്യാപ ഐംസാര്‍ഡ് കൂട്ടുകെട്ടിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ സഖ്യം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 51 മിനിറ്റ് നീണ്ട മൂന്നു സെറ്റ് പോരാട്ടത്തില്‍ 21-14, 11-21, 21-15 എന്ന സ്കോറിനായിരുന്നു ധ്രുവ് - തനിഷ ജോഡിയുടെ ജയം.
മറ്റൊരു മത്സരത്തില്‍ രോഹന് കപുര്‍-റുത്വിക ശിവാനി സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി.
Sports
ആലപ്പുഴ: ഖേലോ ഇന്ത്യ അസ്മിത വനിതാ 3x3 ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം സെന്റ് തെരേസാസ് എച്ച്എസ്എസ് ചാമ്പ്യന്മാരായി.
ആലപ്പുഴ ലോര്‍ഡ്സിനെ 12-5 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സെന്റ് തെരേസാസ് എ ടീം ചാമ്പ്യന്മാരായത്. ആലപ്പുഴ ജ്യോതിനികേതൻ മൂന്നാം സ്ഥാനം നേടി.
Kerala
കാഞ്ഞിരപ്പള്ളി: കോയമ്പത്തൂർ സൊസൈറ്റി ഓഫ് റേസിംഗ് മൈൻഡ്സ് (സിഎസ്ആർഎം) സംഘടിപ്പിച്ച സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പിൽ ഏഴു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ നാലു വിഭാഗങ്ങളിൽ മികച്ച വിജയം നേടി അമൽജ്യോതി എൻജിനിയറിംഗ് കോളജ്.
പൂർണമായും കോളജ് കാമ്പസിൽ തന്നെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത സ്റ്റെല്ലാർ എന്ന് പേരിട്ടിരിക്കുന്ന വാഹനമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ എൻജിനിയറിംഗ് കോളജുകളിൽ നിന്നായി മുപ്പത്തിയഞ്ചിലധികം ടീമുകളാണ് പങ്കെടുത്തത്.
അമൽജ്യോതിയിലെ മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളാണ് ടീം സ്റ്റെല്ലാർ വികസിപ്പിച്ചെടുത്തത്. ഇന്ത്യയിൽ വിദ്യാർഥികൾ നിർമിക്കുന്ന വാഹനം അവതരിപ്പിക്കുന്നതിനും വിവിധ ഘട്ടങ്ങളിലായി വിദ്യാർഥികൾക്കായി അതിനുള്ള മത്സരങ്ങളും നടത്തപ്പെടുന്ന വേദിയാണ് സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പ്.
ഫെബ്രുവരി 26 മുതൽ മാർച്ച് രണ്ടുവരെ കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ ദേശീയ തലത്തിൽ സംഘടിപ്പിക്കപ്പെട്ട ചാമ്പ്യൻഷിപ്പിന്റെ അവസാന വിഭാഗമായ റേസിംഗ് ഇനങ്ങൾ കോയമ്പത്തൂരിലെ കരി മോട്ടോർ സ്പീഡ് വേ റേസ് ട്രാക്കിലുമാണ് നടന്നത്.
കുറഞ്ഞ സമയത്തിനുള്ളിൽ വളരെ ബുദ്ധിമുട്ടേറിയ ട്രാക്കിലൂടെ വാഹനം നിയന്ത്രിക്കുകയും ഓടി പൂർത്തിയാക്കുകയും ചെയ്യുന്ന വിഭാഗം (മാനുവറബിലിറ്റി), വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ചെറിയ ദൂരം പിന്നിടുന്ന വിഭാഗം (മികച്ച ആക്സിലറേഷൻ), മികച്ച വാട്ടർപ്രൂഫ് വാഹന വിഭാഗം (എച്ച്ഒഎച്ച്), ഫൈനൽ ട്രാക്ക് റേസിൽ ഒരു മണിക്കൂർ ഓടി ഒന്നാമതായി ഫിനിഷ് ചെയ്യുന്ന വിഭാഗം (എൻഡുറൻസ് വിജയി) എന്നിവയിലാണ് അമൽജ്യോതിയുടെ മികച്ച വിജയം.
കോളജിലെ മെക്കാനിക്കൽ വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ.ആർ. അനീഷ്, അസിസ്റ്റന്റ് പ്രഫ. മാത്യു ജെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികാളായ അർജുൻ മോഹൻ, ജിതിൻ ബിജു, എഡ്വിൻ തോമസ്, ഫെബിൻ കെ. സാജൻ, ആൽബർട്ട് ജോജി, ഡെൽജോ ഷാജു, ആൽവിൻ സജി തുടങ്ങി 35 പേരടങ്ങിയ ടീം ആണ് സോളാർ വാഹന നിർമാണം പൂർത്തിയാക്കിയത്. ദേശീയ ചാമ്പ്യൻഷിപ്പിൽ ഉന്നത വിജയം കരസ്ഥമാക്കി തിരിച്ചെത്തിയ ടീം സ്റ്റെല്ലാറിനെ കോളജ് മാനേജ്മെന്റ് അനുമോദിച്ചു.
ചടങ്ങിൽ കോളജ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ ) റവ.ഡോ. റോയി എബ്രഹാം പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, റവ.ഡോ. റൂബിൻ തോട്ുപുറത്ത് ജോസ് (ഡീൻ അക്കാദമിക്), മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. റോഷൻ കുരുവിള എന്നിവർ പങ്കെടുത്തു.
Sports
കൊച്ചി: ബംഗളൂരുവില്‍ ഒന്‍പത് മുതല്‍ 14 വരെ നടക്കുന്ന ദേശീയ ടെന്പിന് ബൗളിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.
എന്‍.എച്ച്. ഷമീദ്, അമിത് ഉപാധ്യായ്, മുഹമ്മദ് സാനിഫ്, ഷാബിന് ഇബ്രാഹിം, ജിജിന് ബാബു, കെ.വി. വിനീഷ്, ഷാനവാസ് ഷാജഹാന്, സി.ഐ. ഷെബിന്‍, രാഹുല്‍ ശങ്കര്‍ എന്നിവര്‍ പുരുഷ വിഭാഗത്തിലും സുചിത സുനില്‍കുമാര്‍ വനിതാ വിഭാഗത്തിലും കേരളത്തിനായി കളത്തിലിറങ്ങും.
അസോസിയേഷന് സംഘടിപ്പിച്ച സംസ്ഥാനതല യോഗ്യതാറൗണ്ടുകള്‍ വഴിയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.
Sports
ഇരിട്ടി: 11-ാമത് സംസ്ഥാന വനിതാ സബ് ജൂണിയർ ഹോക്കി ചാന്പ്യൻഷിപ്പിന്റെ ആദ്യദിനം കോഴിക്കോട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ ജില്ലകൾക്കു ജയം.
ഇന്ന് രാവിലെ മലപ്പുറം പത്തനംതിട്ടയെയും തിരുവനന്തപുരം കോട്ടയത്തെയും നേരിടും. ഉച്ചകഴിഞ്ഞ് കൊല്ലം എറണാകുളവുമായും ആലപ്പുഴ തൃശൂരുമായും മത്സരിക്കും.
District News
കോടഞ്ചേരി: സംസ്ഥാന സീനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് വനിതാ വിഭാഗം ചാന്പ്യൻമാരായി. കോഴിക്കോടിനെ 42-46 ന് തോൽപ്പിച്ചാണ് വയനാട് ചാന്പ്യൻമാരായത്.
കണ്ണൂർ, പത്തനംതിട്ട ജില്ലകൾ മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.എം. എഡ്വേർഡ് ട്രോഫികൾ വിതരണം ചെയ്തു.
സംസ്ഥാന ട്രഷറർ ഷിജോ സ്കറിയ അധ്യക്ഷത വഹിച്ചു. നോബിൾ കുര്യാക്കോസ്, നവനീത് കുമാർ, കെ.അക്ഷയ്, കെ.കെ. ഷിബിൻ, ടി. ജാബിർ ഫവാസ്, വിപിൽ വി. ഗോപാൽ, ടി.യു ആദർശ് എന്നിവർ പ്രസംഗിച്ചു. ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട താരങ്ങൾ പൂനയിൽ നടക്കുന്ന സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
Sports
മ്യൂണിക്: 2026 ഫിഡെ ഫ്രീസ്റ്റൈല്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് നോര്‍വെയുടെ മാഗ്നസ് കാള്സന്.
അമേരിക്കയുടെ ഫാബിയാനൊ കരുവാനയ്ക്കെതിരേ തിരിച്ചുവരവ് ജയം സ്വന്തമാക്കിയാണ് കാള്സന് ചാമ്പ്യനായത്.
ലോക ചാമ്പ്യനായ കാള്സന്, അവസാന ഗെയിമില്‍ സമനില നേടിയാല്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കാമായിരുന്നു. വിവിധ ഫോര്‍മാറ്റുകളിലായി കാള്‍സന്റെ 21-ാം ലോക കിരീടമാണ്.
Sports
ടിയാന്‍ജിന്‍: 12-ാമത് ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം ഇന്നു പുറപ്പെടും. ആറ് മുതല്‍ എട്ട് വരെ ചൈനയിലെ ടിയാന്‍ജിനിലാണ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് 18 അംഗ സംഘം ഇന്നു ചൈനയിലേക്കു യാത്രതിരിക്കും. കെ.എ. അനാമിക (പെന്റാത്തലണ്‍), ആന്‍സി സോജന് (ലോംഗ്ജംപ്), സി.വി. അനുരാഗ് (ലോംഗ്ജംപ്) എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യങ്ങള്‍.
മൂഡബിദ്രിയില്‍ കഴിഞ്ഞമാസം നടന്ന അഖിലേന്ത്യ അന്തര്‍സര്‍വകലാശാല അത്ലറ്റിക്സില് ഹെപ്റ്റാത്തലണ്‍ സ്വര്‍ണ ജേതാവാണ് പാലക്കാട് സ്വദേശിയായ അനാമിക.
വനിതാ ഹൈജംപിലെ മിന്നും താരം പൂജ, പുരുഷ വിഭാഗം ഹെപ്റ്റാത്തലണില്‍ തേജസ്വിന് ശങ്കര്‍, ഷോട്ട് പുട്ടില്‍ തജിന്ദര്‍പാല്‍ സിംഗ്, വനിതാ ലോംഗ്ജംപില് ആന്‍സി സോജന് തുടങ്ങിയവരാണ് ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകള്‍.
District News
പാലാ: ചലഞ്ചേഴ്സ് ബാസ്കറ്റ്ബോള്‍ ക്ലബ്, കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്ട്സ് മാനേജ്മെന്റിന്റെ പിന്തുണയോടെ, പാലായിലെ അല്‍ഫോന്‍സ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 50-ാമത് കേരള സംസ്ഥാന ജൂണിയര്‍ പുരുഷ-ജൂണിയര്‍ വനിതാ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ലീഗ് മത്സരങ്ങള്‍ ഇന്നു രാവിലെ സമാപിക്കും. തുടര്‍ന്നു പുരുഷ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ വൈകുന്നേരം ആരംഭിക്കും.
പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂരും കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ കോട്ടയവും അതത് ഗ്രൂപ്പുകളില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. വനിത വിഭാഗത്തില്‍ തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ടീമുകള്‍ ക്വാര്‍ട്ടറില്‍ സ്ഥാനം നേടിയിട്ടുണ്ട്.
ഇന്നലെ നടന്ന ലീഗ് മത്സരങ്ങളില്‍ വനിതാ വിഭാഗത്തില്‍ കൊല്ലം-കാസര്‍ഗോഡിനെയും (38-14 ), കണ്ണൂര്‍-പാലക്കാടിനെയും (45- 42), എറണാകുളം-വയനാടിനെയും (69-15) തിരുവന്തപുരം -പത്തനംതിട്ടയെയും (49-4) കണ്ണൂര്‍ -പാലക്കാടിനെയും(45-42), കോഴിക്കോട്-കണ്ണൂരിനെയും (59-19) മലപ്പുറം -കൊല്ലത്തെയും (55-50) തോല്‍പ്പിച്ചു.
പുരുഷന്മാരുടെ വിഭാഗത്തില്‍ എറണാകുളം-കാസര്‍ഗോഡിനെയും (70-26), കോഴിക്കോട്-ഇടുക്കിയെയും (76-56), കോട്ടയം- കോഴിക്കോടിനെയും (76-47), കണ്ണൂര്‍-കാസര്‍ഗോഡിനെയും (38-17), ഇടുക്കി -മലപ്പുറത്തിനെയും (63-52), ആലപ്പുഴ-തിരുവനന്തപുരത്തെയും (67-55) തിരുവനന്തപുരം-വയനാടിനെയും (56-26) പരാജയപ്പെടുത്തി.
Sports
പാലാ: 50-ാമത് സംസ്ഥാന ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ കോട്ടയത്തിനു ജയം.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തില്‍ കോട്ടയം 45-42ന് മലപ്പുറത്തെ തോല്‍പ്പിച്ചു. നിശ്ചിത സമയത്ത് 39-39ന് സമനിലയായതോടെയാണ് എക്സ്ട്രാ ടൈം വേണ്ടിവന്നത്.
പെണ്‍കുട്ടികളുടെ മറ്റു മത്സരങ്ങളില്‍ ആലപ്പുഴ 75-42ന് പത്തനംതിട്ടയെയും തൃശൂര്‍ 70-32ന് വയനാടിനെയും തകര്‍ത്തു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലം 65-38ന് പത്തനംതിട്ടയെ തോല്‍പ്പിച്ചു.
Sports
ചെന്നൈ (തമിഴ്നാട്): 75-ാമത് സീനിയർ ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരള വനിത ടീമിന് വെള്ളി മെഡൽ. ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഇന്ത്യൻ റെയിൽവേയോട് കേരളം പൊരുതി തോറ്റു. ആദ്യ പാദത്തിൽ 24-24 സ്കോർ തുല്ല്യത പാലിച്ച ശേഷമായിരുന്നു കേരളം തോൽവി വഴങ്ങിയത്. 75-66 സ്കോറിനായിരുന്നു റെയിൽവേയുടെ ജയം.
റെയിൽവേക്കുവേണ്ടി പുഷ്പ സെന്തിൽ കുമാർ 22ഉം, കെ.ബി. ഹർഷിത 23ഉം പോയിന്റ് നേടി. 26 പോയിന്റ് നേടി ശ്രീകലയും 22 പോയിന്റ് നേടി കവിത ജോസും കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചു.
തെലങ്കാനയെ (78- 53) സ്കോറിന് പരാജയപ്പെടുത്തി കേരള പുരുഷ ടീം ഏഴാം സ്ഥാനം നേടി. ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ തമിഴ്നാട് ബാസ്കറ്റ്ബോൾ അസോസിയേഷനാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
Sports
തൃശൂര്‍: സംസ്ഥാന ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പിനു തുടക്കമായി. തൃശൂര്‍ വി.കെ.എന്‍. മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ടു ദിനങ്ങളിലായി അരങ്ങേറുന്ന ചാമ്പ്യന്‍ഷിപ്പില്‍ 500ലധികം താരങ്ങള്‍ പങ്കെടുക്കും.
ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം തെരഞ്ഞെടുപ്പ് ഇവിടുത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുക.
Sports
ആലപ്പുഴ: നാലാമത് കേരള കിഡ്സ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ ഫൈനല്‍ ചിത്രം വ്യക്തമായി. ഫൈനലില്‍ ആതിഥേയരായ ആലപ്പുഴ തിരുവനന്തപുരത്തെ നേരിടും.
സെമിയില്‍ ആലപ്പുഴ 36-32ന് കോഴിക്കോടിനെയും തിരുവനന്തപുരം 43-21ന് എറണാകുളത്തെയും തോല്‍പ്പിച്ചു.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ, കോഴിക്കോട്, എറണാകുളം, തൃശൂര്‍ ടീമുകള്‍ സെമിയിലെത്തി.
ആലപ്പുഴ 46-23ന് പാലക്കാടിനെയും കോഴിക്കോട് 85-5ന് തിരുവനന്തപുരത്തെയും എറണാകുളം 69-46ന് കോട്ടയെത്തെയും തൃശൂര്‍ 50-35ന് ഇടുക്കിയെയുമാണ് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്.
District News
പത്തനംതിട്ട: ഇന്റർനാഷണൽ ഷോറിൻ റിയു സെയ്ബുകാൻ കരാട്ടെ അസോസിയേഷൻ സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് 27 ന് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 300 ഓളം കരാട്ടെ വിദ്യാർഥികൾ പങ്കെടുക്കും.
കരാട്ടെയിലെ പ്രധാന മത്സര ഇനങ്ങളായ കുത്ത (ഫയറ്റിംഗ്) , കുമിതെ എന്നീ വിഭാഗങ്ങളിലായിരുക്കും മത്സരങ്ങൾ.
ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം പത്തനംതിട്ട ഡിവൈഎസ്പി എസ്. നൂഹ്മാൻ നിർവഹിക്കും.
ഇന്റർ നാഷണൽ ഷോറിൻ റിയു സീബുഖാൻ കരാട്ടെ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റൻഷി മുഹമ്മദ് മുരിക്കോലി, സംസ്ഥാന സെക്രട്ടറി ടി.കെ. ജോസഫ് താവളത്തിൽ, കേരള കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര, സെക്രട്ടറി സുനിൽകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, ഒളിംമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുക്കും .
സെക്രട്ടറി ടി.കെ. ജോസഫ് താവളത്തിൽ, നോബിൾ സെബാസ്റ്റ്യൻ, മോനി ജോസഫ്, ഫെബി തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്ത
District News
തൃക്കരിപ്പൂർ: ദേശീയ സബ് ജൂണിയർ ടെന്നിക്കൊയ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ 26 വരെ തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കും. 20 സംസ്ഥാനങ്ങളിൽ നിന്നായി 300 ലേറെ കായികതാരങ്ങൾ പങ്കെടുക്കും.
വ്യക്തിഗതം, ടീം ചാമ്പ്യൻഷിപ്പ്, ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.നാളെ വൈകുന്നേരം നാലിന് എം. രാജഗോപാലൻ എംഎൽഎ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. മുൻ ദേശീയ ഫുട്ബോൾ താരം എം. മുഹമ്മദ് റാഫി മുഖ്യാതിഥിയാകും.
ടെന്നിക്കൊയ്റ്റ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് രാജീവ് ശർമയും പങ്കെടുക്കും. 26 ന് രാവിലെ 11 ന് നടക്കുന്ന സമാപന സമ്മേളനം രാജ്മോഹൻ എംപി ഉദ്ഘാടനം ചെയ്യും.
Sports
തൃശൂർ: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അക്വാട്ടിക്സ്, വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ഫെബ്രുവരി 11 മുതൽ മാർച്ച് ഒന്നുവരെ തൃശൂരിൽ നടത്താൻ തീരുമാനിച്ചതായി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗവും സ്പോർട്സ് സബ് കമ്മിറ്റി കൺവീനറുമായ അഡ്വ. ജി. സുഗുണൻ അറിയിച്ചു.
അത്ലറ്റിക്സ്, അക്വാട്ടിക്സ്, ഫുട്ബോൾ, വോളിബോൾ മത്സരങ്ങളാണ് സംസ്ഥാനാടിസ്ഥാനത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.
ഫുട്ബോൾ, അത്ലറ്റിക്സ് മത്സരങ്ങൾ എറണാകുളത്തും യൂണിവേഴ്സിറ്റി അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് തൃശൂരിൽ ഫെബ്രുവരി 11 നും വോളിബോൾ ടൂർണമെന്റ് ഫെബ്രുവരി 17 നും നടക്കും.
ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 22 നും അത്ലറ്റിക് മീറ്റ് ഫെബ്രുവരി 28, മാർച്ച് ഒന്ന് തീയതികളിലും അരങ്ങേറും.
District News
പേരാവൂർ: ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ ജില്ലാ സബ് ജൂണിയർ, ജൂണിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ സബ്ജൂണിയർ വിഭാഗത്തിൽ 14 പോയിന്റു നേടി കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ ഒന്നാം സ്ഥാനവും 12 പോയിന്റു നേടി തൊണ്ടിയിൽ ആരോസ് ആർച്ചറി ക്ലബ് രണ്ടാം സ്ഥാനവും നേടി.
ജൂണിയർ വിഭാഗത്തിൽ 21 പോയിന്റു നേടി കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ ഒന്നാം സ്ഥാനവും ആറു പോയിന്റു നേടി അസ്ത്ര ആർച്ചറി അക്കാദമി രണ്ടാം സ്ഥാനവും നേടി. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.വി. സെബാസ്റ്റ്യൻ നിർവഹിച്ചു.
ആർച്ചറി അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു. ആർച്ചറി അസോസിയേഷൻ സെക്രട്ടറി തങ്കച്ചൻ കോക്കാട്ട്, ജിമ്മി ഫ്രാൻസിസ്, എം.കെ. ദിവാകരൻ, കെ.വി. രാജാഗോപാൽ, സിദ്ധാർഥ് രാജഗോപാൽ, എ.ജെ. ജോസ്ബിൻ എന്നിവർ പ്രസംഗിച്ചു.
സമാപന ചടങ്ങിൽ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി ഉദ്ഘാടനം നിർവഹിച്ച് ജേതാക്കൾക്ക് മെഡലും ട്രോഫിയും വിതരണം ചെയ്തു.